ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ഇന്നിന്റെ വായനാശീലം
ഇന്നിന്റെ വായനാശീലം
ഒരു കാലഘട്ടത്തിൽ വായന എന്നതിന് വളരെയധികം പ്രാധാന്യം തന്നെയായിരുന്നു. വിനോദത്തിന്റെയും ജ്ഞാനസമ്പത്തിന്റെയും അടിസ്ഥാന ഘടകം തന്നെയായിരുന്നു വായന. വായനയുടെ പ്രാധാന്യത്തെയും മാഹാത്മ്യത്തെയും അതിന്റെ ആവശ്യകതയെക്കുറിച്ചും പല പണ്ഡിതന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ വേദങ്ങളും ഉപനിഷത്തുകളും പുരാതന കാലം മുതൽ ഭാരതീയർ വായനയ്ക്ക് നൽകിയ പ്രാധാന്യത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. “വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും" കുഞ്ഞുണ്ണിമാഷിന്റെ ഈ വരികൾ വായനയുടെ പ്രാധാന്യം വ്യക്തമാക്കുന്നു. പത്രങ്ങളും ആഴ്ചപതിപ്പുകളും ഒരു കാലത്ത് സമൂഹത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്തവയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി നേരെ വിപരീതമാണ്. ഇന്ന് വായനാശീലത്തിന് പ്രസക്തികുറഞ്ഞു വരികയാണ്. ഇതിന് കാരണം ദൃശ്യമാധ്യമങ്ങളുടെയും സാമൂഹികമാധ്യമങ്ങളുടെയും ആഗമനവും അവയുടെ സ്വാധീനവും മൂലമാണ്. ലോകത്തിന്റെ ഏതുഭാഗത്തും നടക്കുന്ന സംഭവങ്ങൾ അതേസമയം തന്നെ ഇത്തരം ദൃശ്യമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അറിയാൻ സാധിക്കുന്നു. അതുകൊണ്ടുതന്നെ പിറ്റേദിവസം പത്രങ്ങളിൽ അതേക്കുറിച്ചുള്ള വാർത്തകൾ വരുന്നത് കൗതുകമില്ലാതാവുന്നു. പത്രപാരായണം ഒരു ശീലമാക്കിയവർ മാത്രമാണ് ഇന്ന് വാർത്തകൾക്ക് വേണ്ടി പത്രത്തെ ആശ്രയിക്കുന്നത്. ആഴ്ചപ്പതിപ്പുകളും മാസികകളും ജനങ്ങളുടെ ഇടയിൽ പണ്ടുകാലത്ത് അതിതീവ്രമായ പ്രചാരത്തിൽ നിലനിന്നിരുന്നു. നീണ്ടകഥകളുടെയും മറ്റു കഥഭാഗങ്ങൾ അറിയുവാൻ അടുത്ത ലക്കത്തിനുവേണ്ടി ആകാംക്ഷയോടു കൂടി കാത്തിരുന്ന ഒരു കൂട്ടം ജനങ്ങൾ ഒരിക്കൽ ഉണ്ടായിരുന്നു. ഇന്നത്തെ പുതുതലമുറയിൽ നിന്നും വായന അന്യം നിന്നിരിക്കുകയാണ്. അവരുടെ ലോകം വാട്സാപ്പും ഫെയ്സ്ബുക്കും മാത്രമായി ഒതുങ്ങികൊണ്ടിരിക്കുകയാണ്. ഒരു കാലത്ത് കേരളത്തിന്റെ സാംസ്കാരിക രംഗത്ത് മഹത്തായ സംഭാവനകൾ നൽകിയവയാണ് ഗ്രന്ഥശാലകൾ. വിദ്യാർത്ഥികൾ ഇപ്പോൾ പാഠപുസ്തകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് വായിക്കുന്നത്. സ്കൂൾ ലൈബ്രറികളുടെ പ്രവർത്തനം പലപ്പോഴും കാര്യക്ഷമമായി നടക്കാറില്ല. സമൂഹത്തിലെ ഇത്തരം അന്ധകാരത്തിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന മാർഗദർശിയാണ് വായന. വ്യക്തികൾക്ക് മരണമുണ്ടാകും എന്നാൽ വായനയോ പുസ്തകങ്ങളോ ഒരിക്കലും മരിക്കില്ല. നമ്മുടെ സമൂഹത്തിന്റെ മൂല്യങ്ങൾ ഒാരോന്നായി നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. സംസ്കാരസമ്പന്നമായ ഒരു സമൂഹം ഏറെ അനിവാര്യമാണ്. വായനയിലൂടെ ആ യാഥാർത്ഥ്യത്തിലേക്ക് നമുക്ക് എത്തിച്ചേരാൻ സാധിക്കും. ആധുനികതയെ ഉൾക്കൊണ്ട് നാം വായനാശീലത്തിലേക്കുള്ള ഒരു മടക്കയാത്രയെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം