ഉള്ളടക്കത്തിലേക്ക് പോവുക

ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/സീഡ് ക്ലബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പതിറ്റാണ്ടുകളായി ചെറുപുഴക്ക് അന്നമൂട്ടിയ  നാരായണ പൊതുവാൾക്ക് സീഡ്ക്ലബ്ൻ്റെ ആദരവ്

16/10/2024

ചെറുപുഴ : ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ചെറുപുഴ ജെ എം യു പി സ്കൂൾ സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ  ഏഴു പതിറ്റാണ്ടായി ചെറുപുഴയിൽ ഹോട്ടൽ നടത്തുന്ന രാമനാത്ത് നാരായണ പൊതുവാളെ ആദരിച്ചു. 95 കാരനായ പൊതുവാൾ എല്ലാദിവസവും രാവിലെ നാലുമണിക്കാണ് തൻറെ ജീവിതചര്യകൾ ആരംഭിക്കുന്നത്. ദീർഘദൂര ബസുകളിലും വിവിധ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്ന ആളുകൾക്ക്  രാവിലെ ചായയും ആഹാരവും നൽകിക്കൊണ്ടാണ് അദ്ദേഹം ചെറുപുഴയുടെ ഭാഗമായി മാറിയത്. ഇരുപതാം വയസ്സിൽ ചെറുപുഴയിലെത്തിയ അദ്ദേഹം 95 വയസ്സിലും തന്റെ കർമ്മ രംഗത്ത് വ്യാപൃതനാണ്. ഏഴു പതിറ്റാണ്ടോളമുള്ള ചെറുപുഴയുടെ ചരിത്രവും ഓരോ വ്യക്തികളെയും നേരിട്ട് അറിയാവുന്ന ആൾ കൂടിയാണ് ഇദ്ദേഹം. ചെറുപുഴക്കാർക്കു മുഴുവൻ അന്നമൂട്ടിയ കൈപ്പുണ്യവുമായി നാരായണ പൊതുവാൾ ചെറുപുഴക്കാർക്ക് മുഴുവൻ പൊതുവാളച്ചനാണ്. പയ്യന്നൂർ കോറോത്ത് ആണ് ഇദ്ദേഹത്തിൻറെ ജനനം. ആറു മക്കളുള്ള  നാരായണപ്പൊതുവാൾ ചെറുപുഴ ടൗണിൽ തന്നെയാണ് താമസം.പി.ടി.എ.പ്രസിഡണ്ട് ടി വി രമേശ് ബാബു, സീഡ് കോഡിനേറ്റർ സി . കെ . രജീഷ് എന്നിവർ ചേർന്ന് നാരായണ പൊതുവാളെ പൊന്നാടയണിയിച്ചു. റോബിൻ വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. എം. വി. ഗോകുൽദാസ് സ്വാഗതവും പി.വൈഷ്ണവ് നന്ദിയും പറഞ്ഞു. റിയ ഷിറിൻ ,  എ.യൂജിൻ , അവ്നി എസ് സുധീർ എന്നിവർ നേതൃത്വം നൽകി.

നാട്ടറിവുകൾ ശേഖരിച്ച് സീഡ് ക്ലബ് കുട്ടികൾ

22/08/2024

ചെറുപുഴ : ലോക നാട്ടറിവ് ദിനത്തിൽ നാട്ടറിവുകൾ ശേഖരിച്ചു പുസ്തകമാക്കി .ചെറുപുഴ ജെ.എം.യു.പി. സ്കൂൾ സീഡ് പരിസ്ഥിതി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 22 ലോക നാട്ടറിവ് ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ വീടുകളിൽ മുതിർന്നവരുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് കിട്ടിയ അറിവുകൾ എഴുതി പുസ്തകമാക്കി മാറ്റുകയായിരുന്നു. പുസ്തകം സ്കൂൾ പ്രധാനാധ്യാപകൻ പി.എൻ ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. ഗ്രാമീണ ജനതയുടെ അറിവ് ജീവിത രീതി, ആചാരവിശ്വാസങ്ങൾ, കലാപൈതൃകങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവ് അഥവാ ഫോക് ലോറിൻ്റെ പരിധിയിൽ വരും എന്ന അറിവ് കുട്ടികൾ നേടി. തലമുറകൾ കൈമാറി വരുന്ന നാട്ടറിവുകൾ അതത് കാലത്തെ സാമൂഹ്യ ഇടപെടലുകളുടെ ഭാഗമായി മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കും എന്നതിനാൽ അത് ഒരു പുസ്തകമാക്കി മാറ്റുന്നത് വരും തലമുറയ്ക്ക് ഉപകാരപ്രദമായി മാറും എന്ന് തിരിച്ചറിഞ്ഞതിൽ നിന്നാണ് പുസ്തകം തയ്യാറാക്കാൻ സീഡ് ക്ലബ് തയ്യാറായത്. പ്രകൃതിയെ അടിസ്ഥാനമാക്കിയാണ് ഈ അറിവുകൾ രൂപപെട്ടത് .കല ,ജീവിതശൈലി, ആചാരാനുഷ്ഠാനങ്ങൾ ,ഭക്ഷണരീതി ,സംഗീതം, ചികിത്സ, കൃഷി ,തുടങ്ങി മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും നാട്ടറിവുകളുടെസമ്പത്തുണ്ട് .ജീവിതാനുഭവങ്ങ ളിലൂടെ പൂർവികർ രൂപപ്പെടുത്തിയതാണ് അവ. ഇത്തരം കാര്യങ്ങളുടെ അറിവുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചടങ്ങിൽ ജെന്നിഫർ മരിയ ജോജി അധ്യക്ഷയായി.സീഡ് കോഡിനേറ്റർ സി.കെ. രജീഷ് സ്വാഗതവും കെ.എം. ഗോകുൽദാസ് നന്ദിയും പറഞ്ഞു.നിരൂപാ ദീപേഷ്, ആദിയാ സജി എന്നിവർ നേതൃത്വം നൽകി.