എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/എന്റെ വിദ്യാലയം
'Daffodils..!!!
മുജീബ് എം പി
മുജീബ് 'കും'..
ഹൂസുൻ: ആനയോ കുതിരയോ ?
"ആന"..
കിട്ടി ഒരെണ്ണം വലിയ ചൂരൽ വടി കൊണ്ട്.
ഉടനെ ഞാൻ "കുതിര"
അടുത്തതും കിട്ടി ബോധിച്ചു. കൂടെ ഹമീദ് മാഷിന്റെ പരിഹാസ്യഡയലോഗും.
നീയാണെടാ കുതിര..
ശരിയല്ലേ.. തെങ്ങിന്റെ ഓല ഒരിക്കലും ആനയും കുതിരയും ആവില്ലല്ലോ.!!
മീത്തൽ പാലക്കൂൽ ഹമീദ് മാഷിന്റെ സ്വതസിദ്ധമായ ഈ ശൈലിയും അതിൽ വീഴാത്തവരും നമ്മളിൽ അപൂർവ്വമായിരുന്നു അല്ലേ..!!
പിന്നെ പിന്നെ ഹമീദ് മാഷ് എന്നോട് കും എന്ന്പറയുമ്പോൾ തന്നെ ഞാൻ എഴുന്നേറ്റ് നിന്ന് കൈ നീട്ടി വെച്ച് കൊടുത്താണ് വരാൻ പോവുന്ന പ്രഹസന ചോദ്യത്തെ നേരിടാറ്. കിട്ടുന്നത് കൈവെള്ളയിൽ വാങ്ങാമല്ലോ.!!
പിന്നെയുള്ളത് അതേ തറവാട്ടിലുള്ള റസാഖ് മാഷാണ്. അദ്ദേഹത്തിന് പിന്നെ തമാശയും പ്രഹസനവും ഒന്നുമില്ലായിരുന്നു. തല്ലിപ്പഠിപ്പിക്കുക എന്ന അദ്ദേഹത്തിന്റെ തിയറിക്ക് ചെറിയ രീതിയിൽ കീഴടങ്ങേണ്ടി വന്നിട്ടുണ്ട്. ഒന്നു ചിരിക്കുക പോലുമില്ല. ഇന്ന് മാഷ് സ്വന്തം സുഹൃത്താണ്. അന്ന് തരാത്ത ചിരിയും സ്നേഹവും ഒരുപാട് തരുന്നുണ്ടിന്ന്.
പാമ്പിന്റെ ചെവിയായിരുന്നു ബാബു മാഷിന്. സ്കൂൾ കോമ്പൌണ്ടിൽ എവിടെ വെച്ചും എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ നൂറു മീറ്റർ പരിധിയിൽ ബാബു മാഷ് ഉണ്ടോന്ന് നോക്കണം. പടച്ചോന്റെ അപാരമായ കാവലാണെന്ന് പറയാം, അദ്ദേഹത്തിന്റെ ക്ലാസിൽ ഇരിക്കേണ്ടി വരാതെ രക്ഷപ്പെട്ടത്.!! എങ്കിലും ഏതെങ്കിലും വിധത്തിലുള്ള വേട്ടയാടലുകൾക്ക് പല തവണ വിധേയമാകേണ്ടി വന്നിട്ടുണ്ട് എന്നത് സുഖമുള്ള വേദനയോടെ സ്മരിക്കുന്നു. അന്നത്തെ ശത്രു പക്ഷത്തുള്ള മാഷായിരുന്നെങ്കിലും തന്റെ വിദ്യാർത്ഥികളുടെ കാര്യത്തിൽ വല്ലാത്തൊരു ആത്മാർത്ഥതയായിരുന്നു ബാബു മാഷിനെന്ന് അന്നത്തെ ബുദ്ധികൊണ്ട് തന്നെ മനസ്സിലാക്കിയിരുന്നു.
ഒരു ആദ്ധ്യായന വർഷത്തിലെ ആരംഭത്തിൽ ഞങ്ങളെല്ലാം അവരവർക്ക് ഇഷ്ട്ടമുള്ള ഇരിപ്പിടങ്ങൾ ബെഞ്ചിൽ കണ്ടെത്തി സ്ഥാനമുറപ്പിച്ചു. ബാക്ക് ബെഞ്ചായിരുന്നു എനിക്ക് പ്രിയം. നീളം കൊണ്ട് മുൻ ബെഞ്ചിൽ ഇരുത്താൻ സാധ്യതയുള്ള ഞാൻ ബാക്ക് ബെഞ്ചിനെ കൊതിയോടെ നോക്കി മൂന്നാമത്തെ ബെഞ്ചിൽ സ്ഥാനമുറപ്പിച്ചു. അതിന് മുമ്പത്തെ വർഷവും കെമിസ്ട്രി അദ്ധ്യാപികയായിരുന്ന റസിയ ടീച്ചർ മന്ദം മന്ദം ക്ലാസിലേക്ക് കടന്നുവരികയാണ്.
ഞങ്ങളെ എല്ലാവരേയും ദീർഘ നിശ്വാസത്തോടെ ഒന്നു നോക്കിയ ശേഷം നിങ്ങളുടെയൊക്കെ സ്ഥാനം എന്റെ ക്ലാസിൽ ഞാൻ ഇനി പറയുന്നിടത്തായിരിക്കും എന്നും പറഞ്ഞ് ടീച്ചർ ഓരോരുത്തരെ നീളത്തിന്റേയും പഠിപ്പിന്റേയും അടിസ്ഥാനത്തിൽ മാറ്റി ഇരുത്താൻ തുടങ്ങി.
എല്ലാവരേയും മാറ്റി ഇരുത്തൽ കഴിഞ്ഞിട്ടും എനിക്ക് മാത്രം സ്ഥാനചലനം സംഭവിക്കാത്ത അത്ഭുതത്തിൽ ഞാൻ ടീച്ചറെ നന്ദിയോടൊന്ന് നോക്കി. ദാ വരുന്നു ടീച്ചറെ ഡയലോഗ്. മുജീബ് നോക്കേണ്ട. എന്റെ ക്ലാസിൽ നീ അധികവും പുറത്തായിരിക്കും. അതുകൊണ്ടാ ഞാൻ നിന്നെ മാത്രം എവിടെയും മാറ്റി ഇരുത്താത്തത്. ക്ലാസിൽ ഇരിക്കാൻ വളരെ ഇഷ്ട്ടമുള്ള എനിക്കത് അതിലും സന്തോഷമായിരുന്നു. പഞ്ചാബി ഹൗസിലെ കൊച്ചിൻ ഹനീഫയെ പോലെ ടീച്ചറുടെ മുഖത്ത് വിഷമത്തോടെ നോക്കി ഞാൻ മനസ്സിൽ ഊറിച്ചിരിച്ചു.
അസ്ലം മാഷേ.. കിഷ്കിന്താ പാർക്കിൽ വെച്ച് നിങ്ങളെ തള്ളിയിട്ടത് ഞാനല്ല.!!
ഇന്നും അസ്ലം മാഷിന് ആ സംഭവത്തിൽ എന്നെയാണ് സംശയം. ഒൻപതാം ക്ലാസ് കാലത്ത് സ്കൂളിൽ നിന്നും മദ്രാസിലേക്ക് ടൂറ് പോയപ്പോഴുള്ള സംഭവമാണ്. പാർക്കിലെ ഉയരത്തിൽ നിന്നും ഊരി വന്ന് പൂളിലേക്ക് വീഴുന്ന സാധനമില്ലേ., അതിന്റെ പേര് എനിക്കിന്നുമറിയില്ല. ആ സാധനത്തിന്റെ മേലെ ഊരാൻ തയ്യാടെത്തു നിൽക്കുന്ന അസ്ലം മാഷ് പടോന്ന് ഊരാതെ തന്നെ താഴെ എത്തി. അതി സാഹസികതയ്ക്ക് സമ്മാനമായി നെറ്റിയിൽ നാലഞ്ച് സ്റ്റിച്ചും കിട്ടി. ആരോ തള്ളിയിട്ടതാണെന്നാ മാഷിന്റെ വിശ്വാസം. ബലമായ സംശയം എന്നെയാണ്. ക്രൈം ബ്രാഞ്ചോ സിബിഐയോ ആര് വേണമെങ്കിലും അന്വേഷിച്ചോട്ടേ.. ഞാനല്ല മാഷേ ഇങ്ങളെ തള്ളിയിട്ടത്. നിങ്ങളെ അന്നും ഇന്നും എനിക്ക് ഒരുപാട് ഇഷ്ട്ടമായിരുന്നു.
ഇതേ ടൂറിൽ വെച്ചാണ് അലി മാഷിലെ സുഹൃത്തിനെ തിരിച്ചറിയുന്നതും. സ്പോട്സിന്റെ മാഷ് അതീവ ഗൗരവക്കാരനാകണം എന്ന പ്രകൃതി സത്യത്തിന് ഒട്ടും വിപരീതമല്ലായിരുന്നു അലി മാഷും. പഴയ അബു സലീമിനെ ഓർമ്മിപ്പിക്കും വിധമുള്ള അലി മാഷിനെ അടുത്തറിയുന്നത് ആ വിനോദ യാത്രയിലാ. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും തീവണ്ടിയുടെ പടി കയറുമ്പോൾ നമ്മൾ ഇനി മാഷും കുട്ടികളുമല്ല എന്ന് പറഞ്ഞു അലി മാഷ്. എന്നാലും അലി മാഷ് അലിമാഷല്ലാതാവില്ലല്ലോ എന്ന് തന്നെയായിരുന്നു ചിന്ത. ഒരു ഭീകര മനുഷ്യന് ഇങ്ങനെയും മാറാൻ കഴിയുമെന്നതിന് ആ വിനോദ യാത്രയിലെ അലി മാഷ് ഒരനുഭവം തന്നെയായിരുന്നു.
വാത്സല്യത്തിന്റെ പ്രതീകമായിരുന്നു ഷീബ ടീച്ചർ. പ്രധാന വിഷയം അറബിയെടുത്ത ഞങ്ങൾക്ക് മലയാളം സെക്കന്റായിരുന്നു ഷീബ ടീച്ചറുടെ വിഷയം. കഥകളാൽ സമ്പന്നമായ മലയാളം സെക്കന്റിലെ കഥകൾ പഠിപ്പിക്കാൻ വേണ്ടി ക്ലാസെടുക്കുകയായിരുന്നില്ല ഷീബ ടീച്ചർ. മുത്തശ്ശി കഥകൾ പറഞ്ഞ് തരുന്നത് പോലെ പറഞ്ഞു പഠിപ്പിച്ച് തരികയായിരുന്നു. ഇന്നത്തെ ഞങ്ങളുടെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത കാരണത്താൽ ടീച്ചറിന്നലെ ഞങ്ങളെ ഗ്രൂപ്പിൽ അതിഥിയായി വന്നിരുന്നു. ഗ്രൂപ്പിൽ വന്ന് ഞങ്ങൾക്ക് ആശംസകൾ നേർന്നതല്ലാതെ ഓർമ്മകളിലെ ആ വാത്സല്യ നിധി ഒന്ന് മൈന്റ് ചെയ്യാത്തതിൽ ശക്തമായ പ്രതിഷേധവും വിഷമവും രേഖപ്പെടുത്തട്ടെ.!!
പവിത്രൻ മാഷ് ഹിന്ദി പഠിപ്പിച്ചാൽ തമിഴൻമാർ വരെ ഹിന്ദി പഠിച്ച് പോകും. മേലെ പറഞ്ഞ അതേ കാവല് കൊണ്ടെന്ന് തന്നെ പറയട്ടെ., അന്നത്തെ ആ ഭീകര അദ്ധ്യാപകന്റെ ക്ലാസിലും ഇരിക്കേണ്ടി വന്നിട്ടില്ല. സ്കൂളിലെ എന്റെ നല്ല നടപ്പു കാരണം ഇടക്കിടെയായുള്ള സ്റ്റാഫ് റൂം സന്ദർശനത്തിൽ ഞങ്ങൾ സുപരിചിതരായിരുന്നു.
എന്റെ ഉന്തിയ പല്ലുള്ള മുഖം നോക്കാതെ തിരിഞ്ഞ് നിൽക്കുമ്പോഴുള്ള എന്നെ കാണാൻ മോഹൻലാലിനെ പോലെയില്ലേ എന്ന് ചോദിക്കുന്ന വാഹിദ് മാഷ് സ്കൂളിന്റെ ഒരു ഐക്കൺ താരം തന്നെയായിരുന്നു. ഒരു വർഷം ആ കോമഡി ആസ്വദിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. വാഹിദ് മാഷ് അടിക്കുന്നതിലും ഉണ്ടായിരുന്നു ഒരു തമാശ. അതെന്തെന്നുള്ളത് കൊണ്ടവർക്കറിയാം!!
വകയിലെ ബന്ധു കൂടിയായിരുന്ന മുസ്തഫ മാഷ് ഒരു ബന്ധവും കാണിക്കാതെയാണ് ഇമ്പോസിഷൻ തരാറുണ്ടായിരുന്നത്. പിന്നീടാണ് മനസ്സിലായത്., പഠിപ്പിക്കുക എന്ന കർത്തവ്യ ബോധത്തിനൊപ്പം സ്കൂളിലെ സ്റ്റോർ ആ മഹാനുഭാവന്റേത് കൂടിയാണെന്ന്.
മുജീബ് ഇങ്ങോട്ട് ശ്രദ്ധിക്കൂ എന്ന് പറഞ്ഞ് പറഞ്ഞ് മടുത്ത സുരേന്ദ്രൻ മാഷ് പറയും ഇതു ഞാൻ ഇനി ടേപ്പ് റിക്കാർഡിൽ ആക്കിക്കൊണ്ട് വരാം എന്ന്. മാഷേ.,, എന്നെ വിളിച്ച് നിങ്ങളെ തൊണ്ടയിലെ വെള്ളം വറ്റിച്ചതിന് വളരെ വളരെ വൈകിയ ഒരു ക്ഷമ ഞാനിവിടെ രേഖപ്പെടുത്തട്ടെ.!!
തുന്നലിന്റെ ക്ലാസെടുക്കുന്ന ആയിഷ ടീച്ചറോട് ഒറ്റവാക്കിൽ ഞാനെന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഞാനെന്തിനാ ടീച്ചറേ തുന്നൽ പഠിക്കുന്നേ., എനിക്ക് തുന്നൽക്കാരൻ ആവാൻ താൽപര്യമില്ല എന്ന്. ടീച്ചറത് വളരെ സഹിഷ്ണുതയോടെ തന്നെ എടുത്തു.
നന്ദി ടീച്ചറേ..
നിങ്ങൾക്കൊരു രണ്ട് ലക്ഷം രൂപ ലോട്ടറി അടിച്ചാൽ നിങ്ങളത് എന്തിനൊക്കെ ചിലവാക്കുമെന്ന് രണ്ട് പുറത്തിൽ കവിയാതെ എഴുതാൻ തന്ന ചോദ്യത്തിന് ഒറ്റ പേരഗ്രാഫിൽ ഉത്തരമെഴുതിക്കൊണ്ട് ചോദ്യകർത്താക്കളായ വിദ്യാഭ്യാസ വകുപ്പിന് ഞാനൊരു മറുപടിയും എഴുതി ഉത്തരക്കടലാസിൽ. നാലഞ്ച് വരികളിൽ ചില്ലറ ചാരിറ്റിയും എന്റെ ചില ആവശ്യങ്ങളും
എഴുതുമ്പോഴേക്കും ലക്ഷം രണ്ട് കടന്നു. അടുത്ത വരിയിൽ ഞാൻ ഇങ്ങനെ എഴുതി. രണ്ടു പുറത്തിൽ കവിയാതെ എഴുതാൻ എനിക്ക് രണ്ട് ലക്ഷമൊന്നും പോരാ.!!
ഉത്തരക്കടലാസ് തരുന്ന നാളിൽ എന്റെ ഉത്തരം എല്ലാരെയും വായിച്ച് കേൾപ്പിച്ച് കൊണ്ട് കുഞ്ഞബ്ദുള്ള മാഷ് പേപ്പർ എനിക്കു നേരെ വെച്ചു നീട്ടി. സഹപാഠികളുടെയെല്ലാം പരിഹാസച്ചിരിയുടെ പാശ്ചാത്തലത്തിൽ ഞാനാ ഉത്തരത്തിലേക്ക് ഒന്നുകൂടി നോക്കി. അഞ്ചു മാർക്കുള്ള ആ ചോദ്യത്തിന് പ്രിയപ്പെട്ട മാഷെനിക്ക് നാല് മാർക്ക് തന്നിരിക്കുന്നു. ഇതെന്ത് മറിമായം എന്ന സലിം കുമാറിന്റെ ഭാവത്തിൽ ഞാൻ മാഷെ ഒന്നു നോക്കിയപ്പോൾ മാഷിന്റെ മറുപടി വന്നു. അതു നിന്റെ ഹ്യൂമർ സെൻസിനുള്ളതാണെന്ന്. നാലാം ക്ലാസുമുതൽ തൊട്ടു മാത്രം ഇംഗ്ലീഷ് പഠിപ്പിച്ച് തുടങ്ങിയ നമ്മുടെ അന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അതെന്ത് സെൻസിനെ കുറിച്ചാണ് മാഷ് പറഞ്ഞതെന്ന് എനിക്കന്ന് മനസ്സിലായില്ല. നമുക്കന്ന് ആകെ അറിയാവുന്നത് മമ്മൂട്ടി പറഞ്ഞ സെൻസായിരുന്നു.
സത്യൻ മാഷിനെന്നും ഛായത്തിന്റെ മണമാണ് ഓർമ്മകളിൽ. റിഹേഴ്സലിന്റെ പേരും പറഞ്ഞ് അത്രയും നേരം ക്ലാസിലിരിക്കേണ്ടല്ലോ എന്ന് കരുതി ചേർന്നതാണ് നാടകത്തിൽ. കുറച്ച് കാലം മുന്നത്തെ കോഴിക്കോട് ജില്ലാ കളക്ടർ മാഷ് വരച്ച ഒരു ചിത്രത്തെ പ്രശംസിച്ചെഴുതിയപ്പോൾ അദ്ദേഹത്തിന്റെ ഇൻബോക്സിൽ പോയി അഭിമാനത്തോടെ ഞാൻ പറഞ്ഞിട്ടുണ്ട്. സത്യൻ മാഷ് എന്നെ പഠിപ്പിച്ച മാഷാണ്. മാഷിന്റെ കൈ കൊണ്ട് എന്റെ മുഖത്ത് മേക്കപ്പ് ചെയ്തിട്ടുണ്ട് എന്ന്. കളക്ടറന്ന് സ്നേഹപൂർവ്വമുള്ള മറുപടിയും തന്നു.
ഓർമ്മകളിൽ വിങ്ങലായി ഉള്ളത് പേരാമ്പ്രയിൽ നിന്നും വരുന്ന അബ്ദുറഹ്മാൻ മാഷായിരുന്നു. വളരെ പാവമായ പ്രകൃതം. സ്റ്റെയർകേസ് കേറി വന്ന് ക്ലാസിൽ എത്തുമ്പേഴേക്കും മാഷിന് കിതയ്ക്കുമായിരുന്നു. ഒന്നും മനസ്സിലാക്കാതെ മാഷിന്റെ ആ പാവത്തരത്തെ ഞങ്ങൾ മാക്സിമം മുതലെടുത്തു.
ഒടുവിൽ ഹൈസ്കൂൾ കാലമൊക്കെ കഴിഞ്ഞ് പെട്ടൊന്നൊരു നാൾ മാഷിന്റെ മരണ വാർത്ത എത്തുമ്പോഴാണറിഞ്ഞത്., മരണത്തിലേക്കുള്ള കിതപ്പായിരുന്നു അതെന്ന്.!!
ചേതനയറ്റ മാഷിന്റെ മയ്യിത്തിന് മുന്നിൽ നിൽക്കുമ്പോൾ മാഷിനായി നൽകാൻ ഒരു മാപ്പ് മത്രമേ ഉണ്ടായിരുന്നുള്ളൂ..!!
ഇനിയുമുണ്ട് എഴുതിയാൽ തീരാത്തത്രയും അറിവ് പകർന്ന് തന്നവർ. കണ്ടാൽ കുടുംബത്തിലെ മുതിർന്ന കാരണവരാണെന്ന് തോന്നിപ്പിക്കുന്ന അന്നത്തെ ഹെഡ്മാഷ് അഹമ്മദ് മാഷ്.
പദ്യത്തെ പാട്ടാക്കാൻ പഠിപ്പിച്ചു തന്ന സലീം മാഷ്. വനിതാ പോലീസ് ആകേണ്ടിയിരുന്ന രഞ്ജിനി ടീച്ചർ. ഇന്നത്തെ ഹെഡ് മാഷായ ഉസ്മാൻ മാഷ്. ഉണ്ണിക്കുട്ടനെ പഠിപ്പിച്ചു തന്ന മനാഫ് മാഷ്. ഒരു പുതിയാപ്പിളയെ പോലെ കരയൊപ്പിച്ച് മുണ്ടുടുത്ത് വന്നിരുന്ന ഷമീർ മാഷ്. ഭംഗിയുള്ള മീശയുള്ള മുഖമോടെ ഭൂമിശാസ്ത്രം പറഞ്ഞു തന്ന പതിയായി അഷ്റഫ് മാഷ്. ക്ലോസപ്പിന്റെ പരസ്യം പോലെ എപ്പോഴും പല്ലു കാണിച്ച് ചിരി തൂകി നിൽക്കുന്ന കുഞ്ഞബ്ദുള്ള മാഷ്.
സദാ സമയം നീളൻ ചൂരലുമായി പെട്ടെന്ന് ശുണ്ഠി പിടിക്കുന്ന അഷ്റഫ് മാഷ്. ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് പറയപ്പെടുന്ന കണക്ക് പഠിപ്പിച്ചു തന്ന ജമീല ടീച്ചർ. മദ്രസയിൽ നിന്നു തന്നെ കണ്ടു പരിചയമുള്ള അബൂബക്കർ മാഷ്.
മുന്നിലൊരു പല്ല് പൊട്ടിയത് ഭംഗിയായുള്ള കുഞ്ഞമ്മദ് മാഷ്. ഒരേ ഒരു ഉറുദു വാദ്യാരായ ബഷീറ് മാഷ്. കൂടുതൽ സംസാരമൊന്നും ഇല്ലാത്ത അബ്ദുറഹ്മാൻ മാഷ്. സപ്പോട്ടിംഗ് സ്റ്റാഫ് ആയ പ്രിയപ്പെട്ട പി ടിക്കയും സുബൈർ സാഹിബും നാട്ടുകാരനും സുഹൃത്തും കൂടിയായ ഇസ്മായിൽ. അന്നും ഇന്നും ഇവിടെയും നിറ സനേഹം കാണിക്കുന്ന പ്രശാന്ത് മാഷ്.
നീ ഇങ്ങനെ വികൃതി കാണിച്ചാൽ അതിവിടെയുള്ള നിന്റെ പെങ്ങൾ ഹസീന ടീച്ചർക്കും ബന്ധുവായ ഖാലിദ് മാഷിനും കുറച്ചിലല്ലേ എന്നുപദേശിക്കാറുള്ള സംസ്‌കൃത അദ്ധ്യാപകൻ സത്യജിത്ത് മാഷ്.
അവസാനം പറഞ്ഞ ആ രണ്ടു പേരേയും പറയാതെ മാറ്റി വെച്ചതാണ്. ഹസീന ടീച്ചറും ഖാലിദ് മാഷും. ഹൈസ്കൂൾ കാലഘട്ടത്തിൽ ഒരു ക്ലാസിലും ഇവർ എന്നെ പഠിപ്പിച്ചിരുന്നില്ല. അതു യാദൃശ്ചികമാണെന്ന് ആരും കരുതരുത്. ഒരാൾക്ക് ആങ്ങളയും മറ്റൊരാൾക്ക് വളരെ അടുത്ത മാമന്റെ മോനും എന്ന ഒറ്റ കാരണത്താൽ ഈ മികച്ച രണ്ട് അദ്ധ്യാപകരുടെയും ശിഷ്യത്വം കിട്ടാതെ പോയ ഞാൻ എത്ര നിർഭാഗ്യവാൻ.!!
എത്ര എഴുതിയാലും തീരാത്തതായി എന്തെങ്കിലും ഉണ്ടെങ്കിൽ അതു നമ്മുടെ സ്കൂൾ കാലമാണെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു.!!
ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തേക്ക് തിരിഞ്ഞു നടക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്.!! അതെ, ഞങ്ങളും തിരികെ നടക്കാൻ ഒന്നൊരുങ്ങുകയാണിന്ന്.
പത്താം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ഡാഫോഡിൽസ് വീണ്ടും തളിർക്കുകയാണ്. ഉമ്മത്തൂർ എസ് ഐ എച്ച് എസ്സിന്റെ തിരുമുറ്റത്ത്.!!
അവിടെ എന്റെ പ്രിയപ്പെട്ടവർ ഞങ്ങളുടെ അദ്ധ്യാപകരോടൊപ്പം രണ്ടായിരത്തിലേക്കൊന്ന് തിരിഞ്ഞു നടക്കുകയാണ്.
ഇവിടെ ദുബായിലിരുന്ന് ഞാൻ കേൾക്കും..
നീയൊന്നിവിടെ ശ്രദ്ധിക്ക് മുജീബേ എന്ന് സുരേന്ദ്രൻ മാഷ് എന്നെ നീട്ടി വിളിക്കുന്നത്.!!