Ssk17:Homepage/മലയാളം കഥാരചന(എച്ച്.എസ്.എസ്)/മൂന്നാം സ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്
വിഷയം -സൈബര്‍ ലോകത്ത് മഴപെയ്യുമ്പോള്‍
 മണ്‍തരിതളുടെ ആകാശം  
കാലനന്‍ കോഴി കൂവുന്ന നട്ടപ്പാതിരയ്ക്ക് ആ സ്വപ്നം വന്നുവീണത് എന്റെ അസ്ഥിത്വത്തിന്മേലായിരുന്നു. അതിന്റെ വല്ലായ്മയില്‍  ഞാന്‍ കിടന്നു ‍‍ ഞരങ്ങിയപ്പോഴാണ്‍ ‍സീറോ ബള്‍ബിനു ചിറ്റും കൂടിയ  മഴപ്പാറ്റകള്‍ അകന്നുമാറി റൂമില്‍ നിലവെളിച്ചം പരന്നത്. മോബൈല്‍ സ്ക്റീനില്‍ നിന്നും  പുറത്തുവന്ന സ്വപ്നത്തില്‍ തവള അപ്പോഴും കരഞ്ഞുകൊണ്ട് ചോരയിറ്റിച്ചു കൊന‌ണ്ടേയിരുന്നു. അവന്‍ ‍ശ്വാസംമുട്ടിച്ചുകൊന്ന അവന്റെ പെണ്‍തവള  അരികില്‍ തണുത്തുകിടക്കുുമ്പോഴാണ് അവന്‍ മണ്ണെണ്ണവിളക്കില്‍ വീണുകരി‍ഞ്ഞ ഏതോ പാറ്റയുടെ   ചിറകുകള്‍  കെട്ടിപ്പിടിച്ചു കരയുന്നത്. കണ്ണു ചെവിയും മുറുക്കെയടച്ച്, നാവുകടിച്ച് ചോര വരുത്തിച്ചു നീ എന്തിനാണവളഎ കൊന്നതെന്ന് ചോദിച്ച് ചോദിച്ച് എനിക്ക് ഭ്രാന്തെടുത്തുതുടങ്ങിയിരുന്നു. ഒടുക്കം ഒരു അവയാനത്തെ വിളിച്ചുചോദ്യത്തിനു ശേഷമാണ് ഞാന്‍ ഞെട്ടിയുണരുന്നത്.

 അപ്പോഴാണ്, കിടക്കയിലരികത്ത്സ്വപ്നമില്ലായെന്ന് ഞാന്‍ തിരിച്ചറിയുന്നത്!

'''വേട്ടക്കാരന്‍'''

എനിക്ക് തവളയുടെ മുഖമാണുള്ളത് കല്ല്യാണം കഴിഞ്ഞതു മുതലുള്ള സ്വപ്നം പറച്ചിലായിരുന്നു. അങ്ങനെ പറഞ്ഞ് തിരിഞ്ഞുനിന്ന് അവള്‍ ചപ്പാത്തി പരത്തുമ്പോഴൊക്കെ അടിച്ചുപരത്തിയ ചപ്പാത്തിമാവിലും, അവളുടെ മുന്നില്‍ വച്ച പഴയ നോക്കിയാ ഫോണിലും എനിക്ക് അവളുടെ മുഖം കാണാറുണ്ട്. അപ്പൊഴൊക്കെ ഞാന്‍ ചുണ്ടുകൂട്ടിപ്പിടിച്ച ചിരിയും ചിരിച്ച് ‍‍സെല്‍ഫിയെടുത്ത് ഫെയ്സ്ബുക്കിലിടാറുണ്ട്... അതിന്റെ ലൈക്കുകള്‍ അവളെ കാണിച്ച് പൊട്ടി ചിരിക്കാറുണ്ട്. അങ്ങനെ ഒരു നിലാവുള്ള രാത്രിയില്‍ എന്റെ പുതിയ പ്രൊഫൈല്‍ ഫോട്ടോ കണ്ട് അവള്‍ പേടിച്ചലറിയതു മുതലാണ് എന്റെ തലയ്ക്കല്‍ ഇടിത്തീ പോലെന്തോ ഒന്ന് വന്നുവീഴുന്നത്... അതിന് അവള്‍ ഈയിടെ പത്രത്തില്‍ കണ്ട ഏതോ പീഢനകേസിലെ പ്രതിയുടെ ഛായയായിരുന്നുവത്രെ... അന്ന് രാത്രി തവള ആദ്യമായെന്റെ സ്വപ്നത്തില്‍ വന്നു. വെണ്ണ കൊതിച്ച് തൈരുകുടത്തില്‍ പെട്ടുപോയ തവളയായിരിക്കും എന്നു കരുതി, ഞാന്‍ സ്വപ്നയെ വിളിച്ച് പിന്നാമ്പുറത്ത് ചോറെടുത്തുവയ്ക്കുവാന്‍ പറഞ്ഞു. പക്ഷേ, ഉറക്കത്തിന്റെ ആലസ്യത്തില്‍ അവളതു കേട്ടില്ല. പക്ഷേ, അത് ആ തവളയായിരുന്നില്ല.
         അത്, പണ്ട് മനയിടെ കുളത്തിലെ കളികള്‍ക്കിടയില്‍ ഞാന്‍ കണിയാനെ (തുമ്പി) കാട്ടി കൊതിപ്പിച്ച തവളയായിരുന്നു.
                 'കണിയാനെ പിടിച്ഛ്വാ?'
                 'ആ'
                 'കല്ലെടുത്ത്വാ?'
                 'ഇല്ല'
                 'എടുപ്പിക്കറാ'
                 'തവള ഇണ്ടോന്ന് നോക്കട്ട്'-ഇന്നേവരെ കണിയാനെ തുറന്നു വിടാത്ത ഒരു കളികളിലും എനിക്ക് രസം തോന്നിയിട്ടില്ല. 
     വാലില്‍ നൂലു കെട്ടിത്തൂക്കി ഞങ്ങളുടെ കയ്യിലിരിക്കുന്ന കണിയാനെ തവളയുടെ വായ്ത്തലയ്ക്കല്‍ കൊണ്ടുവരണം. വിശക്കുന്ന തവലയ്ക്ക് കണിയാനെ കാട്ടി കൊടുക്കണം. കൊതിപിടിച്ചു കൊണ്ടവന്‍ ഇരയ്ക്കുവേണ്ടി നാവുനീട്ടുന്നത് നോക്കിച്ചിരിക്കണം. ഒടുക്കം, വായില്‍ നിന്നു വെള്ളമൊലിക്കുന്ന തവളയെ നിരാശനാക്കി കൊണ്ട്, കണിയാനെ തിരിച്ചു കയ്യിലെടുക്കണം.
ഹാ!

'''ഇര'''

അന്നൊരു രാത്രി ഞങ്ങളുടെ വീട്ടിലെ ടി വി നിര്‍ത്താതെ ചലിട്ടു കൊണ്ടേയിരുന്നു. രാത്രിയുടെ നീലനിറത്തോട് ഇടകലര്‍ന്ന് ഒരു അന്തിപ്പടത്തിന്റെ പലനിറങ്ങള്‍ അയല്‍വീട്ടിലെ ജനലുകളിലൂടെ അരിച്ചിറങ്ങി.
      അവളുടെ ഇന്റര്‍നെറ്റ് ഭ്രമം എനിക്കൊരു പുതുമയേ ആയിരുന്നില്ല. പക്ഷേ, ജോലികളെല്ലാം കഴിഞ്ഞ് വീ‍ട്ടിലെത്തുന്ന ഭര്‍ത്താവിന് ഒരു ചായ കൊടുക്കാത്തതിലായിരുന്നില്ല എന്റെ പ്രതിഷേധങ്ങളൊന്നും. പക്ഷേ, അത് ഒാണ്‍ലൈന്‍ ഷോപ്പിംങ്ങ് സൈറ്റുകളിലെ കണ്ണു കുത്തി തുളയ്ക്കുന്ന നിറങ്ങളെല്ലാം ചൂടുള്ള ആവേഗങ്ങളായി കടന്നുവന്ന അവളുടെ തലച്ചോറിനെ തന്നെ പുഴുക്കളാക്കും എന്നതായിരുന്നു.
      അപ്പോള്‍ ടി വി സ്ക്രീനില്‍ ഏതൊ രാത്രി സീരിയലിന്റെ സമയം തെറ്റിയ ആവര്‍ത്തനമായിരുന്നു. ആദിരാത്രിസീനില്‍ നായകനും നായികയും മുല്ലപ്പൂമണത്തിന്റെ ടേബിള്‍ഫാന്‍ കാറ്റില്‍ നാളയെക്കുറിച്ചു പറഞ്ഞതില്‍ ചിലതു മാത്രം എന്റെ ചെവികളില്‍ തട്ടി താഴെ വീണു മരിച്ചു. ഫേസ്ബുക്കില്‍ ചില ഇടനാഴികളിങ്ങനെയാണ്... കണ്ണുചിമ്മിപ്പോകുന്ന വെളിച്ചത്തിലും പ്രതിബിംബങ്ങളില്ലാത്തവയാണ്. ഇബോക്സിന്റെ ചങ്ങലകളിലെവിടെയോ ആ മുകളിലേക്കു കയറ്റിവെച്ചവെളുത്ത കാലുകളുടെ ചിത്രം കുരുങ്ങിപ്പോയിട്ടുണ്ട്. അവ്യക്തതയുടെ മൂടുപടത്തില്‍ ചൂടന്‍തരംഗങ്ങള്‍ കിനിഞ്ഞുവരുന്ന സുഖമാണ്... മടുപ്പു നിറഞ്ഞ രാത്രികളിലും കീ ബോര്‍ഡ് അമര്‍ത്തി നിശ്ചലത്വം വന്ന കൈവിരലുകള്‍ ഇക്കിളിപ്പെടുത്തുന്ന ഉറക്കമില്ലായ്മകളാണ്...പെട്ടെന്നായിരുന്നു അവള്‍ എന്റെ മൊബൈല്‍ സ്ക്രീനിലേക്ക് മുഖം തിരിച്ചത്... അവള്‍ കാണാതെ എത്രനാള് മറച്ചു പിടിച്ചതാണെന്നറിയുമോ? പുതപ്പില്‍‌ അമര്‍ത്തിപ്പിടിച്ചുറങ്ങുന്ന അവളുടെ വിയര്‍പ്പിന്റെ നനവുകൊണ്ടാണ് ചിലരാത്രികളില്‍ എഴുന്നേറ്റിറങ്ങിപ്പോകാറുള്ളത്. പക്ഷേ, മലയുടെ അവസാനത്തെ ചരിവും ചവിട്ടിക്കയറിയിട്ടും, ആകാശം തൊടാറായവന്റെ കാലിനുകീഴിലെ മണ്ണൂര്‍ന്നുപ്പോയതുപോലെ... അവളുടെ മുഖത്ത് വെറുപ്പിന്റെ ചുഴികള്‍ കണ്ടില്ല. കണ്ണീരിന്റെ അലകള്‍ കണ്ടില്ല. എണ്ണമില്ലാത്തത്ര ഡിലീറ്റ് ബട്ടണിന്റെ ശുദ്ധികലശം കഴിഞ്ഞിട്ടും ബാക്കിയുണ്ടായിരുന്ന ചില നീലനിറത്തിലുള്ളഅക്ഷരങ്ങളും സ്വപ്ലങ്ങളും കണ്ടിട്ടുള്ള നിരാശകളില്ല. പ്രൊഫൈല്‍ ചിത്രത്തിലെ വെളുത്ത കാലുകളിലൂടെ പിരിഞ്ഞിറങ്ങാനുള്ള എന്റെ കൈകളുടെ കൊതി കണ്ടിട്ടുള്ള വിഭ്രാന്തികളില്ല. പകരം, അവള്‍ ഒന്നു മുകളിലേക്കു നോക്കുകമാത്രം ചെയ്തു. 
       "എനിക്കുമുണ്ടോരു ഫേക്ക് ഐഡി. പക്ഷേ, ആരോടും ചാറ്റു ചെയ്യാനൊന്ന്വല്ല. എന്തേലും എഴുതാന്‍, വായിക്കാന്‍..എന്റെ പേരിലുണ്ടായിരുന്ന അക്കൗണ്ട് നിങ്ങളുടെ ആലോചന  വന്ന സമയത്ത് അമ്മ എന്നെ കൊണ്ട് ഡിലീറ്റ് ചെയ്യിപ്പിച്ചു."-പുറത്ത് ചാറ്റല്‍ മഴ പെയ്യുന്നതിന്റെ തണുപ്പ് എന്നെ കുത്തി നോവിച്ചു.അന്ന്, അവള്‍ ഒഴിവുനേരത്ത് പൊട്ടിച്ചുതീര്‍ത്തകുമിളുകള്‍ കൂടിയുള്ള കവറും തകര്‍ന്ന് ടി വി റിമോട്ട് നിാലു മൂലകളിലേക്കും തെറിത്തും ടി വി സ്ക്രീനില്‍ അപ്പോള്‍ ഏറ്റുപറച്ചിലുകളെല്ലാം കഴിഞ്ഞ് നായകനും നായികയും പരസ്പരം പുറം തിരിഞ്ഞു കിടക്കുകയായിരുന്നു. ആമാശയത്തില്‍ ദഹിക്കാതെ കിടന്ന എന്തൊക്കയേ കൂടി പുളിച്ചുതികട്ടിവന്ന്, ഞാന്‍ കക്കൂസിലിരിക്കുന്നതുപോലെ അമര്‍ന്നിരുന്നു. സീരിയലുകളെല്ലാം കഴിഞ്ഞ്, അന്തിപ്പടം തുടങ്ങിയിട്ടും അവള്‍ കൊട്ടിയടച്ച മുറിയുടെ വാതില്‍ തുറക്കാതായപ്പോള്‍ ജനലരികില്‍ തവളയുടെ വിളിക്കുവേണ്ടി കാതോര്‍ത്തു.
       
        തവള അന്ന് വെറുതേ നിന്ന് ചിരിച്ചതേയുള്ളൂ. "നിനക്കോര്‍മീണ്ടാ...അന്ന് നിന്റെ വീട്ടിലെ മുറ്റത്ത്..."-തവളയും മനസ്സും ഒരുപോലെ ചേദിച്ചു. മനസ്സില്‍ ഉരു എരിവുകറിയുടെ തിള പൊന്തിവന്നു.
        
         അത് ഒരു ഇരുണ്ട മഴക്കാലയായാഹ്നമായിരുന്നു... വീട്ടുമുറ്റത്താകെ വണ്ടിന്റെ മുരള്‍ച്ചകള്‍ മാത്രം... വണ്ടിനെ പിടിച്ച് തള്ളവിരലില്‍ കടിക്കുന്ന വേദനയറിയുന്നത്ഒരു ഭ്രാന്തന്‍ വിനോദമായിരുന്നു... വരാന്തയുടെ മൂലയിലിരുന്ന് വണ്ടിനെ നാവുചുഴറ്റി പിടിക്കുന്ന പച്ചത്തവളയെ കണ്ടതും ഒരൊറ്റ പിടഞ്ഞെഴുന്നേല്‍ക്കലായിരുന്നു. മോന്തായത്തില്‍ നിന്ന് അടര്‍ന്നുവീണ മരക്കഷ്ണം കയ്യിലെടുത്ത് നഖത്തിനിടയില്‍ നിന്നും ചളിയുടെ പീള ഞെക്കിക്കളയുന്ന തവളയെ ഒരൊറ്റ ആഞ്ഞടിക്കലായിരുന്നു... വായില്‍ നിന്നും പുറത്തുവീണ വണ്ട് മലര്‍ന്ന് കിടന്ന് കൈകാലിട്ടടിച്ചു. ഒടുക്കം, ശ്വായം മുട്ടി മരിച്ചു.

                         തവള അപ്പോഴും നിന്നു ചിരിക്കുകയാണ്... ഒരു വല്ലാത്ത ചിരി... ആ ചിരിയുടെ അവസാനം അപ്പുറത്തെ മുറിയില്‍ നിന്നും അവളുടെ കൂര്‍ക്കംവലി കേട്ടു... ഒരു മൂക്കടപ്പിന്റെ അസ്വസ്ഥതയായിരുന്നില്ല എനിക്കത്... പലതിന്റെയും തുറന്നുവിടലായിരുന്നു.ഇത്രനാള്‍ ‍‍‍‍ഞാനെന്തേ അവളുടെ കൂര്‍ക്കംവലി കേട്ടില്ല? 

	 ചേവികുചുറ്റും വട്ടം പിടിച്ച് തവള പറ‍ഞ്ഞു:'അവളെ പേടിക്കണം'. അവള്‍ കിടന്നിരുന്ന മുറിയില്‍ ചെന്നെത്തിനോക്കിയപ്പോള്‍,തവള പറഞ്ഞതുപോലെ അവള്‍ ലാപ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ടോപിനു മുന്നില്‍ സ്റ്റാറ്റസുക്കള്‍ രചിച്ച് നിലാവില്‍ നിലചിരിക്കുകയായിരുന്നു.അതിന്റെ മെസജ് ബട്ടണില്‍ ചുവന്ന നിറത്തില്‍ പന്ത്രണ്ട് എന്നെഴുത്തിയിരിക്കുന്നു.
							
         പിറ്റെദിവസം ,നിലാവിന്റെ നിറത്തോട്ഒത്തുനോക്കി,ഞാന്‍ ഒരു നീല നിറത്തിലുള്ള സീറോ ബള്‍ബ് വാങ്ങി.എന്നോടൊപ്പം അവള്‍ കിടക്കാറുള്ള  മുറിയില്‍ കത്തിച്ചിട്ടു ഒപ്പം,ടെലിഫോണ്‍ എക്സചെഞ്ചില്‍ വിളിച്ച് കണക്ഷന്‍ കട്ട് ചെയിപ്പിച്ചു

കൊല

	പതിവുതെറ്റിച്ചു തവള എന്റെ അടുക്കളപ്പുറത്ത് വന്നുനിന്നുകിതച്ചു.കണ്ണില്‍ വിശപ്പിന്റെ കനല്‍ കണ്ടപ്പോ ഞാല്‍  ഇത്തിരി ചോറെടുത്ത് മുന്നില്‍  വെച്ചു. സാമ്പറിലെ മൂന്നുനാല്‍ വെണ്ടക്കാ ക‍ഷണം മാത്രം.തിന്ന് അവന്‍ തിരിച്ചുപോയി.വെണ്ടക്കയെടുത്ത് തിരിച്ചും മറിച്ചും നോക്കിയപ്പോള്‍ എനിക്കവളുടെ വിരലിന്റെ ആകൃതി തോന്നി
അന്നാദ്യമായി പശപശപ്പു മറന്ന് വെണ്ടയ്ക്കാ എന്റെ തൊണ്ടയിലുടെയിറങ്ങി.

         ചിലപ്പൊഴൊക്കെ അവളങ്ങനെയാണ്.വെറുതെ കിടകയില്‍ തലചുറ്റികിടക്കും.അപ്പോഴും മേറൂണ്‍ നിറത്തിലുള്ള ചോര കാലിണകളിലുടെ ഒലിച്ച് പാദസരങ്ങളില്‍ തങ്ങിനില്‍ക്കുന്നുണ്ടാവും.എന്റെ വിയര്‍ തുള്ളി വീണ് താലിമാല മേല്‍ അമ്ലത്വത്തിന്റെ കറ പരന്നിട്ടുണ്ടാവും. അപ്പോഴൊന്നും
 ഞാനറിഞ്ഞിരുന്നില്ല, തലചുറ്റലില്‍ നിന്നും അവള്‍ കണ്ണുതുറന്നത്.ഫേസ്ബുക്ക് നോട്ടിഫിക്കേ‍ഷന്‍ കേട്ടിട്ടായിരുന്നുവെന്ന്.

         താലിമാലയേറ്റ് അവളുടെകഴുത്ത്മുറിഞ്ഞ അങ്ങനെയൊരു രാത്രിയിലാണ്, തവളയുടെ വിളികേട്ട്  എന്റെ തല കട്ടിലിലാഞ്ഞടിക്കുന്നത്

		കൊളത്തിലെ മീനെല്ലാം ചത്ത്പൊങ്ങ്ന്ന്...മഴപ്പാറ്റയെല്ലാം വിളക്കുതേടിപ്പോയി...കണിയാന്‍പ്പാറ്റ സോപ്പ് വെള്ളം കുടിച്ച് ചത്തു.
എനക്ക് ബശക്ക്ന്ന്,ഈട ഒരു എരേന്റെ മണം കേട്ടിറ്റ് വന്യാന്ന്.ഈട വന്നേരാന്നറിയ്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ന്ന് എരേനക്കാളും വേട്ടക്കാരനാന്നില്ല്ന്ന്.
മൊബൈലില്‍ വെള്ളുത്ത കാലുക്കള്‍കുവേണ്ടി മാത്രം സെറ്റ് ചെയ്യത് റിങ്ട്ടോണ്‍ മുഴങ്ങി.തവള മഴക്കാറിനു നേരെ നോക്കികരഞ്ഞു.അവന്‍ മുഖം തിരിക്കും മുന്‍പേ ഞാന്‍ സ്വപ്നയുടെ പുതപ്പിനുള്ളില്‍ നിന്ന് താലിമാലയെടുത്ത് പുറത്തിട്ടു.

അതിനുശേഷം ഇന്നാണ് തവള എന്റെ അടുത്ത് വരുന്നത്. ഒരു അവസാനത്തെ ക്ഷിണിച്ച ചോദ്യം എന്നില്‍ നിന്ന് പുറത്തു വന്നു. 
"നീ എന്തിനാണ് നിന്റെ പെണ്‍ തവളയെ കൊന്നത്?"

"വിശന്നിട്ട്"
"തിന്നാനോ?"
"അല്ല, തിന്നാതിരിക്കാന്‍"
"ഏ?"
"ഒാളാരേം തിന്നാതിരിക്കാന്‍"

                         അവസാനത്തെ പാറ്റയ്ക്കുവേണ്ടി അവന്‍ നടത്തിയ കൊല...അവസാനത്തെ പാറ്റയും ചത്തുവെന്നറിഞ്ഞപ്പോള്‍ അവന്‍ കരഞ്ഞ കരച്ചില്‍...
ഒരു സിനിമാറ്റിക് ക്ലീഷേ തലയ്ക്കുവന്നടിക്കുമ്പോള്‍ അരികില്‍ ആകാശം കാണാതെ മറച്ചുപിടിച്ചൊന്നിനെ കാണാതായത് ഞാന്‍ അറിഞ്ഞത്. വൈ-ഫൈ തരംഗത്തിന് വേണ്ടി അവള്‍ നിലാവുത്തേടിയിറങ്ങിയിട്ടുണ്ടാകുമോ? തവളയുടെ വര്‍ത്തമാനത്തില്‍ മുങ്ങി, ഞാനവളെ കഴുത്തു ഞൊരിട്ടു കൊന്നിട്ടുണ്ടാകുമോ? അവള് പലപ്പോഴും അടുക്കള പുറത്തിരുന്ന് ആകാശം നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ ടെലിഫോണ്‍ ലൈനുകള്‍ക്കിടയിലൂടെ... അപ്പോഴൊക്കെ ഞാനവള്‍ക്ക് നിലത്തുകൂടിയിഴയുന്ന കുഴിയീനകളേയൊ പൂഴിയില്‍ പതയ്ക്കുന്ന  മണ്ണിരകളേയൊ കാട്ടികൊടുത്തിട്ടുണ്ട്.
അതുകൊണ്ടായിരിക്കും അവള്‍ ബ്രോഡ്ബാന്റ് റിപ്പയറുടെ കുടെ ഒളിചൊടിപ്പോയത്...

'''സെല്‍ഫി'''

കല്ല്യാണം കഴിഞ്ഞ് ആദ്യ ഒരാഴ്ച അവള്‍ കാലോടിഞ്ഞു കിടന്നിരുന്നു. അത് ഏഴിമലക്കുന്നിലെ എന്റെ ഭ്രാന്തായിരുന്നു. കുന്നിന്‍ ചെരുവില്‍ നിന്ന് അവളുടെ കൈ പിടിച്ച് സെല്‍ഫിയെടുക്കണം...താഴ്വാരത്തേക്കു നോക്കി നില്‍ക്കുന്ന അവളുടെ മുഖം അവ്യക്തമാക്കി ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്യണം... അവള്‍ മുട്ടുകുത്തിവീണതും...

        എന്റെ ചങ്കിലുടെ ഒരു മൊബൈല്‍ ഫ്ലാഷ് കടന്നു പോയി. അവള്‍ കിടന്ന നാളുകളിലത്രയും എന്റെ കണ്ണില്‍ തിമിരത്തിന്റെ പീളകള്‍ വന്നടിഞ്ഞികൊണ്ടേയിരുന്നു.
        ഒടുക്കം, തലകുനിച്ചു ഞാന്‍ അവള്‍ക്കരികില്‍ ചെന്നിരുന്നു. പക്ഷേ, അപ്പോള്‍ അവള്‍ പറഞ്ഞതുകേട്ട് എന്റെ കണ്ണഅില്‍ ആയിരം ചോരഞരമ്പുവന്നിട്ടുണ്‍ാവും...

'ഞാന്‍ വീണത്‍ ഞാന്‍ കാരണതന്ന്യാ.കുന്നിനു മുകളില്‍ അങ്ങേതലയ്ക്കല്‍ നില്‍ക്കുന്ന എന്റെ ഒരു ഫെയ്സ് ബുക്ക് ഫ്രണ്ടിനെ കണ്ട് ഞാന്‍
 തലയുയര്‍ത്തിയതുകൊണ്ടാ എനിക്ക് കാലു തെന്ന്യേ...'

        പുറത്ത് കാറ്റിനോടൊപ്പം ആകാശം തൊടാന്‍ കൊതിച്ച് മണ്‍തരികള്‍ പൊങ്ങി പറന്നു. കാറ്റിനോടൊപ്പം എത്താനാവാത്ത നിരാശ മുഴുവന്‍ അവ എന്റെ കണ്ണരുകുകളെ മാന്തിത്തീര്‍ത്തു. അവളെ തിരഞ്ഞ് ഒടുക്കം എത്തിയത് ഒരു  മൊബൈല്‍ ടവറിനു കീഴിലായിരുന്നു... ടവറിനു മുകളില്‍ താഴേക്കു തലകുത്തി കിടക്കുന്നത് അവളായിരുന്നു... അവളുടെ കഴുത്തില്‍ വെളുത്ത പത പറ്റിപ്പിടിച്ചിട്ടുണ്ടായിരുന്നു.അത് ആരുടെ ഉമിനീരായിരുന്നു?..അവളുടെ ചുണ്ടിനു കീഴില്‍ നിന്ന് താഴേക്ക് ഒലിച്ചിറങ്ങിയ ചോരയില്‍ ഇരിക്കാന്‍ ഈച്ചകള്‍ തിടുക്കം കൂട്ടി. ചതിയുടെ വെയില്‍ എന്നെ ചുട്ടു കരിച്ചു... വിലക്കപ്പെട്ട ആകാശം തേടിപ്പോയവള്‍.....ഒരു മഴത്തുള്ളി വന്ന് കഴുത്തില്‍ വീണു... ഞാന്‍ കഴുത്തില്‍ വീശുന്ന വെയിലില്‍ നിന്നുണര്‍ന്നു... അവള്‍ മുഖമുയര്‍ത്തി... അവളുടെ പച്ചഷാള്‍ ആകാശത്തെ തൊട്ടുരുമുകയാണ്... കഴുത്തിലെ പത, അവളുടെ ആര്‍ത്തലയ്ക്കലിന്റേതായിരുന്നു... ചുണ്ടിലെ ചോര ചിരിച്ചു ചിരിച്ചു ചുണ്ചു കടിച്ചപ്പോള്‍ ചുണ്ടില്‍ നിന്ന് പൊടിഞ്ഞതായിരുന്നു. അപ്പോഴേക്കും പേമാരി പൊഴിയാന്‍ തുടങ്ങിയിരുന്നു... അവള്‍ എന്നെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ടേയിരുന്നു... ആയിരം ഫേയ്സ് ബുക്ക് സ്റ്റാറ്റസുകള്‍ അവള്‍ വിളിച്ചു പറഞ്ഞഅുകൊണ്ടേയിരുന്നു. പെണ്ണിടത്തില്‍ ചവിട്ടി നിന്ന അവള്‍ മേഘത്തെ കൂട്ടു വിളിച്ചു..... അവളുടെ ഒഴിഞ്ഞുകിടന്ന മെസേജ് ബോക്സ് എന്റെ കണ്ണില്‍ വെളിച്ചമുതിര്‍ത്തു...മുറിവുകള്‍ക്കുമേല്‍ വീണ മഴയുടെ പുകച്ചിലില്‍ ഞാന്‍ പിടഞ്ഞു കൊണ്ടേയിരുന്നു... പൊടുന്നനെ എനിക്കൊരു കരച്ചില്‍ വന്നു... മഴപ്പാറ്റയെ കെട്ടിപ്പിടിച്ച് തവള കരഞ്ഞ അതേ കരച്ചില്‍...വെളുത്ത കാലുകളില്‍ ചുറ്റിവരിഞ്ഞ് കാണാന്‍ കൊതിച്ച അതേ മുറിവ്... കാരണം, അവള്‍ തന്നെയായിരുന്നു എന്റെ ഇരയും-സ്വപ്ന!

         നിര്‍ത്താതെ പെയ്യുന്ന മഴയുടെ വിപരീതതാളത്തില്‍ എവിടെ നിന്നോ തവള കരഞ്ഞു വിളിച്ചു കൊണ്ടേയിരുന്നു.....

SAYOOJYA VIJAYAN
12, [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
എച്ച്.എസ്.എസ് വിഭാഗം മലയാളം കഥാരചന
സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}


[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ എച്ച്.എസ്.എസ് വിഭാഗം മലയാളം കഥാരചന ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ എച്ച്.എസ്.എസ് വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]]