ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ/അക്ഷരവൃക്ഷം/ഒരു മാവിന്റെ കണ്ണുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു മാവിന്റെ കണ്ണുനീർ


വിജയനഗരി എന്ന് പേരുള്ള ഒരു ഗ്രാമത്തിൽ ഒരു മുത്തശ്ശി താമസിക്കുന്നുണ്ടായിരുന്നു. തന്റെ വീടിനു മുന്നിലുള്ള മൂവാണ്ടൻ മാവിനെ അവൾ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. അവൾക്ക് രണ്ട് മക്കളുണ്ട്. സാവത്രിയും നാരായണനും. അന്ധയായ അമ്മയ്ക്ക് താങ്ങായി വിധവയായ മൂത്തമകൾ സാവത്രി മാത്രമാണുള്ളത്. നാരായണൻ ഡൽഹിയിൽ വലിയ ഉദ്യോഗസ്ഥനാണ്. അമ്മയെ കാണാൻ അയാൾ വീട്ടിലേക്ക് വരാറില്ല.

ഒരിക്കൽ യാതൊരു മുന്നറിയിപ്പും കൂടാതെ നാരായണൻ ഗ്രാമത്തിലുള്ള തന്റെ വീട്ടിലേക്ക് ചെന്നു. നാരായണൻ വന്ന കാറിന്റെ ശബ്ദം കേട്ട് മുത്തശ്ശി ഉമ്മറത്തിരുന്ന കസേരയിൽ നിന്നും എഴുന്നേറ്റു. മുത്തശ്ശിക്ക് ആരാണ് വന്നതെന്ന് മനസ്സിലായില്ല. നാരായണൻ അമ്മേ എന്ന് വിളിച്ചപ്പോൾ തന്റെ മകനാണ് വന്നതെന്ന് മുത്തശ്ശിക്ക് മനസ്സിലായി. നാരായണൻ വന്നതറിഞ്ഞ സാവത്രി ഉമ്മറത്തേക്ക് വന്നു. താൻ മുറ്റത്ത് നിൽക്കുന്ന മാവു മുറിച്ച് കാശു വാങ്ങാൻ വന്നതാണെന്ന് അയാൾ അമ്മ കേൾക്കാതെ സാവത്രിയോട് പറഞ്ഞു. അതുകേട്ട സാവത്രി വളരെ ദുഃഖിതയായി.

"നിനക്കെന്തിനാ ഇപ്പോൾ കാശിന് ആവശ്യം? "സാവത്രി നാരായണനോട് ചോദിച്ചു.

"എന്റെ കുടുംബത്തിന്റെ ബുദ്ധിമുട്ട് മാറ്റാൻ എനിക്കിപ്പോൾ പൈസ അത്യാവശ്യമാണ്. അതുമാത്രമല്ല, ഈ മാവ് കൊണ്ട് ഇപ്പോൾ ഒരു ഉപയോഗവുമില്ലല്ലോ". നാരായണൻ പറഞ്ഞു.

"അമ്മ അറിഞ്ഞാൽ ഏറെ ദുഃഖിക്കും".

"അത് സാരമില്ല".

പിറ്റേന്ന് രാവിലെ നാരായണ നോടൊപ്പം രണ്ടു പേർ മൂവാണ്ടൻ മാവിന്റെ വണ്ണം അളക്കുകയാണ്. മാവ് മുറിക്കാൻ ശ്രമിക്കുന്ന ശബ്ദം കേട്ട് മുത്തശ്ശി കരഞ്ഞുകൊണ്ട് മുറ്റത്തേക്ക് വന്നു.

"നീ എന്താണ് ചെയ്യുന്നത്?" മുത്തശ്ശി നാരായണനോട് ചോദിച്ചു.

"അമ്മേ, ഞാനീ മാവ് മുറിക്കാൻ പോവുകയാണ്. ഈ മാവ് കൊണ്ട് ഒരു ഉപയോഗവും ഇല്ലല്ലോ?"

"നമ്മുടെ കുടുംബത്തിന്റെ പട്ടിണിയും ദാരിദ്ര്യവും മാറ്റുന്നത് ഈ മാവാണ്. ഈ മാവ് വെട്ടാൻ ഞാൻ അനുവദിക്കില്ല. ഈ മാവ് വെട്ടുന്നതും എന്നെ കൊല്ലുന്നതും ഒരുപോലെയാണ്". അമ്മയുടെ വാക്കുകൾ കേൾക്കാതെ നാരായണൻ ആ മാവ് മുറിച്ചു.

ആ മാവ് ദുഃഖത്താൽ കരയുന്നത് മുത്തശ്ശി കണ്ടു. ഒന്നും കണ്ടു നിൽക്കാൻ കഴിയാതെ മുത്തശ്ശി കരഞ്ഞു കൊണ്ട് അകത്തേക്ക് പോയി.

മരം മുറിച്ചതിന് ശേഷം നാരായണന്റെ ജീവിതത്തിൽ കഷ്ടപ്പാടുകൾ കൂടുകയാണ് ചെയ്തത്. താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് അയാൾക്ക് മനസ്സിലായി. തന്റെ അമ്മ പറഞ്ഞത് കേൾക്കാത്തതിലും മരം വെട്ടിയതിന്റെ കുറ്റബോധവും അയാളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. കുറ്റബോധം തിരുത്താനായി അയാൾ മാവിന്റെ തൈകൾ മേടിച്ച് നട്ടുവെച്ചു.

നാം പ്രകൃതിയുടെതാണ്, പ്രകൃതി നമ്മുടേതല്ലന്നും പ്രകൃതിയിലെ ഒന്നും നശിപ്പിക്കാൻ നമുക്ക് അധികാരമില്ലെന്നും മുത്തശ്ശി നാരായണന് പറഞ്ഞു കൊടുത്തു. നാരായണൻ തന്റെ ഭാര്യയെയും കുട്ടികളെയും കൂട്ടി നാട്ടിലേക്ക് കൊണ്ടു വന്നു. പിന്നീട് അവർ മുത്തശ്ശിയുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി.

ജയലക്ഷ്മി ഡി കെ
9 ബി, ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്., കോതനല്ലുർ, കോട്ടയം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Alp.balachandran തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ