ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ് നൊട്ടപുറം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025-26അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം - ജൂൺ 2 2025

കൃത്യം 10 .30 ന് സ്കൂളിലെ പ്രവേശനോത്സവം ചടങ്ങുകൾ ആരംഭിച്ചു .നവാഗതരായ കുട്ടികളെ അക്ഷരങ്ങൾ കൊണ്ട് അലങ്കരിച്ച തൊപ്പി അണിയിച്ചു കൊണ്ട് പ്രവേശന ഉത്സവത്തിലേക്ക് ആനയിച്ചു. പ്രവേശനോത്സവ ഗാനത്തോടെ മറ്റെല്ലാ കുട്ടികളെയും ഗ്രൗണ്ടിലേക്ക് കൊണ്ടുവന്നു .കാര്യപരിപാടികൾ ആരംഭിച്ചു ചടങ്ങിൽ എസ് ആർ ജി കൺവീനർ ബ്യൂനടീച്ചർ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻറ് അബ്ദുൽ റഹ്മാൻ താട്ടയിൽ അധ്യക്ഷ പ്രസംഗം നടത്തി.മുൻ എച്ച് എം സുബൈദ ടീച്ചർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡൻറ് ആശംസ പ്രസംഗം നടത്തുകയും കുട്ടികൾക്കായി മനോഹരമായ ഒരു ഗാനം ആലപിക്കുകയും ചെയ്തു .സ്റ്റാഫ് സെക്രട്ടറി ജസീല ടീച്ചറും ആശംസ പ്രസംഗം നടത്തി. അതുപോലെതന്നെ മാധ്യമം പത്രത്തിൻറെ പ്രതിനിധി ശ്രീ സുഹൈലും ആശംസ പ്രസംഗം നടത്തുകയും പ്രവേശനോത്സവവുമായി ബന്ധപ്പെട്ട പതിപ്പ് പ്രകാശനം ചെയ്യുകയും ചെയ്തു. അതോടൊപ്പം വിദ്യാർത്ഥികൾക്കുള്ള യൂണിഫോം പാഠപുസ്തകം എന്നിവയുടെ വിതരണ ഉദ്ഘാടനവും നടത്തി .നവാഗതരായ ഒന്നാം ക്ലാസിലെ കുട്ടികൾക്കായുള്ള പഠനോപകരണത്തിന്റെ വിതരണ ഉദ്ഘാടനവും നടത്തി. സ്റ്റാഫ് പ്രതിനിധി നിർമ്മല ടീച്ചർ ചടങ്ങിൽ പങ്കെടുത്ത് എല്ലാവർക്കും നന്ദി അർപ്പിച്ച് സംസാരിക്കുകയുണ്ടായി .പായസം നൽകി ചടങ്ങ് പിരിച്ചുവിട്ടു.

പരിസ്ഥിതി ദിനം - ജൂൺ 5 2025

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ പ്രകൃതി സ്നേഹം ഉളവാക്കുന്ന രീതിയിലുള്ള പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചത്. അസംബ്ലിയോട് കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു .പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ ചെയ്തു. പ്ലാസ്റ്റിക് മാലിന്യത്തെ കുറിച്ചുള്ള അവബോധം ഉളവാക്കുന്ന തരത്തിലുള്ള പ്രസംഗം ഹെഡ്മാസ്റ്ററും മറ്റ് അധ്യാപകരും കുട്ടികളിൽ പകർന്നു നൽകി. ഒന്നാം ക്ലാസിൽ കുട്ടികളെ പ്രകൃതിയിലേക്ക് ഇറക്കി ഒരു പ്രകൃതി നടത്തം എന്ന പ്രവർത്തനം നടത്തി. ഈ പ്രവർത്തനത്തിലൂടെ കുട്ടികളിൽ വൈവിധ്യമാർന്ന സസ്യങ്ങളെ കുറിച്ച് കൂടുതൽ അറിവ് പകരാൻ കഴിഞ്ഞു. രണ്ടാം ക്ലാസിൽ ചുറ്റുപാടും ഉള്ള സസ്യങ്ങളുടെ ഇലകൾ പരിചയപ്പെടുത്തിക്കൊണ്ട് ഇല പരിചയം എന്ന പ്രവർത്തനമാണ് നടത്തിയത്. മൂന്ന് നാല് ക്ലാസുകളിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും നടത്തി .തുടർന്ന് മൂന്നു,നാല് ക്ലാസുകളിലെ കുട്ടികൾ വിവിധതരം തൈകൾ കൊണ്ടുവരികയും അധ്യാപകരുടെ സഹായത്തോടെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ അവ നടുകയും ചെയ്തു. ജൈവവൈവിധ്യ ഉദ്യാനം വൃത്തിയാക്കുകയും ചെയ്തു . സ്കൂൾ ഗ്രൗണ്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുട്ടികളും അധ്യാപകരും ചേർന്ന് നീക്കം ചെയ്തു. അതിനോട് അനുബന്ധിച്ച് തന്നെ ബക്രീദ് ആഘോഷ പരിപാടികളുടെ  ഭാഗമായി മൂന്ന് നാല് ക്ലാസുകളിലെ കുട്ടികളിൽ മൈലാഞ്ചിയിടൽ മത്സരം നടത്തി.

വായനാദിനം - ജൂൺ 19

ജൂൺ 19 വായന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വ്യത്യസ്തമാർന്ന പരിപാടികൾ നടത്തി .രാവിലെ അസംബ്ലി ചേർന്നു .ദിനാചരണത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വിവിധ പരിപാടികൾക്ക് ആവേശ തുടക്കമായി .ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ പിടിഎ പ്രസിഡണ്ട് താത്തയിൽ അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു .പ്രധാന അധ്യാപിക റഹ്മത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു.വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബഹുമാനപ്പെട്ട എച്ച് എം കുട്ടികളോടായി സംസാരിച്ചു .തുടർന്ന് വൈസ് പ്രസിഡൻറ് ശ്രീ മുസ്തഫ വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റുചൊല്ലി പ്രതിജ്ഞയെടുത്തു.എല്ലാ അധ്യാപകരുടെയും നേതൃത്വത്തിൽ വായന വാരാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .നാലാം ക്ലാസ്സിൽ വായനാദിന പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു .വായനാദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വ്യത്യസ്തമാർന്ന എഴുത്തുകാരുടെ നോവലുകളും കഥകളും കുറിപ്പുകളും എഴുത്തുകാരെ കുറിച്ചുള്ള വിവരങ്ങളും അടങ്ങിയ ലഘു കുറിപ്പുകൾ തോരണങ്ങളായി തൂക്കി അലങ്കരിച്ചു .കുട്ടികൾക്ക് അത് വളരെയധികം പ്രയോജനപ്പെടുകയും ചില കുട്ടികൾ അവ എഴുതി എടുത്ത് സൂക്ഷിക്കുകയും ചെയ്തു. ഒരു ദിനം ഒരു അറിവ് എന്നൊരു പുതിയ പ്രവർത്തനത്തിന് തുടക്കം കുറിച്ചു .ഓരോ ദിവസവും ഓരോ ചോദ്യങ്ങൾ കുട്ടികൾക്കായി നൽകുകയും അവയുടെ ഉത്തരങ്ങൾ പേരഴുതി ബോക്സിൽ നിക്ഷേപിക്കുകയും വിജയികളെ തെരഞ്ഞെടുത് സമ്മാനം നൽകുന്ന രീതിയും ആണിത്. ഇത് വളരെ ഉപകാരപ്രദമായ ഒരു പ്രവർത്തനമാണ് .പുതിയ അറിവുകൾ കുട്ടികൾ കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യുന്നതോടൊപ്പം പത്രവായന പ്രോത്സാഹിപ്പിക്കുകയും ചെയ്യാൻ പ്രവർത്തനം ചെയ്യുന്നതിലൂടെ സാധിച്ചു .ഒന്ന് രണ്ട് തുടങ്ങിയ ചെറിയ ക്ലാസുകളിൽ ചെറു കഥകൾ വായിച്ച് അവതരിപ്പിച്ചു .മൂന്ന് നാല് ക്ലാസുകളിൽ വായന മത്സരമാണ് സംഘടിപ്പിച്ചത് .അതുപോലെ അറബിക് തലത്തിലും വായന മത്സരങ്ങൾ സംഘടിപ്പിച്ചു.വിജയികളെ തിരഞ്ഞെടുത്തു .കുട്ടികൾക്ക് പി എൻ പണിക്കരുടെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡോക്യുമെന്റേഷൻ പ്രദർശനം നടത്തി. ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളിൽ ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.

അന്താരാഷ്ട്ര യോഗദിനം ജൂൺ 21

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ചില യോഗ അഭ്യാസങ്ങൾ പരിശീലിപ്പിച്ചു. തുടർന്ന് എല്ലാ ക്ലാസ്സുകളിലും സൂംബ ഡാൻസ് അധ്യാപകരുടെ നേതൃത്വത്തിൽ അവതരിപ്പിച്ചു.

ലോക ലഹരി വിരുദ്ധ ദിനം ജൂൺ 26

ലോക ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട കുട്ടികളിൽ അവരുടെ ചിന്തയെ ഉദ്ദീപ്പിക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു. ആദ്യം തന്നെ സ്കൂൾ അസംബ്ലി നടത്തി .അസംബ്ലിയിൽ ലഹരി വിരുദ്ധ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ബഹുമാനപ്പെട്ട എച്ച് എം റഹ്മത്ത് ടീച്ചർ പ്രസംഗിച്ചു .തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. കുട്ടികൾ അത് ഏറ്റുചൊല്ലി പ്രതിജ്ഞയെടുത്തു. തുടർന്ന് എല്ലാ അധ്യാപകരും കുട്ടികൾക്ക് ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള ദോഷഫലങ്ങൾ മനസ്സിലാകും വിധം വിവിധ കാര്യങ്ങൾ അവതരിപ്പിച്ചു .തുടർന്ന് ഓരോ ക്ലാസുകളിലും വ്യത്യസ്ത പരിപാടികളാണ് ചെയ്തത് .ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾ പോസ്റ്റർ ,പ്ലക്കാർഡ് നിർമിച്ചു .അവ സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. തുടർന്ന് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലി ഗ്രൗണ്ടിൽ നടത്തി.

പേവിഷബാധ  ബോധവൽക്കരണം

പേവിഷ ബാധയെ കുറിച്ച് സ്കൂൾതല ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .അസംബ്ലിയിൽ ആരോഗ്യവകുപ്പിൽ നിന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ കുട്ടികൾക്ക് ബോധവൽക്കരണം നടത്തി .പേവിഷബാധയേൽക്കാതിരിക്കാനുള്ള മുൻകരുതലുകളും അതിനെതിരെ എടുക്കേണ്ട പ്രാഥമിക നടപടികളും കുട്ടികൾക്കായി അദ്ദേഹം പകർന്നു നൽകി. അതിനോടൊപ്പം പേവിഷബാധയ്ക്കെതിരെയുള്ള പ്രതിജ്ഞ കുട്ടികൾ എടുത്തു.

വൈക്കം മുഹമ്മദ് ബഷീർ ദിനവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും-ജൂലൈ 5

ജൂലൈ 5 ബഷീർ ദിനാചരണ പ്രവർത്തനങ്ങളും വിദ്യാരംഗകലാസാഹിത്യ വേദി ഉദ്ഘാടനവും സ്കൂളിൽ മികവാർന്ന രീതിയിൽ നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടന കർമ്മം ഗായിക ഗോപിക നിർവഹിച്ചു. മാപ്പിളപ്പാട്ട് ,നാടൻപാട്ട് ,കവിത എന്നിവയുടെ ആലാപനത്തോടെ ഉദ്ഘാടനവേള ആഘോഷപൂർവ്വം കൊണ്ടാടി .ചടങ്ങിൽ സ്വാഗത പ്രസംഗം പ്രധാനാധ്യാപിക റഹ്മത്ത് ടീച്ചർ  നിർവഹിച്ചു. തുടർന്ന് പരിപാടിക്ക് എല്ലാവിധ ആശംസകളും മുൻ പ്രധാന അധ്യാപിക സുബൈദ ടീച്ചർ അറിയിച്ചു .ചടങ്ങിന്  ശാരിക ടീച്ചർ നന്ദി നിർവഹിച്ചു. ബഷീർ ദിനത്തിൻ്റെ ഭാഗമായി ഒന്നാം ക്ലാസിൽ ബഷീർ കൃതികളെക്കുറിച്ചും ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെൻററി പ്രദർശിപ്പിച്ചു . രണ്ടാം ക്ലാസിലെ രക്ഷിതാക്കൾക്ക് വേണ്ടി ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന സംഘടിപ്പിച്ചു .വ്യത്യസ്തമായ ബഷീർ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ രക്ഷിതാക്കൾ വരയ്ക്കുകയും അവ കുട്ടികൾക്ക് വളരെ പ്രചോദനം ഏകുകയും ചെയ്തു .കുട്ടികൾക്കായി ബഷീർ ദിന ക്വിസ് മത്സരം സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു .ബഷീർ കൃതികളിലെ മികച്ച കഥാപാത്രങ്ങളുടെ ആവിഷ്കാരവും ഉണ്ടായിരുന്നു .പാത്തുമ്മയുടെ ആട് എന്ന നോവലിലെ പാത്തുമ്മ ,വൈക്കം മുഹമ്മദ് ബഷീർ ,മജീദ് ,സാറാമ്മ ,സൈനബ തുടങ്ങിയ കഥാപാത്രങ്ങളുടെ ആവിഷ്കാരം കുട്ടികൾ ശ്രദ്ധേയമാക്കി.

വിദ്യാരംഗം - കൊളാഷ് നിർമ്മാണം
വിദ്യാരംഗം - കൊളാഷ് നിർമ്മാണം

ചാന്ദ്രദിനം ജൂലൈ 21

ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തി.എല്ലാ കുട്ടികളും റോക്കറ്റുകൾ നിർമ്മിച്ചു കൊണ്ട് വന്നിരുന്നു. അവയുടെ പ്രദർശനം നടത്തി. ഓരോ ക്ലാസിലും കുട്ടികളുടെ പൂർണ്ണ പങ്കാളിത്തത്തോടെ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിവരണങ്ങളും ഉൾപ്പെടുത്തി ചുമർ പത്രിക നിർമ്മാണം നടത്തി.അവയുടെ പ്രദർശനവും കുട്ടികൾക്കായി നടത്തി. രണ്ട് ,മൂന്ന് ,നാല് ക്ലാസുകളിൽ ചാന്ദ്രദിന ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.ചാന്ദ്രദിനത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി നീൽ ആം സ്ട്രോങ്ങ് കൂട്ടരും ചന്ദ്രനിൽ കാലുകുത്തിയ ആ സുവർണ്ണ നിമിഷം പകർത്തിയ വീഡിയോ ഉൾപ്പെടുന്ന ഡോക്യുമെൻററി കുട്ടികൾക്കായി കാണിച്ചുകൊടുത്തു. ഇതിലൂടെ ചാന്ദ്രദിനാചരണത്തിന്റെ പ്രാധാന്യം എത്രത്തോളം ഉണ്ടെന്ന് കുട്ടികൾക്ക് ബോധ്യമാകുന്ന വിധത്തിൽ ഡോക്യുമെൻററി പ്രദർശനം ശ്രദ്ധേയമായി.

ചാന്ദ്രദിന ക്വിസ്സ്
ചാന്ദ്രദിന ക്വിസ്സ്

സ്വാതന്ത്ര്യ ദിനം - ആഗസ്റ്റ് 15

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും അവ വിപുലമായി ആഘോഷിക്കുകയും ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് തലേദിവസം തന്നെ സ്കൂളും പരിസരവും അലങ്കരിച്ചു. രാവിലെ കൃത്യം 9 മണിക്ക് തന്നെ  പ്രധാന അധ്യാപിക റഹ്മത്ത് ടീച്ചർ PTA അംഗങ്ങളുടെയും അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ദേശീയ പതാക ഉയർത്തി. ഒപ്പം സ്വാതന്ത്രദിന സന്ദേശവും നൽകി.ശേഷം കുട്ടികളുടെ ദേശഭക്തിഗാനാലാപനം നടത്തി.തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടത്തി.പരിപാടിക്ക് ബ്യൂന ടീച്ചർ സ്വാഗതം അർപ്പിച്ചു. PTA അംഗം സൈതലവി പി.പി അധ്യക്ഷത വഹിക്കുകയും ചെയ്തു. MPTA അംഗങ്ങൾ ആശംസകൾ അറിയിച്ചു.സ്കൂൾ അധ്യാപകൻ ഫെർണാണ്ടസ് സാർ നന്ദി അറിയിച്ചു.

ഓണം - സെപ്റ്റംബർ 5

ഒന്നിച്ചോണം 2025 ഓണാഘോഷം വളരെ വിപുലമായി സ്കൂളിൽ നടത്തി.ഓണാഘോഷത്തിൻ്റെ ഭാഗമായി വിവിധയിനം പരിപാടികൾ ആസൂത്രണം ചെയ്യുകയും മികവാർന്ന രീതിയിൽ അവ നടപ്പിലാക്കുകയും ചെയ്തു. അധ്യാപകരും കുട്ടികളും ചേർന്ന് വർണ്ണാഭമായ ഓണപ്പൂക്കളം ഒരുക്കി. ലോകത്തിലെ സമാധാനത്തിൻ്റെയും ശാന്തതയുടെയും സാമ്പത്തിക ക്ഷേമത്തിൻ്റെയും സ്നേഹത്തിൻ്റെയും ഉയർന്ന ധാർമ്മികതയുടെയും പ്രതീകമായി പൂക്കളം മാറി. അധ്യാപകരും PTA അംഗങ്ങളും രക്ഷിതാക്കളും ചേർന്ന് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി .ഒപ്പം മധുരമൂറുന്ന പായസവും എല്ലാവർക്കും നൽകി. ഓണാഘോഷത്തിൽ കുട്ടികൾക്കായി വിവിധയിനം ഓണക്കളികൾ ഒരുക്കി. മ്യൂസിക് ചെയർ, സുന്ദരിക്ക് പൊട്ടുകുത്തൽ, ആനയ്ക്ക് വാൽവരക്കൽ, ലെമൺ റേസ്, മ്യൂസിക് ബോൾ ,ചാക്കി ലോട്ടം, കുപ്പിയിൽ വെള്ളം നിറയ്ക്കൽ തുടങ്ങിയ രസകരമായ കളികൾ കുട്ടികൾക്ക് വളരെ ആവേശമായി. തകൃതിയായ ഓണപ്പരിപാടികൾക്കിടയിലൂടെ മഹാബലിത്തമ്പുരാൻ്റെ സന്ദർശനവും ഉണ്ടായിരുന്നു. 2 A ക്ലാസിലെ നിവിൻ മഹാബലിയായി വേഷമിട്ട് വന്നതോടെ ഓണാഘോഷ പരിപാടിക്ക് മാറ്റ് കൂടി .ഓണക്കളികളിലെ വിജയികൾക്ക് സമ്മാനദാനവും നടത്തി.ആഘോഷത്തിലുടനീളം എല്ലാവരും സജീവമായി പങ്കെടുത്തു. മനോഹരമായ ഓണ വസ്ത്രങ്ങളണിഞ്ഞു വന്ന അധ്യാപകരും കുട്ടികളും മറ്റു അംഗങ്ങളും കണ്ണിനും മനസ്സിനും വളരെ കുളിർമ്മയേകി. സംസ്കാരം, മത്സരം, സൗഹൃദം എന്നിവയുടെ സമന്വയമായിരുന്നു ഈ വർഷത്തെ ഓണാഘോഷം.

ശിശുദിനം നവംബർ 14

നവംബർ 14 ശിശുദിനം സ്കൂളിൽ കുട്ടികളുടെ ആഘോഷത്തിമിർപ്പുകളോടെ കൊണ്ടാടി.എല്ലാ ക്ലാസുകളും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. സമാധാനത്തിൻ്റെ നിറമായ തൂവെള്ള വസ്ത്രമണിഞ്ഞ് വെള്ളത്തൊപ്പിയും തലയിൽ വെച്ച് റോസാപൂവുമായി എല്ലാ കുരുന്നുകളും സ്കൂളിലെത്തി. രാവിലെ സ്പെഷ്യൽ അസംബ്ലി ചേർന്നു ബഹുമാനപ്പെട്ട HM കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു.തുടർന്ന് 4 B ക്ലാസിലെ ഷസ ഫാത്തിമ നെഹ്റു അനുസ്മരണ പ്രസംഗം നടത്തി.4 A ക്ലാസിലെ കുട്ടികളുടെ ശിശുദിന പാട്ടും അവതരിപ്പിച്ചു.തുടർന്ന് എല്ലാ അധ്യാപകരും കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു.തുടർന്ന് എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ച് ശിശുദിന റാലി നടത്തി. ഓരോ ക്ലാസുകളിലും കളറിംഗ് ,നെഹ്റു ത്തൊപ്പി നിർമ്മാണം, നെഹ്റു അനുസ്മരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി.തുടർന്ന് PTA പ്രസിഡൻ്റിൻ്റെ സാന്നിധ്യത്തിൽ പായസം വിതരണം ചെയ്തു.

ലോക അറബി ഭാഷാ ദിനം - ഡിസംബർ 18

ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ജി എൽ പി എസ് നൊട്ടപ്പുറം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ഡിസംബർ 15ന് അറബിക് അസംബ്ലി നടത്തി. അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയും അറബിക് മാഗസിൻ പുറത്തിറക്കുകയും ചെയ്തു. വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി പ്രദർശനവും , പസ്സിൽ ഗെയിമുകളും, ഒന്ന് ,രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് പദനിർമ്മാണ മത്സരവും നടത്തി. റുഫൈക്ക്  , ആയിഷ റസാന എന്നിവർ ഒന്നാം ക്ലാസിൽ നിന്നും. ഫാത്തിമ റിയ, അയാൻ .പി പി. എന്നിവർ രണ്ടാം ക്ലാസിൽ നിന്നും വിജയികളായി. പദകേളി മത്സരത്തിൽ ഫാത്തിമ ഷെസ, കെൻസ ഫാത്തിമ, സിയാന പൂവിൽ എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. പദപ്പറ്റ് മത്സരത്തിൽ സിയാന പൂവിൽ, മുഹമ്മദ് ഷിനാസ്, മുഹമ്മദ് മുസ്തഫ എന്നിവർ വിജയികളായി. അറബിക് ഡേ ക്വിസ് മത്സരത്തിൽ ഫാത്തിമ ഷെസ, മുഹമ്മദ് മുസ്തഫ, ഫാത്തിമ നിഹ എന്നിവരും വിജയികളായി. കുട്ടികൾക്കായി നടത്തിയ പ്രദർശനം വിജ്ഞാനപ്രദമായിരുന്നു..

ക്രിസ്തുമസ് - ഡിസംബർ 25

2025-26 വർഷത്തെ ക്രിസ്തുമസ് ആഘോഷം 23/12/2025 ചൊവ്വാഴ്ച സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു.എല്ലാ കുട്ടികളും അധ്യാപകരും വെള്ള, ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ്  ആഘോഷവേള വർണ്ണ ശോഭമാക്കി. കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും പ്രതീകമായി ക്രിസ്മസ് ട്രീ നിർമ്മിക്കുകയും പുൽക്കൂടൊരുക്കുകയും ചെയ്തു. സ്കൂൾ തോരണങ്ങളാൽ അലങ്കരിച്ചു.പ്രത്യേക അസംബ്ലി കൂടി .PTA പ്രസിഡൻറ് അബ്ദുറഹിമാൻ, വൈസ് പ്രസിഡൻ്റ്, ഹെഡ്മിസ്ട്രസ് റഹ്മത്ത് ടീച്ചർ, അധ്യാപകർ എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.നിർമ്മല ടീച്ചർ ജോബി സർ എന്നിവർ ക്രിസ്മസ് ദിന സന്ദേശം നൽകി.നാലാം ക്ലാസിലെ കുട്ടികൾ ക്രിസ്മസ് ദിന കരോൾ ഗാനം അവതരിപ്പിച്ചു.തുടർന്ന് അതേ വേദിയിൽ തന്നെ   2023-24 വർഷത്തെ LS S ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.അതിനു ശേഷം  കുട്ടികൾക്കും രക്ഷിതാക്കൾക്കും എല്ലാവർക്കുമായി കേക്ക് വിതരണം ചെയ്തു.പായസവിതരണവും നടത്തി.

അമീബിക് മസ്തിഷ്ക ജ്വരം പ്രതിരോധ ക്ലാസ്

മസ്തിഷ്ക ജ്വരത്തിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നൊട്ടപ്പുറം ജി.എൽ.പി സ്കൂളിൽ ഗ്രൗണ്ടിൽ വെച്ച്  ബോധവൽക്കരണ ക്ലാസും കുത്തിവെപ്പ് നിർദ്ദേശക യോഗവും സംഘടിപ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച്  നടന്ന ചടങ്ങ് വാർഡ് മെമ്പർ പി.പി. മോനിഷ ഉദ്ഘാടനം ചെയ്തു.

രോഗം പകരുന്നത് തടയാനും മുൻകരുതലുകൾ സ്വീകരിക്കാനും ഇത്തരം ബോധവൽക്കരണങ്ങൾ അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു.

പി.ടി.എ പ്രസിഡന്റ് താട്ടയിൽ അബ്ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപിക റഹ്മത്ത് ടീച്ചർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു.

ആരോഗ്യ വകുപ്പ് പ്രതിനിധികളായ ബിൽഹാറാണി, അമൃത എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ജപ്പാൻ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ, പകരുന്ന രീതി, പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇവർ വിശദമായ വിവരങ്ങൾ നൽകി. കുട്ടികൾക്ക് കൃത്യസമയത്ത് പ്രതിരോധ മരുന്നുകൾ നൽകുന്നതിലെ അലംഭാവം ഒഴിവാക്കണമെന്നും ക്ലാസ് ഓർമ്മിപ്പിച്ചു.

ചടങ്ങിന് സീനിയർ അധ്യാപിക ബ്യൂണ ടീച്ചർ നന്ദി രേഖപ്പെടുത്തി. സ്കൂളിലെ അധ്യാപകർ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.