എ.ബി.എച്ച്.എസ്. ഓമല്ലൂർ/അക്ഷരവൃക്ഷം/ ലോക്ക്ഡൗൺ കാല തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക്ഡൗൺ കാല തിരിച്ചറിവ്
   എന്തൊക്കെ മാറ്റങ്ങളാണ് ഈ ലോകത്തിന് സംഭവിച്ചത്! ചീറിപ്പായുന്ന ആഡംബര വാഹനങ്ങളുടെ അരോചകമായ ശബ്ദത്തിനു പകരം ആകെയുള്ളത് ആംബുലൻസിന്റെ നിലവിളി ശബ്ദം മാത്രം. പിന്നെ ഇടയ്ക്കിടയ്ക്ക് ഭരണകർത്താക്കളുടെ അറിയിപ്പ് വാഹനങ്ങളും. ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ കഴിയുകയാണ് എന്ന് ചിന്തിച്ചിരുന്നപ്പോഴാണ് പ്രകാശ് അങ്കിൾ പത്രവുമായി വന്നത്. പത്രത്തിൽ എല്ലാം കോവിഡ്  19 ന്റെ വാർത്ത മാത്രം. ചരമ പേജിന്റെ എണ്ണം വല്ലാതെ കൂടുന്നുണ്ട്. അപ്പോഴാണ് ഞാൻ മാസങ്ങൾക്കു മുമ്പുള്ള ഒരു പത്രം തറയിൽ  ആയി വീണു കിടക്കുന്നത് കണ്ടത്. വെറുതെ ഒരു നേരമ്പോക്കിന്  ഞാൻ ആ പത്രം ഒന്നു മറിച്ചുനോക്കി. പൗരത്വ പ്രക്ഷോഭവും  ഹർത്താലും സമരവും സ്ത്രീപീഡനങ്ങളും രാഷ്ട്രീയ സംഘർഷങ്ങളും അപകടമരണങ്ങളും കൊലപാതകങ്ങളും മോഷണങ്ങളും എല്ലാം അതിൽ നിറഞ്ഞു നിൽക്കുന്നു. ലോക് ഡൗൺ ആയതുകൊണ്ട് വീട്ടിലെ വാഹനം പൊടി പിടിച്ചിരിക്കുകയാണ്. മുറിയിലെ ജനലിനു താഴെ കിടക്കുന്ന ഒരു കല്യാണക്കുറി ഞാൻ തുറന്നു നോക്കി. കൊറോണ വൈറസ് ഇല്ലാതിരുന്നെങ്കിൽ ആ കല്യാണം വളരെ ആർഭാടത്തോടെ ഇന്ന് നടക്കേണ്ടതായിരുന്നു. കാലം എന്തൊക്കെ നമ്മെ പഠിപ്പിക്കുന്നു! 
              പത്രത്തിലെ വാർത്തകൾ വീണ്ടും വീണ്ടും വിശദമായി ഞാൻ വായിച്ചു കൊണ്ടിരുന്നു. എല്ലാം ദുരന്തം തന്നെ എന്ന് ആലോചിക്കുമ്പോഴാണ് ആശ്വാസമായി ചില വാർത്തകൾ കണ്ടത്. കൊറോണ ഭീതിയിൽ രാജ്യങ്ങൾ ലോക് ഡൗൺ  പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഗുണം ലഭിച്ചത് നമ്മുടെ ഭൂമിക്ക് തന്നെയാണ്. ലോകത്താകെ അന്തരീക്ഷ മലിനീകരണ തോത് ഗണ്യമായി കുറയുകയാണ്. ഡൽഹിയിൽ വായു മലിനീകരണം മൂലം ജനങ്ങൾ ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് ദൃശ്യങ്ങളാണ് എനിക്കപ്പോൾ ഓർമ വന്നത്. ഓസോൺ പാളിയിലെ സുഷിരം  അടയുന്ന വാർത്ത കണ്ടതോടെ എനിക്ക് ആശ്വാസമായി.പതിറ്റാണ്ടുകൾ ആയി  മനുഷ്യർ നടത്തുന്ന പ്രവർത്തനങ്ങൾ കാരണം ഓസോൺപാളി  നശിച്ചു കൊണ്ടിരിക്കുകയായിരുന്നു. നമ്മുടെ ഭൂമിയുടെ രക്ഷാകവചം ആയ ഓസോൺപാളി സുഖം പ്രാപിക്കുന്ന വാർത്ത എന്നെ സന്തോഷിപ്പിച്ചു. ഒമ്പതാംക്ലാസ് രസതന്ത്ര പാഠപുസ്തകത്തിൽ ഓസോൺപാളി സംരക്ഷണത്തെപ്പറ്റി പഠിച്ചത് ഞാൻ ഓർമിച്ചു. ശരിക്കുമുള്ള വൈറസ് ആരാണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. 
        മേശപ്പുറത്ത് പത്രം വച്ചതിനു ശേഷം ഞാൻ കൊറോണ വൈറസ് കൊണ്ടുണ്ടായ ഗുണങ്ങളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ലോകത്തുള്ള എല്ലാ മദ്യവിൽപ്പന കടകളും പൂട്ടി,  പുഴയിൽ മാലിന്യം ഇടുന്നതും ഇല്ല, ലോകത്ത് ഇപ്പോൾ വർഗീയകലാപങ്ങൾ ഇല്ല,  ലോകത്ത് ആയുധ കച്ചവടം ഒന്നുമില്ല. ഭക്ഷണ ധാരാളിത്തം,  ആഭരണഭ്രമം,  പരസ്യ തട്ടിപ്പുകൾ, ഇവയൊന്നും ഇല്ല. പകരം ബിസിനസ് തിരക്കുകൾ ഇല്ലാത്ത ഒരു ജീവിതം,  ലോകത്ത് എല്ലാവരും സ്വന്തം കുടുംബത്തിൽ ഭക്ഷണം കഴിക്കുന്നു,  അഹങ്കാരങ്ങൾ കുറഞ്ഞു,  കുടുംബത്തോടൊത്ത് കൂടാനുള്ള അവസരം സൃഷ്ടിച്ചു, സമയം ഇല്ലാത്തവർക്ക് ഇഷ്ടംപോലെ സമയം ഈ ലോക് ഡൗൺ കാലം  നൽകി. എന്തു ഭക്ഷണവും പിറുപിറുപ്പ് കൂടാതെ കഴിക്കാൻ മനുഷ്യൻ പഠിച്ചു. ആർഭാട മന്ദിരം ഇല്ലെങ്കിലും ആരാധിക്കാം എന്നു മനസ്സിലാക്കി.ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിച്ചു. ഷാർജയ്ക്കും ഷവർമയ്‌ക്കും പകരം കപ്പയും ചക്ക അവിയലും. ആയിരങ്ങൾ കൂടേണ്ട സംസ്കാര ശുശ്രൂഷ ചടങ്ങുകൾക്ക് വെറും ഒന്നോ രണ്ടോ പേർ മാത്രം. മനുഷ്യ നീ കാണൂ!എവിടെ നിന്റെ സമ്പത്ത് ?എവിടെ നിന്റെ ബന്ധുക്കൾ?  എവിടെയാണ് നിന്റെ കൂട്ടുകാർ? എവിടെ ഇവന്റ് മാനേജ്മെന്റ്?  എവിടെ നീ സഹായിച്ചവർ? കൊറോണ വൈറസിനുള്ള മരുന്ന് കണ്ടുപിടിച്ചിരുന്നെങ്കിൽ  ഒരുപക്ഷെ ഇത്  പാവപ്പെട്ടവന്റെ മാത്രം പ്രശ്നമായിരുന്നേനെ.ഇത് ഇപ്പൊൾ  മനുഷ്യന്റെ പ്രശ്നമാണ്. നിങ്ങളുടെ  ജീവിതത്തിൽ ഈ പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞില്ലെങ്കിൽ പഠിക്കാൻ മനസ്സില്ലെങ്കിൽ നിങ്ങൾ കൊറോണ എന്ന മഹാമാരി യെക്കാൾ ഒരു ഭീകര വ്യാധി  തന്നെ എന്ന് തിരിച്ചറിയാൻ പഠിക്കുക.
സിനി പി
9 D എ ബി എച്ഛ് എസ്
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം