എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ പട്ടാളക്കാരന്റെ മകൻ
പട്ടാളക്കാരന്റെ മകൻ
സഹപാഠികൾക്കെല്ലാം എന്നും ഒരു പ്രചോദനമായിരുന്നു അനന്തൻ. പട്ടാളക്കാരനായ അച്ഛന്റെ ധീരത നിറഞ്ഞ കഥകളും, മുത്തശ്ശിക്കഥകളിൽ നിന്ന് ലഭിച്ച ധർമ്മബോധവും ചാലിച്ച ബാല്യമായിരുന്നു അവന്റേത്. ഒന്നിലും പതറാത്ത മനസ്സും നിശ്ചയദാർഢ്യവും അവന്റെ മുഖമുദ്രയായിരുന്നു. വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോൾ അച്ഛൻ പകർന്നു നൽകിയ രാജ്യസ്നേഹത്തിന്റെ വിത്തുകൾ ചെറുപ്പത്തിലെ അവന്റെ മനസ്സിൽ മുളപൊട്ടിയിരുന്നു. താനും വലുതാവുമ്പോൾ സൈന്യത്തിൽ ചേർന്ന് ഭാരതാംബയെ സംരക്ഷിക്കുമെന്ന് അവൻ അപ്പോൾ തന്നെ തീരുമാനിച്ചിരുന്നു. ഒരിക്കൽ അച്ഛനു പകരം അച്ഛന്റെ ട്രങ്ക് പെട്ടിയും മെഡലുകളും മാത്രം വന്നപ്പോഴും അവൻ കരയാതിരുന്നത് അതുകൊണ്ടാവാം. ഉള്ളിൽ ദുഃഖത്തിന്റെ സമുദ്രം അലയടിച്ചപ്പോഴും കണ്ണീരൊഴുക്കാതെ തന്റെ അമ്മയെ അവൻ ആശ്വസിപ്പിച്ചു. എന്നാൽ അച്ഛന്റെ മരണവും അവന്റെ മനസ്സിലെ രാജ്യസ്നേഹിയെ ശക്തനാക്കുകയേ ചെയ്തുള്ളൂ. കാലം കടന്നുപോയി. പഠിപ്പിലും കലാകായികരംഗത്തും എല്ലാം മിടുക്കനായിരുന്ന അവൻ പ്ലസ് ടൂ പാസായി. അച്ഛനെപോലെ തന്നെ തന്റെ രാജ്യത്തെ സേവിച്ച് ഒരു ധീര ജവാനാവാനുള്ള മോഹം അവന്റെ മനസ്സിൽ ഒരു വൻ വൃക്ഷമായി വളർന്നു കഴിഞ്ഞിരുന്നു. എങ്കിലും തന്റെ പ്രിയതമനെപ്പോലെ തനിക്ക് ഇനി തന്റെ മകനെക്കൂടി നഷ്ടമാകുമോ എന്ന് ഭയന്ന അമ്മ അവനെ സൈന്യത്തിൽ ചേരുന്നതിൽ നിന്നും പിൻതിരിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ തന്റെ വീട്ടുകാരുടെയും അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അവൻ ഒരു ഡോക്ടർ ആവാൻ തീരുമാനിച്ചു. 'രോഗികളെ ചികിത്സിക്കുന്നതും അവരോട് സ്നേഹത്തോടെ പെരുമാറുന്നതും ദേശത്തെ സേവിക്കുന്നതിന് തുല്യമാണല്ലോ.' ന്യൂ ഡൽഹി എയിംസിൽ തന്നെ ആ മിടുക്കൻ അഡ്മിഷൻ നേടിയെടുത്തു. അങ്ങനെ നാല് വർഷംകഴിഞ്ഞതവനറിഞ്ഞില്ല. അവസാനവർഷമാണ്. പക്ഷേ അതേ സമയം ലോകത്തിന്റെ മറ്റൊരു കോണിൽ ഒരു മഹാ ദുരന്തം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞിരുന്നു. കൊറോണ അഥവാ കോവിഡ്-19. ഇന്ത്യയിലും അതിന്റെ അനുരണനങ്ങൾ കണ്ടുതുടങ്ങി. ക്ലാസുകൾ കഴിഞ്ഞതിനാൽ അവന്റെ സുഹൃത്തുക്കൾ എല്ലാവരും അവരവരുടെ നാട്ടിലേക്ക് തിരിച്ച് പോയിത്തുടങ്ങി. അധികം വൈകാതെ രാജ്യം ലോക് ഡൗണിലേക്ക് നീങ്ങുമെന്നും അതിനാൽ തന്നെ എത്രയും വേഗം നാട്ടിലെത്തുന്നതാണ് നല്ലതെന്നും അവർക്ക് മനസ്സിലായി തുടങ്ങിയിരുന്നു. എന്നാൽ അനന്തന്റെ മനസ്സിൽ മറ്റൊരു ചിന്തയാണുണ്ടായത്. തങ്ങളപ്പോലുള്ള മെഡിക്കൽ വിദ്യാർത്ഥികൾ ഇത്തരം സംഭവങ്ങളോട് മുഖം തിരിച്ചാൽ എന്താവും അവസ്ഥ. അവൻ തീരുമാനിച്ചു. ഞാൻ ഈ അവസ്ഥയിൽ നാട്ടിലേക്ക് പോകുന്നില്ല. ഇപ്പോൾ എന്റെ സേവനം നാടിനും ഇവിടുത്തെ ജനങ്ങൾക്കും ആവശ്യമുണ്ട്. അവൻ അമ്മയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. തന്റെ മനകന്റെ തീരുമാനം വളരെ ശക്തമാണെന്നും അവനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ആവില്ലെന്നും അവർക്ക് മനസ്സിലായി. അപ്പോഴേക്കും ഡെൽഹിയിൽ അവസ്ഥവളരെ മോശമായിരുന്നു. ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളെല്ലാം നിറഞ്ഞുതുടങ്ങി. തന്റെ സഹപാഠികളെല്ലാം നാട്ടിലെത്തിയ വിവരം അവനറിഞ്ഞു. എന്നാൽ അപ്പോഴേക്കും സീനിയർ ഡോക്ടർമാരോടൊപ്പം അവനും തിരക്കിലായി. തന്റെ കൂട്ടുകാരോട് അവരവരുടെ നാട്ടിൽ ചെയ്യാൻ പറ്റുന്ന സഹായങ്ങൾ ചെയ്യാൻ അവൻ ആഹ്വാനം ചെയ്തു. രണ്ട് മാസത്തെ കഠിനമായ ജോലി അവനെ തളർത്തി. അവന്റെ സുന്ദരമായ മുഖം മാസ്ക് ധരിച്ച് വ്രണങ്ങളും പാടുകളും കൊണ്ട് നിറഞ്ഞു. രാപകലില്ലാതെയുള്ള അവന്റെ പ്രയത്നം കണ്ട് അവന്റെ സഹപ്രവർത്തകർ ഞെട്ടിപ്പോയി. രോഗികളും ഐസൊലേഷനിൽ കഴിയുന്നവരും അവന്റെ സാമീപ്യത്തിൽ ആനന്ദം കൊണ്ടു. ഒടുവിൽ മൂന്നു മാസത്തിനു ശേഷം അവന്റെയും അവനെപ്പോലുള്ള ഒരായിരം മാലാഖമാരുടെയും കഠിനപ്രയത്നം കൊണ്ട് കൊറോണ നാടുവിട്ടു. ഒരു വിദ്യാർത്ഥി ആയിരുന്നിട്ടൂകൂടി അനന്തൻ നടത്തിയ പ്രവർത്തനങ്ങൾ അധികാരികൾ ശ്രദ്ധിച്ചിരുന്നു. അവന്റെ തുടർപഠനത്തിനുള്ള എല്ലാ സൗകര്യവും അവർ ചെയ്ത്കൊടുത്തു. എന്നാൽ അവനെ അതിലും സന്തോഷിപ്പിച്ചത് തന്റെ അച്ഛനെപ്പോലെ നാടിനെ സേവിക്കാൻ തനിക്കും അവസരം കിട്ടിയല്ലോ എന്ന ചിന്തയാണ്. എങ്കിലും അവൻ അവിടംകൊണ്ടും നിർത്താൻ തയ്യാറായിരുന്നില്ല. ഒടുവിൽ അവനൊരു മിലിട്ടറി ഡോക്ടറാവാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ആ പട്ടാളക്കാരന്റെ മകൻ തന്റെ ആഗ്രഹം നേടിയെടുത്തു. അങ്ങനെ ഡോക്ടർ അനന്തൻ. കേണൽ ഡോക്ടർ അനന്തൻ ആയി.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ