സെന്റ്. ജോസഫ്സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2025-26
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂൾ തുറക്കും മുൻപേ ഒരു ഒത്തുചേരൽ!
ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാറിൻ്റെ നേതൃത്വത്തിൽ അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും കൂട്ടായ്മയിൽ, ബഹുമാനപ്പെട്ട എ.ഇ.ഒ യുടെ അപ്രതീക്ഷിത സന്ദർശനം. പുതിയ അധ്യയന വർഷം മികച്ചതാക്കാൻ ഒരുമിച്ച് മുന്നോട്ട്!
ജൂൺ 2 പ്രവേശനോത്സവം
2025 ജൂൺ 2 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. സ്കൂളും, പരിസരവും, ക്ലാസ് റൂമുകളും ബലൂണുകളും, വർണ്ണ പേപ്പറുകളും, പൂക്കളും കൊണ്ട് അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ജയകുമാർ സാറിൻ്റെ സ്വാഗത പ്രസംഗത്തോടുകൂടി പരിപാടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. വിനോദ് സുശീലൻ അധ്യക്ഷത വഹിച്ചു. അഡ്വ. ഫെഡറിക് ഷാജി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത് ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ മാനേജർ, വിക്ടർ എവരിസ്റ്റസ് അനുഗ്രഹ പ്രഭാഷണം നൽകി. മുൻ ഹെഡ്മാസ്റ്റർ ശ്രീ.ഭക്തവത്സലൻ സാർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. അതിന് ശേഷം നവാഗതർ ദീപം തെളിയിച്ചു. പഠനോപകരണങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു ടീച്ചറിൻ്റെ നന്ദിയോടെ കൂടി യോഗം അവസാനിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു.
യൂണിഫോം വിതരണം
ബഹു. ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ നിർവഹിച്ചു.
സമഗ്ര ഗുണമേന്മ വർഷത്തിലേക്ക്
ശുചിത്വ ശീലങ്ങൾ
- വീഡിയോ കാണുക- സമഗ്ര ഗുണമേന്മ വർഷത്തിലേക്ക്
ജൂൺ 5 പരിസ്ഥിതി ദിനം
"നാളേയ്ക്ക് ഒരു തണലായി''
ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ ഇന്ന് നടന്ന പരിസ്ഥിതി ദിനാഘോഷത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ ' ഈ ഭൂമിയെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയും ബാധ്യതയുമാണെന്ന് തിരിച്ചറിയാൻ ഒരു ദിനാഘോഷം കൊണ്ട് മാത്രം കഴിയില്ല...
ഈ പ്രവർത്തനങ്ങൾ വർഷം മുഴുവൻ തുടർന്നു കൊണ്ടേയിരിക്കണം എന്ന് ഹെഡ്മാസ്റ്റർ കുട്ടികൾക്കായി ബോധവത്കരണം അസംബ്ലിയിൽ നടത്തി. പരിസ്ഥിതി പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതി ഗാനം എന്നിവ നടത്തി. കൂടാതെ ആർ.സി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ പച്ചക്കറിവിത്തും, വൃക്ഷത്തൈകളും സ്കൂൾ വളപ്പിൽ നട്ട് പിടിപ്പിക്കുകയും, എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ വാർഡ് മെമ്പർ, എസ്.എച്ച്.ഒ ബാലരാമപുരം പോലീസ് സ്റ്റേഷൻ, ഗ്രാമ പഞ്ചായത്തംഗം, ഇടവക സെക്രട്ടറി, പി.ടി.എ പ്രസിഡൻ്റ് തുടങ്ങിയ പ്രമുഖരുടെ മഹനീയ സാന്നിധ്യം പരിസ്ഥിതി ദിനത്തിന് മാറ്റുകൂട്ടി.
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനം, ആൻ ഫ്രാങ്ക് ജന്മദിനം
ലോക ബാലവേല വിരുദ്ധ ദിനത്തോടും, ആൻ ഫ്രാങ്ക് ജന്മദിനത്തോടും അനുബന്ധിച്ച് ജൂൺ 12 ന് പ്രത്യേക അസംബ്ലി നടത്തി. SRG കൺവീനർ ശ്രീമതി. അഖില ടീച്ചർ പ്രസ്തുത ദിനങ്ങളുടെ പ്രാധാന്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ അലിഷ ലോക ബാലവേല വിരുദ്ധ ദിനം എന്ന വിഷയത്തിൽ പ്രസംഗിച്ചു. കുട്ടികൾ തങ്ങൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ച് സന്ദേശം വായിച്ചു. തുടർന്ന് നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഹസ്ബുന ആൻ ഫ്രാങ്കിന്റെ ജീവിതവും, ഡയറിക്കുറിപ്പിന്റെ പ്രാധാന്യവും വിവരിച്ചു. ജൂൺ 12 ന്റെ പ്രാധാന്യവും, ബാലവേല ശ്രദ്ധയിൽ പെട്ടാൽ അധികാരികളെ അറിയിക്കണമെന്ന അറിവും, ആൻ ഫ്രാങ്ക് എന്ന കുട്ടിയുടെ ജീവിതവും ഈ അസംബ്ലിയിലൂടെ കുട്ടികൾ മനസ്സിലാക്കി.
വായനദിനം
ജൂൺ 19 മുതൽ ജൂലൈ 16 വരെ മാസാചരണമായിട്ടാണ് ആചരിക്കുന്നത്. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി.എൻ.പണിക്കരുടെ ചരമദിനമാണ് ജൂൺ 19. കേരള സർക്കാർ 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം വായനദിനമായി ആചരിക്കുന്നു. 19-6-25 തിങ്കളാഴ്ച വായന ദിനത്തിന്റെ ഭാഗമായി ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ നേതൃത്വത്തിൽ സ്കൂൾ അസംബ്ലി നടന്നു. 3 എ ക്ലാസ്സിലെ കുട്ടികൾ വായനദിനത്തെ കുറിച്ചും, വായനയുടെ പ്രാധാന്യം വിളിച്ചോതുന്നതുമായ പരിപാടികൾ അവതരിപ്പിച്ചു. അന്നേ ദിവസം നാലാം ക്ലാസ്സിലെ കുട്ടികൾ പോസ്റ്റർ ഉണ്ടാക്കി. വായന ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സിലും ക്ലാസ്സ് തല ലൈബ്രറി ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യത്തെ കുറിച്ച് ശ്രീമതി സുപ്രഭ ടീച്ചർ സംസാരിച്ചു, വായന ദിന സന്ദേശവും കൈമാറി. എല്ലാ ക്ലാസ്സുകളിൽ വായന മത്‌സരം നടത്തി. സ്കൂൾ വിദ്യാരംഗം ക്ലബ്ബ് കോർഡിനേറ്റർ നീന ടീച്ചറുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്. ഗ്രന്ഥശാല സന്ദർശനം നടത്തി. ശ്രീമതി.ബിന്ദു ടീച്ചർ ഏവർക്കും നന്ദി അർപ്പിച്ചു. യോഗനടപടികൾക്ക് ശേഷം അക്ഷര മുറ്റത്ത് അറിവിന്റെ വാതായനങ്ങൾ തുറന്ന അധ്യാപകർ കുട്ടികളോടൊപ്പം കൂടി പുസ്തക വായന നടത്തി. കൂടാതെ കുട്ടികൾ വായനയുടെ പ്രാധാന്യവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ തയ്യാറാക്കി. പുസ്തക പരിചയം, ക്ലാസ്സ് ലൈബ്രറി ഒരുക്കൽ, കഥ പറയൽ, കവിതാ പാരായണം, എഴുത്തുകൂട്ടം, സാഹിത്യ ക്വിസ്, വായനാദിന പതിപ്പ് നിർമാണം, വായന കുറിപ്പ് തയ്യാറാക്കൽ, ഡോക്യുമെൻ്ററി പ്രദർശനം എന്നിവ വായനാ മാസാചരണത്തിൻ്റെ തുടർ പ്രവർത്തനങ്ങളാണ്.
ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം
പ്രധാനദ്ധ്യാപകൻ ശ്രീ.ജയകുമാർ സാർ ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് സ്കൂൾ സ്റ്റാഫ് സെക്രട്ടറി കുട്ടികൾക്ക് ക്ലാസ് നൽകി. സ്കൂളിലെ എസ്.ആർ.ജി. കൺവീനർ ശ്രീമതി. അഖില നന്ദിയർപ്പിച്ച് സംസാരിച്ചു.
ജൂൺ 23 അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനം
ഒളിമ്പിക്സിനെ കുറിച്ച് ഡോക്യുമെൻ്ററി പ്രദർശനം, കായിക ഇനങ്ങൾ, ഉപകരണങ്ങൾ പരിചയപ്പെടുത്തൽ, ഒളിമ്പിക്സിനെ കുറിച്ചുള്ള അവലോകനം എന്നിവ നടന്നു.
സുംബ പരിശീലനം
കുഞ്ഞുങ്ങൾക്ക് മാനസികോത്സാഹത്തിനും കായികക്ഷമത വർദ്ധിപ്പിക്കാനും, ലഹരിക്കെതിരായ പോരാട്ടത്തിനും സൂംബ പരിശീലനം സന്തോഷത്തോടെ എല്ലാവരും സ്വാഗതം ചെയ്തു. കുഞ്ഞുങ്ങളും ഏറെ ഉത്സാഹത്തോടെ ഈ പദ്ധതിയെ ഏറ്റെടുത്തു.
- വീഡിയോ കാണാൻ- സുംബ പരിശീലനം
ഒന്നാം ക്ലാസ് പഠനപ്രവർത്തനം
മുട്ട തോട് ഭാരം താങ്ങുമോ????
- വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- ഒന്നാം ക്ലാസ് പഠനപ്രവർത്തനം
പ്രിപ്രൈമറിയിലെ സർഗവേള
- വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- പ്രിപ്രൈമറിയിലെ സർഗവേള
മലയാളം പ്രവർത്തനം
ഒന്നാം ക്ലാസ് കേരളപാഠാവലിയിലെ "പറവകൾ പാറി" എന്ന യൂണിറ്റ് സർഗാത്മക അവതരണം കൊണ്ട് കൊച്ചു കൂട്ടുകാർ വ്യത്യസ്തമാക്കി. ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ് ആദ്യ യൂണിറ്റിലെ തുടർ പ്രവർത്തനം അവതരിപ്പിച്ചത്. ചിറകടിച്ച് പറന്നുവന്ന കിളികളായ് അവർ പകർന്നാടി. "ദേശമേതായാലും അതിരുകൾ ഏതായാലും നമ്മൾ ഒന്നാണ്" എന്ന സന്ദേശത്തെ ഉയർത്തി കാണിക്കുന്നതാണ് പാഠ സന്ദർഭം.. മാറിയ ഈ കാലഘട്ടത്തിൽ നമ്മൾ ഒന്നാണ് എന്ന സന്ദേശം പകർന്നു മാതൃകയാവുകയാണ് സെൻ്റ്, ജോസഫ്സിലെ ഒന്നാം തരക്കാർ..
- വീഡിയോ കാണുക- മലയാളം പ്രവർത്തനം
അലിഫ് അറബി ക്ലബ് പ്രവർത്തനങ്ങൾ
- വീഡിയോ കാണുക- അലിഫ് അറബി ക്ലബ് പ്രവർത്തനങ്ങൾ
ഗണിത പ്രവർത്തനം
- വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- ഗണിത പ്രവർത്തനം
ഫിസിക്കൽ ആക്ടിവിറ്റീസ്
- വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- ഫിസിക്കൽ ആക്ടിവിറ്റീസ്
ഹാൻ്റ് വാഷ് ആക്ടിവിറ്റി
- വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- ഹാൻ്റ് വാഷ് ആക്ടിവിറ്റി
ഇംഗ്ലീഷ് പ്രവർത്തനം
- വീഡിയോ കാണാൻ- ഇംഗ്ലീഷ് പ്രവർത്തനം 1, ഇംഗ്ലീഷ് പ്രവർത്തനം 2
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം
"നന്മയിൽ മുന്നേറാം
ലഹരി മുക്ത ജീവിതം കെട്ടിപ്പടുക്കാം"
ലഹരിക്കെതിരെ ബോധവത്കരണ ക്ലാസും, റാലിയും, പോസ്റ്റർ നിർമാണവും സംഘടിപ്പിച്ചു. ലഹരി വസ്തുതകൾ ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന ദൂഷ്യ വശങ്ങളെ പറ്റി കുട്ടികൾക്ക് അറിവ് പകർന്നു നൽകാൻ ഇത് സഹായിച്ചു.
- ലഹരി വിരുദ്ധ ദിനത്തിലെ പ്രവർത്തനങ്ങളുടെ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- ലഹരി വിരുദ്ധ പ്രവർത്തനം
ജൂൺ 30 പേവിഷബാധയ്ക്കെതിരെയുള്ള ബോധവത്കരണ ക്ലാസ്
സ്കൂളിൽ പേവിഷബാധയെക്കുറിച്ച് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസംബ്ലി സമയത്ത്, ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ക്ലാസ്. ഹെഡ്മാസ്റ്റർ.ശ്രീ.ജയകുമാർ സാർ സ്വാഗതം ചെയ്തു. ബാലരാമപുരം PHC യിലെ ശ്രീമതി റെജിമോൾ, ശ്രീമതി അഭിന സിസ്റ്റർ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി . പേവിഷബാധക്കെതിരെയുള്ള പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.
ജൂലൈ 1 വന മഹോത്സവ ദിനം
ഹരിതം 2025
കുഞ്ഞു മനസ്സുകളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കാൻ വേറിട്ടൊരു പ്രവർത്തന പദ്ധതിക്ക് തുടക്കം കുറിച്ചു. കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷി തുടങ്ങി. കുട്ടികളുടെ കൃഷിയിടത്തിലെ നടീൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ.ശ്രീ.ജയകുമാർ സാർ ഉദ്ഘാടനം ചെയ്തു. വിദ്യാലയ മുറ്റത്ത് മനോഹരമായ പച്ചക്കറി തോട്ടം ഒരുക്കുന്നത് വഴി സ്കൂൾ സന്ദർശിക്കുന്ന എല്ലാവരുടെ മനസിലും കൃഷി ചെയ്യണം എന്ന ആഗ്രഹമുണ്ടാകുമെന്നും, സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായുള്ള ശുദ്ധമായ പച്ചക്കറി വിളകൾ സ്കൂൾ അങ്കണത്തിൽ വിളയിക്കുവാൻ കഴിയുന്നത് അഭിമാനകരമാണെന്നും, ഹെഡ്മാസ്റ്റർ പറഞ്ഞു. കാർഷിക ക്ലബ് കൺവീനർ ബിന്ദു ടീച്ചർ നന്ദിയർപ്പിച്ചു.
- വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- ഹരിതം 2025
ഐ.സി.റ്റി ക്ലാസ്
ഐ.സി.റ്റി സാധ്യതകൾ ഉപയോഗിച്ച് പഠനബോധന പ്രക്രിയ സജീവമാക്കുന്നു.
ജൂലൈ 4 അലിഫ് ടാലൻ്റ് ടെസ്റ്റ്
സ്കൂൾ തല അലിഫ് അറബിക് ക്ലബ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. അലിഫ് അറബിക് ക്ലബിന് കീഴിൽ നടത്തിയ 15-ാം മത് അലിഫ് ടാലൻ്റ് ടെസ്റ്റ് സ്കൂൾ തല വിജയികളായി ബിലാൽ, അലി ഫാത്തിമ എന്നിവരെ തിരഞ്ഞെടുത്തു.
ജൂലൈ 5 ബഷീർ ദിനം
മണ്ണിനെയും മനുഷ്യനേയും ഭൂമിയിലെ സർവ്വ ചരാചരങ്ങളേയും പ്രണയിച്ച്, അവരെ ഭൂമിയുടെ അവകാശികളായി വാഴ്ത്തിയ വിശ്വസാഹിത്യകാരന്റെ ഓർമ്മയിൽ വീണ്ടുമൊരു ബഷീർ ദിനം കൂടി... പരിമിതമായ സമയം കൊണ്ടും വേഷങ്ങൾ കൊണ്ടും അധ്യാപകരോടൊപ്പം രക്ഷിതാക്കളും ഒരുക്കിയെടുത്ത ചില കഥാപാത്രങ്ങൾ.. ബഷീർ കഥാപാത്രങ്ങളെ കുട്ടികളിലേക്ക് എത്തുക എന്നൊരു ഉദ്ദേശം മാത്രമാണ് ഇതിനുള്ളത്... ഒത്തിരി സ്നേഹത്തോടെ 🙏🙏
- ബഷീർ ദിന കാഴ്ചകൾ കൂടുതലറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക- ബഷീർ ദിന കാഴ്ചകൾ
- വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക- ബഷീർ കഥാപാത്രങ്ങൾ
ദേശാഭിമാനി എന്റെ പത്രം
ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂളിൽ ദേശാഭിമാനി എൻ്റെ പത്രം പദ്ധതി ഉദ്ഘാടനം ചെയ്തു. PTA പ്രഡിഡൻ്റ ശ്രീ. വിനോദ് സുശീലൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ HM ശ്രീ.ജയകുമാർ സാർ വിശിഷ്ട വ്യക്തികൾക്ക് സ്വാഗതം ആശംസിച്ചു. ബഷീർ ദിനമായ ഇന്ന് ബഷീർ കഥാപാത്രമായി വന്ന കൊച്ചു കൂട്ടുകാർ പത്രം ഏറ്റുവാങ്ങി. ശ്രീമതി. ഷിനി ടീച്ചർ നന്ദി രേഖപ്പെടുത്തി. ബാലരാമപുരം സർവ്വീസ് സഹകരണ ബാങ്കാണ് പത്രം സ്പോൺസർ ചെയ്തിരിക്കുന്നത്.
കാർഷിക ക്ലബ് ഉദ്ഘാടനം
നമ്മുടെ സ്കൂളിൽ ഇന്ന് കൃഷിയിലെ സംശയങ്ങൾ കുട്ടികൾക്ക് ദൂരീകരിക്കുവാനും, കൃഷിയിലെ വൈവിധ്യങ്ങളെ കുറിച്ചും, കൃഷിയുടെ ഘട്ടങ്ങളെ കുറിച്ചും, കൃഷി ഉപകരണങ്ങളെ കുറിച്ചും, പഴയതും പുതിയതുമായ കൃഷി ഉപകരണങ്ങളുടെ പ്രത്യേകതയും, വളപ്രയോഗങ്ങളും എല്ലാം തന്നെ വിശദീകരിക്കാൻ ആനിമേറ്ററായ ശ്രീമതി ഷീബ മാഡം, ശ്രീ. വത്സല ബാബു, കമ്മിഷൻ സെക്രട്ടറി എന്നിവർ വിശദീകരിച്ചു കൊടുക്കുകയുണ്ടായി. പ്രഥമാധ്യാപകൻ ശ്രീ. ജയകുമാർ സാർ സ്വാഗതം ചെയ്തു. വളരെ ഫലപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇതെന്ന് കുട്ടികളെല്ലാവരും അഭിപ്രായപ്പെടുകയുണ്ടായി. കാർഷിക ക്ലബ് കൺവീനർ ശ്രീമതി. കവിത ടീച്ചർ നന്ദി പറയുകയും ചെയ്തു.
ജൂലൈ 11 ലോക ജനസംഖ്യാദിനം
നമ്മുടെ സ്കൂളിൽ ലോകജനസംഖ്യ ദിനാചരണവും സാമൂഹ്യശാസ്ത്ര ക്ലബ് ഉദ്ഘാടനവും സ്കൂൾ എച്ച്.എം ശ്രീ.ജയകുമാർ സാർ ഉദ്ഘാടനം നിർവഹിക്കുകയും ജനസംഖ്യ ഒപ്പം ദാരിദ്ര്യവും കുറയ്ക്കണമെന്ന് തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം എന്ന് കുട്ടികളെ ഓർമ്മപ്പെടുത്തുകയും ചെയ്തു. എസ്.എസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു.
വിദ്യാരംഗം കലാ സാഹിത്യവേദി
വാങ്മയം ഭാഷാ പ്രതിഭകൾ
മലയാളഭാഷാ അഭിരുചി വളർത്തുന്നതിൻ്റെ ഭാഗമായി സ്കൂൾ തലത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച "വാങ്മയം" ഭാഷാപ്രതിഭ തെരഞ്ഞെടുപ്പിൻ്റെ സ്കൂൾ തല പരീക്ഷ നമ്മുടെ വിദ്യാലയത്തിലെ പ്രതിഭകളായി നാലാം ക്ലാസിലെ അലിഷ, ബിലാൽ എന്നിവരെ തെരഞ്ഞെടുത്തു.
ചാന്ദ്രദിനാഘോഷം
സ്‌കൂളിൽ അന്താരാഷ്ട്ര ചാന്ദ്രദിനം ആഘോഷിച്ചു. ചരിത്രപ്രസിദ്ധമായ അപ്പോളോ 11 ദൗത്യത്തിന്റെ സ്മരണയ്ക്കായും ബഹിരാകാശ ശാസ്ത്രത്തെക്കുറിച്ചുള്ള അറിവും താല്പര്യവും വിദ്യാർത്ഥികളിൽ വളർത്തുന്നതിനായും വിവിധ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ അറിവ് പരിശോധനയ്ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം, കൂടാതെ പോസ്റ്റർ നിർമ്മാണം, ഡോക്യുമെൻ്ററി പ്രദർശനം, തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അദ്ധ്യാപിക ശ്രീമതി. ഷിനി ടീച്ചർ ചാന്ദ്രദിന സന്ദേശം നൽകി. ഇത്തരമൊരു ദിനാഘോഷം വിദ്യാർത്ഥികൾക്ക് ശാസ്ത്രതാല്പര്യം വളർത്തുന്നതിന് സഹായകരമായി എന്ന് ഹെഡ്മാസ്റ്റർ, ശ്രീ.ജയകുമാർ സാർ പറഞ്ഞു.
- ചാന്ദ്രദിന വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക- ചാന്ദ്രദിനാഘോഷം
ജൂലൈ 22 ദേശീയ മാമ്പഴ ദിനം
നമ്മുടെ നാടൻ മാവുകളേയും വൈവിധ്യമേറിയ മാമ്പഴങ്ങളേയും സംരക്ഷിച്ചു നിർത്തണമെന്ന് ഓർമ്മിപ്പിക്കുന്ന ദിനം ആചരിച്ചു. വിവിധ ഇനങ്ങളിലുള്ള മാമ്പഴങ്ങൾ പരിചയപ്പെട്ടു. മധുരവും രുചിയും സുഗന്ധവും ഒത്തിണങ്ങിയ മാമ്പഴത്തിന് പഴങ്ങളുടെ രാജാവെന്ന ബഹുമതി അർത്ഥവത്താണ്. ഇന്ത്യയുടെ ദേശീയ പഴമെന്ന പദവിയുമുണ്ട് നമ്മുടെ മാമ്പഴത്തിന്. മാവിന്റെ ജന്മദേശം നമ്മുടെ രാജ്യമാണ്. ലോകത്തിൽ ഏറ്റവും അധികം മാവ് കൃഷിയുള്ളതും ഇന്ത്യയിലാണ്. ഭാരതത്തിൽ 1200-ൽ പരം ഇനം മാവുകളുണ്ട്.
- വീഡിയോ കാണാനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യുക- ജൂലൈ 22 ദേശീയ മാമ്പഴ ദിനം
ജൂലൈ 28 ലോക പ്രകൃതിസംരക്ഷണ ദിനം
സ്കൂളിൽ കാർഷിക ക്ലബിൻ്റെ നേതൃത്വത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ജയകുമാർ സാർ, തദവസരത്തിൽ ദിന പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. സ്പെഷ്യൽ അസംബ്ലി, സന്ദേശം, പോസ്റ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.
ടീച്ചേഴ്സ് ട്രെയിനിംഗിന് കടന്നുവന്ന അധ്യാപക വിദ്യാർത്ഥികൾ ..
എത്രയും പെട്ടെന്ന് നല്ല അധ്യാപകരായി സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് മാതൃകാ അധ്യാപകരാവുക.
ഹിരോഷിമ നാഗസാക്കി ദിനം
- വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യുക- ഹിരോഷിമ നാഗസാക്കി ദിനം
സെൻ്റ് ജോസഫ്സ് എൽപി സ്കൂളിലെ 2025-26-ലെ പി റ്റി എ ഭാരവാഹികൾ
പി.റ്റി.എ പ്രസിഡൻ്റായി ശ്രീ.വിനോദ് സുശീലനെയും, പി.റ്റി.എ വൈസ് പ്രസിഡൻ്റായി ശ്രീ. ഷബീർ സുലൈമാനെയും, മദർ പി ടി എ പ്രസിഡൻ്റായി ജസ്ന അബ്ദുൾ ഖാദറിനെയും, മദർ പി ടി എ വൈസ് പ്രസിഡൻ്റായി ജാസ്മിൻ റോയിയും തിരഞ്ഞെടുത്തു.
ഔഷധ തോട്ട നിർമ്മാണം
- ഔഷധ തോട്ട നിർമ്മാണം കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യുക- ഔഷധ തോട്ട നിർമ്മാണം
സ്വാതന്ത്ര്യ ദിനാഘോഷം
- സ്വാതന്ത്ര്യ ദിനാഘോഷം വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യുക- സ്വാതന്ത്ര്യ ദിനാഘോഷം
- സ്വാതന്ത്ര്യ ദിനാഘോഷം വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യുക- സ്വാതന്ത്ര്യ ദിനാഘോഷം
ചിങ്ങം - 1 കർഷകദിനം🌾🌾🌾
കർഷക ദിനത്തിൽ സ്കൂളിൽ കുഞ്ഞു കൂട്ടുകാരുടെ വിളവെടുപ്പ് നടന്നു. ഇത് കർഷകരുടെ അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കാൻ സഹായിച്ചു. കർഷകദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളാനും, പ്രകൃതിയെ സ്നേഹിക്കാനും മണ്ണിന്റെ മഹത്വം മനസ്സിലാക്കാനും ഓർമ്മിപ്പിച്ചു കൊണ്ട് എല്ലാവർക്കും നല്ലൊരു ചിങ്ങം മാസവും, ഐശ്വര്യപൂർണ്ണമായ ഓണവും നേരുന്നു.
- വീഡിയോ കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യുക- ചിങ്ങം - 1 കർഷകദിനം🌾🌾🌾
ഓണഘോഷം 2025
ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ.പി.എസ്സിൻ്റെ ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. കുട്ടികളുടെ വിവിധ പരിപാടികളും, ഓണസദ്യയും വളരെ ഹൃദയസ്പർശിയായി മാറ്റുവാൻ സഹായിച്ച പി.റ്റി.എ എം.പി.റ്റി.എ അംഗങ്ങൾ, സ്നേഹനിധികളായ രക്ഷകർത്താക്കൾ, പ്രോഗ്രാം കൺവീനർ, മറ്റ് അധ്യാപകർ, അദ്ധ്യാപക വിദ്യാർത്ഥികൾ, ഓണസദ്യ തയ്യാറാക്കിയ ശ്രീമതി ഷൈനി, എല്ലാവരും ഒത്ത് ചേർന്നപ്പോൾ ഓണാഘോഷം മനോഹരമായി.
- ഓണാഘോഷ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക- ഓണഘോഷം 2025
സ്കൂൾ ശാസ്ത്രമേള
സ്കൂൾ ശാസ്ത്രമേള വളരെ വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
- കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് ക്ലിക്ക് ചെയ്യുക- സ്കൂൾ ശാസ്ത്രമേള
മികച്ച അധ്യാപക അവാർഡ്
ബാലരാമപുരം ബി.ആർ.സി യുടെ 2025-2026 അധ്യയന വർഷത്തെ സമഗ്ര ഗുണമേന്മ പുരസ്കാരം നമ്മുടെ സ്കൂളിലെ ശ്രീമതി. ബിന്ദു ടീച്ചറിന് ലഭിച്ചു.
അമീബിക് മസ്തിഷ്ക ജ്വര ബോധവത്കരണം
രക്ഷിതാക്കൾക്കും, കുട്ടികൾക്കും അമീബിക് മസ്തിഷ്ക ജ്വരത്തെ കുറിച്ച് ബോധവൽക്കണം നടത്തി.
കേരളപ്പിറവി
യോഗ പരിശീലനം
- വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക- യോഗ പരിശീലനം
ആരോഗ്യമുള്ള ശരീരവും ഉന്മേഷമുള്ള മനസ്സും: സെന്റ് ജോസഫ്‌സിൽ യോഗ പരിശീലനം
വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ട് ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു. കുട്ടികളിൽ ഏകാഗ്രത വളർത്തുന്നതിനും മാനസിക സമ്മർദ്ദം കുറച്ച് പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും യോഗ വലിയ പങ്കുവഹിക്കുന്നു എന്ന സന്ദേശവുമായാണ് വിദ്യാലയത്തിൽ പരിശീലനം ആരംഭിച്ചത്. പ്രത്യേകം തയ്യാറാക്കിയ സെഷനുകളിൽ കുട്ടികൾക്കായി ലളിതമായ യോഗാസനങ്ങളും പ്രാണായാമവും പരിശീലിച്ചു. നിത്യജീവിതത്തിൽ യോഗാഭ്യാസം ശീലമാക്കുന്നതിലൂടെ കൈവരുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പരിശീലകർ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. സൂര്യനമസ്കാരം, വിവിധ ആസനങ്ങൾ എന്നിവ കുരുന്നുകൾ ആവേശത്തോടെയാണ് അഭ്യസിച്ചത്.അച്ചടക്കമുള്ള ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുക്കാനും കുട്ടികളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇത്തരം പരിശീലനങ്ങൾ സഹായിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. അധ്യാപകരും പി.ടി.എ അംഗങ്ങളും യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
മലയാളപ്പെരുമയുടെ ആഘോഷം: സെന്റ് ജോസഫ്‌സ് സ്കൂളിൽ കേരളപ്പിറവി ദിനം ആചരിച്ചു
കേരളപ്പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ആഘോഷിച്ചു. മലയാള ഭാഷയുടെ മഹിമയും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും വിളിച്ചോതുന്നതായിരുന്നു വിദ്യാലയത്തിൽ സംഘടിപ്പിച്ച ഓരോ ചടങ്ങുകളും. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മലയാള ഭാഷാ പ്രതിജ്ഞ എടുത്തു. മാതൃഭാഷയെ സ്നേഹിക്കുമെന്നും പരിപാലിക്കുമെന്നും കുരുന്നുകൾ ഒരേമനസ്സോടെ പ്രതിജ്ഞ ചെയ്തു. കേരളത്തിന്റെ തനത് വേഷവിധാനങ്ങൾ അണിഞ്ഞെത്തിയ കുട്ടികളും അധ്യാപകരും വിദ്യാലയ മുറ്റത്ത് ഒരു കൊച്ചു കേരളം തന്നെ തീർത്തു. മലയാള കവിതകളുടെ ആലാപനം, നാടൻ പാട്ടുകൾ, പ്രസംഗങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കേരളത്തിന്റെ ചരിത്രത്തെയും ഭൂപ്രകൃതിയെയും കുറിച്ചുള്ള ലഘു വിവരണം അധ്യാപകർ നൽകി. നമ്മുടെ നാടിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും മലയാളിയെന്ന അഭിമാനം ഓരോ കുട്ടികളിലും വളർത്താനും ഈ ദിനാചരണം സഹായിച്ചു. വിദ്യാലയ മാനേജ്‌മെന്റും പി.ടി.എയും ആഘോഷങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി.
സബ്ജില്ലാ അറബിക് കലോത്സവം: സെന്റ് ജോസഫ്‌സ് സ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം
ബാലരാമപുരം: ബാലരാമപുരം സബ്ജില്ലാ അറബിക് കലോത്സവത്തിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച് സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ സബ്ജില്ലാ തലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. നവംബർ 4 മുതൽ 7 വരെ നടന്ന ആവേശകരമായ മത്സരങ്ങളിൽ 45-ൽ 43 പോയിന്റുകൾ നേടിയാണ് വിദ്യാലയത്തിലെ കൊച്ചു പ്രതിഭകൾ ഈ തിളക്കമാർന്ന നേട്ടം സ്വന്തമാക്കിയത്. കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വെച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറിൽ നിന്നും വിദ്യാലയത്തിനുള്ള ട്രോഫി ഏറ്റുവാങ്ങി. സ്കൂളിലെ അധ്യാപകർ, പി.ടി.എ പ്രതിനിധികൾ, മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ എന്നിവർ ചേർന്നാണ് പുരസ്കാരം സ്വീകരിച്ചത്.വിവിധ മത്സരയിനങ്ങളിൽ എ ഗ്രേഡും മറ്റ് സമ്മാനങ്ങളും നേടി വിദ്യാലയത്തിന്റെ കീർത്തി ഉയർത്തിയ നമ്മുടെ 'ചുണക്കുട്ടികളെയും' അവർക്ക് മികച്ച പരിശീലനം നൽകിയ അറബിക് അധ്യാപകരെയും സ്കൂൾ മാനേജ്‌മെന്റും പി.ടി.എയും ഹൃദയപൂർവ്വം അഭിനന്ദിച്ചു. വരും വർഷങ്ങളിലും ഇത്തരം വലിയ വിജയങ്ങൾ കൈവരിക്കാൻ ഈ മുന്നേറ്റം പ്രചോദനമാകും.
കത്തുകളുടെ ലോകം തേടി ഒരു പഠനയാത്ര: സെന്റ് ജോസഫ്‌സിലെ കുരുന്നുകൾ പോസ്റ്റ് ഓഫീസിൽ
ക്ലാസ്സ് മുറിയിലെ പാഠപുസ്തകങ്ങൾക്കപ്പുറം നേരിട്ടുള്ള അറിവ് തേടി ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ ബാലരാമപുരം പോസ്റ്റ് ഓഫീസിലേക്ക് പഠനയാത്ര നടത്തി. ആശയവിനിമയത്തിന്റെ പരമ്പരാഗത രീതികളെക്കുറിച്ചും തപാൽ വകുപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് നേരിട്ട് മനസ്സിലാക്കാൻ ഈ യാത്ര അവസരമൊരുക്കി. ഒരു കത്ത് പോസ്റ്റ് ബോക്സിൽ നിക്ഷേപിക്കുന്നത് മുതൽ അത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെയുള്ള വിവിധ ഘട്ടങ്ങൾ കുട്ടികൾ കണ്ടു മനസ്സിലാക്കി. കത്തുകൾ എങ്ങനെയാണ് വിലാസങ്ങൾക്കനുസരിച്ച് തരംതിരിക്കുന്നതെന്നും മുദ്ര പതിപ്പിക്കുന്നതെന്നും ഉദ്യോഗസ്ഥർ കുട്ടികൾക്ക് വിശദീകരിച്ചു നൽകി. ഡിജിറ്റൽ യുഗത്തിലും തപാൽ സംവിധാനത്തിന്റെ പ്രാധാന്യവും പോസ്റ്റ്മാന്റെ സേവനങ്ങളും നേരിട്ട് കണ്ടറിഞ്ഞത് കുട്ടികളിൽ വലിയ കൗതുകമുണർത്തി.കുട്ടികളിൽ സാമൂഹിക ബോധവും അന്വേഷണ താല്പര്യവും വളർത്താൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഈ പഠനയാത്ര അവർക്ക് തികച്ചും വേറിട്ടൊരു അനുഭവമായി മാറി. വിദ്യാലയത്തിലെ അധ്യാപകരും പോസ്റ്റ് ഓഫീസ് അധികൃതരും പഠനയാത്രയ്ക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
കുരുന്നുകളുടെ ആഘോഷമായി സെന്റ് ജോസഫ്‌സിൽ ശിശുദിനം
വിദ്യാലയ മുറ്റത്ത് വർണ്ണക്കാഴ്ചകളും ആവേശവും നിറച്ചുകൊണ്ട് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശിശുദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം കുട്ടികളുടെ വലിയൊരു ഉത്സവമായി മാറുകയായിരുന്നു വിദ്യാലയത്തിൽ. വർണ്ണാഭമായ വേഷവിധാനങ്ങൾ അണിഞ്ഞും നെഹ്‌റുവിന്റെയും മറ്റ് നേതാക്കളുടെയും വേഷങ്ങൾ ധരിച്ചും കുട്ടികൾ നടത്തിയ ശിശുദിന റാലി ശ്രദ്ധേയമായി. ചാച്ചാജിയുടെ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു റാലി വിദ്യാലയ പരിസരത്ത് പ്രയാണം നടത്തിയത്. കുട്ടികളുടെ സർഗ്ഗവാസനകൾ പ്രകടമാക്കുന്ന പാട്ടുകൾ, പ്രസംഗങ്ങൾ, നൃത്തങ്ങൾ എന്നിവ അസംബ്ലിയുടെ ഭാഗമായി നടന്നു. ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അധ്യാപകർ സന്ദേശം നൽകി. ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് മധുരം വിതരണം ചെയ്തു. അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് കുട്ടികൾക്കായി വിനോദ പരിപാടികൾ സംഘടിപ്പിച്ചു. കുട്ടികളോടുള്ള സ്നേഹവും കരുതലും പങ്കുവെച്ചുകൊണ്ടുള്ള ഈ ദിനം വിദ്യാലയത്തിലെ ഓരോ കുഞ്ഞിലും വലിയ സന്തോഷം നിറച്ചു. ഭാവിവാഗ്ദാനങ്ങളായ കുരുന്നുകളെ സ്നേഹപൂർവ്വം ചേർത്തുപിടിക്കുന്നതിൽ സെന്റ് ജോസഫ്‌സ് സ്കൂൾ കാണിക്കുന്ന പ്രതിബദ്ധത ഈ ആഘോഷങ്ങളിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞു.
ചങ്ങാതിക്കൊരു തൈ: പച്ചപ്പിന്റെ സന്ദേശവുമായി സെന്റ് ജോസഫ്‌സിൽ തൈ വിതരണം
കുട്ടികളിൽ പ്രകൃതിസ്നേഹവും കൃഷിതാല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ "ചങ്ങാതിക്കൊരു തൈ" പദ്ധതിക്ക് തുടക്കമായി. ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിന്റെ പ്രത്യേക സഹകരണത്തോടെയാണ് ഈ പദ്ധതി വിദ്യാലയത്തിൽ നടപ്പിലാക്കിയത്. പദ്ധതിയുടെ വിദ്യാലയതല ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ റവ. ഫാദർ വിക്ടർ എവരിസ്റ്റസ് നിർവ്വഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്ററുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥികൾക്ക് തൈകൾ കൈമാറി. വിദ്യാലയവും തദ്ദേശ സ്വയംഭരണ സ്ഥാപനവും കൈകോർത്ത് നടപ്പിലാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പരിസ്ഥിതി അവബോധം നൽകുന്നതിനൊപ്പം മണ്ണറിഞ്ഞ് വളരാനുള്ള അവസരവും ഒരുക്കുന്നു. ഓരോ കുട്ടിയും തങ്ങൾക്ക് ലഭിച്ച തൈകൾ നട്ടുപിടിപ്പിക്കുമെന്നും അത് സ്നേഹത്തോടെ പരിപാലിക്കുമെന്നും ചടങ്ങിൽ പ്രതിജ്ഞയെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെ വലിയൊരു സന്ദേശം കുരുന്നുകളിലേക്ക് എത്തിക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു. അധ്യാപകരും വാർഡ് പ്രതിനിധികളും പി.ടി.എ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.
സമ്പാദ്യശീലത്തിൽ സുവർണ്ണനേട്ടം: സമ്പൂർണ്ണ സമ്പാദ്യപദ്ധതിയുടെ നിറവിൽ സെന്റ് ജോസഫ്‌സ്
കുട്ടികളിൽ മിതവ്യയ ശീലവും സമ്പാദ്യശീലവും വളർത്തിയെടുക്കുന്നതിനായി തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ സമ്പൂർണ്ണ സമ്പാദ്യപദ്ധതിയുടെ ഭാഗമായി ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും പദ്ധതിയുടെ ഭാഗമാക്കിക്കൊണ്ട് സമ്പൂർണ്ണ സമ്പാദ്യ വിദ്യാലയമായി മാറാൻ നമുക്ക് സാധിച്ചു. കുഞ്ഞുനാളിലേ പണം സൂക്ഷിച്ചുവെക്കേണ്ടതിന്റെയും ഭാവിയിലേക്കായി കരുതിവെക്കേണ്ടതിന്റെയും പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഈ പദ്ധതിയിലൂടെ സാധിച്ചു. തപാൽ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക മേൽനോട്ടത്തിൽ ഓരോ കുട്ടിക്കും സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുകയും അതിലൂടെ ചെറിയ തുകകൾ സമ്പാദ്യമായി മാറ്റാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു. രക്ഷകർത്താക്കളുടെ പൂർണ്ണ പിന്തുണയോടെ നടപ്പിലാക്കിയ ഈ പദ്ധതി, വിദ്യാലയത്തിന്റെ മികച്ചൊരു സാമൂഹിക മുന്നേറ്റമായി മാറി. കുട്ടികളിൽ സാമ്പത്തിക അച്ചടക്കവും ഉത്തരവാദിത്തബോധവും വളർത്താൻ സഹായിച്ച ഈ പദ്ധതിയെ വിദ്യാലയ മാനേജ്‌മെന്റും പി.ടി.എയും പ്രത്യേകം അഭിനന്ദിച്ചു.
ചേർത്തുപിടിക്കാം കരുതലോടെ: സെന്റ് ജോസഫ്‌സിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു
ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ചും അവർക്ക് നൽകേണ്ട കരുതലിനെക്കുറിച്ചും ബോധവൽക്കരണം നൽകുന്നതിനായി ഡിസംബർ 3-ന് ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ 'ലോക ഭിന്നശേഷി ദിനം' അഥവാ 'ശക്തീകരണ ദിനം' ആചരിച്ചു. ഓരോ കുഞ്ഞിലും ഒളിഞ്ഞിരിക്കുന്ന സവിശേഷമായ കഴിവുകളെ തിരിച്ചറിയാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുമുള്ള വലിയ സന്ദേശമാണ് ഈ ദിനാചരണം വിദ്യാലയത്തിന് പകർന്നുനൽകിയത്. ഓരോ വ്യക്തിയിലും ദൈവം പതിപ്പിച്ച സവിശേഷമായ കൈയ്യൊപ്പുകൾ തിരിച്ചറിയേണ്ടതുണ്ടെന്നും അവരെ പരിപോഷിപ്പിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും വിദ്യാലയ കുടുംബം ഒരേ മനസ്സോടെ പങ്കുവെച്ചു. "ചേർത്തുപിടിക്കാം കൂടെ നിൽക്കാം" എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്കായി വിവിധ ബോധവൽക്കരണ ക്ലാസുകളും കലാപരിപാടികളും നടന്നു. അവഗണനകളില്ലാതെ സ്നേഹത്തോടും തുല്യ പരിഗണനയോടും കൂടി ഈ കുരുന്നുകളെ വളർത്തിയെടുക്കുമെന്ന് വിദ്യാലയം പ്രതിജ്ഞയെടുത്തു.
ഡിസംബർ 18 ലോക അറബിക് ഭാഷാ ദിനം: സെന്റ് ജോസഫ്‌സ് സ്കൂളിൽ വൈവിധ്യമാർന്ന ആഘോഷങ്ങൾ
ലോക അറബിക് ഭാഷാ ദിനമായ ഡിസംബർ 18-ന് ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അറബിക് ഭാഷയുടെ പ്രാധാന്യവും സാംസ്കാരിക പൈതൃകവും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി നിരവധി മത്സരങ്ങളും പ്രദർശനങ്ങളും വിദ്യാലയത്തിൽ നടന്നു. അറബിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മൈലാഞ്ചിയിടൽ മത്സരം കുട്ടികളിലെ സർഗ്ഗവാസനകൾ പുറത്തെടുക്കുന്നതായിരുന്നു. ആകർഷകമായ അറബിക് ഡിസൈനുകൾ കുഞ്ഞു കൈകളിൽ വിരിഞ്ഞപ്പോൾ അത് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അറബിക് ഭാഷയുടെ സൗന്ദര്യവും അറിവും വിളിച്ചോതുന്ന പോസ്റ്ററുകൾ വിദ്യാർത്ഥികൾ തയ്യാറാക്കി. അറബിക് ഭാഷാ പഠനത്തിന്റെ ആവശ്യകതയെക്കുറിച്ചും അന്താരാഷ്ട്ര തലത്തിൽ ഈ ഭാഷയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അധ്യാപകർ കുട്ടികൾക്ക് സന്ദേശം നൽകി. അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഈ പരിപാടികൾ വിദ്യാലയത്തിലെ ഭാഷാ പഠന പ്രവർത്തനങ്ങൾക്ക് പുതിയൊരു ഊർജ്ജം പകർന്നു. വിജയികളായ വിദ്യാർത്ഥികൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
പങ്കിടലിന്റെയും ഒത്തുചേരലിന്റെയും മനോഹര നിമിഷങ്ങൾ: സെന്റ് ജോസഫ്‌സിൽ വർണ്ണാഭമായ ക്രിസ്മസ് ആഘോഷം
മഞ്ഞും തണുപ്പും ഒപ്പം വാനോളം സന്തോഷവുമായി വീണ്ടും ഒരു ക്രിസ്മസ് കൂടി എത്തിയപ്പോൾ, സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ മുറ്റം ആഘോഷലഹരിയിലായി. പങ്കിടലിന്റെയും ഒത്തുചേരലിന്റെയും വലിയ സന്ദേശം വിളിച്ചോതുന്നതായിരുന്നു വിദ്യാലയത്തിൽ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷങ്ങൾ. നക്ഷത്രങ്ങളും പുൽക്കൂടും ക്രിസ്മസ് പാപ്പായുടെ വരവുമെല്ലാം ചേർന്ന് സ്കൂളിനെ ഒരു മായാലോകമാക്കി മാറ്റി. കുട്ടികൾ ഒരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികളും കേക്ക് മുറിക്കലും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിദ്യാലയത്തിലെ കുരുന്നുകൾ പരസ്പരം സ്നേഹവും സമ്മാനങ്ങളും പങ്കുവെച്ചപ്പോൾ അത് സൗഹൃദത്തിന്റെ വലിയൊരു അടയാളമായി മാറി. ക്രിസ്മസ് നൽകുന്ന സമാധാനത്തിന്റെയും കരുണയുടെയും സന്ദേശം ഓരോ കുട്ടിയിലേക്കും എത്തിക്കാൻ ഈ ഒത്തുചേരലിലൂടെ സാധിച്ചു. അധ്യാപകരും പി.ടി.എയും ചേർന്ന് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. ✨🎄🎅✨🎄
ദേശീയ വിര വിമുക്ത ദിനം: സെന്റ് ജോസഫ്‌സ് സ്കൂളിൽ വിരഗുളിക വിതരണം ചെയ്തു
കുട്ടികളുടെ ശാരീരിക ആരോഗ്യം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ദേശീയ വിര വിമുക്ത ദിനം ആചരിച്ചു. വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് വിരഗുളിക നൽകിക്കൊണ്ട് സ്കൂൾ ഹെഡ്മാസ്റ്റർ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിലെ വിരശല്യം ഒഴിവാക്കി വിളർച്ച തടയുന്നതിനും, അതുവഴി പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരെ പ്രാപ്തരാക്കുന്നതിനുമാണ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഈ പരിപാടി സംഘടിപ്പിച്ചത്. കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്കും ഉന്മേഷത്തിനും നല്ല ആരോഗ്യം അനിവാര്യമാണെന്ന സന്ദേശം ചടങ്ങിൽ കൈമാറി. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം ഗുളികകൾ വിതരണം ചെയ്തു. അധ്യാപകരും പി.ടി.എ അംഗങ്ങളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഊർജ്ജസ്വലമായ നേതൃത്വം, സ്നേഹനിധിയായ: പ്രിയ മാനേജർക്ക് സ്വാഗതം
സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന്റെ പുതിയ മാനേജർ ബഹുമാനപ്പെട്ട ജോണി.കെ ലോറൻസ് അച്ചൻ വിദ്യാലയം സന്ദർശിച്ചു. തന്റെ ആദ്യ സന്ദർശനത്തിൽ തന്നെ നിഷ്കളങ്കമായ പുഞ്ചിരിയിലൂടെയും കരുതലോടുള്ള ഇടപെടലിലൂടെയും കുരുന്നുകളുടെയും അധ്യാപകരുടെയും മനം കവരാൻ അച്ചന് സാധിച്ചു. വിദ്യാലയത്തിന്റെ ഭാവിയെക്കുറിച്ചുള്ള അങ്ങയുടെ ഊർജ്ജസ്വലമായ കാഴ്ചപ്പാടുകളും സജീവമായ നേതൃത്വവും സെന്റ് ജോസഫ്സ് കുടുംബത്തിന് വലിയ ആവേശമാണ് പകരുന്നത്. അങ്ങയുടെ മാർഗ്ഗനിർദ്ദേശത്തിൽ വിദ്യാലയം കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്, സെന്റ് ജോസഫ്സ് എൽ.പി.എസ് കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു.
അബാക്കസ് മത്സരത്തിൽ വിജയക്കൊടി പാറിച്ച് സെന്റ് ജോസഫ്‌സ്: ബിലാലിനും അലക്സയ്ക്കും ഉജ്ജ്വല നേട്ടം
ജില്ലാതല അബാക്കസ് മത്സര പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിലെ പ്രതിഭകൾ. 7 വയസിനും 10 വയസിനും ഇടയിലുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിലാണ് വിദ്യാലയത്തിലെ രണ്ട് കൊച്ചു മിടുക്കർ ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി സ്കൂളിന്റെ അഭിമാനം ഉയർത്തിയത്. നാലാം ക്ലാസ് വിദ്യാർത്ഥിയായ ബിലാൽ ഒന്നാം റാങ്ക് നേടി ജില്ലയിൽ തന്നെ ഒന്നാമനായപ്പോൾ, രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അലക്സ റോയ് ജേക്കബ് രണ്ടാം റാങ്ക് കരസ്ഥമാക്കി വിദ്യാലയത്തിന് ഇരട്ടി മധുരം പകർന്നു. കണക്കിലെ വേഗതയും ഏകാഗ്രതയും പരീക്ഷിക്കപ്പെട്ട ഈ വേദിയിൽ തങ്ങളുടെ അസാമാന്യ പ്രതിഭ തെളിയിക്കാൻ ഈ കൊച്ചു കൂട്ടുകാർക്ക് സാധിച്ചു. ജില്ലാതലത്തിൽ മികച്ച വിജയം കൈവരിച്ച ബിലാലിനെയും അലക്സയെയും സ്കൂൾ മാനേജ്‌മെന്റ്, അധ്യാപകർ, പി.ടി.എ എന്നിവർ ചേർന്ന് ഹൃദയപൂർവ്വം അഭിനന്ദിച്ചു. വരും കാലങ്ങളിലും ഇത്തരം വലിയ നേട്ടങ്ങൾ കൈവരിക്കാൻ ഇവർക്ക് കഴിയട്ടെ എന്ന് വിദ്യാലയ കുടുംബം ആശംസിക്കുന്നു.
എന്റെ വിദ്യാലയം എന്റെ കൗമുദി: വായനയുടെ ലോകത്തേക്ക് വാതിൽ തുറന്ന് പത്രസമർപ്പണം
കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ഉദാത്തമായ ലക്ഷ്യത്തോടെ ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ "എന്റെ വിദ്യാലയം എന്റെ കൗമുദി" പത്രസമർപ്പണ ചടങ്ങ് സംഘടിപ്പിച്ചു. 2026 ജനുവരി 27 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വിദ്യാലയ മുറ്റത്ത് വെച്ചാണ് ചടങ്ങ് നടന്നത്. കേരളകൗമുദി പത്രം വിദ്യാലയത്തിന് സംഭാവനയായി നൽകിയ ശ്രീ. മേലാംകോട് ശ്രീജിത്ത് ചടങ്ങിൽ സംസാരിച്ചു. അറിവ് നേടുന്നതിനും ലോകകാര്യങ്ങൾ മനസ്സിലാക്കുന്നതിനും ദിനപത്ര വായന എങ്ങനെയെല്ലാം സഹായിക്കുന്നുവെന്നും, കുട്ടിക്കാലം മുതലേ ഈ ശീലം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു. വാർത്തകളിലൂടെയും വിജ്ഞാന പംക്തികളിലൂടെയും അറിവിന്റെ പുതിയ ലോകം കീഴടക്കാൻ ഈ പദ്ധതി നമ്മുടെ കുട്ടികൾക്ക് വലിയൊരു മുതൽക്കൂട്ടാകും. വിദ്യാലയത്തിന് ഇത്തരമൊരു നല്ല സംരംഭം സമ്മാനിച്ച ശ്രീ. ശ്രീജിത്തിന് സ്കൂൾ കുടുംബം നന്ദി രേഖപ്പെടുത്തി.
വേഗത്തിലും കരുത്തിലും സെന്റ് ജോസഫ്‌സ്: ആവേശമായി വിദ്യാലയ കായിക ദിനം
സെന്റ് ജോസഫ്സ് എൽ.പി സ്കൂളിലെ വിദ്യാർത്ഥികളുടെ കായികക്ഷമതയും കായികപ്രേമവും വിളിച്ചോതുന്ന അവിസ്മരണീയമായ കായിക ദിനം ആവേശകരമായി ആഘോഷിച്ചു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കായിക വിനോദങ്ങൾ നൽകുന്ന പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു വിദ്യാലയ മുറ്റത്ത് നടന്ന ഓരോ മത്സരങ്ങളും. നിറപ്പകിട്ടാർന്ന മാർച്ച് പാസ്റ്റോടു കൂടി ആരംഭിച്ച കായിക മേളയിൽ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തത്. ഓട്ടമത്സരം, ചാട്ടം, ത്രോ ഇനങ്ങൾ തുടങ്ങി പ്രൈമറി വിഭാഗം കുട്ടികൾക്കായി സംഘടിപ്പിച്ച വൈവിധ്യമാർന്ന കായിക ഇനങ്ങളിൽ കുട്ടികൾ വലിയ ആവേശത്തോടെയും കായിക മാന്യതയോടെയും മാറ്റുരച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കേവലം വിജയത്തിനപ്പുറം കുട്ടികളിൽ ടീം വർക്കും ഐക്യവും വളർത്താൻ ഈ കായിക ദിനം സഹായിച്ചു. അധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും രക്ഷകർത്താക്കളുടെയും സജീവ സാന്നിധ്യം കായിക മേളയ്ക്ക് കൂടുതൽ കരുത്തേകി.
ഗാന്ധിസ്മൃതി: സെന്റ് ജോസഫ്‌സ് സ്കൂളിൽ രക്തസാക്ഷി ദിനം ആചരിച്ചു
ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണ പുതുക്കി ജനുവരി 30-ന് സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ രക്തസാക്ഷി ദിനം ആചരിച്ചു. സത്യത്തിന്റെയും അഹിംസയുടെയും സന്ദേശം ലോകത്തിന് പകർന്നുനൽകിയ ഗാന്ധിജിയുടെ ധീരസ്മരണകൾക്ക് മുന്നിൽ വിദ്യാലയ കുടുംബം പ്രണാമമർപ്പിച്ചു. രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുകയും സമാധാന സന്ദേശം കൈമാറുകയും ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് രാവിലെ 11 മണിക്ക് വിദ്യാലയത്തിൽ രണ്ട് മിനിറ്റ് മൗനം ആചരിച്ചു. ഗാന്ധിജിയുടെ മൂല്യങ്ങൾ ജീവിതത്തിൽ പകർത്തുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് ചടങ്ങുകൾ അവസാനിച്ചത്.
കുഞ്ഞു കൈകളിൽ സമ്പാദ്യത്തിന്റെ വലിയ പാഠങ്ങൾ: സെന്റ് ജോസഫ്‌സിൽ 'കുട്ടി ബാങ്കേഴ്സ്' ശ്രദ്ധേയമാകുന്നു
വിദ്യാലയത്തിലെ കുട്ടികളിൽ സമ്പാദ്യശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ സെന്റ് ജോസഫ്‌സ് സ്കൂളിൽ വേറിട്ട അനുഭവമായി. ആയിരം രൂപയുടെ നോട്ടുകളേക്കാൾ തിളക്കമുള്ള ചിരിയോടെ, തങ്ങളുടെ കൊച്ചു കുടുക്കകൾ പൊട്ടിച്ചു സമ്പാദ്യം എണ്ണുന്ന കുട്ടികൾ വിദ്യാലയത്തിലെ 'കുട്ടി ബാങ്കേഴ്സ്' ആയി മാറി. കുട്ടികൾ സ്വരൂപിച്ച തുക എണ്ണുന്നതിനും അവരുടെ സമ്പാദ്യശീലത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും രക്ഷകർത്താക്കളും അധ്യാപകരോടൊപ്പം പങ്കുചേർന്നു. കുഞ്ഞുനാളിലേ പണത്തിന്റെ മൂല്യവും അത് സൂക്ഷിച്ചു വെക്കേണ്ടതിന്റെ പ്രാധാന്യവും മനസ്സിലാക്കി കൊടുക്കുന്ന ഇത്തരം പഠന പ്രവർത്തനങ്ങൾ വലിയ പ്രശംസ പിടിച്ചുപറ്റി. സമ്പാദ്യശീലത്തിന്റെ വലിയ പാഠങ്ങൾ ഈ കുഞ്ഞു കൈകളിൽ നിന്ന് തുടങ്ങട്ടെ എന്ന ആഗ്രഹത്തോടെ വിദ്യാലയ കുടുംബം ഈ പ്രവർത്തനത്തിന് പൂർണ്ണ പിന്തുണ നൽകി വരുന്നു. 💰✨
ഐ.ടി, ജി.കെ സ്കോളർഷിപ്പ് പരീക്ഷയിൽ ഉജ്ജ്വല നേട്ടം
യൂണിക്സ് അക്കാദമി സംഘടിപ്പിച്ച ഐ.ടി & ജി.കെ സ്കോളർഷിപ്പ് പരീക്ഷയിൽ ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന് അഭിമാനകരമായ നേട്ടം. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ബിലാൽ.എസ് പരീക്ഷയിൽ നാലാം റാങ്ക് കരസ്ഥമാക്കി വിദ്യാലയത്തിന്റെ കീർത്തി ഉയർത്തി. റാങ്ക് നേട്ടത്തിന് പുറമെ പരീക്ഷയുടെ വിവിധ ഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച നിരവധി വിദ്യാർത്ഥികൾ 'എക്സലന്റ്' ഗ്രേഡും 'എ പ്ലസും' കരസ്ഥമാക്കി സ്കൂളിന് വലിയ നേട്ടം സമ്മാനിച്ചു. സാങ്കേതിക വിദ്യയിലും പൊതുവിജ്ഞാനത്തിലും കുട്ടികൾ കൈവരിക്കുന്ന ഈ മുന്നേറ്റം വിദ്യാലയത്തിലെ ചിട്ടയായ പരിശീലനത്തിന്റെ ഫലമായി. മികച്ച വിജയം കൈവരിച്ച ബിലാലിനെയും മറ്റ് പ്രിയപ്പെട്ട വിദ്യാർത്ഥികളെയും സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും പി.ടി.എയും ഹൃദയപൂർവ്വം അഭിനന്ദിച്ചു.
മണ്ണറിഞ്ഞ് വളരുന്ന കുഞ്ഞുപ്രതിഭ: മികച്ച ബാലകർഷകനായി ഇഹ്‌സാൻ മുഹമ്മദ്
ബാലരാമപുരം: ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിന് അഭിമാനമായി മൂന്നാം ക്ലാസ് വിദ്യാർത്ഥി ഇഹ്‌സാൻ മുഹമ്മദ്. നെയ്യാറ്റിൻകര രൂപത ബാലരാമപുരം ഫെറോനയിലെ മികച്ച ബാലകർഷകനായി ഇഹ്‌സാൻ തിരഞ്ഞെടുക്കപ്പെട്ടു. മണ്ണും പ്രകൃതിയുമായുള്ള ആത്മബന്ധം കുട്ടിക്കാലം മുതലേ കാത്തുസൂക്ഷിക്കുന്ന ഇഹ്‌സാൻ, തന്റെ വീടിനോട് ചേർന്നുള്ള കൃഷിപ്പണികളിൽ സജീവമാണ്. പച്ചക്കറി കൃഷിയിൽ ഇഹ്‌സാൻ പുലർത്തുന്ന താല്പര്യവും കഠിനാധ്വാനവുമാണ് ഈ വലിയ പുരസ്കാരത്തിന് അർഹനാക്കിയത്. പുതുതലമുറയ്ക്ക് കൃഷിയിലേക്ക് മടങ്ങാൻ വലിയൊരു പ്രചോദനമാണ് ഈ കൊച്ചു കർഷകൻ. വിദ്യാലയത്തിന് വലിയ കീർത്തി കൈവരുത്തിയ ഇഹ്‌സാൻ മുഹമ്മദിനെ സ്കൂൾ മാനേജ്‌മെന്റ്, അധ്യാപകർ, പി.ടി.എ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.
കരാട്ടെ തട്ടകത്തിൽ സുവർണ്ണ നേട്ടം: സെന്റ് ജോസഫ്‌സിന് അഭിമാനമായി രണ്ടാം ക്ലാസിലെ മാർഗരറ്റ് തെരേസ
നമ്മുടെ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മാർഗരറ്റ് തെരേസ കരാട്ടെ മത്സരത്തിൽ ഉജ്ജ്വല നേട്ടം കൈവരിച്ചു. അന്തർ വിദ്യാലയ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച മാർഗരറ്റ് സ്വർണ്ണ മെഡൽ കരസ്ഥമാക്കി വിദ്യാലയത്തിന്റെ അഭിമാനമായി മാറി. ചെറുപ്രായത്തിൽ തന്നെ പ്രതിരോധ കലയിൽ മികച്ച പരിശീലനവും അച്ചടക്കവും പ്രകടിപ്പിച്ച ഈ കൊച്ചു മിടുക്കിയുടെ നേട്ടം സഹപാഠികൾക്കും വിദ്യാലയത്തിനും വലിയ ആവേശമാണ് പകരുന്നത്. കായിക രംഗത്തും കുട്ടികളുടെ സർഗ്ഗവാസനകളിലും സെന്റ് ജോസഫ്‌സ് സ്കൂൾ നൽകുന്ന പ്രോത്സാഹനത്തിന്റെ ഉദാഹരണമാണ് ഈ വിജയം. സുവർണ്ണ നേട്ടം കൈവരിച്ച മാർഗരറ്റ് തെരേസയെ സ്കൂൾ മാനേജ്‌മെന്റും അധ്യാപകരും പി.ടി.എയും അഭിനന്ദിച്ചു.
ആരോഗ്യപൂർവ്വം സെന്റ് ജോസഫ്‌സ്: ആരോഗ്യ പരിപാലന സെമിനാർ സംഘടിപ്പിച്ചു
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആരോഗ്യ കാര്യങ്ങളിൽ അറിവും ജാഗ്രതയും പകരുന്നതിനായി ബാലരാമപുരം സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ആരോഗ്യ പരിപാലന സെമിനാർ സംഘടിപ്പിച്ചു. ഫെബ്രുവരി 21 ശനിയാഴ്ച നടന്ന ചടങ്ങിൽ പ്രമുഖ ആരോഗ്യ വിദഗ്ധർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. മാറുന്ന കാലഘട്ടത്തിലെ ഭക്ഷണരീതികളും ശുചിത്വ ശീലങ്ങളും കുട്ടികളുടെ ശാരീരിക-മാനസിക വളർച്ചയെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് സെമിനാർ വിശദമായ ധാരണ നൽകി. ആരോഗ്യവാനായ ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി വിദ്യാലയം നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അധികൃതരും പി.ടി.എ അംഗങ്ങളും വിദ്യാർത്ഥികളും സെമിനാറിൽ സജീവമായി പങ്കെടുത്തു.
മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ മികവിന്റെ പാതയിൽ സെന്റ് ജോസഫ്‌സ്
മികവാർന്ന വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിൽ എന്നും മുൻപന്തിയിലുള്ള നമ്മുടെ വിദ്യാലയത്തിന് അഭിമാനമായി മോറൽ സയൻസ് പരീക്ഷയിൽ ഉജ്ജ്വല നേട്ടം കൈവരിച്ച ഉമർ അൽ ഫാറൂഖിനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. പഠനത്തിനൊപ്പം തന്നെ ജീവിത മൂല്യങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന സെന്റ് ജോസഫ്‌സിന്റെ പാത ശരിയാണെന്ന് അടിവരയിടുന്നതാണ് ഇത്തരം നേട്ടങ്ങൾ. ഓരോ കുഞ്ഞിലും നന്മയും അറിവും ഒരുപോലെ വളർത്താൻ ലക്ഷ്യമിട്ടുള്ള 2026-27 അധ്യയന വർഷത്തെ അഡ്മിഷൻ നടപടികൾ സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്. അക്കാദമിക് മികവിനൊപ്പം സ്വഭാവഗുണവുമുള്ള പുതിയ കുരുന്നുകളെ ഇത്തരം വിജയങ്ങളിലേക്ക് ഞങ്ങൾ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
എൽ.എസ്.എസ് പരീക്ഷാ വിജയാശംസകൾ: ആത്മവിശ്വാസത്തോടെ വിജയത്തിലേക്ക്!
ഈ വർഷത്തെ എൽ.എസ്.എസ് പരീക്ഷയെഴുതുന്ന നമ്മുടെ വിദ്യാലയത്തിലെ പ്രിയപ്പെട്ട എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ വിജയാശംസകൾ നേരുന്നു. ഈ പരീക്ഷ നിങ്ങളുടെ അറിവിന്റെയും മുന്നേറ്റത്തിന്റെയും പാതയിലെ ഒരു സുപ്രധാന ചവിട്ടുപടി മാത്രമാണ്. മാസങ്ങളായി നിങ്ങൾ നടത്തിയ കഠിനാധ്വാനത്തിലും സ്വന്തം കഴിവിലും പൂർണ്ണമായി വിശ്വസിക്കുക. യാതൊരുവിധ ആശങ്കയുമില്ലാതെ, ശാന്തമായ മനസ്സോടെ പരീക്ഷയെ സമീപിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ. മികച്ച വിജയം നിങ്ങളെ തേടിയെത്തുമെന്ന ഉറപ്പോടെ, പ്രാർത്ഥനകളോടെ എല്ലാ നന്മകളും നേരുന്നു. ലക്ഷ്യത്തിലേക്കുള്ള നിങ്ങളുടെ യാത്രയിൽ ഈ പരീക്ഷ ഒരു വലിയ വിജയമായി മാറട്ടെ എന്ന് ആശംസിക്കുന്നു.
Festim'26: വർണ്ണാഭമായ കലാവിരുന്നോടെ സെന്റ് ജോസഫ്‌സ് സ്കൂൾ വാർഷികാഘോഷം
സെന്റ് ജോസഫ്‌സ് സ്കൂളിന്റെ 2025-26 അധ്യയന വർഷത്തെ വാർഷികാഘോഷം "Festim'26" എന്ന പേരിൽ അതീവ ഗംഭീരമായി ആഘോഷിച്ചു. കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കലാപരമായ കഴിവുകൾക്ക് വേദിയൊരുക്കുന്നതിനുമായി സംഘടിപ്പിച്ച ഈ ഉത്സവം വിദ്യാലയ മുറ്റത്തെ ആവേശക്കടലാക്കി മാറ്റി .പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിന് ശേഷം, വൈവിധ്യമാർന്ന കലാപരിപാടികളാണ് അരങ്ങേറിയത്. നൃത്തം, സംഗീതം, നാടകം, കൂടാതെ കുട്ടികളുടെ മികവാർന്ന യോഗാഭ്യാസ പ്രകടനങ്ങളും "Festim'26"-നെ വേറിട്ടതാക്കി. അക്കാദമിക് രംഗത്തും കായിക-കലാ രംഗങ്ങളിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. Festim'26-ന്റെ വേദിയിൽ ഏറെ കൗതുകമുണർത്തുകയും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ഒന്നായിരുന്നു വിദ്യാലയത്തിന്റെ 'ഡിജിറ്റൽ ഡോക്യുമെന്റേഷൻ' പ്രദർശനം. സാധാരണ വാർഷിക റിപ്പോർട്ടുകളിൽ നിന്നും വ്യത്യസ്തമായി, ഒരു വർഷത്തെ വിദ്യാലയ വിശേഷങ്ങളെ സാങ്കേതികവിദ്യയുടെ സഹായത്തോടെ ദൃശ്യവൽക്കരിച്ച ഈ രീതി സദസ്സിൽ വലിയ തരംഗമാണ് സൃഷ്ടിച്ചത്.
ആരോഗ്യപൂർവ്വം യോഗ: സെന്റ് ജോസഫ്‌സ് സ്കൂളിൽ യോഗാഭ്യാസ പ്രകടനവും സമ്മാനദാനവും
വിദ്യാലയത്തിന്റെ വാർഷികാഘോഷ വേളയിൽ യോഗാസനങ്ങൾ മികവോടെ അവതരിപ്പിച്ച പ്രിയ വിദ്യാർത്ഥികളെ സ്കൂൾ അസംബ്ലിയിൽ ആദരിച്ചു. ചടങ്ങിൽ വെച്ച് യോഗ ടീച്ചർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ ശാരീരികവും മാനസികവുമായ സമഗ്ര വളർച്ചയ്ക്ക് സെന്റ് ജോസഫ്‌സ് സ്കൂൾ നൽകുന്ന പ്രത്യേക കരുതലാണ് ഇത്തരം നേട്ടങ്ങൾക്ക് പിന്നിലെ ചാലകശക്തി. അച്ചടക്കവും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിനായി സ്കൂളിൽ നൽകിവരുന്ന പരിശീലനം വിദ്യാർത്ഥികൾക്ക് വലിയ മുതൽക്കൂട്ടാണ്. മികവ് പുലർത്തിയ എല്ലാ കൊച്ചു കൂട്ടുകാർക്കും സ്കൂൾ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ.
കുട്ടികളുടെ ഗ്രാമസഭയിൽ സെന്റ് ജോസഫ്‌സ് സ്കൂളിന്റെ സാന്നിധ്യം
ബാലരാമപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച **'കുട്ടികളുടെ ഗ്രാമസഭ'** യിൽ സെന്റ് ജോസഫ്‌സ് സ്കൂളിലെ കൊച്ചു കൂട്ടുകാർ അഭിമാനകരമായ പങ്കാളിത്തം വഹിച്ചു. സ്കൂളിനെ പ്രതിനിധീകരിച്ച് നാലാം ക്ലാസിലെ വിദ്യാർത്ഥികളായ ഉസ്മാനും ബിലാലും ആണ് ഗ്രാമസഭയിൽ പങ്കെടുത്തത്. ജനാധിപത്യ പ്രക്രിയയെ അടുത്തറിയുന്നതിനും, കുട്ടികളുടെ ആവശ്യങ്ങളും അവകാശങ്ങളും ചർച്ച ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ഈ വേദയിൽ സജീവമായ ഇടപെടലുകൾ നടത്താൻ നമ്മുടെ കൊച്ചു പ്രതിനിധികൾക്ക് സാധിച്ചു. പുതിയ അറിവുകളും അനുഭവങ്ങളുമായി മടങ്ങിയെത്തിയ ഉസ്മാനും ബിലാലിനും സ്കൂൾ കുടുംബത്തിന്റെ അഭിനന്ദനങ്ങൾ. 🌟🌟
അദൃശ്യകരങ്ങളിലെ സ്നേഹസ്പർശം: സെന്റ് ജോസഫ്‌സ് സ്കൂളിൽ വനിതാ ദിനാഘോഷം
ബാലരാമപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ബാലരാമപുരം സെന്റ് ജോസഫ്‌സ് സ്കൂളിൽ വേറിട്ടതും അവിസ്മരണീയവുമായ ഒരു ആദരിക്കൽ ചടങ്ങ് നടന്നു. വിദ്യാലയത്തിലെ ഓരോ കുട്ടിയുടെയും ആരോഗ്യത്തിലും വളർച്ചയിലും നിശബ്ദമായി പങ്കുചേരുന്ന, വിദ്യാലയത്തിന്റെ സ്വന്തം ഷൈനി ആന്റിയെ ചടങ്ങിൽ ആദരിച്ചു. വർഷങ്ങളായി കുട്ടികൾക്കായി സ്നേഹത്തോടെ ആഹാരം പാകം ചെയ്യുന്ന ഷൈനി ആന്റി, തന്റെ സേവനത്തിലൂടെ വിദ്യാലയ കുടുംബത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. സ്കൂൾ അസംബ്ലിയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രിയപ്പെട്ട ഷൈനി ആന്റിയെ പൊന്നാട അണിയിച്ച് ആദരിച്ചപ്പോൾ, വിദ്യാർത്ഥികൾ ഹൃദയപൂർവ്വമായ കൈയടികളോടെ ആ സ്നേഹപ്രകടനത്തിൽ പങ്കുചേർന്നു.
"വലിയ പ്രസംഗങ്ങളോ ആഘോഷങ്ങളോ അല്ല, മറിച്ച് നമ്മുടെ ജീവിതത്തിന് താങ്ങായി നിൽക്കുന്ന സാധാരണക്കാരായ സ്ത്രീരത്നങ്ങളെ തിരിച്ചറിയുന്നതാണ് യഥാർത്ഥ വനിതാ ദിനാഘോഷം."
നിശബ്ദ സേവനത്തിലൂടെ വിദ്യാലയത്തിന് അഭിമാനമായി മാറിയ സ്ത്രീരത്നങ്ങളെ ആദരിക്കാനും അവർക്ക് അർഹമായ പരിഗണന നൽകാനും ഈ ചടങ്ങ് ഏവർക്കും പ്രചോദനമായി.
യാത്രമൊഴി: ഓർമ്മച്ചെപ്പിലെ മധുരനിമിഷങ്ങളുമായി പുതിയ തീരങ്ങളിലേക്ക്...
2025-26 അധ്യയന വർഷത്തിന് വിട
നമ്മുടെ വിദ്യാലയമുറ്റത്തെ ഉന്മേഷം നിറഞ്ഞ പ്രഭാതങ്ങളും, കൗതുകം തുളുമ്പുന്ന ആ കുഞ്ഞുക്കണ്ണുകളും ഇനി മധുരമുള്ള ഓർമ്മകൾ. അറിവിന്റെയും സ്നേഹത്തിന്റെയും വലിയൊരു ലോകം പങ്കുവെച്ച്, ഒരു അധ്യയന വർഷം കൂടി കടന്നുപോയിരിക്കുന്നു.
സ്നേഹവിരുന്നിന്റെയും കരുതലിന്റെയും കരുത്തിൽ പുതിയ വിദ്യാലയത്തിന്റെ പടവുകൾ കയറുന്ന ഞങ്ങളുടെ പ്രിയപ്പെട്ട കുട്ടികൾക്ക്... നിറഞ്ഞ കണ്ണുകളോടെയും എന്നാൽ അഭിമാനത്തോടെയും ഞങ്ങൾ മംഗളങ്ങൾ നേരുന്നു. ഇത്രയും കാലം ഈ വിദ്യാലയത്തിന് നിങ്ങൾ നൽകിയ ജീവസ്സുറ്റ നിമിഷങ്ങൾക്ക് നന്ദി.
"നന്മയോടെ പോയി വരൂ മക്കളേ... പ്രാർത്ഥനകളോടെ നിങ്ങളുടെ സ്വന്തം വിദ്യാലയം."
അറിവിന്റെ പുതിയ ആകാശങ്ങൾ കീഴടക്കാൻ നിങ്ങൾക്ക് കഴിയട്ടെ. സ്നേഹപൂർവ്വം, ഹെഡ്മാസ്റ്റർ, അധ്യാപകർ, പി റ്റി എ
തയ്യാറാക്കിയതും സ്കൂൾ വിക്കിയുടെ താളുകളിൽ രൂപകൽപ്പന ചെയ്തതും
ബാലരാമപുരം സെൻ്റ്,ജോസഫ്സ് എൽ പി സ്കൂളിലെ അറബിക് അധ്യാപിക റംലാബീവി