എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/പ്രകൃതി തരുന്ന തിരിച്ചറിവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി തരുന്ന തിരിച്ചറിവുകൾ

മുൻപൊരിക്കലും ഇല്ലാത്ത സാഹചര്യമാണ് കോവിഡ്-19 മൂലം ലോകത്ത് ഉണ്ടായിരിക്കുന്നത്. ദുരന്തം വിതയ്ക്കുന്ന പകർച്ചവ്യാധികൾ മനുഷ്യരാശിക്ക് പുതുമയല്ല. പക്ഷേ ഇപ്പോഴത്തേതുപോലെ അതിരൂക്ഷമായ വൈറസ് വ്യാപനം നമ്മുടെ കാലത്ത് ആദ്യമാണ്. ഇത്തരമൊരു പ്രതിസന്ധിയിലൂടെ പ്രകൃതി നൽകുന്ന സന്ദേശം മനസ്സിലാക്കാൻ ശ്രമിക്കണം. അവ പലതാണ്. അതിലെ പ്രഥമ പാഠം ശുചിത്വമാണ്. ഈ പുതിയ ഇനം കൊറോണ വൈറസിനുള്ള ഏക ചികിത്സ മുൻകരുതലാണ്. സാമൂഹിക അകലത്തിന് പുറമേ അടിസ്ഥാന വ്യക്തിശുചിത്വവും പാലിക്കണം. വൃത്തിയും വെടിപ്പും ഏറ്റവും അടിസ്ഥാന ഗുണങ്ങളായി കാണണം. പ്രകൃതിയോട് പുലർത്തേണ്ട കരുതലും ആദരവും ആണ് ഈ മഹാമാരി നൽകുന്ന മറ്റൊരു പാഠം. മറ്റെല്ലാ ജീവജാലങ്ങളെയും അടക്കിവാണ്, ഭൂമിയുടെ മുഴുവൻ നിയന്ത്രണവും ഏറ്റെടുത്ത്, എന്തിന്, ചന്ദ്രനെ പോലും കാൽക്കീഴിലാക്കിയ ഒരേയൊരു ജീവി വർഗ്ഗം മനുഷ്യരാണ്. ഇപ്പോഴോ, ഒരു സൂക്ഷ്മാണുവിനു മുന്നിൽ തലകുനിക്കേണ്ടി വരുന്നു. എന്തൊക്കെയാണെങ്കിലും, ജൈവ ഘടനയുള്ള വെറും ജീവികൾ മാത്രമാണ് നമ്മളെന്നും അതിജീവനത്തിനായി മറ്റു ജീവികളെ ആശ്രയിക്കണം എന്നുള്ള തിരിച്ചറിവ് നമുക്ക് വേണം. പ്രകൃതിയെ നിയന്ത്രിച്ച്, വിഭവങ്ങളെല്ലാം ചൂഷണം ചെയ്തു ലാഭമുണ്ടാക്കാനുള്ള മനുഷ്യൻറെ ആഗ്രഹത്തെ തുടച്ചുനീക്കാൻ കണ്ണുകൊണ്ടു കാണാൻ പോലും കഴിയാത്ത ഒരു ജീവാണുവിൻറെ ഒറ്റ പ്രഹരം മതി. മനുഷ്യനിർമ്മിത വേർതിരിവുകൾ ആയ മതവും വംശവും മേഖലയും നോക്കിയല്ല ഈ വൈറസിന്റെ ആക്രമണം. അതീവഗുരുതരമായ മാരകമായ ഭീഷണിക്കു മുന്നിൽ നമ്മൾ പൊടുന്നനെ ഒരു കാര്യം മനസ്സിലാക്കുന്നു-നമ്മളെല്ലാം മനുഷ്യരാണ്. നമ്മൾ സുരക്ഷിതരാകുക മറ്റുള്ളവരുടെ സുരക്ഷ കൂടി ഉറപ്പുവരുത്തും പോളാണ്; മനുഷ്യരുടെ മാത്രമല്ല എല്ലാ സസ്യ മൃഗാദികളുടെയും. മറ്റുള്ളവരുടെ സുരക്ഷയ്ക്കായി നമ്മൾ ശ്രമിച്ചാൽ നമ്മളും സുരക്ഷിതരായിരിക്കും. മനുഷ്യവർഗം മാത്രമല്ല സമസ്ത സസ്യജാലങ്ങളും ജീവിവർഗങ്ങളും സുരക്ഷിതരായിരിക്കും. എല്ലാവരെയും ഒരേ പോലെ കാണാൻ നമ്മെ പഠിപ്പിക്കുന്ന പ്രതിസന്ധി ആണിത്.

ജോആൻ മറിയം ബിനു
VIA എം.ജി.ഡി.ഹൈസ്കൂൾ ഫോർ ഗേൾസ് , കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം