ഗവ എച്ച് എസ് എസ് , കലവൂർ/ഗ്രന്ഥശാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗ്രന്ഥാലയം - വിദ്യാലയ ഹൃദയം
വിദ്യാലയത്തിന്റെ ഹൃദയമാണ് ഗ്രന്ഥാലയം. വായനയിലൂടെ സംസ്കരിക്കപ്പെടുന്ന മനസ്സിന് ലോകത്തിൽ ചലനങ്ങൾ സൃഷ്ടിക്കുവാൻ കഴിയും. അക്ഷരങ്ങളും പുസ്തകങ്ങളും കുട്ടികളുടെ കൂട്ടുകാരായാൽ അവർ സ്വയം നിയന്ത്രിക്കപ്പെടും. വായനാനുഭവം അവരുടെ ജീവിതത്തെ മാറ്റിമറിക്കും. അറിവിനോടൊപ്പം ചിന്താശക്തിയും വർദ്ധിക്കപ്പെടും.കലവൂർ സ്ക്കൂളിൽ മികച്ച ഒരു ഗ്രന്ഥശേഖരം തന്നെയുണ്ട്. കഥ, കവിത, നോവൽ, ലേഖനം, ശാസ്ത്രഗ്രന്ഥങ്ങൾ, ബാലസാഹിത്യം, നാടകം, ചരിത്രം, ഗാന്ധിസാഹിത്യം, റഫറൻസ്, അധ്യാത്മിക ഗ്രന്ഥങ്ങൾ, ഇംഗ്ലീഷ് - ഹിന്ദി പുസ്തകങ്ങൾ, പാഠപ്പുസ്തകശേഖരം, ഗണിതം,ലോക ക്ലാസ്സിക്കുകൾ,ജീവചരിത്രം,ആത്മകഥ എന്നീ മേഖലകളിലായി പതിനയ്യായിരത്തിലേറെ പുസ്തകങ്ങൾ ഗ്രന്ഥപ്പുരയിലുണ്ട്.5 ക്ലാസ്സുമുതൽ 10 ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ഗ്രന്ഥാലയത്തിൽ അംഗത്വം നൽകുകയും പുസ്തകങ്ങൾ നേരിട്ട് തെരഞ്ഞെടുക്കാനുള്ള അവസരം നൽകുകയും ചെയ്യുന്നു. തിങ്കളാഴ്ച A ഡിവിഷനെങ്കിൽ ചൊവ്വാഴ്ച Bഡിവിഷൻ എന്നിങ്ങനെ ഡിവിഷൻ അടിസ്ഥാനത്തിൽ പുസ്തകവിതരണം നടത്തപ്പെടുന്നു. ലൈബ്രറി അംഗത്വമുള്ളവർക്ക് ലൈബ്രറി കാർഡുകൾ വിതരണം ചെയ്യുന്നു.വായനാക്കുറിപ്പുകൾ എഴുതി സൂക്ഷിക്കുവാൻ കുട്ടികൾ ശ്രദ്ധിക്കുന്നു. ക്ലാസ്സ് ലൈബ്രറികളുടെ പ്രവർത്തനം നിയന്ത്രിക്കാൻ ക്ലാസ് ലൈബ്രേറിയൻമാര ചുമതലപ്പെടുത്തുന്നു. ഗ്രന്ഥാലയത്തിൽ സ്ഥാപിച്ചിട്ടുള്ള പുസ്തക പ്രദർശന ഗാലറിയിൽ കഥാപുസ്തകങ്ങൾ,കവിതാ പുസ്തകങ്ങൾ, ലോക ക്ലാസ്സിക്കുകൾ എന്നിങ്ങനെ ദിവസവും പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്നു.മികച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിനും വായനയ്ക്ക് ഒരു ദിശാബോധം നൽകുന്നതിനും സ്ഥിരം പുസ്തക ഗാലറി സഹായകമാണ്. ദിനാചരണങ്ങൾ, കയ്യെഴുത്തുമാസിക, ഡിജിറ്റൽ മാഗസിൻ എന്നിവ ഗ്രന്ഥാലയത്തിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്നു.
![](/images/thumb/b/b0/34006_library_3.png/345px-34006_library_3.png)
![](/images/thumb/4/49/34006_library_6.jpg/300px-34006_library_6.jpg)
![](/images/thumb/6/61/34006_libray_2.png/213px-34006_libray_2.png)
![](/images/thumb/c/c8/34006_library_5.jpg/272px-34006_library_5.jpg)
വായനാക്കുറിപ്പ്
![](/images/thumb/a/a3/34006_perumthachan_2.png/206px-34006_perumthachan_2.png)
പുസ്തകം - പെരുന്തച്ചൻ- സുഭാഷ് ചന്ദ്രൻ
ആദിത്യൻ.പി.എസ്.8E
സ്ക്കൂൾ ലൈബ്രറിയിൽ നിന്നും ഞാൻ എടുത്തു വായിച്ച പുസ്തകത്തിന്റെ പേരാണ് പെരുന്തച്ചൻ. സുഭാഷ് ചന്ദ്രൻ എഴുതിയ ഒരു ബാലാസാഹിത്യകൃതിയാണിത്. വരരുചി എന്ന ബ്രാഹ്മണന്റേയും അയാൾ വിവാഹം കഴിച്ച പറയിപ്പെണ്ണിന്റേയും കഥയാണിത്. പറയിപെറ്റ പന്തിരുകുലത്തിൽ പെട്ടവരാണ് മേഴത്തോൾ അഗ്നിഹോത്രി, രജകൻ, ഉളിയന്നൂർ പെരുന്തച്ചൻ,വള്ളോൻ,വായില്ലാക്കുന്നിലപ്പൻ,വടുതല നായർ,കാരയ്ക്കൽ മാതാ, ഉപ്പുകൂറ്റൻ, പാണനാർ, നാറാണത്തു ഭ്രാന്തൻ,അകവൂർ ചാത്തൻ, പാക്കാനാർ.
![](/images/thumb/c/c4/34006_aadithayan.png/183px-34006_aadithayan.png)
പറയിപ്പെണ്ണ് പ്രസവം കഴിഞ്ഞപ്പോൾ പതിവുപോലെ കുട്ടിക്ക് വായകീറിയിട്ടുണ്ടോ എന്ന് ചോദിക്കുകയും വായകീറിയിട്ടുള്ളതിനാൽ ഉപേക്ഷിക്കാനും വരരുചി ഭാര്യയായ പറയപ്പെണ്ണിനോട് ആവശ്യപ്പെടുന്നു. കുട്ടിയെ എടുത്തു വളർത്തിയത് ദയാലുവായ ഒരു തച്ചനാണ്. തച്ചൻ മാരുടെ കൂട്ടത്തിൽ പെരുമ കൂടിയതുകൊണ്ടാണ് അദ്ദേഹത്തിന് പെരുന്തച്ചൻ എന്ന പേരു വന്നത്. പെരുന്തച്ചന്റെ കഴിവുകൾ കാണാൻ പുറം നാട്ടിൽ നിന്നുപോലും ആളുകളെത്തി. പെരുന്തച്ചൻ പണിത അമ്പലക്കുളം ആരെയും അതിശയിപ്പിക്കുന്നതായിരുന്നു.പെരുന്തച്ചന്റെ മകന്റെ പേരാണ് ഇളംതച്ചൻ. തന്നെക്കാൾ കേമനാണ് മകൻ എന്ന ചില നാട്ടുകാരുടെ അഭിപ്രായം പെരുന്തച്ചന്റെ മനസ്സിൽ ഇരുൾ പടർത്തി. ചില ആളുകൾ പെരുന്തച്ചനെ കളിയാക്കി. ഒരു ദിവസം പെരുന്തച്ചന്റെ കയ്യബദ്ധം മൂലം വീതുളി വീണ് മകൻ മരിക്കുന്നു. ചില ആളുകൾ പെരുന്തച്ചന് മകനോട് അസൂയ വന്ന് കൊന്നതാണെന്ന് പറഞ്ഞു പരത്തി. മകന്റെ മരണവും അതിനെ തുടർന്നുണ്ടായ അപവാദവും പെരുന്തച്ചനെ തളർത്തി. അദ്ദേഹം മരിച്ചു.
മലയാളം ക്ലാസ്സിൽ ജി.ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചൻ എന്ന കവിത പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പെരുന്തച്ചനെപ്പറ്റി ആർക്കെങ്കിലും അറിയാമോ എന്ന് സാർ ചോദിച്ചപ്പോൾ ഈ പുസ്തകത്തെപ്പറ്റി എനിക്ക് പറയാൻ കഴിഞ്ഞു.
വായനാക്കുറിപ്പ്
പുസ്തകം- ജീൻവാൽജീൻ , ഗ്രന്ഥകർത്താവ്- ജോർജ്ജ് ഇമ്മട്ടി.
![](/images/thumb/6/69/34006_jeanvaljean.png/152px-34006_jeanvaljean.png)
![](/images/c/c7/34006_ashitha.png)
അഷിത ഡെന്നി തമ്പി 8E
ഒരു റൊട്ടിക്കഷ്ണം മോഷ്ടിച്ചു എന്ന കുറ്റത്തിന് പത്തൊൻപതു വർഷം കാരാഗൃഹവാസം അനുഭവിക്കേണ്ട വന്ന വ്യക്തിയാണ് ജീൻവാൽ ജീൻ. ഈ കഥയിലൂടെ പാരീസ് നഗരത്തിന്റെ അടിത്തട്ടത്തിലെ ദീന യാഥാർഥ്യങ്ങളിലേയ്ക്ക് വാതിൽ മലർക്കെ തുറന്നിടപ്പെടുന്നു. ഫ്രഞ്ച് നോവലിസ്റ്റായ വിക്ടർ ഹ്യൂഗോ ദയ കയ്യൊഴിയുന്ന സമൂഹവും നീതി നിഷേധിക്കുന്ന നിയമങ്ങളുമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്ന് ലോകമനസ്സാക്ഷിയോട് ഉച്ചത്തിൽ വിളിച്ചു പറയുകയായിരുന്നു. പാവങ്ങൾ എന്ന നോവലിലെ കഥാനയകൻ വെറുപ്പും അവഗണനയും പേറേണ്ടി വന്ന ഒരു കുടുംബത്തിലെ അംഗമാണ്.നഷ്ടങ്ങൾ മാത്രം കൈമുതലായുള്ള കഥാപാത്രം.ജീൻവാൽ ജീൻ മോഷ്ടിച്ച വെള്ളിപ്പാത്രങ്ങൾ തിരികെ നൽകി മെഴുകുതിരിക്കാലുകൾ കൂടി സമ്മാനിക്കുകയും ചെയ്ത ബിഷപ്പിനേപ്പോലുള്ള കഥാപാത്രങ്ങൾ ലോകസാഹിത്യത്തിൽ തന്നെ അപൂർവ്വമാണ്. ഴാവേർ, മദർ, കുതിരവണ്ടിക്കാരൻ തുടങ്ങിയ കഥാപാത്രങ്ങളും അവിസ്മരണീയമാണ്.
തന്റെ കഷ്ടപാടുകൾ നിമത്തം തന്റെ കുഞ്ഞിനെ തെനാർദിയർ എന്ന ദുഷ്ടന്റെ കയ്യിൽ ഏൽപ്പിക്കേണ്ടിവന്ന ഒരമ്മയുടെ ദയനീയത വായനക്കാരെ വല്ലാതെ വിഷമിപ്പിക്കും. ഫാദർ മദലിയൻ എന്ന പേരിൽ താമസിക്കുന്ന ജീൻവാൽജീൻ കൊസത്ത് എന്ന അനാഥബാലികയെ രക്ഷിച്ച് തന്റെ മകളെപ്പോലെ വളർത്തുന്നു. എന്റെ മനസ്സിനെ സ്വാധീനിച്ച ഒരു കഥാസന്ദർഭമാണിത്. കൊസത്തിന് ആഹാരവും വിദ്യാഭ്യാസവും ഫാദർ മദലിയൻ എന്ന ജീൻവാൽജീൻ നൽകുന്നു. മനുഷ്യ സ്നേഹമെന്തെന്ന് ഈ കഥാസന്ദർഭങ്ങൾ വായനക്കാരനെ മനസ്സിലാക്കിത്തരുന്നു. ഫാദർ മദലിയന്റേയും കൊസത്തിന്റേയും ജീവിത്തിലേയ്ക്ക് പലരും കടന്നു വരുന്നെങ്കിലും അവർ അതിനെയെല്ലാം അതിജീവിക്കുന്നു. ഫൂഷൻ വാങ്ങ് എന്ന കുതിരവണ്ടിക്കാരനെ അപകടത്തിൽപ്പെട്ട കുതിരവണ്ടിയുടെ അടിയിൽ നിന്ന് രക്ഷിച്ച് ജീവിതത്തിലേയ്ക്ക് ഫാദർ മദലിയൻ എത്തിക്കുന്നു. എങ്കിലും ഈ സന്ദർഭം ജീൻവാൽജീനെ നിഴൽപോലെ പിൻതുടരുന്ന ഴാവേർ എന്ന പോലീസ് ഉദ്യോഗസ്ഥന് വഴികാട്ടിയാകുന്നു.
ഈ പുസ്തകത്തിൽ നിന്നും ഭക്ഷണത്തിന്റെ വില എന്താണെന്ന് എനിക്ക് മനസ്സിലായി. ചെറിയ കാര്യങ്ങളിലെ വലിയ സാധ്യതകളെ ഈ കഥയിലൂടെ നമുക്ക് മനസ്സിലാക്കാം.
വായനാക്കുറിപ്പ്
പുസ്തകത്തിന്റെ പേര് - ചുറ്റുവട്ടത്തെ ചെറു ചെടികൾ
ഗ്രന്ഥകർത്താവ് - ഡോ.ടി.ആർ.ജയകുമാരി.
![](/images/thumb/0/09/34006_abhinavu.png/213px-34006_abhinavu.png)
![](/images/thumb/a/a4/34006_chuttuvattathe.png/247px-34006_chuttuvattathe.png)
അഭിനവ്.എ 8E
എന്റെ വിദ്യാലയത്തിലെ ലൈബ്രറിയിൽ നിന്നും ലഭിച്ച ഒരു പുസ്കമാണ് ഡോ.ടി.ആർ. ജയകുമാരി എഴുതിയ ചുറ്റുവട്ടത്തെ ചെറു ചെടികൾ എന്ന പുസ്തകം. വളരെ ലളിതമായ ഭാഷയിലാണ് പുസ്കതം എഴുതിയിട്ടുള്ളത്. നമ്മുടെ നാട്ടിലെ വിവധ സസ്യങ്ങളെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്. ഔഷധസസ്യങ്ങൾ, പോഷക സസ്യങ്ങൾ എന്നിവയെപ്പറ്റി പറഞ്ഞിട്ടുണ്ട്. നമ്മുടെ വീടിനുചുറ്റും വളരുന്ന പല ചെടികളും നമ്മുടെ ജീവിതത്തെ സ്വാധ്വീനിക്കുന്നു എന്നത് ഈ പുസ്തകത്തിൽ നിന്നും എനിക്ക് കിട്ടിയ പുതിയ അറിവായിരുന്നു. വീടിന്റെ പരിസരത്തെ ചെടികളെ നമ്മൾ എത്രത്തോളം ശ്രദ്ധിക്കാതെ പോയി എന്നകാര്യം ഇപ്പോൾ ഗൗരവത്തോടെ ചിന്തിക്കുവാൻ എനിക്ക് കഴിയുന്നുണ്ട്. പുസ്തകവായനയ്ക്കുശേഷം വീടിന്റെ പരിസരത്തെ ചെടികളെ നിലനിർത്തേണ്ടതിന്റെ ആവശ്യകതയും പച്ചക്കറികൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും എനിക്ക് ബോധ്യപ്പെട്ടു. ചുറ്റുവട്ടത്തെ ചെറുചെടികൾ എന്ന ചെറു പുസ്തകം എന്നിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്.