ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹൈസ്കൂൾ/സർവ്വീസ് സ്റ്റോറി

Schoolwiki സംരംഭത്തിൽ നിന്ന്

2019 അധ്യയന വർഷം പൊത‍ുജന സമ്പർക്ക വക‍ുപ്പ് നടത്തിയ സർവ്വീസ് സ്റ്റോറി രചനാ മത്സരത്തിൽ കണ്ണ‍ൂർ ജില്ലയിൽ നിന്ന‍ും രണ്ടാം സ്ഥാനം ലഭിച്ച കഥ.

(സിനാൻ കെ -യെ ആസ്പദമാക്കി രചിച്ചത്.)

ഉത്തരമില്ലാത്ത ഉത്തരക്കടലാസുകൾ...

2019 ജൂണിലാണ് സ്ഥലം മാറ്റം കിട്ടി പാപ്പിനിശ്ശേരി ഇ.എം.എസ് സ്മാരക ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ‍ഞാൻ ജോയിൻ ചെയ്തത്. തികച്ചും അപരിചിതമായ ദേശം,ആളുകൾ, നഗരത്തിലെ വീർപ്പുമുട്ടലുകൾ,തെല്ലൊരുത്കണ്ഠയോടെയെങ്കിലും ജോയിൻ ചെയ്തു. ധാരാളംഡിവിഷനുകളും അതിനനുസരിച്ച് സ്റ്റാഫും. ചേർന്ന വിശാലമായ ഒരിടത്തേക്കാണ് ഞാൻ എത്തിപ്പെട്ടത്.“നെന്റെ എഴുത്തൊന്നും നമുക്ക് തിരിയുന്നില്ല" എന്ന് വലിയ ഒച്ചയിൽ പരാതി പറയുന്ന ഷെർമിള ടീച്ചർ. ഒരു വനിതാ പോലീസിന്റെ ഭാവഗൗരവവും ചിരിയിലും നോട്ടത്തിലും കരുതലും സ്നേഹവും ഒളിപ്പിച്ച റീത്തടീച്ചർ, പതിഞ്ഞ ശബ്ദത്തിലും ചലനത്തിലും സ്കൂളിന്റെ എല്ലായിടത്തും സാനിദ്ധ്യമാകുന്ന ജീന ടീച്ചർ, കേരളത്തിന്റെ ഭൂപടത്തിൽ 'കൊല്ലം' ജില്ലയെ മാത്രം സ്വപ്നം കാണുന്ന മലയാളമാഷ്, കലയുടെ ഉപാസകനും സാത്വികനുമായ രത്നൻ മാഷ്....എല്ലാവരുടെയും സൗഹൃദം വേഗം എന്റെ അപരിചിതത്വം ഇല്ലാതാക്കി. ഊർജ്ജതന്ത്രത്തിന്റെ ഊർജ്ജം അല്പം പോലും ചോർന്നു പോകാതെ ക്ലാസ്സുകൾ നയിക്കുന്ന രമേശൻ മാഷ്, ഒരുമിച്ച് അപ്രത്യക്ഷരാവുകയും പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ദിനേശൻമാഷും രാമൻ മാഷും, കണ്ണട നെറുകയിൽ കുത്തി നിർത്തി ഏതോപുതിയ സമവാക്യം കണ്ടു പിടിക്കാനെന്ന ഭാവത്തിൽ ഇരിക്കുന്ന ലസിത മാഡം ആദ്യകാല മലയാള ചലച്ചിത്രത്തിലെ സുകുമാരിയുടെ വേഷത്തെ ഓർമ്മിപ്പിച്ചു. ഒരു ശലഭത്തെ പോലെ പറന്നു നടന്ന് പാട്ടുകൊണ്ട് എന്നെ അത്ഭുതപ്പെടുത്തിയ ഗണിതസ്വാമി നജ്മ. സഹപ്രവർത്തകരുടെ കഴിവുകൾ വേഗം തിരിച്ചറിഞ്ഞ് അഭിനന്ദിക്കാൻ മടിക്കാത്ത ജ്യോതി ടീച്ചർ,‘മഞ്ഞിലെ’ വിമലയെന്ന കഥാപാത്രത്തിന്റെ ശാലീനത അനുസ്മരിപ്പിക്കുന്ന രമ്യ ടീച്ചർ. ക്ലാസിന്റെ അച്ചടക്കം അനായാസം നിലനിർത്തുന്ന ആജ്ഞാശക്തികളായ സ്മിതടീച്ചറും വിദ്യ ടീച്ചറും, ആയുർവേദത്തിന്റെ അപൂർവ്വതകളും സാധ്യതകളും ഞങ്ങൾക്ക് പരിചയപ്പെടുത്തിയ കവിത ടീച്ചർ,സാമൂഹ്യശാസ്ത്രത്തിലെ ത്രിമൂർത്തികളായ ലേഖ, ശാരിക, രചന എന്നീ അധ്യാപകർ, സ്റ്റാഫ്റൂമിലെ ആസ്ഥാനഗായിക അനുഷ അറിയാതെ ആദരവ് തോന്നുന്ന വന്ദന ടീച്ചറും സോജ ടീച്ചറും അകക്കണ്ണിൽ വെളിച്ചം നിറച്ച് നിലാവുപോലെ ചിരിക്കുന്ന മേഘടീച്ചർ...തുടങ്ങിയവരെ പിന്നീടാണ് ഞാൻ പരിചയപ്പെട്ടത്. ഇനി അനുഭവക്കുറിപ്പിലക്ക് വരാം...ആദ്യത്തെ ക്ലാസ്സ് X C ആയിരുന്നു. ക്ലാസ്സിൽ എത്തി. പതിവുപോലെ ചടങ്ങുകൾക്ക് ശേഷം പഠനത്തിലേക്ക് കടക്കാമെന്നായി. എഴുത്തച്ഛന്റെ പാഠമായിരുന്നു ആദ്യത്തേത് ആമുഖമൊക്കെ കഴിഞ്ഞ് പാഠഭാഗവുമായി ബന്ധപ്പെട്ട ചിലചോദ്യങ്ങൾ ഞാൻ ചോദിച്ചു. കുട്ടികളുടെ കണ്ണൂരിന്റെ മൊഴിമലയാളത്തിലുള്ള ഉത്തരങ്ങൾ കൗതുകത്തോടെ ഞാൻ കേട്ടുനിന്നു. പുസ്തകമെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് മൂന്നാമത്തെ ബഞ്ചിൽ നിന്ന് ഒരു ശബ്ദം.

“തീച്ചറെ ഞാൻ മൂത്തറം ഒയിച്ചാൻ പോത്തെ.”

ദ് ആരപ്പാ? ഞാൻ അന്തം വിട്ട് നോക്കുമ്പോൾ വെളുത്ത് മെലിഞ്ഞ് മുടി പറ്റേ വെട്ടിയ ഒരു പയ്യൻ. എപ്പോഴും അവന്റെ മുഖത്തൊരു നിറഞ്ഞ ചിരിയുണ്ടെന്നത് ഞാൻ ശ്രദ്ധിച്ചു.

എന്താ പേര്?

‘സിനാൻ’

ടോയെറ്റിൽ പോയിട്ട് വേഗം വര്വോ?

“ന്റെ തല തത്ത്യായിട്ട് വേഗം വരാം ടീച്ചർ.”അവൻ പുറത്തേക്ക് ചെരുപ്പിഴച്ച് നടന്നു പോയി. ഞങ്ങൾ പാഠഭാഗത്തിലേക്കും. പിന്നീടുള്ള ക്ലാസ്സുകളിൽ ഞാനെത്തുമ്പോൾ ഇരു കയ്യും കൂപ്പി ചിരിയോടെ അവൻ ചോദിക്കും.

തീച്ചറ് ചായ കുടിച്ചോ?

കുടിച്ചു. നീയെന്താ കഴിച്ചേ?

‘ഉണ്ടപ്പുട്ട്’ അവൻ മറുപടി പറയും.ക്ലാസ്സിൽ ആരെയെങ്കിലും വഴക്ക് പറഞ്ഞാൽ വേഗം അവൻ ഇടപെടും എന്നിട്ട് "തീച്ചറ് ഓനോട് കലമ്പണ്ട, ഓനെന്റെ സുഹൃത്താ കേത്തോ?” എന്ന് അന്ത്യശാസന നൽകും തന്റെ മുഷിഞ്ഞ പുസ്തക സഞ്ചിയുമായി ചരടിൽ നിന്ന് വേർപ്പെട്ടു പോയ എൈഡന്റിറ്റി കാർഡ് കവിളത്ത് ചേർത്ത് വരാന്തയിലൂടെ വന്നിട്ട് എന്നോട് കുശലം പറയും.

"ഞാനേയ് രാജാവാ, ആട്ടിന്റെ രാജാവ്.”

"ഞാനെന്റെ മക്കൾക്ക് വേണ്ടീട്ടാ

ജീവിക്കുന്നേ.”

ആരാ നിന്റെ മക്കള്? ഞാൻ ചോദിച്ചു.

"എന്റെ ആട്ടിൻ കുട്ട്യോള്

ഞാനവരുടെ ഉപ്പയാ"

"ഇസ്കൂള് വിട്ടാല് വീട്ടിലെത്തിയപാട് കുപ്പായം മാറ്റി തന്റെ മക്കളുടെ അടുത്ത് പോകും എന്നിട്ട് അവയ്ക്ക് തുന്നാൻ കൊടുക്കും.” ഈണത്തിൽ അവൻ പറഞ്ഞു നിർത്തി. ഓണ പരീക്ഷയായി. സ്കൂൾ പൂട്ടി. ഞാൻ നാട്ടിലേക്ക് പോന്നു. പേപ്പർ നോക്കുന്നതിനിടയ്ക്ക് ഒറ്റത്താളുള്ള സിനാന്റെ ഉത്തരക്കടലാസും കിട്ടി. ചുവര് നിറയെ'ഠ' കാരമെഴുതിയ ഖസാക്കിന്റെ ഇതിഹാസത്തിലെ അപ്പുക്കിളിയെ ആണ് എനിക്കോർമ്മ വന്നത്.'ഠ' കാരത്തിന് പകരം 'ന്ന'കാരമാണ് അവനെഴുതിയതെന്നു മാത്രം.ജീവിതത്തിന്റെ ശൂന്യതയാണ് അപ്പുക്കിളി വരച്ചതെങ്കിൽ 'ന്ന' കാരം അനുസൃതമായ ജീവിതത്തിന്റെ നെെരന്തര്യത്തെ സൂചിപ്പിക്കുന്നു എന്ന് ഞാൻ വ്യാഖ്യാനിച്ചു. ആ ഉത്തരക്കടലാസിനോട് എനിക്ക് എന്തെന്നില്ലാത്ത വാത്സല്യംതോന്നി. ചില ഉത്തരക്കടലാസുകൾ അങ്ങനെയാണ്. പരമ്പരാഗത മൂല്യനിർണയത്തിന്റെ രീതി ശാസ്ത്രത്തിനോ തിരുത്തലുകാർക്കോ അവ വഴങ്ങാറില്ല. ഔപചാരികതയ്ക്കപ്പുറം മാനവികതയുടെ വെെകാരികതലം അതിനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അനു രൂപീകരണം(assimilation) എന്ന പദത്തിന്റെ ചതുരങ്ങളിൽ നാം അവരെ അടയാളപ്പെടുത്തുമ്പോൾ അനുനിമിഷം കുതറി മാറിക്കൊണ്ടിരിക്കുന്നു. അവരുടെ മനസ്സിനെ നാം എവിടെയാണ് തളയ്ക്കേണ്ടത്. സിനാനെപ്പോലെ നിരവധി മുഖങ്ങളെ പിന്നെയും എന്റെ സ്കൂളിൽ ഞാൻ കണ്ടു. നിറവും മണവും മധുരവുമുള്ള കൗമാര കാഴ്ച്ചകളിൽ നിന്നും ചങ്ങാത്തങ്ങളിൽ നിന്നും അകന്ന് വിദൂരങ്ങളിലേക്ക് കണ്ണ്പായ്ക്കുന്നവർ. സൂര്യതേജസോടെ വീൽചെയറിൽ നീങ്ങിവരുന്നമറ്റൊരു മിടുക്കൻ ഇങ്ങനെ എത്ര എത്ര കുട്ടികൾ പലപ്പോഴും സിനാനെ പോലുള്ളവർ ക്ലാസ്സിന്റെ അച്ചടക്കം തകിടം മറിക്കാറുണ്ട്. അപ്പോഴൊക്കെ കുറച്ചുകൂടി സംയമനം പാലിക്കാൻ ഞാൻ ശീലിച്ചു. അദ്ധ്യാപിക എന്ന നിലയിൽ സ്വയം നവീകരിക്കാനും പൊളിച്ചെഴുതാനും എന്നെ ചിന്തിപ്പിച്ചത് ഈ മുഖങ്ങളാണ്. എങ്കിലും,ഇപ്പോഴും എല്ലാ മലയാളം പിരിയഡിലും ആചോദ്യം ആവർത്തിച്ചു കൊണ്ടിരിക്കുന്നു.“തീച്ചറെ ഞാൻ മൂത്തറം ഒയിച്ചാൻ പോത്തെ.”

ശ്രീലേഖ എസ്,മലയാളം അധ്യാപിക