ജി.ജി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/അക്ഷരവൃക്ഷം
== കൊറോണ കാലത്തെ ദൈവങ്ങൾ
==
കൊറോണ കാലത്തെ ദൈവങ്ങൾ
"കറങ്ങി കറങ്ങി ഒരു ദിവസം ഈ കറക്കം നിക്കും. " "വേറാരോടും അല്ല. നിന്നോട് തന്നെയാ. "
"അയ്യോ. ഇനി കറങ്ങി കറങ്ങി ഒടുവിൽ ഈ കറക്കം നിൽക്കുമോ ? " "ഇത് നിന്നോടല്ല. നിന്നെ കുറിച്ചും അല്ല. "
"ഇക്കാലമത്രയും കറങ്ങിയിട്ടും ഒരു തവണ പോലും ഒന്നു വിശ്രമിക്കാൻ തോന്നിയില്ലേ? "
"ഇനി നിന്നു പോയാൽ താഴെ വീണു തകരുമോ? " "വേണ്ട, നിൽക്കണ്ട. കറങ്ങിക്കൊണ്ടിരു ന്നോ. "
പക്ഷെ നീ.... നീയിങ്ങനെ കറങ്ങിയാൽ സകലതും നിൽക്കുമല്ലോ എന്റെ സുഹൃത്തേ. കാല് പിടിച്ചു നിലത്തടിക്കാൻ ഉള്ള ദേഷ്യം ഉണ്ടെങ്കിലും, പിണക്കിയാൽ ഒടുവിൽ ഇയാൾ ഇവിടെ ആരെയെങ്കിലും കേറി ഉമ്മ വെച്ചാലോ.? അതുകൊണ്ട് ദൈവങ്ങൾ പറഞ്ഞത് പോലെ സോപ്പിട്ടു തന്നെ നിർത്തണം. സോപ്പിട്ടു കൊണ്ടിരിക്കണം.
ഇന്നലെ രാത്രിയും കേട്ടു പൊട്ടിച്ചിരിയും കൈ കൊട്ടലും പാട്ടുമൊക്കെ.ഇത്രയധികം ഭാഷകളുണ്ടോ ഭൂമിയിൽ. ഇടക്കെപ്പഴോ ഒരു മലയാളം പാട്ടും കേട്ടു. ആരാണ് പാടിയതെന്നറിയില്ല. എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ലല്ലോ. അത്രയും നീണ്ടു കിടക്കുന്നല്ലേ വരി.
അവരൊക്കെ ഇപ്പൊ എവിടെയൊക്കെ കറങ്ങിയോ എന്തോ. എത്ര കാലത്തിന് ശേഷമുള്ള അവധിക്കാലം ആവും. ആഘോഷിക്കട്ടെ. പഴയ കൂട്ടുകാരെയും ബന്ധുക്കളെയും ഒക്കെ ഒന്നിച്ച് കണ്ടതല്ലേ. പിന്നെ ചിറകുള്ളത് കൊണ്ട് വേഗം പറന്നു നടക്കാല്ലോ. അതോ ഇനി എല്ലാർക്കും ചിറകുണ്ടോ ? ഉണ്ടാവും അതല്ലേ അവരും നമ്മളും തമ്മിലുള്ള വ്യത്യാസം.
പക്ഷെ, ഏത് ആഘോഷമാണെങ്കിലും, ഉത്തരവാദിത്തം മറക്കരുത്. ഒരു കണക്കിന് അത് ഓരോരുത്തരെ ഏൽപ്പിച്ചു പോയത് നന്നായി. അല്ലെങ്കിൽ നിങ്ങളോടൊപ്പം യാത്ര പോകുന്നവരുടെ എണ്ണം കൂടിയേനെ. ഒടുവിൽ തിന്നാനും കുടിക്കാനും ഒന്നും ഇല്ലാതെയാവുമ്പോ യാത്ര പോയവർ വീണ്ടും മരിച്ച് താഴോട്ട് വീണേനെ. അതുമല്ലെങ്കിൽ ഇയാൾ കറങ്ങി കറങ്ങി അവസാനം അവിടെ വന്ന് ഒരു കസേരയും ഇട്ട് ഇരിക്കും.
ഇന്നലെ കുഞ്ഞോള് ചോദിച്ചു, എങ്ങനെയാ ദൈവങ്ങളെയും മനുഷ്യ രെയും തിരിച്ചറിയുക എന്ന്. ആ
ആ ചോദ്യത്തിനും കാര്യമുണ്ട്. മുഴുവൻ മൂടി കെട്ടിയല്ലേ എല്ലാരും നടക്കുന്നത്.
ആശിച്ചു മോഹിച്ചു വാങ്ങിയ മൂക്കുത്തിക്കല്ലും, നിരയൊപ്പിച്ചു വെട്ടിയ താടിയും മീശയും എല്ലാം ഇടയ്ക്ക് വെച്ച് ഇടറി വീണ തിരശ്ശീലക്കുള്ളിലായി ല്ലേ.
പക്ഷെ, ഇത്രയും ചിന്തിക്കാതെ ഞാൻ ഉത്തരം പറഞ്ഞു.
"കുഞ്ഞോളെ, അത് വേഗം മനസിലാക്കാം.എന്തായാലും നീ ഇപ്പൊ ആളുകളെ കാണുന്നത് ടിവിയിൽ മാത്രം അല്ലെ. ഇനി കാണുമ്പോ അവരുടെ മാസ്ക്കിന്റെയും കണ്ണിന്റെയും ഇടയിൽ നോക്ക്. അവരുടെ കണ്ണുകൾ വിളറിയിരിക്കും. പക്ഷെ അവരുടെ കണ്ണിൽ നിനക്ക് ഒരു വെളുത്ത പൂവ് കാണാം. വിരിഞ്ഞ പൂവും വാടിയ ഇലയും കാണാം. എങ്കിൽ അവരാണ് ദൈവം. "
"അതെന്താ അപ്പാ, ദൈവങ്ങളുടെ ഇലയൊന്നും വാടില്ലല്ലോ.അവര് ദൈവമല്ലേ ? "
" ദൈവമായത് കൊണ്ടു തന്നെയാ. പക്ഷെ അവർക്ക് വെള്ളം ഒഴിച്ചു കൊടുക്കേണ്ടവർ ഒരു യാത്ര പോയി. അവരെന്നിട്ടും പൂക്കൾ വാടാതെ സൂക്ഷിച്ചു നിൽക്കുന്നു. അവരുടെ കണ്ണിലെ പൂക്കൾ വാടിയാൽ ഈ ലോകത്തിലെ എല്ലാ പൂക്കളും വാടും. "
"അപ്പാ, ഒരു സംശയം കൂടി. അപ്പൊ ഈ ദൈവങ്ങൾ ഉറങ്ങാറില്ലേ ? "
"ദൈവങ്ങളും ഉറങ്ങും. പക്ഷെ ഇപ്പൊ അവരാരും ഉറങ്ങാറില്ല. ഈ പൂവ് വാടാതെ നോക്കണ്ടേ ? ചെടികൾക്കും പൂക്കൾക്കും വളരാനും പൂക്കാനും വെളിച്ചം വേണം. അവരൊക്കെ കണ്ണടച്ചാൽ
ഇരുട്ടാവില്ലേ ? അതുകൊണ്ട് അവരാരും ഉറങ്ങാറില്ല. "
അവൾക്കിനിയും സംശയം തീർന്നില്ല. കണ്ണാടിയുടെ മുന്നിൽ നിന്ന് കണ്ണ് തുറന്നു പിടിച്ചു നോക്കുന്നുണ്ട്. പൂവ് ഉണ്ടോ എന്ന് നോക്കുന്നതാവും.
എന്നാലും ഇതൊന്നും വക വെക്കാതെ ഒരാൾ പിന്നെയും കറങ്ങി കൊണ്ടിരുന്നുണ്ട്. ഒരു ദിവസം ഈ കറക്കം നിക്കും. ചക്രം വച്ചു കെട്ടിയ നിന്റെ കുഞ്ഞിക്കാല് അരിഞ്ഞു താഴെയിടും.
അന്ന് വിനോദയാത്ര പോയവരെല്ലാം തിരികെ വരും. വഴിപാടും നേർച്ചയും വാങ്ങാത്ത ഇക്കണ്ട ദൈവങ്ങൾ സ്ഥാനം ഒഴിഞ്ഞ് അവർക്ക് നൽകും. നേർച്ചപ്പെട്ടി വീണ്ടും സ്ഥാപിക്കും. അത് നിറഞ്ഞു കൊണ്ടിരിക്കും. മെഴുകു തിരികളും വെളിച്ചെണ്ണയും പട്ടും ബലിയും ദിനം പ്രതി കൂടും.
വീണ്ടും ചോര കിനിയും. നിറഞ്ഞ മാറുകൾ മുറിഞ്ഞ് മുലപ്പാൽ ചിതറും . എത്രയോ ഗർഭപാത്രങ്ങളിൽ കുഞ്ഞുങ്ങൾ കഴുത്തു ഞെരിച്ച് കൊല്ലപ്പെടും. പല നിലവിളികൾ ഉയരും.
കാരണം നമ്മളൊക്കെ മനുഷ്യർ മാത്രമാണ്. കേവലം മനുഷ്യൻ. പക്ഷെ പൂ വിരിഞ്ഞ കണ്ണുകളിൽ പൂ വാടാതിരിക്കട്ടെ. പല കണ്ണിലും ഇനിയും പൂ വിരിയട്ടെ.
SREENANDA S PLUS TWO SCIENCE GGHSS MADAPPALLY