ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/പ്രകൃതി (1)

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം

നമുക്ക് ചുറ്റുമുള്ള പ്രകൃതിയിൽ ഒന്നു നോക്കൂ. എന്തൊക്കെ കാഴ്ചകളാണ് നാം കാണുന്നത്. പൂത്തും തളിർത്തും കായ്ച്ചും നിൽക്കുന്ന വൈവിധ്യമാർന്ന സസ്യങ്ങൾ, ഇഴഞ്ഞും നീന്തിയും നടന്നും ചാടിയും സംസാരിക്കുന്ന ജന്തുക്കൾ. കുന്നുകൾ, വയലുകൾ, ജലാശയങ്ങൾ, ആകാശ ദൃശ്യങ്ങൾ തുടങ്ങിയ ഒട്ടേറെ കാഴ്ചകൾ ഈ പ്രകൃതി നമുക്ക് മുന്നിൽ തുറന്നു വച്ചിരിക്കുന്നു.

പ്രകൃതി നമ്മുടെയും സകല ജീവജാലങ്ങളുടെയും അമ്മയാണ്. അമ്മയെ നമ്മൾ സ്നേഹിക്കുന്നതുപോലെ പ്രകൃതിയും സ്നേഹിക്കണം. എന്നാൽ പലരും അത് ചെയ്യുന്നില്ല. പരിസ്ഥിതി സംരക്ഷണത്തിലൂടെ മാത്രമേ നമുക്ക് പ്രകൃതിയോടുള്ള സ്നേഹം പ്രകടമാക്കാൻ സാധിക്കുകയുള്ളൂ. പരിസ്ഥിതിയെ സംരക്ഷിച്ച് ഒരു ജീവിയേയും നശിപ്പിക്കാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. എന്നാൽ ഇത് ആരും മനസ്സിലാക്കുന്നില്ല. മരങ്ങളെ വെട്ടി നശിപ്പിക്കുകയും പരിസ്ഥിതിയെ മലിനമാക്കുകയും ആണ് ചെയ്യുന്നത്. മരങ്ങളാണ് നമുക്ക് മഴ പെയ്യാൻ സഹായിക്കുന്നത്. മണ്ണൊലിപ്പും വെള്ളപ്പൊക്കവും പ്രകൃതി നേരിടുന്ന ഭീഷണികൾ ആണ്. വനങ്ങൾ നശിപ്പിക്കുന്നതും കൃഷിയിടങ്ങൾ മണ്ണിട്ട് നികത്തുന്നതും പരിസ്ഥിതി നാശത്തിന് കാരണമാകുന്നു. ഇതിന്റെ ഫലമായി പരിസ്ഥിതി നഷ്ടപ്പെടുന്നു. അങ്ങനെ സസ്യങ്ങളും ജീവജാലങ്ങളും നമുക്ക് അന്യമായി തീരുകയാണ്. നമുക്ക് ആവശ്യമായ സാധനങ്ങളും മരുന്നുകളും ജലാശയങ്ങളും ഈ പ്രകൃതിയിൽ തന്നെ ഉണ്ട്. അത് അറിയാതെ നാമോരോരുത്തരും മറ്റു സ്ഥലങ്ങളിലേക്ക് പരക്കം പായുകയാണ്. അങ്ങനെ പ്രകൃതിയിൽ നിന്ന് നമുക്ക് എല്ലാം അന്യമായി കൊണ്ടിരിക്കുകയാണ്. ചുട്ടുപഴുത്ത ഭൂമിക്ക് നാം നൽകുന്ന കുടയാണ് മരങ്ങൾ.

പണ്ടത്തെ മനുഷ്യർ പ്രകൃതിയെ ആശ്രയിച്ചാണ് ജീവിച്ചിരുന്നത്. അവരുടെ ഉപജീവനമാർഗ്ഗം കൃഷിയായിരുന്നു. എവിടെ നോക്കിയാലും പാടങ്ങളും തോടുകളും നീർച്ചാലുകളും മാത്രമേ ഉണ്ടായിരുന്നുവുള്ളൂ. മരം ഒരു വരം ആണെന്ന് പണ്ടത്തെ ആൾക്കാർ കണക്കാക്കിയിരുന്നത്. അവർ ധാരാളം മരങ്ങൾ വച്ചു പിടിപ്പിച്ചിരുന്നു. നമുക്ക് വേണ്ടിയുള്ള പച്ചക്കറികളും പഴവർഗങ്ങളും നമ്മുടെ നാട്ടിൽ തന്നെ കൃഷി ചെയ്തിരുന്നു. അത് കഴിച്ചിരുന്ന ആളുകൾക്ക് ഇന്നത്തെ പോലുള്ള അസുഖങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരു മരത്തിൽ ഒന്നിൽ കൂടുതൽ ജീവികളാണ് കൂട് കൂട്ടിയിരുന്നത്. ഇന്ന് അങ്ങനെയുള്ള കാഴ്ചകൾ വളരെ അപൂർവ്വമാണ്. കുട്ടികൾ തോടുകളിലും വയൽ വരമ്പുകളിലും കലപില ശബ്ദത്തോടെ ഓടിനടക്കുന്നതും ഓണം വരുമ്പോൾ ഊഞ്ഞാലിട്ട് ആടിപ്പാടുന്നതും അത്തപ്പൂക്കളം ഒരുക്കുന്നതും വാഴയിലയിൽ സദ്യ കഴിക്കുന്നതും ഇന്ന് ഒരു ഓർമയായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രകൃതിക്ക് ദോഷം വരുന്ന ഒന്നും തന്നെ പഴമക്കാർ ചെയ്തിരുന്നില്ല.

പ്രകൃതി നമ്മുടെ അമ്മയാണ്. നമുക്ക് എല്ലാം തരുന്ന പ്രകൃതിയെ നാം നശിപ്പിക്കുകയാണ് ചെയ്യുന്നത്. മനുഷ്യർ മരങ്ങളെ വെട്ടി നശിപ്പിക്കുകയും കൃഷിഭൂമികൾ കുഴിച്ച് മണ്ണെടുക്കുകയും നെല്ല് പാടങ്ങൾ മണ്ണിട്ട് നികത്തുകയും കുന്നുകൾ ഇടിച്ചു നിരത്തുകയും വലിയ വലിയ ഫാക്ടറികളും കെട്ടിടങ്ങളും കെട്ടിപ്പടുക്കുകയും ചെയ്യുന്നു. പരിസ്ഥിതി നാശം സംഭവിക്കുന്നത് കാരണം ഭൂമിയിൽ മഴ ലഭിക്കുന്നില്ല. നീരുറവകൾ ഊരുന്നില്ല. കുളങ്ങളും തോടുകളും വരണ്ടുപോകുന്നു. പ്രകൃതിയെ മനുഷ്യർ അമിതമായി ചൂഷണം ചെയ്യുന്നു. ഈ ഭൂമിയിൽ ജന്മമെടുക്കുന്ന സകല ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണ്. നാമോരോരുത്തരും സകല ജീവജാലങ്ങളെയും സ്നേഹിക്കുകയും സംരക്ഷിക്കുകയും വേണം. ഇന്ന് കൃഷിയിടങ്ങൾ വളരെ കുറവാണ്. കൃഷി ചെയ്യുവാൻ ആളുകൾക്ക് ഒട്ടും താല്പര്യമില്ല. അവർ അന്യസംസ്ഥാനങ്ങളെ ആണ് ആശ്രയിക്കുന്നത്. വിഷാംശം കലർന്ന പച്ചക്കറികളും മറ്റ് പഴവർഗങ്ങളും ആരോഗ്യത്തിന് ഹാനികരമാണെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. എങ്കിലും നമ്മൾ അത് തന്നെ വാങ്ങിക്കഴിക്കുന്നു.

മനുഷ്യർ പ്രധാനമായും മരങ്ങളെല്ലാം വെട്ടി നശിപ്പിക്കുന്നത് നമുക്ക് ഇന്നൊരു കാഴ്ചയാണ്. പ്ലാസ്റ്റിക്കും മറ്റു ചപ്പുചവറുകളും കത്തിച്ച് പരിസ്ഥിതിയെ മലിനമാക്കുന്നു. പല ജീവജാലങ്ങൾക്കും നാശം സംഭവിക്കുന്നു. ഭൂമിക്ക് അന്തരീക്ഷത്തിലെ ചൂട് കൂടി വരുന്നതാണ് ആഗോളതാപനം. വീടുകളിൽ നിന്നും വ്യവസായശാലകളിൽ നിന്നും പുറം തള്ളുന്ന മാലിന്യവും ഫാക്ടറിയിൽ നിന്നുള്ള പുക അന്തരീക്ഷത്തിൽ കലർന്ന് കാർബൺഡയോക്സൈഡ് പോലുള്ള മറ്റു വാതകങ്ങളുമായി കലർന്ന് ആഗോളതാപനത്തിന് കാരണമാകുന്നു. ഇതിന്റെ ഫലമായി കാലാവസ്ഥയിൽ മാറ്റം സംഭവിക്കുന്നു. പ്ലാസ്റ്റിക്കിന്റെ അമിതമായ ഉപയോഗം മനുഷ്യന് വൻനാശമാണ് സംഭവിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കത്തിക്കുമ്പോൾ ഉണ്ടാകുന്ന ഡയോക്സിൻ എന്ന വിഷവാതകം കാൻസർ എന്ന മാരകമായ രോഗത്തിന് കാരണമാകുന്നു. ഭൂമിയിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ മണ്ണിൽ ലയിക്കുന്നില്ല. അത് പരിസ്ഥിതിയെ നാശപ്പെടുത്തുന്നു. മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന ജലത്തെ ഭൂമിയിലേക്ക് കടത്തിവിടുന്നില്ല. മണ്ണിൽ നിന്ന് ജലവും ലവണങ്ങളും വലിച്ചെടുത്താണ് സസ്യങ്ങൾ വളരുന്നത്.

പ്രകൃതിയെ എങ്ങനെ സംരക്ഷിക്കാം
1. പ്രകൃതിയിലുള്ള വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കരുത്.
2. ഭൂമിയിലെ ജീവജാലങ്ങളെ എല്ലാം സംരക്ഷിക്കുക.
3. നെൽപ്പാടങ്ങളും കൃഷിസ്ഥലങ്ങളും നികത്താതിരിക്കുക.
4. പ്ലാസ്റ്റിക് മണ്ണിൽ വലിച്ചെറിയാതിരിക്കുക.
5. പ്രകൃതിയുടെ പച്ചപ്പ് നിലനിർത്താൻ ശ്രമിക്കുക.
6. ഫാക്ടറികളിലെ പുകയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.
7. മരങ്ങൾ വച്ചു പിടിപ്പിക്കുക.
8. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക.
9. ജലാശയങ്ങൾ മലിനമാക്കാതിരിക്കുക.
10. പ്രകൃതിയിലെ പച്ചപ്പ് വരുംതലമുറയ്ക്കായി കാത്തുസംരക്ഷിക്കുക.

അപർണ എസ് ജെ
5 A ജയമാതാ യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം