പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം
പാവണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യയന വർഷത്തിന് വർണ്ണപകിട്ടോടെ തുടക്കം. പുത്തൻ പ്രതീക്ഷകൾ ചിറകിലേറിയ പുതുശലഭങ്ങളെ ഉത്സവാരവങ്ങളോടെ പുതിയ ലോകത്തേക്ക് വരവേറ്റു. കേവലം അറിവ് നിർമ്മാണ പ്രക്രിയയിൽ നിന്നും വിഭിന്നമായി സമൂഹത്തിലെ ഏറ്റവും നല്ല പൗരന്മാരെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യമെന്ന് ഓർമ്മിപ്പിച്ച് പുതിയ അധ്യയന വർഷത്തിന് പ്രൗഢഗംഭീരമായി തുടക്കം കുറിച്ചു. വിജയ പരാജയങ്ങളുടെ സമ്മിശ്ര ഉത്പന്നങ്ങളാണ് മനുഷ്യരെന്നതും, മൂല്യബോധങ്ങളുള്ള തലമുറയിലാണ് തങ്ങൾ ജീവിക്കേണ്ടത് എന്ന വിവേകബോധവും വിദ്യാർത്ഥികൾക്ക് പകർന്ന് കൊടുക്കാൻ സാധിക്കണമെന്ന ദൃഢപ്രതിജ്ഞയിലുമാണ് നമ്മുടെ വിദ്യാലയം പുത്തൻ നക്ഷത്രങ്ങളെ വരവേറ്റത്. പുതിയ വിദ്യാർത്ഥികളെ സ്നേഹമധുരം നൽകി വിദ്യാലയത്തിലേക്ക് സ്വീകരിച്ചു.
രാവിലെ കൃത്യം 10 മണിയോടെ ആരംഭിച്ച പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീമതി സിജി ടീച്ചർ ഉദ്ഘാടനം ചെയ്തു. പ്രമുഖ പിന്നണി ഗായകൻ വൈകാശ് വരവീണ മുഖ്യതിഥിയായി. പി ടി എ പ്രസിഡൻ്റ് ശ്രീ ടി ജയരാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ വി കെ വിനോദ്കുമാർ സ്വാഗതഭാഷണം നടത്തി. പ്രിൻസിപ്പൾ ശ്രീമതി പവിഴ ടീച്ചർ, മാനേജ്മെൻ്റ് പ്രതിനിധി ശ്രീ പി ശേഖരൻ നായർ എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ പി രതീഷ് നന്ദി അറിയിച്ചു.
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം വിദ്യാർത്ഥികൾ ഏറെ കാത്തിരുന്ന പിന്നണി ഗായകൻ വൈകാശ് വരവീണയുടെ മ്യൂസിക് ഷോ വിദ്യാർത്ഥികൾക്ക് ആർത്തുലസിക്കാനുള്ള അവസരമായി. ഒരേ സമയം ഗൃഹാതുരതയുടെ നൈർമ്മല്യവും, ആധുനിക കാലത്തെ ചടുലതയും കാണികളെ ആനന്ദ നിർവൃതിയിലാഴ്ത്തി. സ്കൂളാകെ ഉത്സവാന്തരീക്ഷമൊരുക്കുന്നതിൽ വൈകാശിൻ്റെ ഗാനങ്ങൾക്ക് സാധിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടികളാലും അരങ്ങ് സമ്പന്നമായി. മനസ് നിറച്ച പ്രവേശനോത്സവം മനം നിറഞ്ഞാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്.