ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/അധ്യാപകരുടെ രചനകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഞാൻ എന്ന കുറ്റം

——————————-

കാവിയും കാക്കിയും

കറുപ്പും വെളുപ്പും

അണിഞ്ഞവർ ചേർന്ന്

എന്നെ കൽതുറുങ്കിലടക്കുന്നു.

എന്റെ കറുത്ത താടിയും

വെളുത്ത തൊപ്പിയും

കുറ്റമായ് ചുമത്തുന്നു.

എന്റെ ആയുസ്സിൽനിന്ന് യൗവ്വനവും

മുടിയിൽനിന്നു കറുപ്പും

മനസ്സിൽനിന്നു കിനാക്കളും

പതിയെ കവർന്നെടുക്കുന്നു.

‘നിരപരാധി’യെന്നു പരിഹസിച്ച്

ഒടുവിൽ അവരെന്നെ

‘വെറുതെവിടുന്നു’.

ഞാൻ പുറത്തിറങ്ങുന്നു.

ആളുകളെന്നെ

വെറുപ്പോടെ നോക്കുന്നു.

എത്ര മായിച്ചിട്ടും

എന്റെ നെറ്റിയിലെ ‘തിവ്രവാദി മുദ്ര’

മായാതെ തിളങ്ങുന്നു.

എന്റെ തലതാഴുന്നു,

മിഴികൾ തുളുമ്പുന്നു.

മനസ്സിൽ ചുട്ടുപൊള്ളുന്ന

മരുഭൂമി നിറയുന്നു.

-ബഷീർ മിസ്അബ്-

അതിർത്തിയിലെ കിളികൾ

——————————-

അതിർത്തിയിലെ കിളികൾ ഭാഗ്യം ചെയ്തവർ. അവയ്ക്കു പരസ്പരം അതിർത്തികടന്ന് അന്നം തേടാം. അതിരുനോക്കാതെ ഇണചേരാം. ദേശീയതകളുടെ മൂർദ്ദാവിലേക്കു കാഷ്ടിക്കാം. അതിരില്ലാത്ത ആകാശത്തു പറന്ന് അതിർത്തിഭ്രാന്തരെ പരിഹസിക്കാം. അതിസാഹസം കാണിച്ച് ദേശഭക്തിയുടെ വെടിയേറ്റുവാങ്ങി ആയുസ്സിൽനിന്നു മോചിതരാവാം.

-ബഷീർ മിസ്അബ്-