ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025
മാങ്കടവ് ഗവ.മാപ്പിള എൽ പി സ്കൂൾ പ്രവേശനോത്സവം ജൂൺ 2 തിങ്കളാഴ്ച വിദ്യാലയത്തിന്റെ പൂർവ അധ്യാപകൻ ഇ എ സുബ്രഹ്മണ്യൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാങ്കടവിന്റെ അക്ഷരമുറ്റത്തേക്ക് ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകളെ സ്വാഗതം ചെയ്യാൻ പി ടി എയുടെ നേതൃത്വത്തിൽ വിദ്യാലയവും അങ്കണവും അലങ്കരിച്ചു. വർണ്ണത്തൊപ്പികളും പാവകളും സമ്മാനങ്ങളും നൽകി കുട്ടികളെ വരവേറ്റു . തങ്ങളുടെ ഫോട്ടോ പതിപ്പിച്ച പ്രവേശനോത്സവ കാർഡുകൾ അടങ്ങിയ പേപ്പർ കരടി കിട്ടിയപ്പോൾ കുട്ടികൾക്കത് കൗതുകമായി. പ്രവേശനോത്സവ ഗാനത്തിനൊപ്പം കുട്ടികൾ ചുവടുകൾ വച്ചു. ഉദ്ഘാടകൻ കഥകളും കടങ്കഥകളുമായി കുട്ടികളോടൊപ്പം സംവദിച്ചു. പി ടി എ പ്രസിഡണ്ട് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ വി അബ്ദുൽ കരീം മുഖ്യാതിഥിയായി. പി ടി എ വൈസ് പ്രസിഡൻറ് എം പി സൈദ്, മദർ പി ടി പ്രസിഡൻ്റ് സി ഷഫീറ എന്നിവർ ആശംസകൾ നേർന്നു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമ ശ്രീധരൻ നന്ദിയും പറഞ്ഞു. പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം മധുര വിതരണവും പായസവിതരണവും നടന്നു.
പരിസ്ഥിതി ദിനം
2025 ജൂൺ 5 ലോക പരിസ്ഥിതി ദിനം മാങ്കടവ് ജി എം എൽ പി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ട് ആചരിച്ചു. പി ടി എ പ്രസിഡൻ്റ് സി അബ്ദുള്ള പൂച്ചെടി നട്ടു കൊണ്ട് പൂന്തോട്ടമൊരുക്കൽ ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന ചെടികൾ പൂന്തോട്ടത്തിൽ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന് കീഴിൽ പരിസ്ഥിതി ദിന പ്രതിജ്ഞ, പോസ്റ്റർ നിർമ്മാണം, പ്രദർശനം, റീസൈക്കിൾ-റീ യൂസ് തുടങ്ങിയ പരിപാടികളും നടന്നു. പുനരുപയോഗത്തിന്റെ ഗുണങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി റീസൈക്കിൾ റീയൂസ് എന്ന തലക്കെട്ടിൽ പ്ലാസ്റ്റിക് ബോട്ടിലുകളിൽ നിന്നും പുതിയ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നൽകി.
ബാലവേല വിരുദ്ധ ദിനം
ജൂൺ 12 ബലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് റേഡിയോ മാങ്കടവിലെ ഇന്നോർമ്മയിൽ ബാലവേല വിരുദ്ധ ദിനത്തെ കുറിച്ച് നാലാം തരത്തിലെ ഫാത്തിമ ഹാജിസ സംസാരിച്ചു.ആർ ജെ ആയിഷ സന കുട്ടികൾക്ക് ബാലവേല വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വായന മാസാചരണം - കഥാമൃതം ഉദ്ഘാടനം
മാങ്കടവ് ജി എം എൽ പി സ്കൂൾ ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാ മസാചരണം സംഘടിപ്പിച്ചു. കണ്ണൂർ റെഡ് എഫ് എം ആർ ജെ മുസാഫിർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി എൻ പണിക്കർ അനുസ്മരണവും കഥകളിലൂടെ കുട്ടികളുടെ ഭാഷാപരമായ കഴിവുകൾ മികവുറ്റതാക്കി തീർക്കുവാനുള്ള പ്രത്യേക പദ്ധതിയായ 'കഥാമൃത'വും വിദ്യാരംഗം കലാസാഹിത്യ വേദി ഉൾപ്പെടെ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനവും 2024-25 അധ്യയനവർഷത്തിൽ എൽ എസ് എസ് കരസ്ഥമാക്കിയ ആയിഷ സന കെ എ , അർവ എൻ പി എന്നിവർക്കുള്ള ഉപഹാര സമർപ്പണവും നടന്നു.LSS വിജയികൾക്കുള്ള ക്യാഷ് അവാർഡ് ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ വിതരണം ചെയ്തു. അവധിക്കാലത്തെ മികച്ച വായനക്കാർക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ വി അബ്ദുൽ കരീം നിർവഹിച്ചു.പാപ്പിനിശ്ശേരി ബി ആർ സി കോഡിനേറ്റർ എ.സന്തോഷ് "കഥയും വര"യും അവതരിപ്പിച്ചു. ആയിഷ സന വായന ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി ടി എ പ്രസിഡൻ്റ് സി അബ്ദുല്ല അധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡൻ്റ് എം പി സൈദ്, മദർ പി ടി എ പ്രസിഡൻ്റ് സി ഷഫീറ, അധ്യാപകരായ രഞ്ജിത ടി.വി ,സി.പി സുബൈബത്ത് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീമ ശ്രീധരൻ നന്ദിയും രേഖപ്പെടുത്തി.
കുട്ടികൾക്കായി വായന ക്വിസ്, വായന മത്സരങ്ങൾ തുടങ്ങിയവയും വിവിധ ദിവസങ്ങളിലായി നടന്നു.
ലോക ലഹരി വിരുദ്ധ ദിനം
2025 ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലി, ലഹരി വിരുദ്ധ പ്രതിജ്ഞ, സൂംബ ഡാൻസ്, നൃത്തശില്പം തുടങ്ങിയവ നടന്നു. പാപ്പിനിശ്ശേരി സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ മുഖ്യാതിഥിയായി പങ്കെടുത്തു.സൂംബ ഡാൻസിന് അധ്യാപിക എം മൃദുല നേതൃത്വം നൽകി. 4,5 ക്ലാസുകളിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച ലഹരി വിരുദ്ധ നൃത്തശില്പം ആകർഷകമായി.
ബഷീർ ദിനം
ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ "ടീച്ചറും കുട്ട്യോളും ഒരു ബഷീർ കൃതിയും" എന്ന തലക്കെട്ടിൽ കഥാമൃതം പരിപാടി സംഘടിപ്പിച്ചു. ഒന്നു മുതൽ അഞ്ചുവരെ എല്ലാ ക്ലാസ്സുകളിലും ടീച്ചർ കുട്ടികളോട് കഥ പറഞ്ഞുകൊണ്ട് ഓരോ ബഷീർ കൃതിയെ പരിചയപ്പെടുത്തി കൊടുക്കുകയും കുട്ടികൾ ആ കഥ സദസ്സിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രശസ്ത കൃതികളായ തേന്മാവ്, ആനപ്പൂട,ൻ്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്,
പാത്തുമ്മായുടെ ആട്, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങിയവയാണ് കഥാവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാരംഗം കോഡിനേറ്റർ ശ്രീമ ശ്രീധരൻ കുട്ടികൾക്കായി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ സ്വാഗതവും വിദ്യാരംഗം കൺവീനർ അർവ എൻ പി നന്ദിയും പറഞ്ഞു.
സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്
വിദ്യാലയത്തിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ 2025-26 അധ്യയന വർഷത്തെ സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ് നടന്നു.ജൂലൈ 11 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 15 ചൊവ്വാഴ്ച നാമനിർദ്ദേശപത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും ഹെഡ്മാസ്റ്റർ ഉൾപ്പെടുന്ന സ്കൂൾ ഇലക്ഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടന്നു. ജൂലൈ 16 ബുധനാഴ്ച അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. ഈ വർഷം നാലു വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത്.സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചു നൽകി.സ്ഥാനാർത്ഥികൾ തങ്ങൾക്ക് അനുവദിച്ച ചിഹ്നങ്ങളുമായി വോട്ട് തേടി പ്രചരണം നടത്തി.തെരഞ്ഞെടുപ്പ് ജൂലൈ 23 ബുധനാഴ്ച നടന്നു.നേരത്തെ ജൂലൈ 18 ന് നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മഴ അവധിയെ തുടർന്ന് ജൂലൈ 23 ലേക്ക് മാറ്റുകയായിരുന്നു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് വോട്ടർമാർ. ഈ വർഷവും ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗിച്ച് ജനാധിപത്യത്തിൻ്റെ ബാലപാഠങ്ങൾ പകർന്നുകൊണ്ട് തന്നെ സോഷ്യൽ സയൻസ് ക്ലബ്ബിന് കീഴിൽ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചു. രാവിലെ 11:45 ന് ആരംഭിച്ച ഇലക്ഷൻ 12:45 ന് അവസാനിച്ചു. വൈകുന്നേരം 3:30 ന് ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ ഫലപ്രഖ്യാപനവും നടന്നു.സ്കൂൾ ലീഡറായി അഞ്ചാം തരത്തിലെ മുഹമ്മദ് അദ്നാനും സ്കൂൾ ഡെപ്യൂട്ടി ലീഡറായി ആയിഷ സനയും തെരഞ്ഞെടുക്കപ്പെട്ടു.കുട്ടികൾ ആഹ്ലാദ പ്രകടനം നടത്തി.ഇലക്ഷന്റെ സുഗമമായ നടത്തിപ്പിന് പ്രധാനാധ്യാപകൻ കെ പി വിനോദ് കുമാർ,സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ എം. മൃദുല,ഐടി കോഡിനേറ്റർ സി പി സുബൈബത്ത് തുടങ്ങിയവർ നേതൃത്വം നൽകി.