ജി.എച്ച്.എസ്. എസ്. കുമ്പള/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026–27
കളിചിരികളും പുതുപ്രതീക്ഷകളും നിറഞ്ഞ മനസ്സുകളുമായി വിദ്യാലയമുറ്റത്തെത്തിയ വിദ്യാർത്ഥികളെ ഹൃദ്യമായി വരവേറ്റുകൊണ്ട് ജി.എച്ച്.എസ്.എസ്. കുമ്പളയിൽ 2026–27 അധ്യയന വർഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശൈലജ ടീച്ചർ സ്വാഗതപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് മൊയ്തീൻ അസീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. നവാഗതരായ വിദ്യാർത്ഥികൾക്ക് എല്ലാ ആശംസകളും നേർന്നുകൊണ്ട് അദ്ദേഹം പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു.ചടങ്ങിൽ കുമ്പള പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ആരിഫ്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പൃഥ്വിരാജ് ഷെട്ടി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പുതിയ അധ്യയന വർഷത്തിലെ അക്കാദമിക ലക്ഷ്യങ്ങളും വിദ്യാലയത്തിന്റെ ഭാവി പ്രവർത്തനങ്ങളും സംബന്ധിച്ച് സ്കൂൾ പ്രിൻസിപ്പൽ സിന്ധു എൻ. മുഖ്യപ്രഭാഷണം നടത്തി.
തുടർന്ന് നടന്ന ആശംസാപ്രസംഗങ്ങളിൽ ഡയറ്റ് ഫാക്കൽറ്റി ഗിരീഷ് ബാബു, എസ്.എം.സി ചെയർമാൻ അഹമ്മദ് അലി, എം.പി.ടി.എ പ്രസിഡന്റ് വിനിഷ ഷാജി, പി.ടി.എ വൈസ് പ്രസിഡന്റ് രത്നാകരൻ കെ., എം.പി.ടി.എ വൈസ് പ്രസിഡന്റ് മഞ്ജുഷ, കൂടാതെ പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സഹീറ ലത്തീഫ്, ഖാലിദ് ബംബ്രാണ, കെ.ബി. യൂസഫ് കൊടിയമ്മ എന്നിവർ പങ്കെടുത്തു.ഹയർ സെക്കൻഡറി വിഭാഗം സീനിയർ അസിസ്റ്റന്റ് രവി മുള്ളച്ചേരിയും ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റന്റ് ഗണേഷ് കോലിയാട്ട്യും വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ വൻ ജനപങ്കാളിത്തത്തോടെ നടന്ന പ്രവേശനോത്സവം നവാഗത വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ആവേശവും പകർന്നുകൊണ്ട് പുതിയ അധ്യയന വർഷത്തിന് മികച്ച തുടക്കം കുറിച്ചു.ചടങ്ങിന് ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി മുനീറുദ്ദീൻ സി.എം. നന്ദി പ്രകാശിപ്പിച്ചു.



പരിസ്ഥിതി ദിനാചരണം 2026
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കുമ്പളയിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ജൂനിയർ റെഡ് ക്രോസ് (JRC), എക്കോ ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഫിസിക്കൽ സയൻസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ നടന്നത്. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടികളുടെ ആസൂത്രണവും നടത്തിപ്പും.
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് പി.ടി.എ പ്രസിഡന്റ് ശ്രീ. മൊയ്തീൻ അസീസ് ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ അനിയന്ത്രിതമായ പ്രകൃതി ചൂഷണം ഇന്ന് ലോകം നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി പ്രതിസന്ധികൾക്കും കാരണമായിട്ടുണ്ടെന്നും, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ സജീവ പങ്കാളികളാകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈലജ വി.ആർ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. ഭൂമിയുടെ നിലനിൽപ്പും മനുഷ്യരാശിയുടെ ഭാവിയും പരിസ്ഥിതി സംരക്ഷണവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ജീവിതശൈലി കുട്ടികൾ ചെറുപ്പം മുതൽ തന്നെ വളർത്തിയെടുക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ഏറ്റുചൊല്ലി. സ്കൂൾ പരിസരത്ത് ഫലവൃക്ഷങ്ങളുടെയും തണൽവൃക്ഷങ്ങളുടെയും തൈകൾ നട്ടുപിടിപ്പിക്കുകയും അവയുടെ സംരക്ഷണത്തിനുള്ള ഉത്തരവാദിത്വം വിവിധ ക്ലബുകൾ ഏറ്റെടുക്കുകയും ചെയ്തു. കൂടാതെ പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്ത മത്സരത്തിൽ പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് വിമുക്ത ജീവിതം, ജലസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കിയ സൃഷ്ടിപരമായ പോസ്റ്ററുകൾ അവതരിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും വിജയികൾക്ക് മൊമെന്റോകൾ വിതരണം ചെയ്യുകയും ചെയ്തു. മത്സരത്തിലൂടെ വിദ്യാർത്ഥികളുടെ സർഗാത്മകതയും പരിസ്ഥിതി ബോധവും ഒരുപോലെ പ്രോത്സാഹിപ്പിക്കാൻ സാധിച്ചു.
അധ്യാപകരായ ഹർഷ, ഹാരിസ്, ദിനേശ് കെ.വി., സെറീന, അനു സൂര്യ, സരിത, സനിത എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം, പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങൾ, ജലസംരക്ഷണത്തിന്റെ ആവശ്യകത, ജൈവവൈവിധ്യ സംരക്ഷണം, ഹരിത സംസ്കാരത്തിന്റെ പ്രസക്തി തുടങ്ങിയ വിഷയങ്ങളിൽ അധ്യാപകർ വിദ്യാർത്ഥികളുമായി സംവദിച്ചു.പരിപാടികളിൽ വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്തു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി. പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ സമാപിച്ചു.

