ഉള്ളടക്കത്തിലേക്ക് പോവുക

മാതാ എച്ച് എസ് മണ്ണംപേട്ട/അക്ഷരവൃക്ഷം/കണ്ണീരിൽ വിരിഞ്ഞ സ്വപ്നങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണീരിൽ വിരിഞ്ഞ സ്വപ്നങ്ങൾ


വിളക്കിന്റെ തീനാളം മന്ദമായി ജ്വലിക്കുന്ന സന്ധ്യാസമയം. അടുക്കളയിൽ നിന്ന് പാത്രങ്ങൾ വീണുചിതറുന്ന ശബ്ദം കേട്ട് അമ്മു അകത്തേക്ക് ചെന്നു. കള്ള് കുടിച്ച് സ്വബോധം നഷ്ടപ്പെട്ട അച്ഛൻ പാത്രങ്ങൾ വലിച്ചെറിയുകയായിരുന്നു. അമ്മുവിന് ആ വീട്ടിലെ ഏക താങ്ങും തണലും അവളുടെ അച്ചുവേട്ടൻ ആയിരുന്നു. കോളേജിൽ നിന്ന് തിരിച്ചു വന്ന അച്ചുവേട്ടൻ കണ്ടത്, അമ്മുവിന് നേരെ വിരൽ ചൂണ്ടി അലറുന്ന അച്ഛനെയാണ്. തന്റെ ജീവന്റെ പാതിയെ ഉപദ്രവിക്കാൻ നിൽക്കുന്ന അച്ഛനെ കണ്ട നിമിഷം, അച്ചു ഒന്നും ചിന്തിച്ചില്ല. അമ്മുവിനെ എടുത്ത് ബൈക്കിൽ കയറ്റി നേരെ ഒരു പുഴയോരത്തേക്ക് കൊണ്ടുപോയി. പുഴയുടെ കരയിൽ ഇരുന്ന്, അവളുടെ കരച്ചിൽ ശമിപ്പിച്ച്, “എന്തുണ്ടായാലും ഞാൻ ഉണ്ടാകും” എന്ന് അച്ചു അവളോട് പറഞ്ഞു. ആ വാക്കുകളായിരുന്നു അമ്മുവിന്റെ ജീവൻ പിടിച്ചു നിർത്തിയത്. അന്ന് രാത്രി വീട്ടിൽ അമ്മയില്ലാത്ത തന്റെ മക്കളുടെ കണ്ണുനീർ കണ്ട അച്ഛൻ മദ്യപാനം നിർത്താൻ തീരുമാനിച്ചു. അവരോടൊപ്പം ഒരു നല്ല ജീവിതം തുടങ്ങാമെന്ന് അച്ഛൻ സ്വയം ഉറപ്പിച്ചു. പക്ഷേ ആ തീരുമാനം അധികം നാൾ നീണ്ടുനിന്നില്ല. അതിനുമുമ്പ് തന്നെ അച്ഛന്റെ ജീവിതം അവസാനിച്ചു. അച്ഛന്റെ വേർപാട് അച്ചുവിനെയും അമ്മുവിനെയും പൂർണ്ണമായി തകർത്തു. അമ്മുവിനെ നോക്കാനും, അവളുടെ പഠനവും ഭക്ഷണവും ഉറപ്പാക്കാനും അച്ചു തന്റെ പഠനം നിർത്തി. വീടിനടുത്തുള്ള ഒരു ചെറിയ ഹോട്ടലിൽ ജോലിക്കു ചേർന്നു. ഒരിക്കൽ ക്ലാസ്സിൽ എല്ലാരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്ന അച്ചു, ഇപ്പോൾ ജീവിതത്തിന്റെ ഭാരവുമായി പൊരുതുകയായിരുന്നു. അവനെ അറിയുന്ന നല്ല മനസ്സുള്ള നാട്ടുകാർ, അവന്റെ കഴിവ് തിരിച്ചറിഞ്ഞു. “നീ പഠിക്കണം” എന്ന് അവർ നിർബന്ധിച്ചു. പഠനത്തിനാവശ്യമായ പണവും സാഹചര്യങ്ങളും അവർ ഒരുക്കി. അങ്ങനെ വീണ്ടും പുസ്തകങ്ങളിലേക്ക് തിരിച്ചു പോയ അച്ചു, കഠിനാധ്വാനത്തോടെ പഠിച്ചു, ഒടുവിൽ ഒരു നല്ല വക്കീലായി. സ്വന്തം കാലിൽ ഉറച്ച് നിൽക്കാൻ കഴിഞ്ഞപ്പോൾ, അച്ചു താൻ സ്നേഹിച്ച വ്യക്തിയെ വിവാഹം ചെയ്തു. അമ്മുവിന് ഒരു സഹോദരി മാത്രമല്ല, ഒരു സ്നേഹനിധിയായ ഏട്ടത്തിയമ്മയേയും അവൻ സമ്മാനിച്ചു. സ്വന്തം മോളെ പോലെ അവളെ ഇരുവരും ചേർന്ന് പരിപാലിച്ചു. അമ്മുവിനു ഒരേയൊരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ കളക്ടർ ആകണം. അതാണ് അച്ചുവിന്റെ ജീവിതലക്ഷ്യവും ആയി മാറിയത്. അവളുടെ ആഗ്രഹങ്ങൾക്കു മുന്നിൽ ഒരിക്കലും അവർ പിന്മാറിയില്ല. കഠിനാധ്വാനവും പിന്തുണയും കൊണ്ട്, അമ്മു തന്റെ 24-ാം വയസ്സിൽ ജില്ലാ കളക്ടറായി. അന്ന് അവൾ ചുമതല ഏറ്റെടുക്കുന്ന വേദിയിൽ, കണ്ണുകളിൽ അഭിമാനക്കണ്ണീർ നിറഞ്ഞ് അച്ചുവേട്ടനും ഏട്ടത്തിയമ്മയും നിന്നിരുന്നു. സ്വന്തമായി ഒരു നല്ല വീട്, ജില്ല മുഴുവൻ അറിയുന്ന ഒരു കളക്ടർ — അതിലുപരി, സ്നേഹത്തോടെ നിറഞ്ഞ ഒരു കുടുംബം. അവസാനം, അമ്മുവിന് സ്നേഹതണലായി ഏട്ടനും ഏട്ടത്തിയമ്മയും കൂടെയുണ്ടായിരുന്നു. തകർച്ചയിൽ നിന്ന് ഉയിർത്തെഴുന്നേറ്റത്, ഒരു കുടുംബത്തിന്റെ വിജയകഥയായി. അഖില ലക്ഷ്മി കെ എ 9 എ