ഉള്ളടക്കത്തിലേക്ക് പോവുക

വി യു പി. എസ്സ് വെള്ളല്ലൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

വിസിലടിയോടെ തുടങ്ങി / വിസിലടിക്കും വിദ്യാലയം

പ്രവേശനോത്സവത്തിന് പുതുമയുമായി വെള്ളല്ലൂർ വിവേകോദയം യുപി സ്കൂൾ . പതിവ് സങ്കേതങ്ങളിൽ നിന്ന് മാറി ഉദ്ഘാടകനും മുഴുവൻ കുട്ടികളും ഒരുമിച്ച് വിസിലടിച്ചുകൊണ്ട് പുതുവർഷത്തിന് തുടക്കം കുറിച്ചു . ഒരാണ്ട് നീളുന്ന അക്കാദമിക പ്രയാണത്തിന്റെ ആവേശകരമായ തുടക്കമായി അസംബ്ലിയിൽ വിസിൽ മുഴങ്ങി . മുഴുവൻ കുട്ടികൾക്കും വർണ്ണാഭമായ വിസിലുകൾ യോഗത്തിൽ വിതരണം ചെയ്തു. കളിപ്പാട്ടം കിട്ടിയ കൗതുകവും നൂറോളം വിസിലുകൾ ഒരുമിച്ച് മുഴങ്ങുന്നതിന്റെ ഒച്ചയും കുട്ടികളെയും രക്ഷിതാക്കളെയും ആവേശഭരിതരാക്കി. മത്സരങ്ങളിൽ വിസിൽ അടിച്ചു മുന്നേറാനുള്ള ആവേശം പകർന്ന പ്രവേശനോത്സവം ശ്രീ സാബു വി ആർ (മുൻ ബ്ലോക്ക്‌ പ്രോഗ്രാം ഓഫീസർ, കിളിമാനൂർ ബ്ലോക്ക് റിസോഴ്സ് സെന്റർ, പിരപ്പമൺകാട് മാതൃകാപാടശേഖര സമിതി പ്രസിഡന്റ് )ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിന് പിടിഎ പ്രസിഡണ്ട് ശ്രീമതി ഷീജ Pഅധ്യക്ഷത വഹിച്ചു . സ്കൂൾ പ്രധമാധ്യാപിക ആശാ ദേവി സ്വാഗതം പറഞ്ഞു .

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഉപേക്ഷിക്കപ്പെട്ട ജീൻസുകളിൽ നിന്ന് കുട്ടികൾ നിർമ്മിച്ച ഗ്രോബാഗുകൾ

ഡെനിം ടു ഗ്രീൻ” (Denim to Green) – പരിസ്ഥിതി ദിനാചരണ പരിപാടി

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വി.യു.പി.എസ് വെള്ളല്ലൂരിൽ “ഡെനിം ടു ഗ്രീൻ” എന്ന പേരിൽ ഒരു ഹരിതദിന പരിപാടി സംഘടിപ്പിച്ചു. ഉപേക്ഷിക്കപ്പെട്ട ജീൻസ് തുണിത്തരങ്ങളെ പുനരുപയോഗിച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം വിദ്യാർത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

പരിപാടിയുടെ ഭാഗമായി ക്വിസ് മത്സരം, പ്രസംഗ മത്സരം, പോസ്റ്റർ രചന, ഗ്രോബാഗ് നിർമ്മാണം, പച്ചക്കറിത്തോട്ടം ഒരുക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ആവേശപൂർവം പങ്കെടുത്ത മത്സരങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കൂടുതൽ മനസ്സിലാക്കാൻ സഹായകമായി.

ഉപേക്ഷിക്കപ്പെട്ട ജീൻസ് തുണികൾ ഉപയോഗിച്ച് ഗ്രോബാഗുകൾ നിർമ്മിച്ച് അവയിൽ പച്ചക്കറി തൈകൾ നട്ടുവളർത്തുന്ന പ്രവർത്തനം പരിപാടിയുടെ പ്രധാന ആകർഷണമായി. പുനരുപയോഗത്തിന്റെ പ്രാധാന്യവും മാലിന്യനിർമാർജനത്തിന്റെ ആവശ്യകതയും കുട്ടികൾക്ക് പ്രായോഗികമായി മനസ്സിലാക്കാൻ ഇതിലൂടെ സാധിച്ചു.

പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ

“ഉപേക്ഷിച്ച ജീൻസുകൾ കൊണ്ടുവരൂ... പച്ചപ്പിന്റെ പുതിയ കഥ നമുക്ക് എഴുതാം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടി വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധവും പുനരുപയോഗ ശീലവും വളർത്തുന്നതിൽ വിജയകരമായി. പ്രകൃതിയെ സംരക്ഷിക്കുന്നതിനും ഹരിതഭാവി സൃഷ്ടിക്കുന്നതിനുമുള്ള ഓരോരുത്തരുടെയും ഉത്തരവാദിത്തം ഓർമ്മിപ്പിച്ചുകൊണ്ട് പരിപാടി സമാപിച്ചു.