ഗവ. എൽ പി എസ് പാറക്കൽ/അക്ഷരവൃക്ഷം/ഒരു ഓർമ്മപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ഓർമപ്പെടുത്തൽ

30 വർഷം കഴിഞ്ഞ് ദാമോദരൻ ബോംബെയിൽ നിന്നും മടങ്ങിയെത്തി. അവന് അവന്റെ കണ്ണിനെ വിശ്വസിക്കാനായില്ല, അവൻ 29 വർഷം മുൻപ് അമ്മയെയും കൊണ്ട് വിടപറഞ്ഞ തന്റെ മുതിരാകുഴിയെവിടെ, അവൻ അവിടെയുള്ള കാഴ്ചകൾ കണ്ട് ബോംബയെ ഓർമ്മിച്ചു.താൻ ഓടിനടന്ന കുത്തൻതേരിയും ഭയാനകമായ വളവുകളുമെവിടെ? വരമ്പുകളെവിടെ? കണ്ണാടിപോലെ കളകളം ഒഴുകുന്ന തോടും പുഴകളുമെവിടെ? വയൽ നികത്തി അവിടെ ആകാശം തൊട്ടുനിൽക്കുന്ന ഫ്ലാറ്റുകളും വിഷം തുപ്പുന്ന വ്യവസായകേന്ദ്രങ്ങളും മാളികകളും മാത്രം അവൻ വഴിയറിയാതെ സ്തംഭിച്ചു നിന്നു.അപ്പോഴാണ് അവന്റെ കണ്ണിലൊരു ഓടിട്ടവീട് തടഞ്ഞത്. അവൻ അങ്ങോട്ടേക്ക് മെല്ലെ ചുവടുവച്ചു നീങ്ങി.അത് മിക്കവാറും മരം ചെത്തുകാരൻ പപ്പുവിന്റെ വീടായിരിക്കും അവൻ ഊഹിച്ചു. അവൻ അവിടത്തെ വരാന്തപ്പടിക്കലെത്തി, അവന് അതിശയം തോന്നി "മരം ചെത്തുകാരൻ പപ്പു ഇപ്പോഴും ജീവിച്ചിരിക്കുന്നോ..."കോലായിലെ ചാരുകസേരയിൽ ചാരികിടന്ന് ബാലനിലെ

 "ഭാരതത്തിൻ പൊൻവിളക്കാം
 കേരളമേദിനി ദേവീടെ......."

എന്ന പാട്ടും കേട്ട് ഇരിക്കുന്ന പപ്പുവിനെ കണ്ടപ്പോൾ ദാമോദരന് ഒരു സന്തോഷാനുഭൂതിയുണ്ടായി അവന്റെ മുഖത്ത് താമരമൊട്ടുപോലെ പുഞ്ചിരി വിരിഞ്ഞു. എന്നാൽ അദ്ദേഹം അതൊന്നും ശ്രദ്ധിക്കാതെ അവിടെത്തന്നെ ഇരിക്കുകയാണ്.അവൻ ഉത്കണ്ഠാകുലനായി.അവൻ അദ്ദേഹത്തോട് ചോദിച്ചു എന്നെ മനസ്സിലായോ? അയാൾ അകത്തേക്കെന്ന രീതിയിൽ സുമിത്രേ.....എന്നു നീട്ടിവിളിച്ചു.ഒരു മധ്യവയസ്‌ക വരാന്തയിൽ പ്രത്യക്ഷപെട്ടു എന്നിട്ട് അയാൾ ചോദിച്ചു ഇതാരാ മോളെ മുറ്റത്ത്? അറിയില്ല അച്ഛാ അവൾ പറഞ്ഞു നിർത്തി.അപ്പോഴാണ് അവനൊരുസത്യം വെളിപ്പെട്ടത് അദ്ദേഹത്തിന് കണ്ണുകാണില്ല അവന്റെ മുഖം മുല്ലമൊട്ടുപോലെ വാടി.അവന്റെ കണ്ണ് ഈറനണിഞ്ഞു. എന്നിട്ടവൻ പരിഭ്രമത്തോടെ പറഞ്ഞു ഞാ...ഞാൻ ....ബാലൻ മാഷിന്റെ മകനാണ്.ഇതാരാ വന്നിരിക്കണേ ദാമോദരൻ കുട്ട്യോ..അത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് പുതിയൊരു ആനന്ദം തുളുമ്പിയിരുന്നു.തന്റെ ഉള്ളിലെ കാര്യങ്ങൾ പറയാൻ ഒരാളെ കിട്ടി എന്ന സന്തോഷത്തിലായിരിക്കണം വാ കോലായിലേക്ക് കേറിയിരിക്ക് അയാൾ ക്ഷണിച്ചു.ദാമോദരൻ ആദ്യം ശങ്കിച്ചു നിന്നു പിന്നെ പതുക്കെ അങ്ങോട്ടേക്ക് കയറിയിരുന്നു.അയാൾ പറഞ്ഞുതുടങ്ങി മോനെ ഞാൻ കുറെനാൾമുൻപ് ഈ അന്ധതയുടെ പിടിയിലായി, ഇപ്പോൾ എനിക്ക് എല്ലാമിരുട്ടാ, എവിടെയും ഇരുണ്ടനിറം മാത്രം.പിന്നെ ഒരു വിധത്തിൽ ചിന്തിച്ചാൽ അതാണ് നല്ലത് എനിക്ക് മുതിരക്കുഴിയുടെ ദയനീയാവസ്ഥ കാണണ്ടല്ലോ.നീ പോകുന്നതുവരെ ഈ മുതിരാകുഴി ഒരു സ്വർഗ്ഗമായിരുന്നു പിന്നെ കൃഷിയേക്കാൾ വലിയ ലാഭമുള്ള കച്ചവടങ്ങൾ വന്നപ്പോൾ മനുഷ്യൻ കൃഷി ഉപേക്ഷിച്ചു, വയലുകളും തണ്ണീർത്തടങ്ങളും നികത്തി കൂറ്റൻ കെട്ടിടങ്ങൾ ഉയർന്നു.ആദ്യമൊക്കെ ഉണർന്നത് കിളികളുടെ പട്ടു കേട്ടായിരുന്നു ,ആദ്യമൊക്കെ വീശിയിരുന്നത് മണ്ണിന്റെ ഗന്ധമുള്ള കാറ്റായിരുന്നു, രാവിലെ ഉണർന്ന് ജനാല തുറക്കുമ്പോൾ മഞ്ഞ് നമ്മെ മൂടുമായിരുന്നു.എന്നാൽ ഇപ്പോൾ ഉണരുമ്പോൾ കേൾക്കുന്നത് ഫാക്ടറിയിൽ നിന്നുള്ള ഭയാനകമായ ശബ്ദമാണ്,വീശുന്ന കാറ്റിൽ നിറയെ വിഷമാണ്...ഇത്രയുമായപ്പോൾ ദാമോദരൻ പറഞ്ഞു നേരം വൈകി അമ്മ കാത്തിരിക്കുന്നുണ്ടാകും.ബോബെയിൽ നിന്നും നേരെ ഇങ്ങോട്ടാണ് പോന്നത് ഇത്രയും പറഞ്ഞു അവൻ അവിടെ നിന്നും എഴുന്നേറ്റു പപ്പുവിനോടും മുതിരാകുഴിയോടും യാത്ര പറഞ്ഞ് പാറകുഴിയിലേക്ക് നടന്നു.വീടെത്തുന്നതുവരെയും അവന്റെ മനസുനിറയെ പപ്പു പറഞ്ഞ കാര്യങ്ങളായിരുന്നു.

പാറകുഴിയ്ക് വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല പക്ഷെ അവിടത്തെ കൃഷി മുക്കാൽ ഭാഗത്തോളം റബ്ബർ കീഴടക്കിയിരുന്നു.ഇരുട്ടായതുകൊണ്ട് നേരെ ഒന്നും കാണാൻ സാധിച്ചിരുന്നില്ല.അവൻ വീട്ടിലേക്ക് നടന്നു.അവൻ അമ്മയോട് എല്ലാം പറഞ്ഞു തങ്ങൾ താമസിച്ചിരുന്ന സ്ഥലത്തുവന്ന ഒരു മാളികയുടെ കാര്യവും അമ്മയോട് പറഞ്ഞു. മുതിരാകുഴിയുടെ ഗതിയോർത്ത് അമ്മ പരിതപിച്ചു.

ഒരാഴ്ചകൊണ്ട് നിൽക്കാതെ പെയ്യുന്ന പേമാരി. ഓരോ ദിവസത്തെയും പത്രത്തിൽ മുങ്ങിയ പ്രദേശങ്ങളുടെയും നഷ്ടപെട്ട ജീവനുകളുടെയും കണക്കുകൾ മാത്രം.ഒരു ദിവസത്തെ പത്രത്തിന്റെ തലക്കെട്ടിൽ മുതിരക്കുഴിയും സ്ഥാനം പിടിച്ചു. ആദ്യം അവന് നിർവികാരമായിരുന്നു.പപ്പുവിനെ പോലുള്ളവരെക്കുറിച്ച് ചിന്തിച്ചപ്പോൾ അതൊരു സങ്കട കടലായി മാറി.പാറകുഴിയുടെയും തങ്ങളുടെയും ഭാഗ്യമോർത്ത് അവൻ ആശ്വസിച്ചു. ഇനിയും മരണം കാത്ത് കിടക്കുന്ന പുഴകളോടും തോടുകളോടും വയലുകളോടും അവൻ നന്ദിപറഞ്ഞു. അപ്പോളവൻ മുത്തച്ഛൻ പറഞ്ഞതോർത്തു "പ്രകൃതി ഇപ്പോൾ നൽകിയത് ഒരു ഓർമപ്പെടുത്തലാണ് പ്രകൃതിയുടെ കയ്യിൽ ഇനിയും വജ്രായുധങ്ങൾ ഉണ്ട് എന്ന ഓർമപ്പെടുത്തൽ ഇനിയും പഠിക്കാത്ത ജനങ്ങളെ പഠിപ്പിക്കാനുള്ള ഒരു ഓർമപ്പെടുത്തൽ"

അബിൻ റിജു
6 A ജി യു പി എസ്സ് പാറക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ