എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസരശുചിത്വം
പരിസരശുചിത്വം
പ്രകൃതി നമുക്കു നൽകുന്ന സന്തോഷം ശാശ്വത സത്യമാണ്. അതൊരു ഉൻമേഷത്തിനു വേണ്ടിയുള്ള മാറ്റമോ, സമാധാനമോ ,ഏകാന്തതയോ മാത്രമല്ല, അതിനുമപ്പുറം പ്രകൃതിയും മനുഷ്യനും ഒന്നാകുന്ന ഒരു അനുഭൂതിയാണ്. പ്രകൃതിയുമായുള്ള ഈ പരസ്പര ബന്ധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ് .ഇതിന്റെ ഏകകാരണം പരിസര മലിനീകരണമാണ്.സമഗ്രമായ പ്രപഞ്ച ജീവിത ഘടന അറിഞ്ഞോ അറിയാതെയോ മനുഷ്യൻ തന്നെ തെറ്റിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ്. പ്രകൃതി സുന്ദരമായ "ദൈവത്തിന്റെ സ്വന്തം നാടായ "കേരളം ഖര, ദ്രാവക ,വാതക മാലിന്യങ്ങൾകൊണ്ട് അനുദിനം നാശത്തിലേക്ക് നീങ്ങുകയാണ്. മനുഷ്യന്റെ ജീവിത രീതിയിൽ ഉണ്ടായ മാറ്റവും ജനപ്പെരുപ്പവും നഗരവൽക്കരണവുമെല്ലാം പ്രകൃതിയെ വലിയൊരു മാലിന്യക്കൂമ്പാരമാക്കിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന് അത്യാവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യമില്ലാത്ത ജീവിതം നരകതുല്യമായിരിക്കും .ആരോഗ്യ പൂർണ്ണമായ ആയുസ്സാണല്ലോ നാമെല്ലാം ആഗ്രഹിക്കുന്നതും, ആശംസിക്കുന്നതും. എന്താണ് ആരോഗ്യം ? രോഗമില്ലാത്ത അവസ്ഥയാണ് ആരോഗ്യം. ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്ക് വഹിക്കുന്നത് പരിസര ശുചീകരണമാണ് .നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ സാഹചര്യങ്ങളാണ് . അതിനാൽ അവയെ ഇല്ലാതാക്കുക -അതാണാവശ്യം. ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിന്റെ മേഖലകൾ വിപുലമാണ്. ശുചിത്വം ഒരു സംസ്കാരവും ശീലവുമാണ്. ജീവന്റെ തുടർച്ചയ്ക്ക് പ്രകൃതിയുടെ നിലനില്പും പരിപാലനവും അത്യന്താപേക്ഷിതമാണ്.ഒരു പ്രദേശത്തെ ആവാസവ്യവസ്ഥ നിലനിർത്തേണ്ടതും സംരക്ഷിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്.സമൂഹമാകട്ടെ കുടുംബങ്ങളിലും, വ്യക്തികളിലും അധിഷ്ഠിതമാണ്. പ്രകൃതി നമുക്കായി ഒരുക്കിയിരിക്കുന്ന ജൈവവൈവിധ്യവും ആവാസ വ്യവസ്ഥയും സംരക്ഷിക്കപ്പെടണമെങ്കിൽ നമ്മൾ വ്യക്തികളിൽ ചില ശീലങ്ങൾ വളർത്തി എടുക്കേണ്ടതുണ്ട്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഇവയിൽ പ്രധാനങ്ങളാണ്. വ്യക്തി ശുചിത്വം പാലിക്കുന്നവരിൽ പകർച്ചവ്യാധി വ്യാപനം താരതമ്യേന കുറവായിരിക്കും .വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ, പകർച്ചവ്യാധികളേയും ജീവിത ശൈലി രോഗങ്ങളേയും ഒഴിവാക്കുവാൻ കഴിയും.വ്യക്തിശുചിത്വത്തിൽ ഏറെ പ്രാധാന്യം നൽകുന്ന നാം "കേരളീയർ"പരിസര ശുചിത്വത്തിൽ പിന്നോക്കം നിൽക്കുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. കേരളം പോലുള്ള ജനസാന്ദ്രത ഏറിയ പ്രദേശത്ത് ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുന്നു. പകർച്ചവ്യാധികൾ കേരളത്തിൽ വർദ്ധിച്ച് വരാനുള്ള ഒരു കാരണവും ഇതാണ്.വിജ്ഞാനികളായ നമ്മൾ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് റോഡരികിലെങ്ങും നമുക്ക് കാണാൻ കഴിയുക. ഇത് പ്രകൃതി നേരിടുന്ന ഏറ്റവും വലിയ വിപത്താണ്. കാരണം, പ്ലാസ്റ്റിക്കിൽ അടങ്ങിയിട്ടുള്ള വിഷവസ്തുക്കൾ ജലത്തേയും, മണ്ണിനേയും, വായുവിനേയും ഒരു പോലെ മലിനമാക്കുന്നവയാണ്.ഉപയോഗശൂന്യമായ വസ്തുക്കൾ പൊതുസ്ഥലത്തും പരിസരപ്രദേശങ്ങളിലും വലിച്ചെറിയുന്നത് ഭയാനകമായ പാരിസ്ഥിതിക പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. നമ്മുടെ ജൈവവൈവിധ്യത്തെയാണ് ഇത് തകർത്തെറിയുന്നത്.ഭക്ഷണാവശിഷ്ടങ്ങൾ സംസ്ക്കരിക്കുന്നതിന് ശരിയായ മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ സ്വീകരിക്കുകയും, പ്ലാസ്റ്റിക്ക് വസ്തുക്കൾ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുകയും, നമ്മുടെ ഡ്രെയിനേജ് സംവിധാനങ്ങൾ ശാസ്ത്രീയമായി ക്രമീകരിക്കുകയും ചെയ്ത് പരിസര ശുചിത്വം ഉറപ്പാക്കിക്കൊണ്ട് നമുക്ക് ഈ സാമൂഹിക പ്രതിസന്ധിക്ക് പരിഹാരം കാണാം. കാർഷിക മേഖലയെ കീഴടക്കി, വ്യാവസായിക മേഖല വിജയം കൈവരിക്കുമ്പോൾ അവിടെ നഷ്ടമാകുന്നത് അടുത്ത തലമുറയ്ക്കുള്ള ജീവവായു കൂടിയാണ്. മണ്ണും വെള്ളവും വായുവും പോലും അമൂല്യമായിക്കൊണ്ടിരിക്കുന്ന ഭീകരമായ ഭാവിയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് നമ്മുടെ വരും തലമുറ ചോദിക്കുന്നു - " ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ ? " ഏതു മഹാമാരിയേയും അതിജീവിക്കാനുള്ള കരുത്ത് വൈദ്യശാസ്ത്രത്തിനുണ്ടെന്ന ധാരണയെ നിഷ്പ്രഭമാക്കിക്കൊണ്ട് മാനവരാശിക്ക് ഭീഷണിയായി കോ വിഡ് - 19 എന്ന പകർച്ചവ്യാധി പടരുമ്പോൾ ഈ ചോദ്യത്തിന് വളരെയേറെ പ്രസക്തിയുണ്ട്. ലോകം ഒരു പക്ഷിക്കൂടായി കാണാനാണ് വിശ്വ മഹാകവി ടാഗോർ ആഗ്രഹിച്ചത് .എന്നാൽ, കാലം കരുതിവച്ചത് മറ്റൊന്നായിരുന്നു. കിളിവാതിലിലൂടെ മാത്രം പുറം ലോകം കണ്ട് മനുഷ്യൻ കാത്തിരിക്കുന്നു - കൊറോണയെ കീഴടക്കി എന്ന വാർത്ത കേൾക്കാൻ ....
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം