എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/അക്ഷരവൃക്ഷം/ശാപമോക്ഷം
ശാപമോക്ഷം
വാഹനങ്ങളുടെ നീണ്ട ഹോൺ അയാളുടെ ഉറക്കത്തെ അലോസരപ്പെടുത്തി. അയാൾ മെല്ലെ എഴുന്നേറ്റു. രേണു പതിവില്ലാതെ പത്രം നോക്കുകയാണല്ലോ? മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതാണ് അവളുടെ സംസാരത്തിൽ നിറഞ്ഞു നിൽക്കുന്നത്."ദൈവമേ....നമ്മുടെ ഫ്ലാറ്റും ഇനി“ .... അവളുടെ ആത്മഗതംതെല്ലുച്ചത്തിലായി. അവധിയായിരുന്നതിനാൽ മെല്ലെ ബാൽക്കണിയിലേയ്ക്കിറങ്ങി. സൂര്യന്റെ തീഷ്ണമായ വെളിച്ചം.അയാൾ പരിസരമാകെയൊന്നു വീക്ഷിച്ചു.എങ്ങുംമാനം മുട്ടിനിൽക്കുന്ന കെട്ടിടങ്ങൾ.ഒരു പുൽനാമ്പിനുപോലും വളരാൻ സ്ഥലമില്ല.അപ്പുറത്ത് സിലി നട്ടുവളർത്തുന്ന വിദേശ പുഷ്പികളായ സസ്യങ്ങൾ,ബോൺസായ് മരങ്ങൾ അവയുടെ ജീവിതം ചെറിയ കുപ്പികളിലും ചട്ടികളിലും ഞെരുങ്ങിപ്പിടയുന്നു.വളരാൻ,വേരുകൾ പടർത്താൻ പോലുമാകാത്ത അവയുടെ ജീവിതം ഫ്ലാറ്റുകളുടെ നാലുചുമരുകൾക്കിടയിൽ വീർപ്പുമുട്ടിജീവിക്കുന്ന മനുഷ്യജീവിതം തന്നെയല്ലേ സൂചിപ്പിക്കുന്നത്? തികച്ചും യാന്ത്രികമായി ജീവിതം തള്ളിനീക്കുന്ന തങ്ങൾ യഥാർത്ഥത്തിൽ ഭൂമിക്കൊരു ഭാരംതന്നെയല്ലേ?സത്യത്തിൽ ഈ ഫ്ലാറ്റുജീവിതം അയാൾ മടുത്തുകഴിഞ്ഞിരുന്നു.ഈ ഫ്ലാറ്റ് വിറ്റാലെന്താ? എന്നയാൾ ചിന്തിക്കാൻ തുടങ്ങിയിട്ട് നാള് കുറച്ചായി.മണ്ണിൽ തൊട്ടുനടക്കാൻ കുറച്ചു ഭൂമി വാങ്ങണം. റോഡിലെ തിരക്ക് അയാളെ ചിന്താധാരയിൽ നിന്നുണർത്തി.എല്ലാവരും ഫ്ലാറ്റ് പൊലളിക്കുന്നതു കാണാൻ പൊവുകയാണ്.താനും കുടുംഹബത്തെ കൊണ്ടുപോകാമെന്നേറ്റിരുല്ലു 'രഘുവേട്ടാ’......രേണുവിന്റെ വിളി.'പോകണ്ടേ'..?കുട്ടികളുടെ ഉത്സാഹംകൂടിയായപ്പോൾ ശോകമൂകഭാവത്തോടെ നില്ക്കുന്ന കുറ്റവാളികളായ ഫ്ലാറ്റുകളുടെ മരണം കാണാൻ അവരും തയ്യാറായി. വാഹനം പാർക്കുചെയ്ത് അയാളും കടുംബവുംആൾക്കൂട്ടത്തിലേക്ക് അലിഞ്ഞുചേർന്നു.കുറച്ചുസമയത്തിനുശേഷം സൈറനോടൊപ്പം 'ഇന്നു ഞാൻ നാളെ നീ' എന്ന സന്ദേശം നല്കിക്കൊണ്ട്‍ അവ നിലംപതിച്ചു.അനിവാര്യമായ അന്ത്യം!പ്രകൃതിയെ കീറിമുറിക്കുന്ന ആധുനികമനുഷ്യർക്കുള്ള വിധിയണിത് എന്നയാൾക്ക് തോന്നി. പിറ്റേദിവസം അയാൾ വീട്ടിലെത്തിയത് പുതിയൊരുണർവ്വുമായിട്ടായിരുന്നു.ഭാവിയുടെ നന്മയ്ക്കായ്ഒരു കൊച്ചു കൂട്ടിലെ പുതിയ അതിഥിയെ വീട്ടിലെത്തിയ്ക്കുമ്പോൾ 'അച്ഛാ ....എന്ത്പൂച്ചെടിയാ ?'എന്ന ചോദ്യം ഉയർന്നു.മരം 'എന്ന മറുപടികേട്ട് 'ങേ മരമോ' ?ഇവിടെയ?എന്നായി അടുത്ത ചോദ്യം.ഒരു വലിയ ചട്ടിയിൽ അയാൾ അതിനെ നട്ടു.ഒരു മാവ് ,ഭാവിയിൽതന്റെ കുട്ടി്കൾ ഇതിൽ നിന്ന് മാമ്പഴം കഴിക്കുന്നത് സ്വപ്നം കണ്ടുകൊണ്ട് അയാൾ ഉറങ്ങി. വർഷം ഒന്നു കൊഴിഞ്ഞുപോയി .പുതുതായ് വാങ്ങിയ സ്വന്തം സ്ഥലത്ത് അയാളതിനെ നട്ടു.മക്കൾ അതിന് വെള്ളംകോരി.പിന്നാലെ ആര്യവേപ്പും തെങ്ങും,പ്ലാവും,പുളിയും,ഇലഞ്ഞിയും ആ പറമ്പിൽ സ്ഥാനം പിടിച്ചു.തന്റെ പറമ്പ് ഫലവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ ഒരു കൊച്ചുകാടാക്കി അയാൾ മാറ്റി.അത് തഴച്ചു വളരവേ,അതിന്റെ ഹരിതഛായയിൽ തന്റെചാരുകസേരയിട്ട് അയാൾ ഇരുന്നു.തന്റെ തറവാടും ,കതിരണിഞ്ഞ നെൽപ്പാടങ്ങളും,മാവും പ്ലാവും പുളിയും ,ഇലഞ്ഞിയും,ചാമ്പയും,പേരയും തണൽ വിരിച്ച തൊടിയും ഓർമ്മകളിലുടെ അയാളെ പ്രചോദിപ്പിച്ചു. അവധിയ്ക്ക് നാട്ടിലേയ്ക്ക് പോകാൻ അയാൾ കൊതിച്ചു.അച്ഛനും അമ്മയ്ക്കും ശേഷം അനാഥമായി കിടന്നിരുന്ന തന്റെഭബാല്യകാലസ്മൃതികളടങ്ങുന്ന നാട് അയാളെ മാടിവിളിച്ചു.നാളുകൾക്ക് ശേഷം തറവാട്ടിലെത്തിയ അയാൾ കണ്ടത് കാടുപിടിച്ചു കിടക്കുന്ന തൊടിയാണ്.മരങ്ങൾ പലതും വെട്ടിമാറ്റപ്പെട്ടിരുന്നു.ചിറകൊടിഞ്ഞ പക്ഷികണക്കെ ആ പറമ്പ് അനാഥമായ് കിടന്നു.തന്റെ നാടും നാട്ടാരുമൊക്കെ ഒരുപാട് മാറിപോയത് അയാൾ അറിഞ്ഞു.ദൂരെ മൂടൽമഞ്ഞണിഞ്ഞു നിന്നിരുന്നല പത്മഗിരി കുന്നുകൾ മൊട്ടക്കുന്നായി പരിവർത്തനപ്പെട്ടിരിക്കുന്നു.തന്റെ നാട്ടിലെപത്മഗിരിത്തോട് ഏതോ ദുരന്തപര്യവസായി പോലെ വറ്റിവരണ്ടുകിടക്കുന്നു. നാടിന്റെ ജീവനാഡിയായിരുന്ന തോടുവറ്റിയപ്പോൾ ആ സ്ഥാനം വെള്ളംകൊണ്ടുവരുന്ന ലോറികളേറ്റെടുത്തിരിക്കുന്നു.തന്റെ തറവാട്ടിലെ കിണറ്റിൽ ഒരു തുള്ളി വെള്ളമില്ല. നാട്ടിലെങ്ങും പുതിയ കച്ചവടസ്ഥാപനങ്ങളും കമ്പിനികളും കുപ്പിവെള്ളം വില്ക്കുന്ന കടകളും.പതിയെ ആ ഗ്രാമം നഗരവത്ക്കരിക്കപ്പെടുന്നത് അയാൾ ദുഖത്തോടെ തിരിച്ചറിഞ്ഞു. വർഷങ്ങൾ കടന്നുപോയി.ജനങ്ങൾ പരിസ്ഥിതിയെക്കുറിച്ച് ബോധവാൻമാരായിതുടങ്ങിയിരുന്നുവെങ്കിലും അത് പ്രവൃത്തിയിൽ കൊണ്ടുവരാൻ ആരും ശ്രമിച്ചില്ല.നാട്ടിലെ കാലാവസ്ഥ താളംതെറ്റിതുടങ്ങിയിരുന്നു.കാലം തെറ്റി വന്ന മഴ ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തി.മണൽവാരലുമൂലം മരിച്ചു കിടന്നിരുന്ന പുഴ മഴ എത്തിയതോടെ സംഹാരതാണ്ഡവമാടി. ജലം നാടിനെ മുക്കി.വികസനംപറഞ്ഞുനടന്നവർ രക്ഷയ്ക്കായി വാവിട്ടുകരഞ്ഞു.പ്രളയജലമിറങ്ങിയപ്പോൾ രഘു വീണ്ടും നാട്ടിലെത്തി.പഴയസുഹൃത്തുക്കളെ കാണണം ,അവരെ ഒരുമിച്ചുകൂട്ടി നാടിനെ സംരക്ഷിക്കണം.അയാൾതീരുമാനിച്ചു.പത്മഗിരികുന്നിലെ വനം വീണ്ടെടുക്കണം വറ്റിവരണ്ട പത്മഗിരിത്തോട് പുനർജ്ജനിക്കണം.അയാൾ പട്ടണവാസിയിൽ നിന്ന് പരിസ്ഥിതിപ്രവർത്തകനിലേയ്ക്ക് വളർന്നുകഴിഞ്ഞിരുന്നു.സുഹൃത്തുക്കളുടെയും പഞ്ചായത്തിന്റെയും സഹായത്തോടെ അഞ്ചു വർഷംനീണ്ട പരിശ്രമത്തിനൊടുവിൽ മൊട്ടക്കുന്നായിരുന്ന പത്മഗിരികുന്നുകളെ ഹരിതാഭമാക്കി.വനം വീണ്ടെടുത്തപ്പോൾ പത്മഗിരിത്തോട്ടിൽ തെളിനീരുറവ പ്രവഹിച്ചു.നാടിന്റെ ജീവനാഡിയായിരുന്ന,വറ്റിവരണ്ട ബ്രഹ്മഗിരിത്തോടും പുനർജ്ജനിച്ചു. തെളിനീരൊഴുകി,കളകളാരവം മുഴക്കി,പത്മഗിരിപ്പുഴ ഒഴുകിക്കൊണ്ടിരുന്നു,ആഹ്ലാദവതിയായി....നാടിന്റെരക്ഷയ്ക്കായി...മെല്ലെ ആ നാട് പുനർജ്ജനിച്ചു.ഒരു ശാപമോക്ഷംകണക്കെ.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഏറ്റുമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ