ഇരുളിൻ്റെ മൂകതയിൽ
ചിറകിലേറ്റുന്ന സ്വപ്നങ്ങൾ...
കാലത്തിൻ്റെ ഒഴുക്കിൽ
ഈറനണിഞ്ഞു പോയവ
നിശബ്ദമായ തെരുവിലൂടെ
ഏകാന്തമായി പടവിറങ്ങി
ഇരുട്ടിനെ തേടി പോയവർ...
ഇരുളിൻ്റെ നർത്തനങ്ങളിൽ
പിടഞ്ഞു വീഴുന്നു ചിലർ.
ചിലരൊക്കെ അതിജീവിക്കുന്നു...
മറ്റു ചിലർ അവിടെ ഉറഞ്ഞു തീരുന്നു.
നിമിഷങ്ങൾ യുഗങ്ങളുടെ
ആഴം തിരഞ്ഞിറങ്ങുമ്പോൾ
ഇരവും പകലിനെത്തിരയുന്നു
പകലിൽ ചേക്കേറുന്ന
കിനാ പക്ഷികൾ
ഇരുളടഞ്ഞു പോയ സ്വപ്നങ്ങളുടെ
തപിക്കുന്ന ഉൾക്കൊമ്പിൻ്റെ
കഥകൾ പറയാൻ
മടിക്കുന്നുണ്ടാകാം...
പകൽ വെളിച്ചത്തിൽ വരണ്ടുപോയ
ചില ജീവിതങ്ങൾ പോലെ
ഉർവലിഞ്ഞു പോയ ഉറവകളായ്...