ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/അമ്മുവിനൊരുമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവിനൊരുമ്മ

ഇന്ന് മീനമാസത്തിലെ തിരുവാതിരനാൾ അമ്മുവിന്റെ പിറന്നാളാണ്. അമ്മുക്കുട്ടി എന്ന അച്ഛന്റെ വിളികേട്ടാണ് അവൾ ഉണർന്നത്. അവൾ കുഞ്ഞിക്കണ്ണുകൾ തിരുമ്മികൊണ്ടു അച്ഛനെ നോക്കി. പിന്നെ വാതിലിനപ്പുറത്തേക്കു അവളുടെ കണ്ണുകൾ ആരെയോ തിരഞ്ഞുകൊണ്ടിരുന്നു. Happy birthday മോളു. അച്ഛന്റെ പിറന്നാൾ ആശംസകളൊന്നും അവളുടെ കാതിൽ വീണില്ല. അവൾ പുറത്തേക്കുനോക്കി എന്നിട്ടു അച്ഛനോട് ചോദിച്ചു 'അമ്മ എവിടെ അച്ഛാ, അമ്മ വന്നില്ലേ. എനിക്ക് അമ്മയെ കാണണം. അച്ഛൻ മറുപടി പറയാതായപ്പോ അവൾ ചോദ്യം ആവർത്തിച്ചു. അച്ഛൻ പിന്നെയും മൗനംപൂണ്ടു. അവളുടെ കുഞ്ഞി കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. പളുങ്കുമണികൾ പോലെ കണ്ണുനീർത്തുള്ളികൾ അവളുടെ കവിൾത്തടത്തിലൂടെ താഴേക്കു ഇറ്റു വീണു. തേങ്ങിക്കൊണ്ടു അവൾ അച്ഛനോട് ചോദിച്ചു അച്ഛൻ മോളേ പറ്റിച്ചതാണല്ലേ. സങ്കടം പുറത്തു കാണിക്കാതെ അച്ഛനവളെ ചേർത്തുപിടിച്ചു.അയാൾ സ്വയം ചിന്തിച്ചു ശരിയാ അമ്മ എന്നു വരുമെന്നുള്ള അവളുടെ അടിക്കടിയുള്ള ചോദ്യത്തിൽ നിന്നും രക്ഷപെടാനായി ഒരു കളവു പറഞ്ഞതായിരുന്നു. ലോകം മുഴുവൻ കൊറോണ എന്ന മഹാമാരി പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചും, അവളുടെ അമ്മ ഉൾപ്പെടുന്ന ആരോഗ്യപ്രവർത്തകർ സ്വന്തം ജീവൻ പോലും മറന്നു സമൂഹത്തിനു വേണ്ടിയും മറ്റുള്ളവരുടെ ജീവനുവേണ്ടിയും പ്രയത്നിക്കുന്നതൊന്നും ആ കുഞ്ഞുമനസ്സിനറിയില്ല. പറഞ്ഞാലൊട്ടു മനസ്സിലാക്കേണ്ട പ്രായവും ആയിട്ടില്ല. അവൾ അമ്മയെ പിരിഞ്ഞിട്ടു ഇന്നേക്ക് 5 ദിവസമായി. അവളുടെ അമ്മ ജില്ലാ ആശുപത്രിയിലെ നേഴ്സ് ആണ്. കൊറോണ വാർഡിലാണ് ഡ്യൂട്ടി. ഡ്യൂട്ടിയും നിരീക്ഷണമൊക്കെ കഴിഞ്ഞു ആഴ്ചകൾ കഴിഞ്ഞേ മടങ്ങിയെത്തു. എല്ലാ പിറന്നാളിനും അവൾക്കു ആദ്യമായി കിട്ടുന്ന സമ്മാനം അവളുടെ അമ്മേടെ വക ഒരു ചക്കര ഉമ്മയാണ്. അത് അവളുടെ അവകാശമായി അയാൾക്കും തോന്നി പക്ഷെ എന്തുചെയ്യാനാണ് ഈശ്വരൻ മാര് പോലും നിസ്സഹായതയോടെ നോക്കിനില്കുമ്പോ ആ അച്ഛന് തന്റെ മോളെ ആശ്വസിപ്പിക്കാനേ കഴിഞ്ഞുള്ളു.

മോളുടെ കരച്ചിലടക്കാൻ അയാൾക്കു കഴിഞ്ഞില്ല. ഒടുവിൽ അയാൾ തീരുമാനിച്ചു മോളെ ഒന്നു കൊണ്ടുപോയി അമ്മയെ കാണിക്കാം.അയാൾ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു "മോള് കരയണ്ട നമുക്കു അമ്മയെ ഹോസ്പിറ്റലിൽ പോയി കാണാം "പെട്ടെന്നവൾ അച്ഛന്റെ മുഖത്ത് ഒന്ന് നോക്കി തന്നെ പറ്റിക്കാൻ പറയുന്നത് ആണോ എന്നറിയാൻ. പിന്നെ വിറയാർന്ന ചുണ്ടുകളോടെ ചോദിച്ചു "സത്യം ". അച്ഛൻ മറുപടി പറഞ്ഞു എന്റെ പൊന്നു മോളാണേ സത്യം. അവളുടെ മുഖത്ത് ചെറു പുഞ്ചിരി വിടർന്നു. അവൾ ചാടി എണീറ്റു. എന്നാ മോള് പോയി പുത്തൻ ഉടുപ്പൊക്കെ ഇട്ടു ഒരുങ്ങട്ടെ അച്ഛാ. അയാൾ സമ്മതം മൂളി. അപ്പോഴേക്കും അച്ഛമ്മ മുറിയിലെത്തി. അച്ചമ്മേടെ കയ്യിൽ തൂങ്ങി അവൾ ഒരുങ്ങാനായി പോയി. അൽപ സമയത്തിന് ശേഷം അമ്മവാങ്ങി വച്ച പുത്തനുടുപ്പൊക്കെ ഇട്ടു സുന്ദരിയായി അവൾ അച്ഛന്റെ അടുതെത്തി. അയാൾ തന്റെ ബൈക്ക് പുറത്തേക്കെടുത്തു. അവൾ ഓടിച്ചെന്നു അതിന്റെ ഫ്രണ്ടിൽ കയറിയിരുന്നു. അച്ഛമ്മയോടു യാത്ര പറഞ്ഞു അവർ പുറപ്പെട്ടു. ആശുപത്രി ഗേറ്റിനു അടുത്തു ബൈക്ക് എത്തി. നേരത്തെ പറഞ്ഞതനുസരിച്ചു അമ്മ അവളെയും കാത്തു ഹോസ്പിറ്റലിന് മുൻ വശത്തു തന്നെ നില്പുണ്ടായിരുന്നു. അൽപം അകലെയായി അച്ഛൻ ബൈക്ക് നിർത്തി. മുഖാവരണം ധരിച്ച ഒരുപാടു അമ്മമാരുടെ ഇടയിൽ നിന്നും അവളുടെ അമ്മയെ കണ്ണുകളിൽ മാത്രം നോക്കി അവൾ തിരിച്ചറിഞ്ഞു. അമ്മയെ കണ്ടതും അവൾ പൊട്ടി കരയാൻ തുടങ്ങി. അമ്മെ.. അമ്മെ... എന്ന് വിളിച്ചു അവൾ അമ്മേടെ അടുത്തേക് പോകാനായി ആഞ്ഞു. അച്ഛൻ അവളെ മുറുകെ പിടിച്ചു. ഇതു കണ്ടു നിന്നു ആ അമ്മ മനസ്സ് വല്ലാതെ പിടഞ്ഞു. ഓടിച്ചെന്നു അവളെ വാരിപ്പുണർന്നു നെറുകയിൽ ഒരായിരം ഉമ്മകൾ നൽകണമെന്ന് ആ അമ്മക്ക് തോന്നി. നിസ്സഹായയായി കണ്ണീർ വർക്കാനേ ആ അമ്മക്ക് കഴിഞ്ഞുള്ളു. കൂടെ നിന്നവർ എല്ലാം നിറകണ്ണുകളോടെ നോക്കി നിന്നു. മോളുടെ കരച്ചിൽ അടക്കാനാകാതെ അച്ഛൻ ബൈക്ക് മുന്നിലേകെടുത്തു പോകാനായൊരുങ്ങി. കണ്ണുനീർ തുടച്ചുകൊണ്ട് അമ്മ കൈ വീശി അവളെ യാത്രയാക്കി. ബൈക്ക് മെല്ലെ ഗേറ്റ് കടന്നു പുറത്തേക്കു പോയി. അപ്പോഴും അവളുടെ തേങ്ങൽ അമ്മയുടെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു. കണ്ണുകൾ തുടച്ചുകൊണ്ട് ആ അമ്മ തന്റെ സഹപ്രവർത്തകരോടൊപ്പം തങ്ങളെ പ്രതീക്ഷിച്ചിരിക്കുന്ന രോഗികളുടെ അടുത്തേക് നടന്നകന്നു

അദ്വൈത് ആർ സജു
6 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ