എ എം എൽ പി സ്കൂൾ വേങ്ങര കുറ്റൂരിന്റെ നൂറാം വാർഷികാഘോഷം ശതാരവം 2024 എന്ന പേരിൽ അതിവിപുലമായി ആഘോഷിക്കുവാൻ സ്കൂൾ അധികൃതരും ജനപ്രതിനിധികളും നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും ഒത്തുചേർന്നുകൊണ്ട് തീരുമാനിച്ച വിവരം എല്ലാവരെയും സന്തോഷപൂർവ്വം അറിയിക്കട്ടെ.

ആദ്യകാലത്ത് ഓത്തുപള്ളിയായി തുടങ്ങിവെച്ച ഈ സ്ഥാപനം 1924 നവംബർ ഒന്നിന് മർഹൂം പാക്കട മമ്മദ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ പരിവേഷത്തിലേക്ക് ഉയർത്തപ്പെട്ടു.

പ്രഗൽഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ അക്ഷരജ്ഞാനം നേടിയ നിരവധി വ്യക്തികൾ വിദ്യാലയത്തിന്റെ മുതൽക്കൂട്ടായി സമൂഹത്തിന്റെ വിവിധ തുറകളിൽ കഴിവ് തെളിയിച്ചവർ ആയിട്ടുണ്ട്.

1961 വരെ അഞ്ചാം ക്ലാസ് നിലവിൽ ഉണ്ടായിരുന്നു. നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ സ്കൂളിന്റെ നേതൃത്വം ശ്രീ അബൂബക്കർ പാക്കട എന്നിവരുടെ കരങ്ങളിലാണ് .

ശ്രീ പ്രശോഭ് പി എൻ പ്രധാന അധ്യാപകനായും 22 സഹ അധ്യാപകരും 614 വിദ്യാർത്ഥികളും ഇന്ന് സ്കൂളിൽ നിലകൊള്ളുന്നു.

ശതാരവം 2024 നോടനുബന്ധിച്ച് നിരവധി പരിപാടികൾ സ്കൂളിൽ നടത്തിക്കൊണ്ടിരിക്കുന്നു ജൂൺ മാസത്തിൽ ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്ക് വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ്സും ജൂലൈ മാസത്തിൽ ഒരു നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിക്കുകയുണ്ടായി. ചിങ്ങം 1 കർഷക ദിനത്തിൽ പ്രദേശവാസികളായ രണ്ട് കർഷകരെ ആദരിക്കുകയും സെപ്റ്റംബർ അഞ്ചിന് അധ്യാപക ദിനത്തോടനുബന്ധിച്ച് പൂർവ്വകാല അധ്യാപകരായ ശ്രീമതി മാധവികുട്ടി ടീച്ചർ , ശ്രീ അബു മൗലവി , ശ്രീ എഫ് ജോൺ മാസ്റ്റർ എന്നിവരെ ആദരിക്കുകയുണ്ടായി. കൂടാതെ സ്വാതന്ത്ര്യദിനാഘോഷം ഓണാഘോഷം എന്നിവയും വിപുലമായി ആഘോഷിച്ചു . ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'മേരി മിട്ടി മേരാ ദേശ് ' cub bulbul കുട്ടികൾ പ്രദേശവാസിയായ സൈനികനെ ആദരിക്കുകയും അഭിമുഖം നടത്തുകയും ചെയ്തു.

ഒക്ടോബർ 2 മുതൽ ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ശുചീകരണ വാരം , ഫുട്ബോൾ ക്യാമ്പ് , അമ്മ വായന കളരി , ഫീൽഡ് ട്രിപ്പ് പഞ്ചായത്ത് തലത്തിൽ സ്കൂളിൻറെ നേതൃത്വത്തിൽ ക്വിസ് മത്സരം , കേരളപ്പിറവിയോട് അനുബന്ധിച്ച് സ്കൂൾ തല ക്വിസ് മത്സരം , കുട്ടി ചന്ത , പൂർവ്വ വിദ്യാർത്ഥി സംഗമം , വൃദ്ധസദന സന്ദർശനം , cub bulbul ക്യാമ്പ് , CWSN കുട്ടികളുടെ ഫീൽഡ് ട്രിപ്പ് , ഭിന്നശേഷി ദിനം, അറബിക് ഡേ , ജനുവരിയിൽ പുതുവത്സരാഘോഷം , റിപ്പബ്ലിക് ദിനാഘോഷം , രക്തസാക്ഷി ദിനം , ഫെബ്രുവരി മാസത്തിൽ സ്കൗട്ട് ഡേ , മാതൃഭാഷാ ദിനം എന്നീ പരിപാടികളും സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

ശതാരവം 2024 നോടനുബന്ധിച്ച് ഫെബ്രുവരി 17,18 തിയതികളിൽ മന്ത്രിമാർ , എംഎൽഎമാർ , ത്രിതല പഞ്ചായത്ത് സാരഥികൾ , സാംസ്കാരിക നായകന്മാർ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ ഘോഷയാത്രയും ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനവും സ്നേഹ ഭവനത്തിന്റെ താക്കോൽദാനവും നിർവഹിക്കപ്പെടുന്നു.

സ്കൂൾ കുട്ടികളുടെയും , പൂർവ്വ വിദ്യാർത്ഥികളുടെയും, കലാകാരന്മാരുടെയും വിവിധ കലാപരിപാടികൾ തദവസരത്തിൽ നടത്തപ്പെടുന്നതാണ്.