കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


നമ്മുടെ ശരീരത്തെ രോഗത്തിൽ നിന്നും ചെറുത്തു നിർത്താൻ ഉള്ള കഴിവിനെയാണ് രോഗപ്രതിരോധ ശേഷി അഥവാ രോഗപ്രതിരോധം എന്ന് പറയുന്നത്. ഇന്ന് ആരോഗ്യം വളരെയേറെ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന കാലഘട്ടമാണ്.വിവിധ തരം വൈറസുകൾ മൂലവും മറ്റു പല അണുക്കൾ മൂലവും രോഗങ്ങൾ ദിനം പ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്നു.പക്ഷി പനി , കുരങ്ങ് പനി , കൊറോണ വൈറസ് ( കൊവിഡ് 19 ) , നിപ്പ എന്നിവ മൂലം വളരെയധികം ആളുകൾ ഒറ്റപ്പെടുകയും മരണപ്പെടുകയും ചെയ്യുന്നു. ഈ വൈറസുകൾ പെട്ടെന്ന് തന്നെ മറ്റുള്ളവരിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ഇന്ന് വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം മരണപ്പെടുന്ന ആളുകളെക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് മറ്റു അസുഖങ്ങൾ മൂലം മരണപ്പെടുന്നവർ. ഈ അവസ്ഥക്ക് കാരണം എന്താകാം ? നാം അതിഗൗരവമായി ചിന്തിക്കേണ്ട കാര്യമാണത്. എന്തു കൊണ്ട് കൊറോണ അല്ലെങ്കിൽ നിപ്പ , പക്ഷിപ്പനി പോലുള്ള അസുഖങ്ങൾ സമൂഹത്തിൽ എല്ലാവരിലും പിടിപ്പെടുന്നില്ല ? പിടിപ്പെട്ടവർ എല്ലാവരും രക്ഷപ്പെടുന്നില്ല ? കുറച്ചു പേർ എന്തു കൊണ്ട് രക്ഷപ്പെടുന്നു ? ഇതിനു കാരണം മറ്റൊന്നുമല്ല. ഓരോ വ്യക്തിയുടെയും പ്രതിരോധ ശക്തിയിലുള്ള വൈവിധ്യമാണ്.


ആരോഗ്യ കുറവുള്ളവരിലും വൈറസുകൾ അഥവാ അണുക്കൾ വേഗത്തിൽ പ്രവേശിക്കുന്നു. രോഗപ്രതിരോധം കൂടുതൽ ഉള്ളവരിലാകട്ടെ അണുക്കൾ അത്ര പെട്ടെന്ന് പ്രവേശിക്കുകയുമില്ല. മാത്രമല്ല അത്തരക്കാരിൽ രോഗാണുക്കൾക്ക് നിലനിൽക്കാൻ സാധിക്കുകയുമില്ല. രോഗങ്ങൾ പടരുന്നതിന് ഒരു കാരണം പ്രകൃതിയാണ്.അന്തരീക്ഷത്തിലെ ചില വ്യതിയാനങ്ങൾ അതായത് അന്തരീക്ഷത്തിലെ ഊഷ്മാവ് കൂടുന്നതും കുറയുന്നതിനുമനുസരിച്ച് രോഗം വ്യാപിക്കുന്നു. മഴക്കാലത്തും , ചൂടു കൂടുന്ന സാഹചര്യത്തിലും തണുപ്പു കൂടി നിൽക്കുന്ന സാഹചര്യങ്ങളിലും രോഗം വർദ്ധിക്കുന്നു. ഇങ്ങനെ ഉള്ള രോഗ വ്യാപനം തടയാനാണ് നാം വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കേണ്ടതും ശുചീകരണ പ്രവർത്തികൾ നടത്തേണ്ടതും.അന്തരീക്ഷത്തെ വേണ്ട രീതിയിൽ നാം പരിപാലിച്ചാൽ മാത്രമേ നമുക്ക് ആരോഗ്യം രോഗ പ്രതിരോധത്തിലൂടെ നിലനിർത്താൻ പറ്റുകയുള്ളുവെന്ന് മിക്ക ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു.


ഇന്ന് നാം ഏറെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കൊവിഡ്19 അഥവാ കൊറോണ വൈറസ്. ഈ വൈറസുകൾ കൂടുതൽ വ്യാപിക്കുന്നത് ഊഷ്മാവ് കുറഞ്ഞ അന്തരീക്ഷത്തിലാണെന്നും ഈ അന്തരീക്ഷത്തിൽ രണ്ടു മൂന്നു ദിവസം വരെ മാത്രമേ വൈറസിന് നിലനിൽക്കാൻ കഴിയൂവെന്നും എന്നാൽ താപം കൂടിയ അന്തരീക്ഷത്തിൽ രണ്ടു മൂന്നു മണിക്കൂർ മാത്രമേ ഈ അണുക്കൾക്ക് നിലനിൽക്കാൻ കഴിയൂവെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു.


കൊറോണ വൈറസ് ബാധിച്ചവർ തുമ്മുന്ന സമയത്തും ചുമയ്ക്കുന്ന സമയത്തും മറ്റുള്ളവരിലേക്ക് രോഗം പകരാം. രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിന് ശേഷം കണ്ണിലോ , മൂക്കിലോ , വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിക്കുന്നത്. രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തു വരുന്ന സ്രവങ്ങൾ നേരിട്ടു ശ്വസിച്ചാലും രോഗം പകരാം . രോഗം ബാധിച്ച ആളിൽ നിന്ന് ഒരു മീറ്ററെങ്കിലും അകലം പാലിക്കണം.ക്ഷീണം, വരണ്ട ചുമ, പനി എന്നിവയാണ് പൊതു ലക്ഷണങ്ങൾ. ചിലർക്ക് ശരീര വേദന, മൂക്കടപ്പ്, മൂക്കൊലിപ്പ്, തൊണ്ട വേദന എന്നിവ വരാറുണ്ട്. ചിലർക്ക് ലക്ഷണങ്ങൾ ഒന്നും തന്നെ കാണുകയുമില്ല. അറുപത് വയസ്സ് കഴിഞ്ഞ വ്യക്തികൾക്ക് കൊറോണ വൈറസ് പെട്ടെന്ന് ബാധിക്കാനുള്ള അവസ്ഥ ഉണ്ടാകാം.കാരണം അത്തരക്കാർക്ക് രോഗ പ്രതിരോധ ശേഷി കുറവായിരിക്കും.


ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ നാം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. മുഖത്ത് മാസ്ക് ധരിച്ച് പുറത്തു പോകുകയും ചെയ്യുക. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം പുറത്തു പോകുക. ഇടയ്ക്കിടയ്ക്ക് കൈകൾ ആൽക്കഹോൾ അടങ്ങിയിട്ടുള്ള സാനിറ്ററൈസറുകൾ ഉപയോഗിച്ച് കഴുകുകയും ചെയ്യുക. കാരണം രോഗ പ്രതിരോധം ഉള്ളവരാണൊ ഇല്ലാത്തവരാണോ നമുക്ക് ചുറ്റുമുള്ളത് എന്ന് അറിയുകയില്ല. മറ്റുള്ളവർക്ക് രോഗം വരാതെ കാത്തു സൂക്ഷിക്കേണ്ട ചുമതല കൂടി നമുക്ക് ഓരോരുത്തർക്കും ഉണ്ട്. അതു നമ്മുടെ കർത്തവ്യം കൂടിയാണ്.


കൊവിഡ് 19 അഥവാ കൊറോണ വൈറസ് ഒരു ഉദാഹരണം മാത്രമാണ്. ഇതു പോലെ മാനവ രാശിക്കു കോട്ടം വരുത്തുന്ന പല വൈറസുകളും മറ്റു രോഗാണുക്കളും നമുക്ക് ചുറ്റും ഉണ്ട്. ഇവ മൂലമുണ്ടാകുന്ന രോഗങ്ങൾ നിയന്ത്രിക്കാൻ , രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിലൂടെ ഒരു പരിധി വരെ ഇല്ലാതാക്കാൻ കഴിയും. രോഗം പിടിപെടാതിരിക്കാൻ രോഗ പ്രതിരോധ കുത്തിവെപ്പുകൾ നിർബന്ധമായി എടുക്കുന്നത് നല്ലതാണ്.


രോഗ പ്രതിരോധത്തിനു വേണ്ട മറ്റൊരു ഘടകമാണ് ഭക്ഷണം. എല്ലാ പോഷകങ്ങളും ധാതുലവണങ്ങളും അടങ്ങിയിട്ടുള്ള ഭക്ഷണം നാം കഴിച്ചാൽ അതിലൂടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിച്ചെടുക്കാൻ സാധിക്കും. സമീകൃതാഹാര രീതി ശീലിച്ചും രോഗ പ്രതിരോധം വീണ്ടെടുക്കാം. നാം ഭക്ഷണം കഴിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിനു വേണ്ടിയാണ് എന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണം. മറ്റൊരു ഘടകമാണ് വ്യായാമം. ശരീര ഘടനയെ ചിട്ടപ്പെടുത്താനും ആന്തരികവും ബാഹ്യവുമായ പേശികളുടെ നിയന്ത്രണം കൊണ്ടുവരുന്നതിനും വ്യായാമം അനിവാര്യമാണ്. ശരിക്കും പറഞ്ഞാൽ ശരീരം നന്നായി വിയർക്കുന്ന രീതിയിൽ വ്യായാമം ചെയ്യണം. എന്നാൽ മാത്രമേ നമ്മുടെ ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും വ്യായാമം കൊണ്ട് ഗുണമുള്ളു.


രോഗ പ്രതിരോധത്തിലൂടെ നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെ ജീവനു തന്നെ അത്യാവശ്യമായ ഒന്നാണ്. ആ ഒരു ബോധ്യത്തോടെ വേണം ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ. ചിട്ടയായ ജീവിത രീതിയിലൂടെ നമുക്ക് നമ്മുടെ രോഗ പ്രതിരോധത്തെ വീണ്ടെടുക്കാം. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ നല്ലത്!!! എല്ലാവരും ചിന്തിക്കൂ.... ചിന്തിച്ചു പ്രവർത്തിക്കൂ....






ത്രിദിയ സായി N A
5 B കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം