ഉദയ ജി യു പി എസ് ശശിമല / സ്കൗട്ട് & ഗൈഡ്സ്
സോഷ്യൽ സർവീസ് സ്കീം 2023-24
താൻ ജീവിക്കുന്ന ചുറ്റുപാടിനെയും സമൂഹത്തെയും അതിലൂടെ ലോകത്തെയും മനസ്സിലാക്കുക, നേരനുഭവങ്ങൾ നേടുക, സാമൂഹിക സേവന പ്രതിബദ്ധത സമാർജിക്കന്നതിനുള്ള സാധ്യതകൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസ്പര്യത്തെ ഊട്ടിയുറപ്പിക്കാനും അതിന്റെ ഗുണഫലങ്ങൾ സുസ്ഥിരമായ സാമൂഹിക നിർമ്മിതിക്ക് ഉപയോഗപ്പെടുത്താനുമുള്ള ഒരു ചുവടുവയ്പുമായി ഗവൺമെന്റ് യുപി സ്കൂളിലെ 2023-24 വർഷത്തെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ പ്രവർത്തനങ്ങൾ.
ആശംസ
ഷാജി എ ഐ ഹെഡ്മാസ്റ്റർ ഉദയ ജി യു പി എസ് ശശിമല
സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള ഒരു പരിപാടിയാണ്, അത് വിദ്യാഭ്യാസത്തിന് പൂരകവുമാണ്. അക്കാദമിക വിപുലീകരണത്തിൽ ഇതൊരു ഉദാത്തമായ ശ്രമമാണ്.
വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനമാണ് എസ്എസ്എസ്എസ് ലക്ഷ്യമിടുന്നത്. 'സേവനം സഹജീവനം' എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി, വിദ്യാർത്ഥി സന്നദ്ധപ്രവർത്തകരും പ്രോഗ്രാം ഭാരവാഹികളും വിവിധ വെബിനാറുകൾ, ബോധവൽക്കരണ ഡ്രൈവുകൾ, ശുചിത്വ ഡ്രൈവ്, പരിസ്ഥിതി സംരക്ഷണ അവബോധം, ലഹരി വിരുദ്ധ അവബോധം എന്നിവയിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ക്രിയാത്മകവും ഉൽപ്പാദനപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
ഉദയ ജി യു പി എസ് ശശിമലയിലെ എസ്എസ്എസ്എസ് യൂണിറ്റിന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു, ഒപ്പം റിപ്പോർട്ട് പ്രോഗ്രാം കോർഡിനേറ്റർ, മറ്റ് അധ്യാപകർ, എസ് എസ് എസ് എസ് വോളന്റിയർമാർ എന്നിവർ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കുന്നു.
ജയ് ഹിന്ദ്
സന്ദേശം
സന്തോഷ് കെ പ്രോഗ്രാം കോർഡിനേറ്റർ SSSS ഉദയ ജി യു പി എസ് ശശിമല
'സേവനം സഹജീവനം' എന്നതാണ് സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ മുദ്രാവാക്യം. അത് നിസ്വാർത്ഥ സേവനങ്ങളുടെ ആവശ്യകത ഉയർത്തിപ്പിടിക്കുകയും സഹജീവികളോടുള്ള പരിഗണന കാണിക്കുകയും ചെയ്യുന്നു. സുസ്ഥിരമായ കമ്മ്യൂണിറ്റി ഇടപെടലിലൂടെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇടയിൽ സന്നദ്ധ പ്രവർത്തനത്തിന്റെ മനോഭാവം ഇത് വളർത്തുന്നു. അത് നമ്മുടെ അക്കാദമിക് സ്ഥാപനങ്ങളെ സമൂഹത്തോട് അടുപ്പിക്കുന്നു. അത് സ്കൂളും സമൂഹവും ഗ്രാമവും അറിവും പ്രവർത്തനവും തമ്മിലുള്ള ഒരു കണ്ണിയാണ്. ഉദയ ജി യു പി എസ് ശശിമലയുടെ എസ് എസ് എസ് എസ് യൂണിറ്റ് എല്ലാ പതിവ് പ്രവർത്തനങ്ങളും പ്രത്യേക സഹവാസ ക്യാമ്പുകളും ആസൂത്രണം ചെയ്തു നടപ്പിലാക്കി വരുന്നു. എല്ലാ വോളണ്ടിയർമാരും എല്ലാ പ്രവർത്തനങ്ങളിലും സജീവമാകുന്നതിനോടൊപ്പം പ്രവർത്തനങ്ങളുടെ ഗുണനിലവാരത്തിലും സ്ഥിരമായ പുരോഗതി കാണിക്കുന്നു.
അക്കാദമിക് പ്രോഗ്രാമിന്റെ ഒഴിവുസമയങ്ങളിൽ, വിദ്യാർത്ഥികൾ സമൂഹത്തിന്റെ പ്രശ്‌നങ്ങളും ആവശ്യങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും S.S.S.S ന്റെ വിവിധ മേഖലകളിലൂടെ അതിന്റെ വികസനത്തിലും നേരിട്ട് ഇടപെടുന്നു. പ്രവർത്തനങ്ങൾ, പരിസ്ഥിതി, ആരോഗ്യം, എന്നിവയ്‌ക്കൊപ്പം സമൂഹത്തിന്റെ പ്രയോജനത്തിനായി പ്രവർത്തിക്കാനും ഗ്രാമത്തിലെ ആളുകളുമായി പ്രവർത്തിക്കാനും അവർ പ്രചോദനം ഉൾക്കൊള്ളുന്നു.
ഉദയ ജി യു പി എസ് ശശിമലയുടെ 2023-24 വർഷത്തെ പ്രവർത്തന റിപ്പോർട്ട്
പ്രവർത്തനങ്ങൾ
വെക്കേഷൻ ക്ലീനിങ് (മെയ് 30,31)
2023-24 വർഷത്തെ സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് മെയ് 30,31 തീയതികളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൽ അംഗങ്ങളായ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിൽ എത്തുകയും സ്കൂളും പരിസരവും ക്ലാസ്മുറികളും വൃത്തിയാക്കി അലങ്കരിക്കുകയും ചെയ്തു.
പരിസ്ഥിതി ദിനം (ജൂൺ 5)
"ഹരിതം 2023" "ശുചിത്വ കേരളം ഹരിത കേരളം' എന്ന ആശയം ലക്ഷ്യമിട്ട് ഉദയ ഗവൺമെന്റ് യു പി സ്കൂളിൽ പരിസ്ഥിതി ദിനാചാരണം സ്കൂൾ സോഷ്യൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ നടത്തുകയും കുട്ടികളിലേക്ക് പരിസ്ഥിതിദിന സന്ദേശം എത്തിക്കുകയും ചെയ്തു. സ്കൂൾ HM ശ്രിമതി ആഷ TT, വാർഡ് മെമ്പർ ശ്രീ ഷിജോയ് മാപ്പ്ളശ്ശേരി എന്നിവർ എന്താണ് പരിസ്ഥിതി എന്നും പരിസ്ഥിതിയെ എങ്ങനെ സംരക്ഷിക്കണമെന്നുമുള്ളതിനെ കുറിച്ച് കുട്ടികളെ ബോധവാൻമാർ ആക്കി. വലിച്ചെറിയൽമുക്ത വിദ്യാലയത്തിന്റെ ഭാഗമായി സ്കൂളിന്റെ വിവിധ ഭാഗങ്ങളിൽ ഡസ്റ്റ് ബിൻ സ്ഥാപിക്കുകയും ചെയ്തു. 'മരങ്ങളാണ് നടിന്റെ സമ്പത്ത്'എന്ന ആശയം മുന്നോട്ടു വച്ച് HM ശ്രിമതി ആഷ ടീച്ചർ, ശ്രീ ഷിജോയ് മാപ്ലശേരി, കുമാരി ആൻടെസ്സ മറിയ ബിജോ എന്നിവർ ചേർന്ന് വൃക്ഷത്തൈ നടുകയും ചെയ്തു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം വോളണ്ടിയർമാർ അവരവരുടെ വീടുകളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആസൂത്രണവും രൂപീകരണവുമായി ബന്ധപ്പെട്ട് അന്നേദിവസം മീറ്റിംഗ് ചേരുകയും ഈ അധ്യായന വർഷത്തിൽ അഞ്ചാം ക്ലാസിൽ എത്തിയ കുട്ടികളെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ അംഗങ്ങൾ ആക്കുകയും ചെയ്തു. തുടർന്ന് സ്കൂൾതല എസ്എസ്എസ്എസിന്റെ പ്രവർത്തന ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ജോബി കാരോട്ട്കുന്നേൽ നിർവഹിക്കുകയും ചെയ്തു.
ലോക ലഹരി വിരുദ്ധ ദിനം (ജൂൺ 26)
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ സോഷ്യൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരിവിരുദ്ധ റാലി പള്ളിത്താഴ വരെ സംഘടിപ്പിക്കുകയും ചെയ്തു.
അന്താരാഷ്ട്ര യോഗ ദിനം (ജൂൺ 21)
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുമാരി ഗീതു ലക്ഷ്മിയുടെ നേതൃത്വത്തിൽ യോഗ അഭ്യസിച്ചുകൊണ്ട് സ്കൂൾ സോഷ്യൽ സർവീസ് സ്കീം യോഗ ദിനം ആചരിച്ചു. യോഗ ശരീരത്തിലും മനസ്സിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും എല്ലാ ദിവസവും യോഗ ചെയ്യേണ്ടതിൻറെ ആവശ്യകതയെ പറ്റിയും ഗീതു ലക്ഷ്മി സംസാരിച്ചു.
രക്ഷകർതൃ ബോധവൽക്കരണ ക്ലാസ് (ജൂലൈ 8)
ക്ലാസ് മുറിക്കും വിദ്യാലയത്തിനും പുറത്തുള്ള ലോകത്തെ അറിയാനും ഉൾക്കൊള്ളാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന എസ്എസ്എസ്എസ് ലക്ഷ്യം മുൻനിർത്തി രക്ഷകർത്താക്കളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഐ സി ഡി എസ് സൂപ്പർവൈസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ശ്രീമതി ശരണ്യ എം രാജ് രക്ഷകർതൃത്വ ബോധവൽക്കരണ ക്ലാസ് നൽകി.
ജലസംരക്ഷണ ബോധവൽക്കരണ ക്ലാസ് (ജൂലൈ 20)
ഓരോ തുള്ളി ജലവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ അംഗങ്ങളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായും ജലസംരക്ഷണ ബോധവൽക്കരണ ക്ലാസ് സ്കൂളിൽ സംഘടിപ്പിച്ചു. ജെൽ ജീവൻ മിഷൻ കോഡിനേറ്റർ ശ്രീ പി സി ജോസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഷോർട്ട് ഫിലിം (ജൂലൈ)
'ജലം ജീവാമൃതം' എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ഉദയ ജി യു പി എസ് ശശിമലയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം വോളണ്ടിയർമാർ 'flow' എന്ന പേരിൽ ഒരു ഷോർട്ട് ഫിലിം തിരക്കഥ എഴുതി സംവിധാനം ചെയ്തു. ഇവർ തന്നെ അഭിനയിച്ച ഷോർട്ട് ഫിലിം യൂട്യൂബിൽ വളരെയധികം ശ്രദ്ധ നേടി. https://youtu.be/vkSeDriI-7Q?si=AoWkVmVQLswFWDue
ഹരിത സേന അംഗങ്ങളെ ആദരിക്കൽ (ഓഗസ്റ്റ് 19)
നമ്മുടെ വാർഡിലെ ഹരിത സേന അംഗങ്ങളായ ശ്രീമതി സിസിലി മാത്യുവിനെയും ശ്രീമതി ജോളിയെയും SSSS ന്റെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്ത് മെമ്പർ ശ്രീ പി കെ ജോസ്, വാർഡ് മെമ്പർ ശ്രീ ഷിജോയ് മാപ്പിളശ്ശേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പങ്കെടുത്തു.
മാലിന്യ പരിപാലന ബോധവൽക്കരണ ക്ലാസ് (ഓഗസ്റ്റ് 19)
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ മാലിന്യ പരിപാലന ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസുകൾക്ക് ശ്രീ ഉണ്ണികൃഷ്ണൻ സാർ നേതൃത്വം നൽകി. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് മാലിന്യ പരിപാലന പ്രതിജ്ഞ ചൊല്ലി.
ഹിരോഷിമ & നാഗസാക്കി (ഓഗസ്റ്റ് 6,9)
ഹിരോഷിമ നാഗസാക്കി ദിനങ്ങളുമായി ബന്ധപ്പെട്ട് യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും സഡാക്കോ കൊക്കുകൾ നിർമ്മിക്കുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും ചെയ്തു.
സ്വാതന്ത്ര്യദിന ആഘോഷം (ഓഗസ്റ്റ് 15)
ഉദയ ഗവൺമെന്റ് യുപി സ്കൂൾ സ്വതന്ത്ര ഇന്ത്യയുടെ 77 മത് സ്വാതന്ത്ര്യ ദിനം SSSS ന്റെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. പനമരം ബ്ലോക്ക് മെമ്പർ Adv. പിഡി സജി പതാക ഉയർത്തി. വാർഡ് മെമ്പർ ശ്രീ ഷിജോയ് മാപ്പിളശ്ശേരി, പിടിഎ പ്രസിഡണ്ട് ശ്രീ ജോബി കാരോട്ടു കുന്നേൽ എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ഹെഡ്മാസ്റ്റർ ശ്രീ ഷാജി എ ഐ സ്കൂൾ ലീഡർ മെവിൻ കെ ജോബി എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേരുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വാതന്ത്ര്യസമര സേനാനികളുടെ അകമ്പടിയോടെ സ്വാതന്ത്ര്യദിന റാലി നടത്തുകയും നൃത്താവിഷ്കാരം, ദേശഭക്തിഗാനം എന്നിവ അവതരിപ്പിക്കുകയും ചെയ്തു. മാധുര്യമേറും പായസവിതരണത്തിലൂടെ സ്വാതന്ത്ര്യദിനാഘോഷം അതിന്റെ പരിസമാപ്തിയിൽ എത്തിച്ചേർന്നു.
കർഷകോത്തമ അവാർഡ് ജേതാവിന് സ്നേഹാദരം (ഓഗസ്റ്റ് 24)
സംസ്ഥാന കർഷകോത്തമ അവാർഡ് ജേതാവും നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ റോയി കവളക്കാട്ടിനെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പൊന്നാടയണിയിച്ച് ആദരിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജോബി, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ ഷൈജു പഞ്ഞി തോപ്പിൽ എന്നിവർ പങ്കെടുത്തു. അദ്ദേഹം സ്കൂൾ അങ്കണത്തിൽ അന്നേദിവസം വൃക്ഷത്തൈ നടുകയും ചെയ്തു.
കിറ്റി ഷോ (സെപ്റ്റംബർ 17)
പ്രശസ്ത കിറ്റി ഷോ കലാകാരൻ ശ്രീ വിനോദ് നാരനാട്ടിന്റെ നേതൃത്വത്തിൽ ജലസംരക്ഷണ ബോധവൽക്കരണവുമായി ബന്ധപ്പെട്ട കിറ്റിഷോ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. ശുദ്ധജലം ഉപയോഗിക്കേണ്ടതിന്റെയും ജലം സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി വളരെ രസകരമായ രീതിയിൽ കിറ്റി ഷോ അവതരിപ്പിക്കുകയുണ്ടായി.
പാഴ് വസ്തുക്കളുടെ പുനരുപയോഗം (സെപ്റ്റംബർ 8)
ഏകദിന ശില്പശാല
കുട്ടികളിലെ സർഗവാസന പരിപോഷിപ്പിക്കുന്നതിനും പാഴ് വസ്തുക്കളുടെ പുനരുപയോഗത്തെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കു ന്നതിനുമായി പാഴ് വസ്തുക്കളായ ചിരട്ട, പേപ്പർ, ബോട്ടിൽ എന്നിവ ഉപയോഗിച്ച് അലങ്കാരവസ്തുക്കൾ നിർമ്മിക്കുന്ന ശില്പശാല സംഘടിപ്പിച്ചു. ക്ലാസുകൾക്ക് ശ്രീമതി ഷിജി നേതൃത്വം നൽകി.
പച്ചക്കറി കൃഷി - ഹരിതം മനോഹരം (സെപ്റ്റംബർ)
ന്യൂതന കൃഷി രീതികൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും ഉച്ചഭക്ഷണ പദ്ധതിയിൽ വിഷരഹിതമായ പച്ചക്കറികൾ ഉൾപ്പെടുത്തുന്നതിനുമായി സ്കൂൾ അങ്കണത്തിൽ SSSS ന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ നട്ടു. അത് പരിപാലിച്ചു പോരുകയും ചെയ്യുന്നു.
SANITATION DRIVE (SEPTEMBER)
ഉദയ ഗവൺമെന്റ് യുപി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിറ്റ് പള്ളിത്താഴ റോഡും പരിസരപ്രദേശങ്ങളും വോളണ്ടിയർമാരെ ഉൾപ്പെടുത്തി ശുചീകരണം നടത്തി. സെപ്റ്റംബർ മുതൽ എല്ലാമാസവും തുടർച്ചയായി ഈ വൃത്തിയാക്കൽ യജ്ഞം നടത്തിവരുന്നു.
പ്രഥമ ശുശ്രൂഷ ക്ലാസ് (സെപ്റ്റംബർ 29)
ഒരു അപകടം സംഭവിച്ചാൽ എത്രയും വേഗം നൽകുന്ന ശുശ്രൂഷ അയാളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും. കുട്ടികളിൽ പ്രഥമ ശുശ്രൂഷ എന്താണെന്നും അത് എങ്ങനെയാണ് ചെയ്യേണ്ടതെന്നും മനസ്സിലാക്കുന്ന തിനായി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സ്കൂളിൽ പ്രഥമ ശുശ്രൂഷയെ പറ്റി ക്ലാസ് സംഘടിപ്പിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മഞ്ജു , റെജിമോൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. പാമ്പുകടിയേറ്റാൽ നൽകുന്ന പ്രഥമ ശുശ്രൂഷയെ പറ്റിയും വൈദ്യുതാഘാതം ഏറ്റാൽ എന്ത് ചെയ്യണം എന്നതിനെ പറ്റിയും ആരോഗ്യപ്രവർത്തകർ വിദഗ്ധമായി ക്ലാസ് എടുത്തു.
വിത്ത് വിതരണം (സെപ്റ്റംബർ 12)
വിദ്യാർത്ഥികളിൽ കൃഷിയോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ വിദ്യാർഥികൾക്കായി വിത്ത് വിതരണം നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീം വോളണ്ടിയർമാരും മറ്റു വിദ്യാർത്ഥികളും വിത്തുകളിൽ വീടുകളിൽ നടുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നു.
ഗാന്ധി സ്മരണയിൽ...... (ഒക്ടോബർ 2)
ഗാന്ധിസ്മരണയിൽ SSSSവോളന്റിയർമാർ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിജിയുടെ ജീവചരിത്രം വീഡിയോ പ്രദർശനം നടത്തുകയും ചെയ്തു.
ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് (ഒക്ടോബർ 4)
ലഹരിക്കെതിരെ വിദ്യാർത്ഥികളിൽ അവബോധം ഉളവാക്കുന്നതിനായി സ്കൂൾ സോഷ്യൽ സർവീസ് സ്കീമുമായി ചേർന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തി. മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് സംഘടിപ്പിച്ച ലഹരി വിരുദ്ധ എക്സിബിഷൻ സന്ദർശിച്ചു.
ത്രിദിന സഹവാസ ക്യാമ്പ്
ഒക്ടോബർ 27,28,29 വെള്ളി,ശനി,ഞായർ ഉദയ ഗവൺമെന്റ് യുപി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കായുള്ള ത്രിദിന സഹവാസ ക്യാമ്പ് ഒക്ടോബർ 27,28, 29 (വെള്ളി,ശനി,ഞായർ) തീയതികളിൽ സ്കൂളിൽ വച്ച് നടത്തുകയുണ്ടായി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ നടത്തിയ ക്യാമ്പ് കുട്ടികളിൽ ലിംഗ നീതിയും സാമൂഹിക ജീവിതവും ഉറപ്പാക്കുന്നതിൽ വലിയ പങ്കു വഹിച്ചു.
DAY 1- OCTOBER 27 FRIDAY
ഉദ്ഘാടന സമ്മേളനം
ഒക്ടോബർ 27 വെള്ളി വൈകുന്നേരം 3 മണിക്ക് ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഷാജി എ ഐ സ്വാഗതം ആശംസിച്ചു അധ്യക്ഷൻ ശ്രീജോബി കരോട്ടുകുന്നേൽ വിദ്യാർഥികളോട് തന്റെ ക്യാമ്പ് അനുഭവങ്ങൾ പങ്കുവെച്ചു. വാർഡ് മെമ്പർ ഷിജോയ് മാപ്പിളശ്ശേരി എല്ലാവിധ സഹായസഹകരണങ്ങളും പ്രഖ്യാപിച്ചുകൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി ബിന്ദു അഗസ്റ്റിൻ വിദ്യാർത്ഥികൾക്ക് ആശംസകൾ നേരന്നു. നമ്മുടെ സ്കൂളിന്റെ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ആയ ശ്രീ സന്തോഷ് കെ ക്യാമ്പിലെ പരിപാടികളും പ്രവർത്തനങ്ങളും വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിലു കെ വി യുടെ നന്ദിയോടെ ഉദ്ഘാടന സമ്മേളനം സമാപിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുട്ടികൾക്ക് ലഘുഭക്ഷണം നൽകി
ശുചീകരണം
ക്യാമ്പിന്റെ ആദ്യ പ്രവർത്തനം എന്നോണം കുട്ടികളെല്ലാവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. സ്കൂളും പരിസരവും അടിച്ചു വാരി വൃത്തിയാക്കി ക്ലാസ് മുറികളും സ്കൂൾ ഗ്രൗണ്ടും വൃത്തിയാക്കി.
ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വിദ്യാർത്ഥികൾക്ക് വ്യക്തിപരമായ സമയം അനുവദിച്ചു.
എയറോബിക്സ്
വൈകുന്നേരം 6:30 മുതൽ വിദ്യാർത്ഥികൾക്ക് പ്രത്യേക ഏറോബിക്സ് പരിശീലനം നൽകി. റോബിക്സ് വിദഗ്ധ കുമാരി ഗീതു ലക്ഷ്മി ക്ലാസുകൾക്ക് നേതൃത്വം നൽകി. എന്താണ് ഏറോബിക്സ് എന്നും ഇത് ചെയ്യുന്നത് കൊണ്ടുള്ള നേട്ടങ്ങൾ എന്തൊക്കെയാണെന്നും ഗീതുലക്ഷ്മി വിശദീകരിച്ചു. തുടർന്ന് രാത്രി ഭക്ഷണം നൽകി ഭക്ഷണത്തിനുശേഷം ഒന്നാം ദിവസത്തെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും രണ്ടാം ദിവസത്തെ പ്രവർത്തനങ്ങളെ പറ്റി കോഡിനേറ്റർ വിശദീകരിക്കുകയും ചെയ്തു.
DAY 2 – OCTOBER28 - SATURDAY
മോണിംഗ് വാക്ക്
രാവിലെ ആറുമണിക്ക് ബെഡ് കോഫി നൽകി. തുടർന്ന് പ്രഭാത നടത്തത്തിന് പോയി. റോഡിലൂടെ രാവിലെയുള്ള നടത്തം സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്ക് വേറിട്ട അനുഭവമായിരുന്നു. പ്രഭാതകൃത്യങ്ങൾക്കുശേഷം എല്ലാവർക്കും പ്രഭാതഭക്ഷണം വിതരണം ചെയ്തു. പ്രഭാത ഭക്ഷണത്തിനുശേഷം രണ്ടാം ദിവസത്തെ സെക്ഷനുകൾ ആരംഭിച്ചു.
നാടൻ പാട്ട് ശില്പശാല
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന നാടൻ പാട്ടുകളല്ലാതെ വാമൊഴിയായി പകർന്നുവന്ന നാടൻ പാട്ടുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതിനും അവയുടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനുമായി നാടൻപാട്ട് ശില്പശാല സംഘടിപ്പിച്ചു. ശ്രീ ബിജു കെ ഡി സാർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. സാറും വിദ്യാർത്ഥികളും ചേർന്ന് നാടൻ പാട്ടുകൾ ആലപിക്കുകയും ആസ്വദിക്കുകയും ചെയ്തു.
നാടൻപാട്ട് ശില്പശാലയ്ക്ക് ശേഷം രുചിയേറും ഉച്ചഭക്ഷണം വിതരണം ചെയ്തു. തുടർന്ന് 15 മിനിറ്റ് വിശ്രമസമയം അനുവദിച്ചു.
മോട്ടിവേഷൻ ക്ലാസ്
'ലിംഗ നീതിയും സാമൂഹിക ജീവിതവും' എന്ന വിഷയത്തിൽ കുട്ടികളിൽ അവബോധം ഉളവാക്കുന്നതിനായി ഒരു മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസുകൾക്ക് ശ്രീ അനു നേതൃത്വം നൽകി. എന്താണ് ലിംഗനീതി എന്നും സാമൂഹിക ജീവിതവുമായി ഇതെങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നും വളരെ ലളിതമായ രീതിയിൽ അനൂപ് സാർ വിദ്യാർഥികൾക്ക് പറഞ്ഞുകൊടുത്തു.
ഫിസിക്കൽ എഡ്യൂക്കേഷൻ
കുട്ടികളിൽ അച്ചടക്കം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഫിസിക്കൽ എഡ്യൂക്കേറ്റർ ശ്രീ രാജേഷ് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രത്യേക ഫിസിക്കൽ എജുക്കേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. പലതരത്തിലുള്ള ലൈനപ്പ്, ഇൻഡോർ ഗെയിംസ്,കോൺസെൻട്രേഷൻ ഗെയിംസ് എന്നിവ രജീഷ് സാർ വിദ്യാർഥികളെ പരിശീലിപ്പിച്ചു. ലഘു ഭക്ഷണത്തിനും ഫ്രഷ് അപ്പിനും ശേഷം ക്യാമ്പ് ഫയറിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ക്യാമ്പ് ഫയർ
ഏതൊരു ക്യാമ്പിന്റെയും ആകർഷക ഘടകങ്ങളിൽ ഒന്നാണ് ക്യാമ്പ് ഫയർ. വിദ്യാർത്ഥികൾ ഏറെ ആസ്വദിച്ച പ്രവർത്തനങ്ങളിൽ ഒന്ന്. ഈ സമയം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും തങ്ങളുടെ ക്യാമ്പ് അനുഭവങ്ങൾ വിശദീകരിക്കുകയും ചെയ്തു. രാത്രി ഭക്ഷണത്തിനുശേഷം രണ്ടാം ദിന പ്രവർത്തനങ്ങൾ സമാപിച്ചു.
DAY 3 – OCTOBER 29 - SUNDAY
പ്രകൃതി നടത്തം
ബെഡ് കോഫിക്ക് ശേഷം പ്രകൃതി നടത്തം ആരംഭിച്ചു. പ്രകൃതിയെ അടുത്തറിയാനും പ്രകൃതിയിൽ നടക്കുന്ന ഓരോ ചലനങ്ങളും നിരീക്ഷിക്കാനും ഇതിലൂടെ സാധിച്ചു. പ്രകൃതി നടത്തത്തിന് ശേഷം സ്കൂളിൽ തിരിച്ചെത്തി. പ്രഭാത ഭക്ഷണത്തിനുശേഷം പത്രവായനയും മൂന്നാം ദിന പ്രവർത്തനങ്ങൾ വിശദീകരണവും നടന്നു.
SANITATION DRIVE
ഉദയ ഗവൺമെന്റ് യുപി സ്കൂളിലെ എസ് എസ് എസ് എസ് വോളണ്ടിയർമാർസാനിറ്റേഷൻ ഡ്രൈവ് നടത്തി. പള്ളിത്താഴെ റോഡും പരിസരപ്രദേശങ്ങളും വോളണ്ടിയർമാർ വൃത്തിയാക്കി. പ്ലാസ്റ്റിക്കുകൾ പ്രത്യേകം പെട്ടികളിൽ ശേഖരിച്ചു. ശുചിത്വ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.
ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തിരികെ സ്കൂളിൽ എത്തി. കുറച്ചു വിശ്രമത്തിനുശേഷം എല്ലാവരും ഫ്രഷ് അപ്പ് ആയി.
ഒറിഗാമി
പേപ്പർ ഉപയോഗിച്ച് വിവിധ രൂപങ്ങൾ നിർമ്മിക്കുന്ന ഒറിഗാമി വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിന് പീറ്റർ സാർ നേതൃത്വം നൽക. ഓരോ പേപ്പറും വെറുതെ കളയാതെ അതിൽ ഒരു ചെറു രൂപമെങ്കിലും നിർമിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന തരത്തിലുള്ള ക്ലാസ് ആണ് പീറ്റർ സാർ നൽകിയത്.
ഉച്ച ഭക്ഷണത്തിനു ശേഷമുള്ള ഒറിഗാമി ക്ലാസിനു ശേഷം ക്യാമ്പ് അവലോകനം നടന്നു. എസ് എസ് എസ് എസ് വോളണ്ടിയർമാർക്ക് ഉണ്ടായ അനുഭവങ്ങളും നിർദ്ദേശങ്ങളും ഓരോരുത്തരും പങ്കുവച്ചു.
SANITATION DRIVE (നവംബർ 18)
സാനിറ്റേഷൻ ഡ്രൈവിന്റെ ഭാഗമായി ഉദയ ഗവൺമെന്റ് യുപി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ നടത്തിവരുന്ന നവംബർ മാസത്തെ വൃത്തിയാക്കൽ നവംബർ 18 ന് നടത്തുകയുണ്ടായി.
ശിശുദിനം (നവംബർ 14)
നവംബർ 14 ശിശുദിനം സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പ്രൗഢഗംഭീരമായി ആഘോഷിച്ചു. അംഗങ്ങളുടെ നേതൃത്വത്തിൽ പള്ളി താഴെ വരെ ശിശുദിന റാലി നടത്തി. അംഗൻവാടിയിലെ കുഞ്ഞു ചാച്ചാജി മാർക്ക് മിഠായി വിതരണം ചെയ്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ ശ്രീ ബിജോയ് മുഖ്യ അതിഥിയായി പങ്കെടുക്കുകയും ഏവർക്കും ആശംസകൾ നേരുകയും ചെയ്തു.
പഴശ്ശി അനുസ്മരണം (നവംബർ 30 )
പഴശ്ശി അനുസ്മരണത്തോടനുബന്ധിച്ച് നവംബർ 30ന് സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾ മാവിലാം തോട് പഴശ്ശി ലാൻഡ് സ്കേപ്പ് മ്യൂസിയം സന്ദർശിക്കുകയും പഴശ്ശി പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്തു.
SANITATION DRIVE (ഡിസംബർ 2)
ഡിസംബർ മാസത്തെ സാനിറ്റേഷൻ ഡ്രൈവർ ഡിസംബർ രണ്ടാം തീയതി നടത്തുകയുണ്ടായി. പ്രസ്തുത പരിപാടിയിൽ സോഷ്യൽ സർവീസസ് സ്കീമിലെ അംഗങ്ങൾ എല്ലാവരും പങ്കെടുത്തു.
ക്രിസ്തുമസ് ആഘോഷം (ഡിസംബർ 21)
ക്രിസ്തുമസ് ആഘോഷത്തിൽ നിന്ന്...............
സഹവാസ ക്യാമ്പ് 2
ജനുവരി 12, 13 ഉദയ ഗവണ്മെന്റ് യു പി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലുള്ള സഹവാസ ക്യാമ്പ് 2024 ജനുവരി 12, 13 തീയതികളിൽ സ്പെക്ട്ര 2K24 എന്ന പേരിൽ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. സാമൂഹ്യ സേവനം, ദേശ സ്നേഹം, പൗരബോധം, നേതൃത്വഗുണം എന്നീ മൂല്യങ്ങൾ കുട്ടികളിൽ വളർത്തുന്നതിന് ഈ ക്യാമ്പിലൂടെ സാധിച്ചു.
DAY 1 – 12/01/2024 - വെള്ളി
ക്യാമ്പ് ആരംഭിക്കുന്നതിനു മുന്നോടിയായി അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ചു കൂടുകയും ഹെഡ് മാസ്റ്റർ ഷാജി സർ സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ സന്തോഷ് സർ എന്നിവർ കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
മോട്ടിവേഷൻ ക്ലാസ്
ജീവിത വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ആത്മവിശ്വാസവും ഏകാഗ്രതയും വളർത്തുന്നതിനായി 'ഉണർവ്' എന്ന പേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. രാവിലെ 10 മണി മുതൽ 12 മണി വരെ നടന്ന ക്ലാസുകൾക്ക് ശ്രീ സുധാസനൻ സാർ നേതൃത്വം നൽകി. പ്രശ്നങ്ങളെ തരണം ചെയ്തു വിജയം നേടാനുള്ള നുറുങ്ങുവഴികൾ സുധാസനൻ സാർ കുട്ടികൾക്ക് പകർന്നു നൽകി.
മോട്ടിവേഷൻ ക്ലാസിനു ശേഷം ഉച്ചഭക്ഷണം വിതരണം ചെയ്തു.
'ദ്യുതി' - ഊർജ സംരക്ഷണ ക്ലാസ്
ഉച്ചയ്ക്ക് 1:30 മുതൽ 3:30 വരെ 'ദ്യുതി' എന്ന പേരിൽ ഊർജ്ജ സംരക്ഷണ ക്ലാസ് സംഘടിപ്പിച്ചു. ഊർജ്ജ ഉപയോഗവും ഊർജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് വിശദമായ രീതിയിൽ കെ എസ് ഇ ബി പാടിച്ചിറ സബ് എഞ്ചിനിയർ ശ്രീ വേണു സാർ ക്ലാസ് എടുത്തു. വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഊന്നൽ നൽകിയ ക്ലാസ് വിദ്യാർത്ഥികളിൽ ഏറെ കൗതുകമുണർത്തി.
SANITATION DRIVE
വ്യക്തി ശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം നിലനിർത്തി ക്യാമ്പ് അംഗങ്ങൾ സ്കൂളും പരിസരവും വൃത്തിയാക്കുകയും പച്ചക്കറി പരിപാലനം നടത്തുകയും ചെയ്തു. ടീ ബ്രേക്കിന് ക്യാമ്പ് അംഗങ്ങൾക്ക് ശേഷം പേഴ്സണൽ ടൈം അനുവദിച്ചു. തുടർന്ന് കൃത്യം 6:30 ന് തന്നെ എല്ലാവരും ഹാളിൽ ഒരുമിച്ചു കൂടി.
യോഗ
ശാരീരികവും മാനസികവുമായ ഉണർവിനം ഉന്മേഷത്തിനും യോഗ എത്രത്തോളം ഫലപ്രദമാണെന്ന് കുട്ടികളിൽ ബോധ്യം ഉളവാക്കുന്നതിനായി വൈകുന്നേരം 6:30 മുതൽ 8:00 മണി വരെ യോഗ ക്ലാസ് സംഘടിപ്പിച്ചു. ശ്രീ സുധാസനൻ സാർ നേതൃത്വം നൽകിയ ക്ലാസിൽ യോഗ ചെയ്യുമ്പോൾ മനസ്സിനും ശരീരത്തിനും ഉണ്ടാകുന്ന മാറ്റങ്ങൾ അവതരിപ്പിക്കുകയും ചില യോഗാസനങ്ങൾ കുട്ടികളെ അഭ്യസിപ്പിക്കുകയും ചെയ്തു.
എട്ടരയോടുകൂടി എല്ലാ വിദ്യാർത്ഥികളും രാത്രി ഭക്ഷണം കഴിക്കുകയും ക്യാമ്പ് ഫയറിലേക്ക് കടക്കുകയും ചെയ്തു.
ക്യാമ്പ് ഫയർ
ക്യാമ്പ് ഫെയറിന്റെ ഭാഗമായി ഉദയ ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നാസിക് ഡോൾ കലാപ്രകടനം എല്ലാവരിലും ആവേശവും ആനന്ദവും ഉളവാക്കി. കുട്ടികൾക്ക് അവരുടെ കഴിവ് തെളിയിക്കുന്നതിനുള്ള വേദി കൂടിയായിരുന്നു ഇത്. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ക്യാമ്പ് അനുഭവം പങ്കുവയ്ക്കുകയും ചെയ്തു.
DAY 2 – 13/01/2024 - ശനി
മോണിംഗ് വാക്ക്
രാവിലെ ആറുമണിക്ക് എല്ലാവരും ഉറക്കം ഉണർന്നു. പ്രഭാതകൃത്യങ്ങൾക്കും ബെഡ് കോഫീക്കും ശേഷം മോണിംഗ് വാക്ക് ആരംഭിച്ചു. ഉന്മേഷപ്രദമായ ഒരു പ്രഭാത നടത്തത്തിന് ശേഷം അധ്യാപകരും വിദ്യാർത്ഥികളും തിരികെ സ്കൂളിൽ എത്തി.
പ്രഭാത ഭക്ഷണത്തിനുശേഷം ഫ്രഷ് അപ്പിന് സമയം അനുവദിക്കുകയും തുടർന്ന് ഫൈബർ ഹൗസ് വിസിറ്റിന് തയ്യാറാവുകയും ചെയ്തു.
INDUSTRIAL VISIT
10 മണിയോടുകൂടി ഫൈബർ ഹൗസ് സന്ദർശിച്ചു. ചകിരി എങ്ങനെ നാരുകൾ ആക്കുന്നുവെന്നും നാര് കൊണ്ട് എന്താണ് ചെയ്യുന്നത് എന്നും കണ്ടു മനസ്സിലാക്കുകയും അതിന്റെ പ്രവർത്തനങ്ങൾ ഫൈബർ ഹൗസ് ഉടമ ശ്രീ റോയ് കവളക്കാട് വിശദീകരിക്കുകയും ചെയ്തു.
12:30ന് സ്കൂളിൽ തിരിച്ചെത്തിയ വിദ്യാർത്ഥികൾ ഉച്ച ഭക്ഷണത്തിനുശേഷം വിശ്രമവേളകൾ ചിലവഴിച്ചു.
എന്റർടൈൻമെന്റ് ഗെയിംസ്
മാനസിക ഉല്ലാസത്തിനും അതിലുപരി കുട്ടികളിൽ അറിവും ഐക്യവും വളർത്തുന്നതിനും വേണ്ടി സ്കൂൾ സോഷ്യൽ സർവീസ് സ്കീം ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്കായി എന്റർടൈൻമെന്റ് ആൻഡ് ഫൺ ഗെയിംസ് സംഘടിപ്പിച്ചു. കുട്ടികളിൽ ഐക്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിക്ക് കുമാരി ജെഫിമോൾ തോമസ് നേതൃത്വം നൽകി.
തുടർന്ന് ക്യാമ്പ് അവലോകനം നടത്തുകയും ലഘു ഭക്ഷണത്തിനുശേഷം ക്യാമ്പ് പ്രവർത്തനങ്ങൾ സമാപിച്ചു.
റിപ്പബ്ലിക് ഡേ
ജനുവരി 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങളുടെ നേതൃത്വത്തിൽ പതാക ഉയർത്തുകയും പ്രത്യേക അസംബ്ലി സംഘടിപ്പിക്കുകയും ചെയ്തു. ഹെഡ് മാസ്റ്റർ ഷാജി എ ഐ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ശ്രീരഞ്ജ് ആശംസകൾ നേരുകയും ചെയ്തു. SSSS അംഗങ്ങളുടെ നേതൃത്വത്തിൽ ദേശീയ ഗാനം ആലപിച്ചു.
സാന്ത്വന സ്പർശം (ജനുവരി 29)
മാറാരോഗികളുടെ എണ്ണം അനുനിമിഷം ഏറിവരുന്ന നമ്മുടെ സമൂഹത്തിൽ സാന്ത്വന പരിചരണത്തിന്റെ പ്രസക്തി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. രോഗം രോഗിയുടെയും ആശ്രിതരുടെയും മാത്രം ബാധ്യതയല്ല മറിച്ച് സമൂഹത്തിന്റെ കൂടിയാണ് എന്ന തിരിച്ചറിവ് വിദ്യാർത്ഥികളിൽ ഉളവാക്കുന്നതിനായി ഉദയ ഗവൺമെന്റ് യുപി സ്കൂൾ ശശിമലയുടെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ 'സാന്ത്വനസ്പർശം' എന്ന പേരിൽ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക് പ്രസിഡന്റ് ശ്രീ എൻ യു ഇമ്മാനുവൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ക്ലിനിക്കിലേക്ക് സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വാട്ടർ ബെഡ് വാങ്ങി നൽകി. സാന്ത്വന പരിചരണത്തിന്റെ ഭാഗമായി ചെയ്യേണ്ടി വരുന്ന സേവനങ്ങളെയും സഹായങ്ങളെയും പറ്റി ബോധവാന്മാരാകാൻ എസ് എസ് വോളണ്ടിയർമാർക്ക് ക്ലാസ്സിലൂടെ സാധിച്ചു.
NATURA 2K24 WORKSHOP ON DISHWASH, HAND WASH AND SANITIZER MAKING
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 10 ശനിയാഴ്ച സ്കൂളിൽ വച്ച് ഡിഷ് വാഷ്, ഹാൻഡ് വാഷ്, സാനിറ്റൈസർ എന്നിവയുടെ നിർമ്മാണ ശില്പശാല 'നാച്ചുറ 2K24’ സംഘടിപ്പിച്ചു. ശ്രുതി ഷിജു നേതൃത്വം നൽകിയ ക്ലാസുകൾ കുട്ടികൾക്ക് ഉപകാരപ്രദമായ സ്വയംതൊഴിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. കുട്ടികളിൽ നിർമ്മാണ നൈപുണി വളർത്തുന്നതിന് ഇത് സഹായകരമായി.
INSPERIA 2K24 WORKSHOP ON PAPER FILE AND PAPER BAG MAKING
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സ്കൂളിൽ വച്ച് പേപ്പർ ഫയൽ, പേപ്പർ ബാഗ് എന്നിവയുടെ നിർമ്മാണ ശില്പശാല ‘INSPERIA 2K24’ എന്നപേരിൽ സംഘടിപ്പിച്ചു. ശ്രീ ശ്രീരഞ്ജ നേതൃത്വം നൽകിയ പരിശീലന പരിപാടിയിൽ അധ്യാപക വിദ്യാർത്ഥികളും സഹകരിച്ചു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ച് പരിസ്ഥിതി സൗഹൃദമായ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സംഘടിപ്പിച്ചത്.