എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/ നന്മയ്ക്ക് കിട്ടിയ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയ്ക്ക് കിട്ടിയ സമ്മാനം

മഞ്ചാടിക്കാട്ടിലെ സ്കൂളിൽ വനോത്സവം നടക്കുകയാണ്. സ്കൂളിലെ കുട്ടികളായ മൃഗങ്ങളും പക്ഷികളുമൊക്കെ വലിയ സന്തോഷത്തിലായിരുന്നു. എവിടെ നോക്കിയാലും പാട്ടും ഡാൻസും ബഹളവും തന്നെ. കുട്ടികളെല്ലാം പ്രാക്ടീസിലാണ്. നീലിമയിൽ മയിൽപ്പീലി മുഴുവനും വിരിയിച്ച് നൃത്തം ആടുകയാണ്. ‘പുല്ലാങ്കഴൽ നീലി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നീലക്കുയിൽ അവിടെയും ഇവിടെയുമൊക്കെ ഓടി നടന്ന് മൂളി പാട്ടു പാടുന്നു.

ഈ സമയം സഹപാഠിയായ കറുമ്പി കാക്ക അവിടേക്ക് വന്നു. പാവമാണ് കറുമ്പി, എന്നാൽ കുഞ്ഞുനാളിൽ അമ്മയോടൊപ്പം എവിടെയോ ഇര തേടാൻ പോയതാണ്. ഏതോ കെണിയിൽ പെട്ട് അവളുടെ ഒരു കാൽ നഷ്ടപ്പെട്ടു. അതുകൊണ്ടുത്തന്നെ മറ്റു കുട്ടികൾ അവളോട് കൂട്ടുകൂടാറില്ല. എല്ലാവരും അവളെ ഒറ്റക്കാലി എന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തു. എന്നാൽ കറുമ്പി ആരോടും വഴക്കിനൊന്നും പോകാറില്ല. ദൈവം എന്നെ ഇങ്ങനെയാണ് സൃഷ്ടിച്ചത്,എന്റെ സൃഷ്ടാവിന് എന്നെക്കുറിച്ച് ഒരു നല്ല പദ്ധതിയുണ്ട് എന്ന് സ്വയം മനസ്സിൽ കരുതും.

ഒന്നാം സ്ഥാനം കൈവശപ്പെടുത്താനുള്ള തിടുക്കത്തിൽ എല്ലാവരും അവരവരുടെ കഴിവുകൾ തെളിയിക്കുകയാണ്. ലോകം മുഴുവൻ തന്റെ കാൽക്കീഴിലാക്കണമെന്ന ഭാവത്തിൽ നൃത്തം ചെയ്തു കൊണ്ടിരുന്ന മയിലിനെ നോക്കി കാക്കച്ചി ഇരുന്നു. "എന്താ കാക്കപ്പെണ്ണേ എന്റെ കൂടെ നൃത്തം ചെയ്യുന്നോ?” മയിൽ ചോദിച്ചു. "അയ്യോ വേണ്ട നീ എന്റെ ഒപ്പം നൃത്തം ചെയ്താൽ നിനക്കായിരിക്കും ഒന്നാം സ്ഥാനം”.നീലിയുടെ കളിയാക്കൽ കേട്ട് എല്ലാവരും ചിരിച്ചു. ഇതു കേട്ട് നിന്ന കുയിൽ പറഞ്ഞു" എങ്കിൽ കറുമ്പീ നീ എന്റെ കൂടെ പാട്ട് പാട്. നല്ല രസമാ നിന്റെ കാ.. കാ.. രാഗം”. എല്ലാവരുടേയും കളിയാക്കൽ കേട്ട് കറുമ്പീ വിഷമത്തോടെ തനിക്ക് എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ പുറത്തേക്ക് പോയി.

വനോത്സവത്തിന്റെ സമാപന ദിവസമാണ്. അന്ന് കുട്ടികളെല്ലാം തന്നെ അവരവരുടെ കഴിവുകളെപ്പറ്റിപരസ്പരം പുകഴ്ത്തി പറഞ്ഞുക്കൊണ്ടിരുന്നു. പാവം കറുമ്പീ ഏറ്റവും പുറകിലായി സ്ഥാനം പിടിച്ചു. എല്ലാ വിജയികൾക്കും ടീച്ചർ സമ്മാനം നൽകി. അവസാനമായി പ്രധാന അധ്യാപികയായ പുള്ളിമാൻ ആശംസ പ്രസംഗം ആരംഭിച്ചു.തുടക്കത്തിൽ തന്നെ പുള്ളിമാൻ പറഞ്ഞു : ” കുട്ടികളെ നിങ്ങൾ എല്ലാവരും തന്നെ പരസ്പരം കഴിവുകൾ തെളിയിക്കുവാൻ മത്സരിക്കുകയായിരുന്നു. നിങ്ങൾ എല്ലാവർക്കും സമ്മാനവും ലഭിച്ചു. എന്നാൽ ആരോടും മത്സരിക്കാതെ ഒരു പരിപാടികളിലും പങ്കെടുക്കാതെ ഒരാൾക്ക് ഞാൻ ഇവിടെ സമ്മാനം കൊടുക്കുവാൻ പോവുകയാണ് ആരാണെന്ന് അറിയാമോ?.. നമ്മുടെ കറുമ്പീ കാക്ക. കറുമ്പീ മുന്നോട്ടു വരൂ...” എല്ലാവരും അമ്പരന്നുകൊണ്ട് പരസ്പരം നോക്കി. 'എന്തിനാണവൾക്ക് സമ്മാനം കൊടുക്കുന്നത്?’ അവർ പരസ്പരം ചോദിച്ചു. പുള്ളിമാൻ തുടർന്നു: “നിങ്ങൾ എല്ലാവരും ഇവിടെ കലാപരിപാടികൾ ആസ്വദിച്ചുക്കൊണ്ട് വലിച്ചെറിഞ്ഞ ചവറുകളും പഴത്തൊലികളും ഒക്കെകൊണ്ട് സ്കൂളും പരിസരവും ആകെ വൃത്തികേടായി കിടക്കുകയായിരുന്നു. ആരും പറയാതെ തന്നെ കറുമ്പീ അതെല്ലാം കൊത്തിപ്പെറുക്കി വൃത്തിയാക്കി. എല്ലാവരും ഒന്നാമതെത്താൻ മത്സരിക്കുമ്പോൾ പിന്നിൽ നിന്നു കൊണ്ട് എല്ലാവരേയും ഒന്നാമതെത്തുവാൻ കറുമ്പീ സഹായിക്കുകയായിരുന്നു. കറുമ്പീ ഇതൊന്നും വൃത്തിയാക്കിയില്ലെങ്കിൽ, എത്ര പേർ അതിൽ ചവിട്ടി വീണ് അവരുടെ കാൽ ഒടിയുമായിരുന്നു. ” പ്രധാന അധ്യാപിക ഇത്രയും പറഞ്ഞുക്കൊണ്ട് കാക്കച്ചിക്ക് സമ്മാനം കൈമാറുകയും ചെയ്തു. പിന്നീട് ആരും കാക്കച്ചിയെ കളിയാക്കിയിട്ടില്ല.

ഗുണപാഠം

ദൈവം ഓരോന്നിനേയും നിശ്ചിത ലക്ഷ്യത്തോടെ സൃഷ്ടിച്ചു.

എം. അൽഫോൻസ റാണി
5 A എൽ. എ. ഐ. യു. പി. എസ് കാടുകുറ്റി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ