ഗവ. ടി ടി ഐ മണക്കാട്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
എന്റെപ്രിയ വിദ്യാലയം.
ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസുവരെ പഠിച്ച എന്റെ പ്രിയ വിദ്യാലയം, ഗവൺമെൻ്റ് ബി.റ്റി.എസ് മണക്കാട് . ചേച്ചിമാരുടെ അകമ്പടിയിൽ എന്നും സ്കൂളിൽ പോയിരുന്ന ആ നല്ല ബാല്യകാലം . ഓല മേഞ്ഞ , കറുത്ത പെയിൻ്റടിച്ച പരമ്പുപായ തട്ടികൊണ്ടുള്ള നീണ്ട ക്ലാസ് മുറികളായിരുന്നു അന്ന്.. ഒന്നാം ക്ലാസിലെ അന്നമ്മ ടീച്ചറിനേയും രണ്ടാം ക്ലാസിലെ യശോദ ടീച്ചറിനേയും മൂന്നാം ക്ലാസിലെ മംഗളാമ്പാൾ ടീച്ചറിനേയും മറക്കാൻ കഴിയില്ല. നീണ്ട ചൂരലുമായി നടക്കുന്ന നാലാം ക്ലാസിലെ വേലായുധൻ സാറിനേയും സെബാസ്റ്റ്യൻ സാറിനേയും ഒക്കെ ദൂരെ കാണുമ്പോൾ തന്നെ പ്ലാവിൻ ചുവട്ടിൽ കളിച്ചിരുന്ന വിരുതന്മാരായ എല്ലാവരും നിശ്ശബ്ദരായിരുന്ന് പ്ലാവില പെറുക്കിയെടുക്കുന്നത് ഇന്നും ചിരിയോടെ ഓർക്കുന്നു . ഇപ്പോഴത്തെ ഊട്ടുപുര ഞാൻ പഠിച്ചിരുന്ന കാലത്ത് ക്ലാസ് മുറികളായിരുന്നു. ആസ്ബസ്റ്റോസ് ഷീറ്റ് മേഞ്ഞ ആ കെട്ടിടത്തിൽ . നാലാം ക്ലാസിൽ പഠിക്കുമ്പോൾ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ശേഷം സ്ഥിരം രാധാകൃഷ്ണ നൃത്തം അവതരിപ്പിച്ചിരുന്ന ഞാനും എന്റെ കൂട്ടുകാരി ബിന്ദുവും. നിറയെ മധുരതരമായ ചക്കകൾ നിറഞ്ഞിരുന്ന മുത്തശ്ശി പ്ലാവ് ഇന്നും കാണുമ്പോൾ ആ പ്ലാവിൻ മുറ്റത്തെ ഒളിച്ചുകളികളും കളിക്കിടയിലെ വഴക്കുകളും പിണക്കങ്ങളും ഓർമ്മ വരുന്നു. സേവനവാര ദിവസങ്ങളിൽ കഴിച്ച അരിപ്പായസത്തിൻ്റെ മധുരം ഇന്നും നാവിൻതുമ്പിലുണ്ട്. ഒരു ഫാനിൻ്റേയും ചുവട്ടിലിരിക്കാതെ, അമ്മമാരുടെ സ്നേഹവാത്സല്യങ്ങൾ പകർന്ന അധ്യാപകരുടെ സ്നേഹ ശിക്ഷണങ്ങളേറ്റ് വളർന്നതുകൊണ്ടാകാം ഞാൻ പഠിച്ച സ്കൂൾ എന്റെ ആത്മവിദ്യാലയമെന്ന് അഭിമാനത്തോടെ പറയാൻ കഴിയുന്നത്.