അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ പരിസ്ഥിതിയും ആധുനിക കാലവും
പരിസ്ഥിതിയും ആധുനിക കാലവും
പരിസ്ഥിതിയെ അറിയാതെ ജീവിക്കുന്നവരുടെ കാലമാണ് ഇന്നത്തേത്. മനുഷ്യന്റെ അശാസ്ത്രീയമായ ഇടപെടലുകൾ മൂലം പരിസ്ഥിതി നാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നിബിഡമായ ഹരിത മരങ്ങൾക്കു പകരം കെട്ടിടസമുച്ചയങ്ങളാണ് ആധുനിക ലോകത്തിലെ പ്രധാന വിസ്മയക്കാഴ്ച. ഇത് നമ്മെ നയിക്കുന്നത് കടുത്ത ജലദൗർലഭ്യതിലേക്കാണ്. വായു കഴിഞ്ഞാൽ ജീവന്റെ നിലനിൽപ്പിന് ഏറ്റവും അത്യന്താപേക്ഷിതമായ വസ്തു ശുദ്ധ ജലമാണ്. ഭൂഗോളത്തിന്റെ വലിയൊരു ഭാഗം ജലം ആണെങ്കിലും ശുദ്ധജലം വളരെ കുറഞ്ഞ ശതമാനം മാത്രമേയുള്ളൂ. ഇതുതന്നെ മനുഷ്യന്റെ ചിന്താ ശൂന്യമായ പ്രവർത്തനങ്ങൾ മൂലം ഉപയോഗശൂന്യമായി കൊണ്ടിരിക്കുന്നു. മനുഷ്യന്റെ ഇച്ഛയ്ക്കനുസരിച്ച് കാലവും ഒപ്പം പരിസ്ഥിതിയും മാറുന്നു. വ്യവസായിക മാലിന്യങ്ങൾ ഒഴുക്കി കളയാനുള്ള സ്ഥലമായി പുഴകളെ കാണുന്ന പുതിയ സംസ്കാരം നദികളെയെല്ലാം വിഷവാഹികൾ ആക്കി മാറ്റി. മനുഷ്യൻ നദികളെ തന്റെ ആവശ്യത്തിന് പലതരത്തിൽ ഉപയോഗപ്പെടുത്തിയതിന്റെ ഫലമായിരുന്നു അത്. ലോക സംസ്കാരങ്ങൾ എല്ലാം തന്നെ ജനിച്ചതും വളർന്നതും നദീതീരങ്ങളിൽ ആണ്. വികസിത രാജ്യങ്ങളിലെല്ലാം ഫാക്ടറികളിലെ മലിനജലം റീസൈക്കിൾ ചെയ്ത് പുനരുപയോഗത്തിന് യോഗ്യമാക്കുമ്പോൾ ലാഭക്കൊതിമൂലം നമ്മുടെ രാജ്യം അടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിൽ അത് ഫാക്ടറിയിൽ നിന്ന് നേരെ പുഴയിലേക്കും കടലിലേക്കും ഒഴുക്കി വിടുന്നു. ഇതുമൂലം നമ്മുടെ ജലസ്രോതസ്സുകളും അതിന്റെ ആവാസവ്യവസ്ഥകളും മലിനമാകുന്നു. അതിലെ ജലം ഉപയോഗ ശൂന്യമാകുന്നുവെന്നുമാത്രമല്ല പലതരത്തിലുള്ള രോഗങ്ങൾക്കും കൂടാതെ അതിലെ ജീവജാലങ്ങൾ നശിക്കുന്നതിനും കാരണമാകുന്നു. ഇതിനെല്ലാം പുറമെ മറ്റൊന്ന്, നമ്മുടെ മണ്ണിൽ വീഴുന്ന ഏതു മാലിന്യവും വെള്ളത്തിലെത്തിച്ചേരുമെന്നുള്ളതാണ്. അവയിൽ ചിലത് ഭൂഗർഭ ജലത്തിൽ എത്തിച്ചേരുന്നതോടെ ആ ജലവും മലിനമാക്കപ്പെടുന്നു. അപ്പോൾ ജലം ശുദ്ധമായിരിക്കണമെങ്കിൽ നാം മണ്ണിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ പ്രത്യേകം ശ്രദ്ധ ചെലുത്തണം. പ്രത്യേകിച്ച് കൃഷി ആവശ്യങ്ങൾക്കുപയോഗിക്കുന്ന വളങ്ങളിൽ. രാസവളങ്ങളുടെ ഉപയോഗം നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കുഴപ്പങ്ങളിലേയ്ക്ക് കൊണ്ടുപോകും. അതിന്റെ ഫലം അനുഭവിക്കുക ഒരുപക്ഷേ അടുത്ത തലമുറകളാവും. നമ്മൾ ജീവിക്കുന്ന അന്തരീക്ഷവും ശുദ്ധമായി ഇരിക്കേണ്ടതുണ്ട്. കാരണം മഴപെയ്യുമ്പോൾ അന്തരീക്ഷത്തിലുള്ള വസ്തുക്കൾ ഭൂമിയിൽ എത്തും. ഭൂമിയിലേക്ക് അന്തരീക്ഷത്തിൽ നിന്ന് എത്തുന്ന മാലിന്യങ്ങൾ മണ്ണിലും ജലത്തിലും കലരുന്നുണ്ട്. ഭൂമിയിൽ ലഭിക്കുന്ന ജലത്തിന്റെ അളവ് തന്നെ കുറയുവാൻ കാരണമായ പല പ്രവർത്തികളും നമ്മുടെ പ്രവൃത്തികളിലൂടെ ഉണ്ടാകുന്നുണ്ട്. അവിടെയാണ് ഭൂമിയുടെ കാര്യത്തിൽ ശ്രദ്ധ ആവശ്യമായി വരുന്നത്. നമ്മുടെ നാല്പത്തിനാല് നദികളിൽ നാല്പത്തിയൊന്നെണ്ണവും കിഴക്കുനിന്ന് പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലിൽ പതിക്കുന്നവയാണ്. കേരളത്തിന്റെ കിടപ്പ് കിഴക്കു നിന്ന് പടിഞ്ഞാറേയ്ക്ക് ചെരിഞ്ഞുമാണ്. അതായത് മഴ പെയ്തു കിട്ടുന്ന വെള്ളം വളരെ പെട്ടെന്ന് കുത്തിയൊഴുകി സമുദ്രത്തിലെത്തി നമുക്ക് നഷ്ടമാകും. ഇതിന് തടയിട്ടിരുന്നത് സ്വാഭാവിക വനങ്ങളാണ്. വനങ്ങളിലെ സസ്യാവരണങ്ങളും വേരുപടലങ്ങളും ചേർന്ന് മേൽമണ്ണിനെ നിലനിർത്തുകയും അത് മഴവെള്ളം ശേഖരിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നു. ആ വെള്ളം അന്തരീക്ഷമർദ്ദത്തിന്റെ ഫലമായി സാവകാശം മണ്ണിൽ കിനിഞ്ഞിറങ്ങി നദികളെ എക്കാലത്തും സമ്പുഷ്ടമാക്കിയിരുന്നു. എന്നാൽ നമ്മുടെ വനത്തിന്റെ വിസ്തൃതി നാൾക്കുനാൾ കുറഞ്ഞു വരുന്നു. നാണ്യ വിളകളുടെ കൃഷിക്കും റിസോർട്ടുകൾ ഒരുക്കുന്നതിനും അണക്കെട്ട് നിർമ്മിക്കുന്നതിനും ഒക്കെ വനം വ്യാപകമായി വെട്ടി വെളുപ്പിച്ചു. അതുകൊണ്ട് മറ്റൊരു ദോഷം കൂടി ഉണ്ടായി, മണ്ണൊലിപ്പ്. ഭൂമിയുടെ സസ്യാവരണം നഷ്ടപ്പെട്ടപ്പോൾ, വേരുപടലങ്ങളുടെ സംരക്ഷണം ഇല്ലാതായപ്പോൾ ചെറിയ ഒരു മഴ പെയ്താൽ തന്നെ മേൽമണ്ണ് ഒലിച്ചു പോകാൻ തുടങ്ങി. നദീതടങ്ങൾ അപ്രത്യക്ഷമായി. അണക്കെട്ടുകളുടെ ആഴം കുറയാൻ തുടങ്ങി. വനം സംരക്ഷിച്ചില്ലെങ്കിൽ നശിക്കുന്നത് വനസമ്പത്ത് മാത്രമല്ല നമ്മുടെ കുടിവെള്ള സ്രോതസ്സുകൾ കൂടിയാണ്. പരിസ്ഥിതിയോടുള്ള മാനവകുലത്തിന്റെ ദോഷകരമായ ഇടപെടലുകളുടെ ഫലങ്ങളാണ് ഇതെല്ലാം. കൃഷിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ സംസ്കാരം വളർന്നുവന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ടും കൃഷി ലാഭകരമല്ലതായി. നെൽകൃഷി ചെയ്തിരുന്ന വയലുകൾ നികത്തപ്പെട്ടു. ഇപ്പോൾ അവിടെ കോൺക്രീറ്റ് കെട്ടിടങ്ങൾ പണിയുന്നു. ഇത് വികസനത്തിന്റെ ഭാഗമായി നാം കണക്കാക്കുകയും ചെയ്യുന്നു. എന്നാൽ ഇതുകൊണ്ട് സംഭവിക്കുന്ന വലിയൊരു വിപത്ത് ഉണ്ട്. വയലുകൾ നമ്മുടെ തണ്ണീർതടങ്ങൾ ആയിരുന്നു. മഴ പെയ്യുന്ന വെള്ളം ഇവിടെ കെട്ടി നിൽക്കും. അത് ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങും. അതുമൂലം പുഴയിലും കിണറിലും വെള്ളം ലഭിക്കും. ഭൂഗർഭ ജലത്തിന്റെ അളവും സന്തുലിതമായി നിലനിൽക്കും. അത്തരം വയലുകൾ നികത്തിയപ്പോൾ നെൽകൃഷി ഇല്ലാതായി. തന്മൂലം ഭക്ഷ്യക്ഷാമം ഉണ്ടാവുകയും ഭക്ഷ്യ ധാന്യങ്ങൾക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതായും വന്നു. അതോടൊപ്പം ശുദ്ധജല ലഭ്യത കുറയുകയും ചെയ്തു. കുന്നുകൾ ഇല്ലാതാക്കുന്നത് വയലുകൾ നികത്തുന്നതിന് മറുവശമായി കണക്കാക്കാം. ഓരോ പ്രദേശത്തെയും പ്രകൃതിയുടെ ഭാഗമാണ് സ്വാഭാവികമായ കുന്നുകൾ. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് അവ ആവശ്യമാണ്. കുന്നുകളുടെയെല്ലാം താഴ് വരകളിൽ അനേകം നീരുറവകൾ ഉണ്ടാകും. ഇവയിൽ എപ്പോഴും വെള്ളമുണ്ടായിരിക്കും. മഴക്കാലത്ത് കുന്നുകൾ ശേഖരിച്ച് സൂക്ഷിച്ച ജലമാണ് ഇങ്ങനെ ലഭിക്കുന്നത്. ഈ കുന്നുകൾ ഇല്ലാതാകുന്നതോടെ ആ സാധ്യതയുംഇല്ലാതായി തീരും. ഇത് ജലത്തിന്റെ കാര്യം. ഈ കുന്ന് ഇടിച്ചു നിരത്തുമ്പോൾ മേൽമണ്ണ് എല്ലാം നഷ്ടപ്പെടുകയാണ്. മേൽ മണ്ണിലാണ് സസ്യങ്ങൾ വളരുന്നത്. മേൽമണ്ണ് അതായത് ജൈവ സാന്നിധ്യമുള്ള മണ്ണ് സ്വാഭാവികമായി ഉണ്ടാകാൻ നൂറു കണക്കിന് വർഷങ്ങൾ വേണം. വളക്കൂറുള്ള കരയിലെ മേൽമണ്ണ് നഷ്ടമാകുന്നതിലൂടെ കൃഷികളുടെ നാശവും ഉണ്ടാകുന്നു. കുന്ന് ഇടിച്ചു കിട്ടിയ മണ്ണ് ചതുപ്പു പ്രദേശങ്ങൾ നികത്താൻ ഉപയോഗിക്കുന്നു. ഇങ്ങനെ തണ്ണീർതടങ്ങൾ ഇല്ലാതാവുന്നു. വികസനംഎന്ന പേര് പറഞ്ഞ് ഇവിടെയൊക്കെ കെട്ടിടങ്ങൾ കെട്ടി ഉയർത്താം. പക്ഷേ അവയിൽ താമസിക്കുന്ന മനുഷ്യർക്ക് വെള്ളവും ആഹാരവും ഇനിയുള്ള കാലത്ത് കിട്ടുമോ എന്നത് സംശയമാണ്. ആർക്കും അതിനെക്കുറിച്ച് ചിന്തയില്ല. നാടിന്റെ ജീവനാഡി കളായിരുന്നു നദികൾ. ഇപ്പോളത് മാലിന്യം വഹിക്കുന്നകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. അവ ശുദ്ധീകരിക്കാൻ നമുക്കു കഴിയണം. എന്നാൽ നാം ചെയ്യുന്ന പല പ്രവർത്തികളും നദികളെ കൊല്ലുന്ന തരത്തിലാണ്. മണൽ വാരുന്നത് സർക്കാർ നിയന്ത്രിച്ചിട്ടുണ്ടെങ്കിലും അവിടെയും ഇവിടെയുമായി ചിലർ മണൽ വാരൽ നടത്തുന്നുണ്ട്. നമുക്ക് പാർക്കാൻ കെട്ടിടങ്ങൾ വേണം, വ്യവസായശാലകൾ വേണം, റോഡുകൾ വേണം എല്ലാം ശരിയാണ്. പക്ഷേ അവയ്ക്ക് നിയന്ത്രണങ്ങളും ആവശ്യമാണ്. മനുഷ്യൻ പ്രകൃതിയോട് എങ്ങനെ സമീപിക്കുന്നുവോ അതുപോലെയായിരിക്കും പരിസ്ഥിതിയുടെയും സമീപനം. ഉറപ്പുള്ള പ്രദേശങ്ങളിലെ കുന്നുകൾ ഇടിച്ചു നിരത്തുകയും ഉരുൾപൊട്ടൽ പോലുള്ള ദുരന്ത സാധ്യതകളുള്ള പ്രദേശങ്ങളിൽ മനുഷ്യനിന്നു താമസിക്കുകയും ചെയ്യുന്നു. ബാങ്ക് ബാലൻസ് മാത്രം മുന്നിൽ കണ്ടു കൊണ്ട്, മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഈ ഇടപെടലുകൾ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് 2018ൽ ഉണ്ടായ പ്രളയം. പ്രകൃതിയുടെ സന്തുലതാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ഇടപെടൽ നടത്തുക എന്നതാണ് പരിസ്ഥിതി സംരക്ഷണത്തിനായി സ്വീകരിക്കേണ്ട ഒരു മാർഗ്ഗം. ഇന്ന് ലോക സമൂഹം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് കൊറോണ വൈറസ്. കോവിഡ് ബാധിതരുടെ എണ്ണവും തന്മൂലമുണ്ടാകുന്ന മരണവും ലോകത്തെമ്പാടും ദിനംപ്രതി വർദ്ധിച്ചു വരുന്നു. സമൂഹത്തെ കാർന്നു തിന്നുന്ന ഒരു മഹാ വിപത്തായി അത് മാറിയിരിക്കുന്നു. ശുചിത്വം പാലിച്ച്, സാമൂഹിക അകലം പാലിച്ച് നാം നമ്മളെ തന്നെ സംരക്ഷിക്കുകയെന്നതാണ് ഈ രോഗത്തെ അതിജീവിക്കാനുള്ള ഏക പോംവഴി. വ്യക്തിശുചിത്വവും പരിസരശുചിത്വവുമാണ് ഇതിനാവശ്യം. ഈ രോഗം വേരുറച്ചതിന്റെ പശ്ചാത്തലത്തിൽ എല്ലാ നഗരങ്ങളും രോഗം പടർന്ന നാടുകളും ലോക്ക് ഡോൺചെയ്തിരിക്കുകയാണ്. ഇത് വഴി വാഹനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതിനുമൊക്കെ വിലക്കുണ്ട്. മോട്ടോർ വാഹനങ്ങളുടെ ഉപയോഗം കുറഞ്ഞതും വ്യവസായശാലകൾ താത്കാലികമായി അടച്ചതും വഴി പ്രകൃതിയിലെ മലിനീകരണത്തിന്റെ അളവ് കുറഞ്ഞിട്ടുണ്ട്. ഡൽഹി തന്നെ അതിനു ഉത്തമ ഉദാഹരണം. ഈ അവസരത്തിൽ പ്രകൃതി ഒരു തിരിച്ചുവരവ് നടത്തുന്നുണ്ട് എന്നും നാം അനുമാനിക്കേണ്ടിയിരിക്കുന്നു. കോവിഡ് തടയുന്നതിന്റെ ഭാഗമായി പലഭാഗങ്ങളിലും അണുനശീകരണം തുടങ്ങിയിട്ടുണ്ട്. ഫയർ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് അവ നടക്കുന്നത്. ഈ രോഗത്തെ തടയാൻ വ്യക്തിശുചിത്വം അനിവാര്യമാണ്. മനുഷ്യൻ മരങ്ങൾ വെട്ടി നശിപ്പിച്ച് വൻ കെട്ടിടങ്ങൾ പടുത്തുയർത്തി അവിടെ കുടിയേറുകയും നഗരവൽക്കരണം സംഭവിക്കുകയും ചെയ്തു. തന്മൂലം ആൾത്തിരക്ക് കൂടിയതിനാൽ കോവിഡ് പോലുള്ള രോഗങ്ങൾ പടർന്നു പിടിക്കുന്നതിനുള്ള സാധ്യതയും കൂടി. കാരണം ഇന്ന് നഗരങ്ങളിലാണ് ജനങ്ങൾ കൂടുതലായി ജീവിക്കുന്നത്. ഇത് സമൂഹ വ്യാപനത്തിലേയ്ക്ക് നയിക്കുന്നു. ജാഗ്രതയാണ് നമുക്ക് ആവശ്യം. പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് നമ്മുടെ കർത്തവ്യമാണ്. ജീവജാലങ്ങളെയെല്ലാം പരിപാലിക്കുന്നത് പ്രകൃതിയാണ്.അതിൽ മനുഷ്യനും പെടും. മനുഷ്യർക്ക് മാത്രമായി പ്രത്യേകിച്ച് ഒരു മഹത്വവും അവകാശപ്പെടാനില്ല. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ശുദ്ധവായുവും ശുദ്ധജലവും വെറും സങ്കല്പം മാത്രമായി മാറുന്നു. അതിനാൽ മനുഷ്യരാശിയുടെ മാത്രമല്ല സകല ജീവജാലങ്ങളുടെയും ആരോഗ്യപൂർണമായ നിലനിൽപ്പിന് പരിസ്ഥിതിയെയും അതിന്റെ വൈവിധ്യത്തെയും സംരക്ഷിച്ചേ മതിയാവൂ.
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം