ജി.യു.പി.എസ്. കൂട്ടക്കനി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


  • പ്രവേശനോത്സവം
ഗവ: യു പി സ്കൂൾ കൂട്ടക്കനി 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു
ഗവ: യു പി സ്കൂൾ കൂട്ടക്കനി 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു.

ഗവ: യു പി സ്കൂൾ കൂട്ടക്കനി 2024 - 25 അധ്യയന വർഷത്തെ പ്രവേശനോത്സവം 03 / 06 / 2024 ന് പള്ളിക്കര ഗ്രാമപഞ്ചായത്ത് അംഗം ശ്രീ വി സൂരജിൻറെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ മണികണ്ഠൻ ഉദ്ഘാടനം ചെയ്തു. ചെണ്ടമേളത്തോടെയും വർണ തൊപ്പികൾ നൽകിയും ഒന്നാം ക്ലാസ്സിലെയും എൽ കെ ജി യിലെയും കുരുന്നുകളെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ സ്കൂളിലേക്ക് സ്വീകരിച്ചു. ചടങ്ങിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ശ്രീനാഥ് കെ യുടെ സ്മരണയ്ക്ക് കുടുംബാംഗങ്ങൾ എൽ കെ ജി ക്ലാസ്സിലേക്ക് സംഭാവന ചെയ്ത ഫർണിച്ചർ സ്കൂൾ പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ ഏറ്റുവാങ്ങി. എസ് എം സി ചെയർമാൻ ശ്രീ പ്രദീപ് കാട്ടാമ്പള്ളി, മദർ പപ്രസിഡൻറ് ശ്രീമതി ബീന, സീനിയർ അസിസ്റ്റൻറ് ശ്രീ രാജേഷ് കൂട്ടക്കനി എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ HM ഇൻചാർജ് ശ്രീമതി ശൈലജ ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ധനുഷ് എം എസ് നന്ദിയും പറഞ്ഞു. 1996-97 പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും തൊട്ടി കിഴക്കേക്കര സൗഹൃദക്കൂട്ടവും ചേർന്ന് കുട്ടികൾക്കുള്ള ഉപഹാരങ്ങൾ സ്പോൺസർ ചെയ്തു. പ്രവേശനോത്സവ ദിനത്തിൽ 1984-85 പൂർവ്വ വിദ്യാർത്ഥികൾ കുട്ടികൾക്കായി പായസം വിതരണം ചെയ്തു.

  • പരിസ്ഥിതി ദിനാചരണം
പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ വൃക്ഷത്തൈ കൈമാറുന്നു
പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ വൃക്ഷത്തൈ കൈമാറുന്നു

സ്കൂൾ ഇക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ക്ലാസ്സ് തലത്തിൽ പോസ്റ്റർ രചന, പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെ കുറിച്ചുള്ള ലഘു പ്രസംഗം സ്കൂൾ തലത്തിൽ തിരികെ വിദ്യാവനത്തിലേക്ക്, വീട്ടിൽ ഒരു കൃഷിത്തോട്ടം, പ്രകൃതി യാത്ര, പരിസ്ഥിതി രചന ശില്പശാല എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ വച്ച് എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി ശൈലജ ടീച്ചർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി. വിദ്യാവനത്തിൽ വൃക്ഷത്തൈ നട്ട് തിരികെ വിദ്യാവനത്തിലേക്ക് എന്ന പരിപാടി പി ടി എ പ്രസിഡൻറ് ശ്രീ പ്രഭാകരൻ പള്ളിപ്പുഴ ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ശ്രീ പ്രദീപ് കാട്ടാമ്പള്ളി കുട്ടികൾക്ക് പച്ചക്കറി വിത്ത് പാക്കറ്റുകൾ നൽകി വീട്ടിൽ ഒരു കൃഷിത്തോട്ടം നിർമ്മിക്കാൻ നിർദ്ദേശം നൽകി. പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി കുട്ടികൾ പള്ളിപ്പുഴ കിഴക്കേക്കര പ്രദേശത്തെ വയലും തോടും സന്ദർശിക്കുകയും തോട്ടിൽ അടിഞ്ഞു കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വൃത്തിയാക്കുകയും ചെയ്തു.

  • ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ്
കുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്

കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുക എന്ന ലക്‌ഷ്യം മുന്നിൽ കണ്ട് 2025 മാർച്ച് മാസത്തിൽ നടത്താൻ ആസൂത്രണം ചെയ്ത ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ് മത്സര പരിപാടിയുടെ ഉദ്‌ഘാടനവും ഒന്നാം ഘട്ട ക്വിസ് മത്സരവും 12 / 06 / 2024 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . എച്ച് എം ഇൻ ചാർജ് ശ്രീമതി ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ശ്രീ ഷൈജിത്ത് കരുവാക്കോട് പരിപാടി ഉദ്‌ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾക്കായി മോട്ടിവേഷണൽ ക്ലാസും സംഘടിപ്പിച്ചു. ലിറ്റിൽ മാസ്റ്റർ മെഗാ ക്വിസ് ഒന്നാം ഘട്ട മത്സരത്തിൽ 7 ബി ക്ലാസ്സിലെ നിരഞ്ജന പി വിജയിയായി.

  • വായനയുടെ വസന്തകാലം
.എം.കെ ഗോപകുമാർ മാഷ് സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കുമാർ കല്ലത്തിന് സമ്മാന പുസ്തകം കൈമാറുന്നു

കൂട്ടക്കനിയിൽ വായനയുടെ വസന്തകാലത്തിന് തുടക്കമായി. വായനാദിനത്തിൽ വൈവിധ്യമാർന്ന വായനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കൂട്ടക്കനിയിലെ കുട്ടികൾ.എം.കെ ഗോപകുമാർ വയനാമാസാചരണം ഉദ്ഘാടനം ചെയ്തു. വായനമത്സരത്തിനുള്ള ആദ്യ സമ്മാന പുസ്തകം ഉദ്ഘാടകൻ തന്നെ സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കുമാർ കല്ലത്തിന് കൈമാറിയത് കൗതുകക്കാഴ്ചയായി. പി.ടി.എ പ്രസിഡണ്ട് പ്രഭാകരൻ പള്ളിപ്പുഴ അധ്യക്ഷത വഹിച്ചു. രാജേഷ് കൂട്ടക്കനി, കൃഷ്ണപ്രിയ, ധനുഷ് എം.എസ്‌ എന്നിവർ സംസാരിച്ചു.

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ വായനാനുഭവം കുട്ടികളുമായി പങ്കുവെച്ചു. ടീച്ചറുടെ ഇഷ്ടപുസ്തകം എന്ന പേരിൽ നടന്ന ഈ പരിപാടിയിൽ എൽ പി വിഭാഗത്തിലെ അധ്യാപകർ യു പി ക്ലാസുകളിലും യുപി വിഭാഗത്തിലെ അധ്യാപകർ എൽ പി ക്ലാസിലുമാണ് തങ്ങളുടെ വായനാനുഭവം പങ്കുവെച്ചത്. മലയാള സാഹിത്യത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ കൃതികൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും വായനയുടെ വിസ്മയ ലോകത്തിലേക്ക് കുട്ടികളെ കൊണ്ടുപോകാനും ഈ പരിപാടിക്ക് സാധിച്ചു. വിദ്യാരംഗം പ്രവർത്തനത്തിൻറെ ഭാഗമായി എൽ പി വിഭാഗത്തിൽ  രക്ഷിതാക്കളുടെ രചനകളുടെ സമാചാരം എന്ന പോഡോക്കായി കുടുംബമാസിക തയ്യാറാക്കി.

  • ലഹരിക്കെതിരെ ഒപ്പുമരം

ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ ദൃഢപ്രതിജ്ഞ എടുത്തും ഒപ്പു മരത്തിൽ ഒപ്പു ചാർത്തിയും കൂട്ടക്കനിയിലെ കുട്ടിക്കൂട്ടം. ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ തങ്ങളുടെ കയ്യൊപ്പ് ചാർത്തുകയാണ് കൂട്ടക്കനി ഗവൺമെൻറ് യു പി സ്കൂളിലെ കുട്ടികൾ. പൂർണമായും  കുട്ടികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ അസംബ്ലിയിൽ അദ്ധ്യാപിക സൗമ്യ. കെ കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ  സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ വിജിന. പി ലഹരിവിരുദ്ധ ദിനാചരണ പ്രവർത്തനങ്ങൾ വിശദീകരിച്ചു.സ്കൂൾ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ ഒപ്പുമരത്തിൽ കുട്ടികൾ  ലഹരി വിപത്തിനെതിരെ തങ്ങളുടെ ഒപ്പുകൾ  രേഖപ്പെടുത്തി. അദ്ധ്യാപകരായ രേഷ്മ ബാലകൃഷ്ണൻ,സുരേഷ് ബാബു, വിഷ്ണു മോഹൻ, അനില.വി. എ , രാജേഷ് കൂട്ടക്കനി എന്നിവർ നേതൃത്വം നൽകി.

  • ബഷീർ ദിനം
6 A ക്ലാസ്സിലെ വിദ്യാർത്ഥി വരച്ച ബഷീറിൻറെ  ചിത്രം ഉദ്‌ഘാടകൻ ഡോ. വിനോദ് പെരുമ്പളയ്ക്ക് കൈമാറുന്നു  

സുൽത്താൻറെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരമൊരുക്കി കൂട്ടക്കനി ജി യു പി സ്കൂൾ ബഷീർ ചരമദിനത്തിൽ പ്രിയ കഥാകാരന്റെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരമൊരുക്കി മാതൃകയാവുകയാണ് ഗവർമെന്റ് യു.പി സ്കൂൾ കൂട്ടക്കനി. ക്ലാസ്തല അക്കാദമിക മാസ്റ്റർ പ്ലാനിലെ റീഡേഴ്സ് തിയേറ്റർ പരിപാടിയുടെ നിർവഹണ ഉദ്ഘാടനത്തിൻ്റെ ഭാഗമായാണ് ബഷീർ ചരമദിനത്തിൽ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് വൈക്കം മുഹമ്മദ് ബഷീറിൻ്റെ കൃതികൾക്ക് ശ്രാവ്യാവിഷ്കാരം ഒരുക്കിയത്. താളാത്മക വായന, ശ്രാവ്യവായന എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽകണ്ടാണ് റീഡേഴ്സ് തീയേറ്റർ പരിപാടി വിദ്യാലയത്തിൽ നടപ്പിലാക്കുന്നത്. പാഠപുസ്തകങ്ങളിലെയും വായിച്ച പുസ്തകങ്ങളിലെയും കഥാസന്ദർഭങ്ങൾക്ക് തുടർദിനങ്ങളിൽ റീഡേഴ്സ് തീയേറ്ററിന്റെ ഭാഗമായി ശ്രാവ്യാവിഷ്കാരം തീർക്കും ശ്രാവ്യാവിഷ്ക്കാരത്തിൻ്റെ അവതരണ ഉദ്ഘാടനം യുവ സാഹിത്യകാരൻ ഡോ.വിനോദ് പെരുമ്പള ഉദ്ഘാടനം ചെയ്തു. പാത്തുമ്മയുടെ ആട് ,വിശ്വവിഖ്യാതമായ മൂക്ക്, ഒരു മനുഷ്യൻ, ഭൂമിയുടെ അവകാശികൾ, സ്വർണമാല തുടങ്ങിയ കൃതികളുടെ ശ്രാവ്യാ വിഷ്ക്കാരം രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ചു.സ്കൂൾ പ്രഥമാധ്യാപകൻ അനൂപ് കല്ലത്ത്, രാജേഷ് കൂട്ടക്കനി, വിദ്യാർത്ഥികളായ കൃഷ്ണനന്ദ പി, പാർവണ. കെ, അൻവിയ രക്ഷിതാക്കളായ ശ്രീന.കെ, മിനി അജിത്ത്, ശരണ്യ .ടി, സൗമ്യ കെ, വിഷ്ണു മോഹൻ, പ്രീത.പി എന്നിവർ നേതൃത്വം നൽകി.

  • നാട്ടിലെ ജനം മാതൃകാ സർവ്വേ

ജൂലായ് 11 ലോക ജനസംഖ്യാ ദിനത്തിൽ  സ്കൂൾ സമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ‘നാട്ടിലെ ജനം മാതൃകാസർവ്വേ’ എന്ന പ്രവർത്തനം ആസൂത്രണം ചെയ്ത് നടപ്പാക്കി. 6, 7 ക്ലാസ്സിലെ കുട്ടികളായിരുന്നു പ്രവർത്തനത്തിൽ പങ്കാളികളായത്. പ്രവർത്തനത്തിന് സമൂഹ്യശാസ്ത്ര ക്ലബ്ബ്‌ കൺവീനർ വിജിന ടീച്ചറും രേഷ്മ ടീച്ചറും നേതൃത്വം നൽകി. സർവ്വേ രീതിയിൽ വിവര ശേഖരണം നടത്തുന്നതിനായി സമൂഹ്യശാസ്ത്ര ക്ലബ്ബ്‌ അംഗങ്ങൾ ചേർന്ന് കൃത്യമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി സർവ്വേ ഫോം തയ്യാറാക്കി. ഈ ഫോർമാറ്റിൻറെ സഹായത്തോടെ കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ പ്രദേശത്തെ ഓരോ വീട്ടിലെയും  നിലവിലെ ജനസംഖ്യയും മുൻവർഷങ്ങളിലെ ജനസംഖ്യയും കണക്കാക്കി. ഈ വിവരങ്ങൾ വിശകലനം ചെയ്ത് ഓരോ പ്രദേശത്തും ജനസംഖ്യയിൽ വന്ന മാറ്റം കുട്ടികൾ തന്നെ കണക്കാക്കി അവതരിപ്പിച്ചു.