ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നെന്മാറ

അയിലൂർ, തിരുവഴിയാട് ,നെന്മാറ, വല്ലങ്ങി, വിത്തനശ്ശേരി, എന്നീ അഞ്ച് ദേശങ്ങൾ ഉൾകൊള്ളുന്ന, പഴയ കൊടകര നാടിന്റെ തലസ്ഥാനമായിരുന്നു നെന്മാറ. നെല്ലിയാമ്പതി മലനിരകളുടെ താഴ്വരയിൽ പച്ചവില്ലീസ് സാരിയണിഞ്ഞ ഹൂറിയെപ്പോലെയാണീ സുന്ദര ഗ്രാമം . പണ്ട് വെറുമൊരു കാട്ടു പ്രദേശമായിരുന്നു നെന്മാറ. മലമ്പനിയും ശുദ്ധജലരാഹിത്യവുമായിരുന്നു പണ്ട് കാലത്ത് ഈ പ്രദേശത്തിന്റെ തീരാ ശാപങ്ങൾ . എന്നാൽ സ്വയം പര്യാപ്തമായ ഒരു പ്രാചീന ഗ്രാമത്തിന്റെ കെട്ടുറപ്പ് ഇന്ന് നെന്മാറക്കുണ്ട് .

നെന്മാറ എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചത് എങ്ങനെ എന്നതിനെപ്പറ്റി പല അഭ്യൂഹങ്ങളും നിലവിലുണ്ട്. ദിവംഗതനും ത്രിഭാഷാ പണ്ഡിതനുമായ ശ്രീ പടിഞ്ഞാറേ പാറയിൽ നാരായണൻ നായരുടെ അഭിപ്രായത്തിൽ നെയ്യ് മാറുന്ന - കൈമാറ്റം ചെയ്യുന്ന - സ്ഥലം എന്ന നിലയ്ക്കാണ് ഈ പ്രദേശത്തിന് 'നെയ് മാറി' എന്ന പേരുണ്ടായത്. 'നെയ്മാറി' എന്ന പദം ക്രമേണ ലോപിച്ചാണ് ഇന്നത്തെ നെന്മാറയായി തീർന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നു.

'നെന്മാറ' എന്ന നാമധേയത്തെ പറ്റി നിലവിലുള്ള മറെറാരു അഭിപ്രായവും ഇവിടെ പ്രതിപാദിക്കാം. ചിലർ ഇന്ന് നെമ്മാറ എന്നതിന് പകരം നെന്മാറ എന്നാണ് പ്രയോഗിച്ച് കാണുന്നത്. 'നെല്ല് + മണി', 'നാല് + മുഖൻ' എന്നീ പദങ്ങൾ ആദേശ സന്ധി നിയമമനുസരിച്ച് നെന്മണി , നാന്മുഖൻ എന്നായിത്തീരും പോലെ 'നെല്ല് + മാറി 'എന്ന പദം കാലാന്തരത്തിൽ 'നെന്മാറി' യെന്നും, പിന്നീടത് 'നെന്മാറ' യെന്ന് ആയിതീർന്നു എന്നുമാണ് ആ അഭിപ്രായം. ഇവിടത്തെ പ്രധാന തൊഴിൽ നെൽകൃഷിയാണ്. പണ്ട് ഇന്നത്തെ പോലെ നാണയങ്ങൾ സുലഭമല്ലാതിരുന്ന ആ പ്രാചീനകാലത്ത് വസ്തുക്കൾ കൈമാറുകയായിരിക്കണമല്ലോ എളുപ്പം .നെൽകൃഷി പ്രധാനമായും നിലവിലിരുന്ന സ്ഥലത്ത് കൈമാറ്റ വസ്തുവായി നെല്ല് ഉപയോഗിച്ചിരുന്നു. അങ്ങനെ നെല്ല് സുലഭമായി മാറിയിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശം 'നെന്മാറ' യായി അറിയപ്പെട്ടത് എന്നാണ് അഭിപ്രായം.

ചിത്രശാല

ആരാധനാലയങ്ങൾ

ഭൗതികമായ ആഭിവൃദ്ധിക്കപ്പുറം ശരിയായ മനശ്ശാന്തി ലഭിക്കണമെങ്കിൽ മനുഷ്യന് ആധ്യാത്മിക ബോധം ഉണ്ടാവേണ്ടതുണ്ട്. അത്തരത്തിലുള്ള ആധ്യാത്മിക ജ്ഞാനം പകരാനുള്ള അമ്പലങ്ങളും പള്ളികളും ഈ പ്രദേശത്തുണ്ട്. നെന്മാറയിലെ നെല്ലിക്കുളങ്ങര ക്ഷേത്രവും, വേട്ടക്കൊരുമകൻ ക്ഷേത്രം, പഴയഗ്രാമത്തിലെ കൃഷ്ണൻ കോവിൽ, വല്ലങ്ങിയിലെ ശിവക്ഷേത്രവും, വിത്തനശ്ശേരിയിലെ അയ്യപ്പൻകാവും, പോത്തുണ്ടിയിലെ ശിവ ക്ഷേത്രവും, അയിലൂരിലെ ശിവ ക്ഷേത്രവും, എല്ലാം ഇന്നും ഇന്നാട്ടുകാരുടെ പരിപാവനതീർത്ഥസ്ഥാനങ്ങളാണ്. ഇവക്കിടയിലൂടെ തലപൊക്കിനിൽക്കുന്ന നെന്മാറയിലെ ക്രിസ്ത്യൻ പള്ളിയും വല്ലങ്ങിയിലെ മുസ്ലിം മസ്ജിദും മത സൗഹാർദ്ദത്തിന്റെ വിശുദ്ധ സന്ദേശം നൽകിക്കൊണ്ടിരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

വിദ്യാഭ്യാസ കാര്യത്തിൽ വളരെ ഉയർന്ന നിലവാരമാണ് ഈ പ്രദേശത്തുകാർ പുലർത്തിയിരുന്നത്. മറ്റ് ഉൾനാടൻ പ്രദേശങ്ങളെല്ലാം ആധുനിക വിദ്യാഭ്യാസത്തെപ്പറ്റി കേട്ടുതുടങ്ങുന്നതിനു എത്രയോ മുൻപായി തന്നെ ഈ പ്രദേശം വിദ്യാലയങ്ങളാലും വിദ്യാസമ്പന്നരാലും അനുഗ്രഹീതമായി കഴിഞ്ഞിരുന്നു. ആദ്യമായി ജനങ്ങളുടെ സാംസ്കാരികോന്നതിയെ ലാക്കാക്കി ഇവിടെയൊരു ഹൈ സ്‌കൂൾ സ്ഥാപിച്ച രായിരം കണ്ടത്ത് ഗോവിന്ദമേനോനും അദ്ദേഹത്തിന്റെ ശിഷ്യനും ആയ പടിഞ്ഞാറേപാറയിൽ ശ്രീ നാരായണൻ നായരും ഈ രംഗത്ത് വിസ്മരിക്കപ്പെടാനാവാത്ത വ്യക്തികളാണ്.

ഇന്ന് നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി.  എച്ച് .എസ് .എസ്.  നെന്മാറ

ജി . ജി. വി. എച്ച്. എസ്. എസ്.  നെന്മാറ

ജി. എൽ . പി. എസ്. നെന്മാറ

എൻ. എസ്. എസ്. കോളേജ്  നെന്മാറ

ജി. യു. പി. എസ്. വല്ലങ്ങി.

ജി.  എച്ച് .എസ്. തിരുവഴിയാട്

മറ്റനേകം എയ്ഡഡ് / പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ

പ്രമുഖവ്യക്തികൾ

  • പ്രശാന്ത് ബാലകൃഷ്ണൻ നായർ  :

പാലക്കാട് നെന്മാറ സ്വദേശിയായ ക്യാപ്റ്റൻ പ്രശാന്ത് ബി.നായർ,ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാല് ബഹിരാകാശസഞ്ചാരികളിൽ ഒരാളാണ്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ (വിഎസ്‌എസ്‌സി) നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാല് ഗഗൻയാൻ ദൗത്യ അംഗങ്ങളെ പ്രഖ്യാപിച്ചത്. പാലക്കാട് അകത്തേത്തറ എൻഎസ്എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻഡിഎ) ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി. യുഎസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കിയിട്ടുണ്ട്.

പ്രധാന ഉത്സവം

നെന്മാറ- വല്ലങ്ങി, നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ആഘോഷിക്കുന്ന ഏറ്റവും പ്രശസ്തമായ വാർഷിക ഉത്സവങ്ങളിലൊന്നാണ് നെന്മാറ- വല്ലങ്ങി വേല അഥവാ നെന്മാറ വേല

മലയാളം കലണ്ടർ അനുസരിച്ച് (എല്ലാ ഏപ്രിലിലെയും രണ്ടോ മൂന്നോ) 'മീനം' 20-നാണ് ഉത്സവം. 'കൊടിയേറ്റം' എല്ലാ വർഷവും 'മീനം 1'ന് ആഘോഷിക്കും. 20-ാം ദിവസം വേല ഉത്സവം ആഘോഷിക്കും. , നെന്മാറ, വല്ലങ്ങി ഗ്രാമങ്ങൾ നെൽക്കൊയ്ത്തിനു ശേഷം ആഘോഷിക്കുന്ന വാർഷിക വേല ഉത്സവം കരിമരുന്ന് പ്രയോഗത്തിനും ആനകളുടെ പ്രകടനത്തിനും പേരുകേട്ടതാണ്.

ചിത്രശാല