ജി എച്ച് എസ് എസ്, ചേർപ്പുളശ്ശേരി/എന്റെ ഗ്രാമം
ചെർപ്പുളശ്ശേരി
പാലക്കാട് ജില്ലയിലെ പ്രധാനപ്പെട്ട ഒരു ചെറു പട്ടണമാണ് ചെർപ്പുളശ്ശേരി. ഒറ്റപ്പാലത്ത് നിന്നും പതിനേഴു കിലോമീററർ വടക്കു-പടിഞ്ഞാറ് ഭാഗത്താണ് ഈ പട്ടണം. പട്ടാമ്പി, പെരിന്തൽമണ്ണ, ഒറ്റപ്പാലം എന്നീ സ്ഥലങ്ങളിൽ നിന്നും തുല്ല്യ ദൂരത്താണ് ചെർപ്പുളശ്ശേരി. വ്യത്യസ്ഥ മതവിഭാഗങ്ങൾ താമസിക്കുന്ന ഈ സ്ഥലം മത മൈത്രിക്ക് പ്രസിദ്ധമാണ്. തായമ്പക, പഞ്ചവാദ്യം തുടങ്ങിയ വാദ്യ മേളങ്ങൾക്ക് വളരെ പേരുകേട്ട സ്ഥലമാണ് ചെർപ്പുളശ്ശേരി. പരേതനായ ആലിപ്പറമ്പ് ശിവരാമ പൊതുവാൾ, മട്ടന്നൂർ ശങ്കരൻ കുട്ടി, ചെർപ്പുളശ്ശേരി ശിവൻ എന്നിവർ പേരെടുത്ത വാദ്യ കലാകാരന്മാരാണ്. ചെണ്ട, തിമില, മദ്ദളം, ഇടയ്ക്ക എന്നീ വാദ്യങ്ങൾ ഏററവുമധികം ആസ്വദിക്കുന്നവരാണ് ചെർപ്പുളശ്ശേരി സ്വദേശികൾ. കഥകളിക്ക് പേര് കേട്ട വെള്ളിനേഴി ഗ്രാമം ഇവിടെ അടുത്താണ്.
ഇവിടുത്തെ ജനങ്ങൾ മുൻ-കാലങ്ങളിൽ കൃഷിയെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരായിരുന്നു. എന്നാൽ കൃഷിക്ക് തൊഴിലാളികളെ കിട്ടാതായതോടെ പല കൃഷികളും അപ്രത്യക്ഷമായി. 1980-90 കളിൽ യുവാക്കൾ ഏറെയും തൊഴിലിനു വേണ്ടി ഗൾഫ് നാടുകളിലേക്ക് കുടിയേറി. അതോടെ പല കുടുംബങ്ങളും ഗൾഫ് വരുമാനത്തെ ആശ്രയിച്ചു തുടങ്ങി. അതാകട്ടെ പലരുടെയും ജീവിതരീതി തന്നെ മാറ്റി. മിക്കവാറും എല്ലാ കുടുംബങ്ങളിലും ഒരാളെങ്കിലും ഗൾഫ് ജോലിക്കാരനായി മാറി. അതിന്റെ ഫലമായി പൊതു മേഖലയിലും സ്വകാര്യ മേഖലയിലുമുള്ള പല ബാങ്കുകളും ചെർപ്പുളശ്ശേരിയിൽ അവരുടെ ശാഖകൾ തുറന്നു. വിദേശ നാണയ വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ജനങ്ങളിൽ കൃഷിയെയും വ്യാപാരത്തെയും ആശ്രയിച്ചു ജീവിക്കുന്നവർ ഇപ്പോഴുമുണ്ട്.