ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം
പരിസ്ഥിതി സംരക്ഷണം വളരെയേറെ ചർച്ച ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. അപ്രതീക്ഷിതമായ പല പ്രകൃതിദുരന്തങ്ങൾക്കും നാം ഇതിനോടകം തന്നെ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ പല ഭാഗത്തു നിന്നും പരിസ്ഥിതി സംരക്ഷകരുടെ നിലവിളികൾ ഉയർന്നു കേൾക്കാറുണ്ട്. അപ്പോൾ ചാനൽ ചർച്ചകളിലും മറ്റും പരിസ്ഥിതി സംരക്ഷണം മുഖ്യവിഷയമായി വരുന്നു.പ്രകൃതിദുരന്തങ്ങൾ കെട്ടടങ്ങുന്നതോടെ പരിസ്ഥിതിയും പരിസ്ഥിതി സംരക്ഷണവും നമുക്ക് വിഷയമല്ലാതാകുന്നു. എന്താണ് പരിസ്ഥിതി? സൗരയൂഥത്തിലെ ഒരു അംഗമാണ് നമ്മുടെ ഭൂമി . ജൈവ സാന്നിധ്യമുള്ള ഒരേയൊരു ഗ്രഹം ഭൂമി മാത്രമാണെന്ന് കരുതപ്പെടുന്നു. ഭൂമി എന്ന വീട്ടിലെ അനേകം ജീവിവർഗങ്ങളിൽ ഒന്നു മാത്രമാണ് മനുഷ്യൻ.ജീവി വർഗങ്ങൾ പരസ്പരം ആശ്രയിച്ചാൽ മാത്രമേ അവയ്ക്ക് ഇവിടെ നിലനിൽപ്പുള്ളൂ. ഭൂമിയിലെ ജീവജാലങ്ങൾ തമ്മിലുള്ള ഈ പാരസ്പര്യമാണ് പരിസ്ഥിതി ബോധത്തിന്റെ ആണിക്കല്ല്.മറ്റു ജീവജാലങ്ങൾക്ക് മനുഷ്യരെപ്പോലെ ഭൂമിയിൽ ഉടമസ്ഥാവകാശ ബോധമില്ല . അതിനാൽ അവർ ഭൂമി വെട്ടിപ്പിടിക്കാതെ, തങ്ങൾക്ക് അത്യാവശ്യത്തിനുള്ള തു മാത്രം എടുത്ത് ഇവിടെ ജീവിക്കുന്നു. എന്നാൽ ദുരമൂത്ത മനുഷ്യൻ ഓരോ നിമിഷവും തനിക്ക് ഭൂമിയെ എങ്ങനെ വെട്ടിപ്പിടിച്ച് ഉയരങ്ങളിലെത്താം എന്ന ചിന്തയിൽ മലകൾ ഇടിച്ചു നിരത്തിയും പുഴകളിലെ മണ്ണു മാന്തിയെടുത്തും വയൽ നികത്തിയും ബഹുനില കെട്ടിടങ്ങൾ പടുത്തുയർത്തിയും മുന്നോട്ട് കുതിച്ച് ചൊവ്വയിലേക്കു വരെ കുടിയേറാൻ തയ്യാറായി നിൽക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.മുൻപിൻ നോക്കാതെ കെട്ടിടങ്ങൾ പടുത്തുയർത്തിയതിന്റെ മറുവശം മരടിലെ ഫ്ലാറ്റുകൾ തകർന്നടിയുമ്പോൾ നാം ടെലിവിഷൻ ചാനലുകളിലൂടെ ലൈവായി കണ്ടതാണ്. മനുഷ്യൻ പ്രകൃതിയോട് ചെയ്ത പാപങ്ങളുടെ പ്രതിഫലമാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോകത്ത് പടർന്നു പിടിച്ച പല മഹാമാരികളും . എയ്ഡ്സ് ,എ ബോള, സാർസ്, നിപ, ഡെങ്കിപ്പനി, കുരങ്ങുപനി തുടങ്ങി പുതിയ പുതിയ രോഗങ്ങൾ ഓരോ വർഷവും ഉദയം ചെയ്യുന്നു. ചില പ്രത്യേക ജീവിവർഗങ്ങൾ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകുന്നു. ആഹാരശൃംഖല മുറിയുന്നു. പ്രകൃതിയുടെ താളം തെറ്റുന്നു. ജനിതകമാറ്റം വരുത്തിയ വിളകൾ മനുഷ്യൻ കൃത്രിമമായി സൃഷ്ടിച്ചെടുക്കുന്നു. അന്തകവിത്തുകൾ ഉദയം ചെയ്യുന്നു. പെറ്റമ്മയായ ഭൂമിയെ ചവിട്ടി മെതിച്ചു കൊണ്ട് മനുഷ്യന്റെ ഈ യാത്ര എങ്ങോട്ടാണ്?പ്രശസ്ത കവി ഒ.എൻ .വി കുറുപ്പ് "ഭൂമിക്കൊരു ചരമഗീതം" എന്ന കവിതയിൽ വരാൻ പോകുന്ന ഈ അവസ്ഥയെക്കുറിച്ച് ദീർഘദർശനം ചെയ്തത് എത്ര അർത്ഥവത്താണ് . ലോകം മുഴുവൻ ഒരു മഹാമാരിക്കു മുന്നിൽ മുട്ടു മടക്കി നിൽക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ നമുക്ക് നമ്മുടെ ചെയ്തികളെക്കുറിച്ച് പുനർവിചിന്തനം നടത്താൻ സമയമായിരിക്കുന്നു എന്നാണ് കരുതേണ്ടത്. ചൈനയിലെ ഹു ബെ പ്രവിശ്യയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് - 1 9 ഇന്ന് ലോക ജനതയെ ഒന്നാകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. വുഹാനിലും ഇറ്റലിയിലും മറ്റും മനുഷ്യൻ ഈയാംപാറ്റകളെപ്പോലെ കൊഴിഞ്ഞു വീഴുന്ന അവസ്ഥ നാം കണ്ടതാണ്.ഇന്ത്യയും ഏതാണ്ട് ഒരു മാസത്തോളമായി കോ വിഡ് ബാധ മൂലം ലോക്ക് ഡൗണിലാണ് .കടുത്ത നിയന്ത്രണങ്ങളുടെ ഫലമായാണ് കേരളം എന്ന കൊച്ചു സംസ്ഥാനത്തിന് കോവി ഡിനെ ഒരു പരിധി വരെ പിടിച്ചു നിർത്താനായത്.കോവിഡ് ഭേദമായ വരുടെ നിരക്കിൽ കേരളം ലോക ശരാശരിയേക്കാൾ ഏറെ മുന്നിലാണ്.ഈ ലോക്ക്ഡൗൺ കാലഘട്ടം അന്തരീക്ഷ മലിനീകരണവും പരിസര മലിനീകരണവും കുറയാൻ വളരെയേറെ സഹായിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഫാസ്റ്റ്ഫുഡും മത്സാ മാംസാദികളും യാത്രകളും ശീലമാക്കിയ മലയാളി തങ്ങളുടെ ചുറ്റുപാടും നിന്നും ലഭിക്കുന്ന ചക്കയും വാഴക്കൂമ്പും മുരിങ്ങയിലയും മറ്റും തിന്ന് വീട്ടിൽ ഒതുങ്ങിക്കൂടാൻ ശീലിച്ചിരിക്കുന്നു.കോവിഡ് മഹാമാരി ലോകത്തെ ഗ്രസിച്ച് 100 ദിവസം തികയുമ്പോൾ മരണനിരക്ക് ഏകദേശം ഒരു ലക്ഷത്തോടടുക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം മനുഷ്യ ജീവൻ ഇത്രയധികം പൊലിഞ്ഞ മറ്റൊരു സംഭവം ഇതാദ്യമായിട്ടായിരിക്കും. ലോകം എത്ര തന്നെ പുരോഗമിച്ചാലും ശാസ്ത്രം എത്ര വളർന്നാലും മനുഷ്യന്റെ ഏതു പ്രവൃത്തിക്കും ഒരു തിരിച്ചടി ഉണ്ടാകുമെന്ന സത്യം നാം മനസ്സിലാക്കണം. ഇനിയെങ്കിലും പ്രകൃതിയെ ചൂഷണം ചെയ്യാതെ, ഭൂമിയെ മലിനമാക്കാതെ ജീവിക്കാൻ നാം ശ്രമിക്കണം. വ്യക്തി ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണെന്ന് അഹങ്കരിക്കുന്ന മലയാളി പരിസര ശു ചിത്വത്തിൽ എത്ര മാത്രം ബോധവാനാണെന്ന് നമ്മുടെ ചുറ്റുപാടുകളിലേക്ക് ഒന്നു കണ്ണോടിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ. ബസ്സിൽ നിന്ന് പുറത്തേക്കും റോഡിലും വഴിയിലും കാർക്കിച്ചു തുപ്പുന്ന മലയാളി, മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന മലയാളി, ഈ ശീലങ്ങൾ മാറ്റിയെടുക്കേണ്ടതല്ലേ? ഇത്തരം പ്രവൃത്തികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുക വഴി ഒരു പരിധി വരെ ഇവ കുറച്ചു കൊണ്ടുവരാൻ പറ്റും. വഴികളിലും പൊതു സ്ഥലങ്ങളിലും തുപ്പുന്നതിന് പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണെങ്കിൽ ജനങ്ങൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഇത് ഉപയോഗപ്പെടുത്താൻ പറ്റും.കോവിഡ്- 19 വന്നതോടെ കൈകഴുകൽ ശീലമാക്കിയ നമുക്ക് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചുകൊണ്ടും പരിസ്ഥിതിയെ സംരക്ഷിച്ചും ഇനിയൊരു മഹാമാരി പ്രത്യക്ഷപ്പെടാതിരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം. "നമുക്ക് പരാജയപ്പെടാനാവില്ല.പ്രശ്നങ്ങൾ നമ്മെ കീഴ്പ്പെടുത്തി ക്കൂടാ." എന്ന എ.പി.ജെ അബ്ദുൾ കലാമിന്റെ വാക്കുകൾ ഈ സന്ദർഭത്തിൽ ഓർക്കാം.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം