മേശ

കൂട്ടുകാരേ.. ഞാൻ ഇപ്പോൾ ഉണ്ണിക്കുട്ടന്റെ വീട്ടിലാണ് . എങ്ങനെ ഇവിടെ എത്തിയെന്നറിയേണ്ടേ..? അതൊരു കഥയാണ് , കിഴക്കേമലയിൽ ആമ്പൽ പുഴയുടെ തീരത്ത് നിന്നിരുന്ന ഒരു തേൻമാവ് ആയിരുന്നു ഞാൻ. എന്റെ ചില്ലകളിൽ അണ്ണാനും പലതരം കിളികളും കൂടു കുട്ടിയിരുന്നു. അവരുടെ കലപില ശബ്ദവും പാട്ടുകളും കേട്ടുകൊണ്ടാണ് രാവിലെ ഉണർന്നിരുന്നത് . ഞാൻ അവർക്ക് തണൽ നൽകിയിരുന്നു. കൂടാതെ നല്ല തേനൂറും മാമ്പഴങ്ങളും, താഴ്വരയിലെ കുളിർ കാറ്റിൽ ചാഞ്ചാടുമായിരുന്നു. പെട്ടെന്നാണ് എല്ലാം നഷ്ടമായത് . ഒരു കൂട്ടം മരം വെട്ടുകാർ അവിടെയെത്തി . അവർ എന്നെയും എന്റെ കൂട്ടുകാരെയും വെട്ടിവീഴ്ത്തി.. ഞാനും എന്റെ കൂട്ടുകാരും വേദന കൊണ്ട് പുളഞ്ഞു,, എന്റെ ചില്ലയിൽ താമസിച്ചിരുന്നവർ പേടിച്ച് നിലവിളിച്ചു എങ്ങോട്ടോ പോയി. ആ മനുഷ്യർ എന്നെ ഒരു ലോറിയിൽ കയറ്റി. ആ യാത്രയിൽ പലപല കാഴ്ചകൾ ഞാൻ കണ്ടു. ഞാൻ എത്തിച്ചേർന്നത് ഒരു തടിമില്ലിലായിരുന്നു. അവിടെ എന്നെപ്പോലെ അനേകം മരങ്ങൾ കൈകാലുകൾ ഇല്ലാതെ കിടക്കുകയായിരുന്നു. എനിക്കു മുമ്പേ വന്നവരാണവർ. ഊഴം കാത്തു കിടക്കുന്നു.. ഓരോരുത്തരെയായി പല കഷ്ണങ്ങളാക്കി മാറ്റി. എന്റെ ശരീരവും പലതായി കീറി മുറിച്ചു.. അപ്പോൾ ഞാനനുഭവിച്ച വേദന പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് .. ആണികൾ അടിച്ചു കയറ്റിയപ്പോൾ ഞാൻ നിലവിളിക്കുന്നുണ്ടായിരുന്നു. എന്നെ എനിക്കു പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിലുള്ള ഒരു മേശയാക്കി മാറ്റി. ഒരു ദിവസം ഉണ്ണിക്കുട്ടൻ്റെ അച്ഛൻ എന്നെ വാങ്ങി . എന്നെ ഉണ്ണിക്കുട്ടനു സമ്മാനിച്ചു. അങ്ങനെ ഞാനും ഉണ്ണിക്കുട്ടനും കൂട്ടുകാരായി.. അവൻ വരയ്ക്കുന്നതും എഴുതുന്നതും പഠിക്കുന്നതുമെല്ലാം എന്റെ പുറത്തുവച്ചാണ് .. എനിക്ക് ഉണ്ണിക്കുട്ടനെ എന്തിഷ്ടമാണെന്നോ.. പക്ഷേ അവൻ സ്കൂളിൽ പോകുമ്പോൾ ഞാനൊറ്റക്കാകും.. അപ്പോൾ ഞാനെന്റെ പഴയ കാലം ഓർക്കും.. ഈ വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ വീർപ്പുമുട്ടി കഴിയുകയാണ് ഞാൻ.. എനിക്കെന്റെ ജന്മസ്ഥലത്ത് തിരിച്ചെത്താനാകുമോ.. ‘.?

അബരി ആർ ബി
3 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ