എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ/നാഷണൽ കേഡറ്റ് കോപ്സ്-17
എൻ സി സി യുടെ ഒരു യൂണിറ്റ് 2007- 2008 അധ്യയനവർഷത്തിൽ ആണ് ഇവിടെ പ്രവർത്തനം ആരംഭിച്ചത്. പത്തനംതിട്ട 14 കേരള ബറ്റാലിയന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇതിൽ 52 കുട്ടികൾ അംഗങ്ങളാണ്. ഹയർസെക്കൻഡറി അധ്യാപകനായ സി കെ പ്രകാശ് സാറാണ് തുടക്കം മുതൽ ചുമതല വഹിക്കുന്നത്. വിശിഷ്ട സേവനം മുൻനിർത്തി കേന്ദ്രസർക്കാർ സാറിനെ ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തി.
കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസത്തിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ പഠനത്തോടൊപ്പം നടത്തിവരുന്നു. കുട്ടികൾക്കിടയിൽ സാഹസിക മനോഭാവം, സ്വഭാവഗുണം, സഹവർത്തിത്വം, മതേതരത്വം, സന്നദ്ധ സേവന മനോഭാവം ഇവ വളർത്തി ഒരു നല്ല പൗരൻ ആക്കി മാറ്റാൻ കഴിയുന്ന രീതിയിലുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകുന്നു. ജീവിതത്തിലെ വിവിധ മേഖലകളിൽ നേതൃത്വഗുണം പ്രകടിപ്പിക്കാനും സായുധസേന ഉൾപ്പെടെ രാജ്യ സേവനത്തിന് പ്രാപ്തരാക്കാനും ആണ് ലക്ഷ്യമിട്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന ദേശീയതല ക്യാമ്പുകളിൽ കഴിഞ്ഞ അഞ്ചുവർഷമായി നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചത് ശ്രദ്ധേയമാണ്. ചരിത്രപ്രസിദ്ധമായ സ്ഥലങ്ങൾ പരിചയപ്പെടുത്തുന്ന തിനായി യാത്രകളും കാടിനെ അറിയുന്നതിനായി വനമേഖലകളിൽ ട്രാക്കിംഗ് യാത്രകളും നടത്താറുണ്ട്. വയനാട്ടിലെ ഇടക്കൽ ഗുഹ,പൊന്മുടി,ഗവി എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. വാറങ്കലിൽ വെച്ച് നടത്തിയ ഫോറസ്ട്രി ക്യാമ്പ് മികച്ചതായിരുന്നു. ഈ സ്കൂളിലെ കുട്ടികൾക്കൊപ്പം വിവിധ കോളേജ്- ഹയർസെക്കൻഡറി കുട്ടികളെ ഉൾപ്പെടുത്തി ആനുവൽ ട്രെയിനിങ് ക്യാമ്പ്,കമ്പൈൻഡ് ആനുവൽ ട്രെയിനിങ് ക്യാമ്പ് ഇവ നടത്തിവരുന്നു. ഫയറിംഗ് റേഞ്ച് നടത്താനുള്ള ഭൗതിക സാഹചര്യം നിലവിൽ ഈ സ്കൂളിൽ ഇല്ല. സ്കൂളിലെ എല്ലാ പാഠ്യേതര പ്രവർത്തനങ്ങളിലും ഇവരുടെ സജീവ സാന്നിധ്യം എടുത്തുപറയേണ്ടതാണ്.