കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിന്റെ പാഠങ്ങൾ


ഒരു മൂന്നാംലോക മഹായുദ്ധകാലഘട്ടത്തിലൂടെയാണ് നാം ഇന്ന് സഞ്ചരിക്കുന്നത്. ലോക മഹാ യുദ്ധങ്ങൾ വിതച്ച നാശനഷ്ടങ്ങൾ ചരിത്രത്തിന്റെ ഏടുകളിൽ ഇന്നും ഒരു പേടി സ്വപ്നമായി നിലനിൽക്കവെ, മനുഷ്യരാശി അതിനു സമാനമായ സങ്കീർണവും ഭീതിജനകവുമായ പ്രതിസന്ധിയാണ് നേരിടുന്നത്. നഗ്നനേത്രങ്ങളാൽ വീക്ഷിക്കാൻ സാധിക്കാത്ത കൊറോണ വൈറസ് വ്യാപിക്കുമ്പോൾ ഭീകര പ്രതിസന്ധി നേരിടുകയാണ് ലോകരാഷ്ട്രങ്ങൾ.

അപ്രതീക്ഷിതമായി വന്നെത്തിയ വിപത്ത് സാമൂഹികമായും സാമ്പത്തികമായും വൻതോതിൽ നഷ്ടങ്ങൾ സൃഷ്ടിക്കുന്നു. സാമ്പത്തികവളർച്ചയുടെ അധപതനം മറ്റു തൊഴിൽ മേഖലകളേയും ഭീതിയിലാഴ്ത്തുന്നു. ആധുനിക മനുഷ്യജീവിതത്തിൽ സുപ്രധാന പങ്ക് വഹിക്കുന്നത് ധനസമ്പാദനമാണ്. ഇതിന്റെ അഭാവത്തിൽ മനുഷ്യൻ അനുഭവിക്കുന്ന ആശങ്കയും ചെറുതല്ല. നാളയെക്കുറിച്ചുള്ള ഭീതിയും പേറി ജീവിക്കുന്നവർക്ക് ഇതൊരു മാനസിക വെല്ലുവിളി തന്നെയാണ്. തുടർച്ചയായി രണ്ടു പ്രളയം തകർത്തെറിഞ്ഞതിന്റെ പരുക്കുകളിൽ നിന്ന് കേരളം മുക്തമാകുമ്പോഴാണ് കോവിഡ് 19 കണ്ണീരിന്റെ വിത്ത് പാകുന്നത്.

കാർഷിക മേഖല മുതൽ വെള്ള കോളർ ഉദ്യോഗങ്ങൾ വരെ അനുഭവിക്കുന്ന പരിതാപകരമായ ഈ സാഹചര്യം ലോകത്തെ കണ്ണീരിലാഴ്ത്തുന്നു. ചലനാത്മകമായ ജീവിതരീതിക്ക് വിരാമം കുറിച്ചുകൊണ്ട് ലോകം വീട്ടിൽ വസിക്കുന്നു. താളക്രമം തെറ്റിയ ജീവിതത്തിൽ അവശ്യസാധനങ്ങളുടെ ലഭ്യത കുറവും അതിരൂക്ഷമാകുന്നു. എല്ലാ മേഖലകളും ക്ഷീണിതരാകുന്ന ഈ പരിതസ്ഥിതി അനവധി പാഠങ്ങളും നമ്മെ പഠിപ്പിക്കുന്നു. ജീവിതം പച്ചപ്പിടിപ്പിക്കാനുള്ള തിരക്കിൽ നാടും വീടും വിസ്മരിച്ച് ചോര നീരാക്കി വർത്തിക്കുന്ന പ്രവാസി മലയാളികളുടെ ജീവിതവും ആശങ്കജനകമാണ്. രോഗബാധിതരായി കഴിയുന്നവർ പ്രതീക്ഷ കൈവെടിയുന്നില്ല എന്നത് ആശ്വാസം പകരുന്നു.

സ്വന്തം ജീവനും കുടുംബവും മറന്ന് പതിനായിരക്കണക്കിന് ആരോഗ്യ പ്രവർത്തകരാണ് രാജ്യത്തിന് കാവൽ മാലാഖമാരാകുന്നത്. അവരുടെ സേവനം അമൂല്യമാണ്. രാജ്യം മുഴുവൻ വീട്ടിലിരിക്കുമ്പോൾ ആത്മാർഥതയോടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് ജനതയുടെ സൗഖ്യത്തിനായി യത്നിക്കുന്ന ആരോഗ്യ പ്രവർത്തകരെ നന്ദിയോടെ സ്മരിക്കണം. സാമൂഹിക അകലം പാലിക്കുന്നതിലൂടെ മാത്രമേ കൊറോണ വ്യാപനത്തെ തടയുവാൻ സാധിക്കുകയുള്ളൂ. രാപകൽ ഭേദമില്ലാതെ അതിനുവേണ്ടി നിർദേശങ്ങൾ നമ്മുടെ ജനതയ്ക്ക് നൽകുന്നത് നിയമപാലകരാണ്. അതിജാഗ്രതയുടെ ഈ ഘട്ടത്തിൽ രാജ്യത്തിന്റെ നന്മയ്ക്കായി അവിരാമം പ്രവർത്തിക്കുകയാണ് സർക്കാർ. നിരവധി പദ്ധതികൾ രൂപികരിക്കുകയും അതിലൂടെ പൂർവ്വ സ്ഥിതി തിരികെ കൊണ്ടുവരാനും അവർ ശ്രമിക്കുന്നു. കമ്മ്യൂണിറ്റി കിച്ചണിലൂടെ പാകം ചെയ്ത ഭക്ഷണം ആവശ്യക്കാരിൽ എത്തിക്കുന്നു. പലവ്യജ്ഞന കിറ്റും അരിയും വിതരണം ചെയ്യുന്നത് ദരിദ്രർക്ക് ആശ്വാസം പകരുന്നു. ചൈനയിലെ വുഹാൻ മത്സ്യച്ചന്തയിലെ 'അജ്ഞാത രോഗം' ഇന്ന് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനെടുത്തു. രോഗം തടയുവാൻ നാം നിർദേശങ്ങൾ കർശനമായി പാലി അല്ലക്കണം. ശുചിത്വത്തിലൂടെ കൊറോണയെ തുടച്ചു നീക്കണം.

പ്രത്യാശയുടെയും അതിജീവനത്തിന്റെയും കരുത്താർന്ന് നമുക്കു മുന്നോട്ടു പോയേതീരൂ. ജാഗ്രത എന്ന ആയുധം കൊണ്ട് കോവിഡിനെ ഒരുമയോടെ തോൽപ്പിക്കാൻ. അതിജീവനം എന്നതാണ് ലോകത്തിന്റെ മറുപേരെന്ന് തെളിയിക്കാനുള്ള അവസരമാണിത്. 'പൂക്കാതിരിക്കാൻ എനിക്കാവതില്ലെ ' എന്ന് പറഞ്ഞ് പൂക്കുന്ന കൊന്നപ്പൂക്കൾ പ്രതീക്ഷ പുത്തൻനാമ്പുകളാണ് മലയാളികൾക്ക് സമ്മാനിക്കുന്നത്.



Abhirami S
9 D കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം