സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/അക്ഷരവൃക്ഷം/ക്ഷണിക്കപ്പെടാത്ത അതിഥി
ക്ഷണിക്കപ്പെടാത്ത അതിഥി
ഒരു സായാഹ്നത്തിൽ പതിവുപോലെ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന മാലാഖ ചിറകുകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് എന്റെ അരികിലേക്ക് മന്ദം മന്ദം നടന്നു വരുന്നു. എന്താണ് എനിക്ക് നൽകുന്നത് എന്ന് ചോദിക്കണം എന്നുണ്ട് പക്ഷേ ജീവൻ ഇനിയും നില നിൽക്കുന്നല്ലോ എന്ന ആശ്വാസം ഉള്ളതുകൊണ്ട് ഒന്നും ചോദിക്കാൻ കഴിയുന്നില്ല. സ്രവം പരിശോധിക്കുന്നു. രണ്ടുവട്ടം പരിശോധിച്ചു കഴിഞ്ഞപ്പോഴും പോസിറ്റീവ് ആയിരുന്നു. വീണ്ടും പരിശോധനയ്ക്ക് കൊണ്ടുപോവുകയാണ്. വീണ്ടും പരിശോധനയ്ക്ക് കൊണ്ടുപോകുകയാണ്. കഴിഞ്ഞ രണ്ടു തവണയും എനിക്ക് ഉണ്ടായിരുന്ന പ്രതീക്ഷ ഇത്തവണ വളരെ കുറവാണ്. ഒപ്പം ഉണ്ടായിരുന്ന പലരും വീടുകളിലേക്ക് തിരിച്ചു പോയി. ഇപ്പോൾ ഞാനും ഒരു സുഹൃത്തും മാത്രമായി ഇവിടെ. അദ്ദേഹം കുറച്ച് പ്രായമുള്ള വ്യക്തിയാണ്. മകളുടെ വിവാഹം കൂടാൻ വന്നതാണ്. പ്രായാധിക്യം കൊണ്ട് പലവക രോഗങ്ങളും അദ്ദേഹത്തിന് ഉണ്ട്. ഗൾഫിൽ നിന്ന് വിമാനം കയറിയപ്പോൾ മുതൽ കൂടെ ഉണ്ടായിരുന്ന വ്യക്തി ആയതുകൊണ്ട് തന്നെ ഞങ്ങൾ വളരെ അടുത്തു. അദ്ദേഹത്തിൻറെ പതിനെട്ടാം വയസ്സിൽ ഗൾഫിൽ വന്നതാണ്. ജീവിതം എന്തെന്ന് അറിയാത്ത കാലം. കൂടെ വന്നവരൊക്കെ പലയിടത്തായി പോയി. ഇദ്ദേഹം ചുട്ടുപൊള്ളുന്ന മരുഭൂമിയിലും ഒരുപാട് യാതനകൾ സഹിച്ചു ക്ഷമിച്ചു നിന്നു. ആ യാതനയിലും അദ്ദേഹത്തിന് പിടിച്ചുനിൽക്കാൻ സഹായിച്ചത് അമ്മയുടെ വാക്കുകളും പെങ്ങളുടെ വിവാഹവും ആയിരുന്നു. അങ്ങനെ ഒരു മകനെയും സഹോദരനെയും കടമകൾ ഓരോന്നായി അദ്ദേഹം നിറവേറ്റി. അമ്മയുടെ കടുത്ത നിർബന്ധത്തിന് ഒടുവിൽ വിവാഹിതനായി. ഒരു മകളും ഉണ്ടായി. അവൾ ഇപ്പോൾ വളർന്നു വലുതായി വിവാഹത്തിന് തൻറെ അച്ഛൻറെ വരവും കാത്തു നിൽക്കുന്നു. അപ്പോഴാണ് ഞാൻ ആ സന്തോഷ വാർത്ത അറിഞ്ഞത്. "മിഥുനെ ഞാൻ രക്ഷപ്പെട്ടടാ! എൻറെ മോളുടെ പ്രാർത്ഥന ഈശ്വരൻ കൈകൊണ്ടു. എനിക്ക് വീട്ടിൽ പോകാം. മകളുടെ വിവാഹത്തിന് കൂടാൻ സാധിക്കും". വളരെയധികം സന്തോഷം ഉണ്ടായെങ്കിലും ഒരു ഏകാന്തത എനിക്ക് അനുഭവപ്പെട്ടു. എങ്കിലും ഞാൻ ഒന്നും പ്രകടിപ്പിക്കാതെ എൻറെ സുഹൃത്തിൻറെ സന്തോഷത്തിൽ പങ്കു ചേർന്നു യാത്രയാക്കി. അദ്ദേഹം വിട്ടുപോകുന്ന നിമിഷത്തിൽ ഏകാന്തതയുടെ അഗാധഗർത്തത്തിൽ ഞാൻ വീണു പോയി. ഇപ്പോൾ സമയം ഏകദേശം എട്ടു മണി ആയി. അത്താഴം എത്തിക്കഴിഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പോയ വിവരം ഓർക്കാതെ ഞാനയാളെ തിരക്കി നടന്നു. വൈകിയാണ് ഞാൻ ഇപ്പോൾ ഏകൻ ആണെന്ന സത്യം തിരിച്ചറിഞ്ഞത്. ആഹാരം കഴിക്കാൻ മനസ്സുവരുന്നില്ല. എങ്കിലും ആരോഗ്യം സൂക്ഷിക്കണമെന്ന ഡോക്ടറുടെ നിർദേശത്തെ മാനിച്ചുകൊണ്ട് ആഹാരം കഴിച്ചു. അപ്പോൾ ഒരു നഴ്സും ഡോക്ടറും കടന്നു വന്നു. എന്നെ പരിശോധിച്ചു ഇൻജെക്ഷൻ തന്നു തിരികെപോയി. രാത്രിയുടെ ഏകാന്തതയിൽ ഞാൻ ജനലിന് അരികിലേക്ക് നടന്നു. കുളിരുള്ള ഇളം കാറ്റ് വീശുന്നുണ്ടായിരുന്നു. കടലുപോലെ വിശാലമായി കിടക്കുന്ന മാനം, വെള്ളാരം കല്ല് പോലെ തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ, തിളങ്ങിനിൽക്കുന്ന പൂർണ്ണചന്ദ്രൻ. അപ്പോഴാണ് നിശബ്ദതയെ കീറിമുറിച്ചത് പോലെ അവളുടെ കരച്ചിൽ ആ മുറിയാകെ പടർന്നത്. വെറും നാലു വയസ്സു മാത്രമുള്ള കുഞ്ഞിന്റെ കരച്ചിൽ എന്റെ ഹൃദയത്തിൽ തൊട്ടു. "ദൈവമേ നീ ഇത്രയും വലിയ വികൃതി ആ കുഞ്ഞിനോട് ചെയ്യും എന്ന് ആരറിഞ്ഞു എന്റെ ഐശു മോളെ ഞാൻ ഓർത്തു പോകുന്നു". അവളുടെ കിളികൊഞ്ചൽ, കുസൃതി ഒക്കെയും ഓർമവരുന്നു. എന്റെ പൊന്നുമോളെ ഒരു നോക്ക് കാണുവാൻ വേണ്ടിയാണ് ഈ അച്ഛൻ ഓടി വന്നത്. ഞാൻ അറിയാതെ വിതുമ്പിപ്പോയി. ഒരുപാട് വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് ഞാൻ ആദ്യമായി എന്റെ മോളെ കാണാൻ നാട്ടിൽ വരുന്നത്. ജനിച്ചതിൽ പിന്നെ ഞാൻ അവളെ വീഡിയോ കോളിലൂടെ മാത്രമേ കണ്ടിട്ടുള്ളൂ. എന്റെ സ്നേഹം മുഴുവനും നൽകാനാണ് ഞാൻ ഓടി വന്നത്. ഉടുപ്പുകളും മിഠായിയും കളിപ്പാട്ടങ്ങളും ഒക്കെ കൊണ്ട് ഒരുപാട് പ്രതീക്ഷയോടെ... പക്ഷേ വിധി എന്നെ ഇവിടെ എത്തിച്ചു. എന്റെ കുഞ്ഞിന്റെ മുഖം ഒന്നു കാണാനുള്ള ഭാഗ്യം എങ്കിലും എനിക്ക് നീ തരണമേ...മോളും ഒത്തുള്ള ഒരുപാട് നല്ല നല്ല സ്വപ്നങ്ങൾ ഞാൻ കണ്ടു. അത് സാധിക്കുമോ എന്ന് എനിക്കൊരു പ്രതീക്ഷയുമില്ല. അടുത്ത ദിവസം രാവിലെ തന്നെ നേഴ്സ് എന്റെ അടുത്ത് വന്നു സന്തോഷകരമായ വാർത്ത എന്നെ അറിയിച്ചു. ഞാൻ രോഗ വിമുക്തനായ വാർത്ത. ദൈവത്തിന് ഒരായിരം നന്ദി പറഞ്ഞാൽ തീരില്ല എന്ന് അറിയാം. ഞാൻ എത്രയും വേഗം വീട്ടിലെത്താൻ ഒരുങ്ങിയപ്പോൾ എന്റെ മോളെ പോലെ കണ്ട ആ മാലാഖ കുട്ടിക്ക് എന്റെ സ്നേഹസമ്മാനമായി ഒരു പാവയെ കൊടുത്തു കൊണ്ട് ആശുപത്രിയിൽ നിന്ന് ഞാൻ വിട വാങ്ങി. യാത്രാ മധ്യത്തിൽ ഞാൻ എന്റെ സുഹൃത്തിനെ കണ്ടു. "മകളുടെ വിവാഹം കഴിഞ്ഞോ" ഞാൻ ചോദിച്ചു. അയാൾ ഒരു കരച്ചിലിനുശേഷം എന്നോട് പറഞ്ഞു." ഞാൻ ഉണ്ടെങ്കിൽ ആ വിവാഹം നടക്കില്ലെന്ന്. നിശ്ചയിച്ചുറപ്പിച്ച വിവാഹം നടന്നില്ലെങ്കിൽ എന്റെ മകൾ മരിക്കുമെന്ന്. അവളുടെ വിവാഹം കാണാൻ ഓടിയെത്തിയ എനിക്ക് ദൂരെനിന്നു കാണാൻപോലും പറ്റിയില്ലല്ലോ... "അയാൾ വിതുമ്പിപ്പോയി. "ചേട്ടൻ വിഷമിക്കരുത്. എല്ലാം ശരിയാകും. ഞാൻ വീട്ടിലേക്ക് പോവുകയാണ്"."ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്"?ഞാൻ ചോദിച്ചു. "ഒരു ചെറിയ വീടുണ്ട് ഇവിടെ അടുത്ത്. ഞാൻ അവിടെയാണ്. മകളെ കാണാൻ വന്നത് അല്ലേ... താമസിക്കേണ്ട. പോയി വരൂ.അദ്ദേഹം എന്നെ യാത്രയാക്കി. ഞാൻ വീട്ടിലെത്തി. എങ്കിലും ഉള്ളിൽ ഒരു പേടി അപ്പോഴും ബാക്കി ഉണ്ടായിരുന്നു. എനിക്ക് സ്വന്തം കുഞ്ഞിനെ കാണാൻ പറ്റുമോ. അതോ എന്റെ സുഹൃത്തിന്റെ അവസ്ഥ ഇവിടെയും ആവർത്തിക്കുമോ.എന്തും വരട്ടെ എന്ന് കരുതി ഞാൻ വീട്ടിലേക്ക് കയറി. എന്നെ പ്രതീക്ഷിച്ചന്നവണ്ണം എന്റെ അമ്മ വരാന്തയിൽ തന്നെ ഉണ്ടായിരുന്നു. അമ്മയെ കണ്ടതും ഞാൻ ഒരു കൊച്ചു കുട്ടിയെ പോലെ ഓടിച്ചെന്നു സ്കൂൾ വിട്ടു വരുമ്പോൾ എന്നെ കാത്തു നിൽക്കുന്ന അമ്മയെ പോലെയാണ് എനിക്ക് തോന്നിയത്. ഞാൻ അമ്മയെ ചുംബിച്ചു. അമ്മ എന്നെയും. സ്നേഹം പങ്കുവെച്ച് ഞങ്ങൾ വീട്ടിലേക്ക് കയറി. എന്റെ പൊന്നുമോളെ കണ്ണു നിറയുവോളം ഞാൻ കണ്ടു. ഒരുപാട് സ്നേഹത്തോടെ അവളെ എടുത്തു. അവൾ എന്നെ ചുംബിച്ചപ്പോൾ ഹൃദയതാളം കൂടുന്നത് പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്. ഒരുപാട് പാവകളും ഉടുപ്പുകളും ഞാനവൾക്കു കൊടുത്തു. എന്റെ കുടുംബം എന്നെ ഉപേക്ഷിക്കുമെന്നു ഒരു നിമിഷം ഞാൻ ആശങ്കപ്പെട്ടു പോയി. ഈശ്വരന് ഒരായിരം നന്ദി... സന്ദേശം: മറ്റുള്ളവരോട് നമുക്കുള്ള സ്നേഹം നിഷ്കളങ്കവും യാഥാർത്ഥ്യം ഉള്ളതും ആണെങ്കിൽ അവരെ നാം ഏതു പ്രതിസന്ധി ഘട്ടത്തിലും കൈവിടുകയില്ല. സമൂഹത്തിൽ ഒരുപാടുപേർ ഒറ്റപ്പെടുന്നുണ്ട്. അവരെ നാം ചേർത്തുപിടിച്ചുകൊണ്ട് നമ്മളിൽ ഒരാളായി നിർത്തി ഈ മഹാമാരിയെ കൈകോർത്ത് കൊണ്ട് നേരിടുകയാണ് വേണ്ടത്.കൊറോണയെക്കുറിച്ച് ആശങ്കപ്പെടുക അല്ല വേണ്ടത്. കരുതലാണ്... കരുതലാണ് കരുത്ത്... ഇതാവാം നമ്മുടെ മുദ്രാവാക്യം.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുനലൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ