ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ്. നെടുമങ്ങാട്/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2026-27

2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ ആഘോഷമായി നടന്നു. ഈ വർഷത്തെ മുനിസിപ്പൽ തല പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം 2026 ജൂൺ 1 തിങ്കളാഴ്ച രാവിലെ 9.30 നു ബഹു: അഡ്വ.ജി.ആർ.അനിൽ MLA അവർകൾ നിർവ്വഹിച്ചു. ബഹു: നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ അഡ്വ:ആർ.ജയദേവൻ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ, സ്വാഗതം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സി.സാബു നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് വാർഡ് കൗൺസിലർമാർ, സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ, നഗരസഭ സെക്രട്ടറി, AEO, പി.ടി.എ പ്രസിഡന്റ്, എസ്.എം.സി ചെയർമാൻ, പ്രഥമാദ്ധ്യാപകൻ തുടങ്ങിയവർ സംസാരിച്ചു.

വിവിധ പരിപാടികളോടെ നടന്ന പ്രവേശനോത്സവത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. നവാഗതരെ സ്വാഗതം ചെയ്യൽ, അക്ഷരദീപം തെളിയിക്കൽ, കിരീട ധാരണം, പഠനോപകരണ വിതരണം, മധുരം നൽകൽ എന്നിവ പ്രവേശനോത്സവ ചടങ്ങിന് മാറ്റ് കൂട്ടി. വിദ്യാഭ്യാസ മന്ത്രിയുടെ തത്സമയ സന്ദേശവും, മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്‌ഘാടനത്തിന്റെ പ്രദർശനവും, പ്രവേശനോത്സവ ഗാനത്തിന്റെ സംപ്രേക്ഷണവും പ്രൊജക്ടർ വഴി സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. നിരവധി രക്ഷിതാക്കളും, പൂർവ്വ വിദ്യാർത്ഥികളും, അധ്യാപകരും, നാട്ടുകാരും പങ്കെടുത്ത പ്രവേശനോത്സവ പരിപാടിയിൽ ശ്രീമതി.അനിത ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി. വളരെ മികവാർന്ന രീതിയിൽ നടന്ന പ്രവേശനോത്സവ പരിപാടികൾ 10 മണിക്ക് അവസാനിച്ചു.