എ എം യു പി എസ് മാക്കൂട്ടം/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ/സ്കൂൾ മുറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സ്കൂൾ മുറ്റം / ഗിരീഷ് ആമ്പ്ര

എന്റെ സ്കൂൾ പ്രായത്തിന് മധുരവും നൊമ്പരവും വാത്സല്യവും ചേർന്ന മണമാണ്. ജൂണിലെ തെന്നൽ മഴയത്താണ്. റീന (ഇളയമ്മ) എന്നെ ഒന്നാം ക്ലാസിൽ ചേർക്കുന്നത്. ചൂംലാംവയൽ മാക്കൂട്ടം സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം എന്നിലെ വ്യക്തിത്വത്തെയും കലാ സാഹിത്യ വാസനകളെയും രൂപപ്പെടുത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഒന്നാം ക്ലാസിലെ ഒന്നാം ദിവസം മറ്റ് കുട്ടികളെ പോലെ ഞാനും കരഞ്ഞിട്ടുണ്ട്. അസൈൻ മാസ്റ്ററായിരുന്നു ക്ലാസ്സ് അധ്യാപകൻ. അദ്ദേഹം അന്ന് രാമ രാവണ യുദ്ധം സരസമായി പറഞ്ഞുതന്നത് ഇപ്പോഴും ഓർമ്മയിലുണ്ട്. പാഠപുസ്തകത്തിന്റെ നറുമണവും പുസ്തകത്താളിൽ മയിൽപ്പീലി ത്തുണ്ട് വെച്ചതുമെല്ലാം കുഞ്ഞിലെ കുളിരോർമ്മകളാണ്.

ഒന്നിലും രണ്ടിലും മൂന്നിലുമെല്ലാം എനിക്ക് നല്ല സഹപാഠികൾ ഉണ്ടായിരുന്നു. മജീദ്, റസാഖ്, സതിഷ്, ശ്രീമതി തുടങ്ങി നാൽപ്പതിലെറെ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ഇന്റർവെൽ സമയത്തെ ഉപ്പുമാവിനോട് വല്ലാത്ത പ്രിയമായിരുന്നു. കാരണം ഞങ്ങളുടെയെല്ലാം കുട്ടിക്കാലം ആർത്തി തീരുവോളം ഭക്ഷണം കഴിക്കാനില്ലാത്ത വറുതിക്കാലം കൂടിയായിരുന്നല്ലോ?

ക്ലാസ് റൂമിന്റെ ചുമർ തേയ്ക്കാത്തതു കൊണ്ട് മജീദിന്റെ പ്രധാന വികൃതി ചുമർ കല്ല് തുരന്ന് 'തിന്നലായിരുന്നു'. അപ്രതീക്ഷിതമായി ഇതു കണ്ട ആനന്ദവല്ലി ടീച്ചറിൽ നിന്നും മജീദിന് അടി കിട്ടുന്നത് നിസ്സഹായനായി നോക്കി നിൽക്കേണ്ടി വന്നിട്ടിണ്ട്. ബാല്യത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും സ്കൂളിലും വീട്ടിലും ഒരേപോലെ ആവർത്തിച്ചു. എന്നാൽ ഒരു പ്രത്യേകതയുണ്ട്. കൂട്ടുകാർ തമ്മിൽ പിണങ്ങുന്നതിനേക്കാൾ സമയം കുറവായിരുന്നു ഇണങ്ങാൻ.

ശക്തിയായ മഴയെയും ഇടിയെയും പേടിച്ച കാലം കൂടിയായിരുന്നു എന്റെ കുട്ടിക്കാലം. മാറിയുടുക്കാൻ രണ്ടിലേറെ ഉടുപ്പില്ലാത്ത, മഴയത്ത് കുട ചൂടാനില്ലാത്ത, ആമ്പമ്മൽ വീട്ടിലേക്ക് നല്ല വഴിയില്ലാത്ത, വൈദ്യുതി വെളിച്ചമില്ലാത്ത പ്രൈമറി സ്കൂൾ കാലം നൊമ്പരം കൂടിയായിരുന്നു.

അമ്മമ്മ ആമ്പ്രമ്മൽ തനിയായി എന്നവർ അവാത്തോട്ടിൽ തറവാട്ടിലെ വീട്ടുവേലക്കാരിയായിരുന്നു. കോരിച്ചൊരിയുന്ന മഴക്കാലത്ത് ചില ദിവസ ങ്ങളിൽ പേടിച്ച് അമ്മാവനും ഇളയമ്മയും അറിയാതെ അമ്മമ്മയുടെ കൂടെ അവാത്തോട്ടിൽ തറവാട്ടിൽ പോയി ഒളിച്ചു കഴിഞ്ഞിട്ടുണ്ട്. തറവാട്ടിലെ വീട്ടുപണി കഴിഞ്ഞ് പതിമംഗലം അങ്ങാടിയിലെ കടമുറ്റം അടിച്ചു വൃത്തിയാക്കി കൃഷ്ണേട്ടന്റെ അപ്പക്കൂടിൽ നിന്നും 'വട്ടർ' വാങ്ങി വരുന്ന അമ്മമ്മയെ കൊതിയോടെ കാത്തിരുന്ന ദിനങ്ങൾ. പേമാരിയും അർദ്ധപ്പട്ടിണിയും രാപ്പനിയും ചേർന്ന അനുഭവം ഞാൻ പുരാവൃത്തം എന്ന എന്റെ കവിതയിൽ ഇങ്ങനെ കുറിച്ചിട്ടു.

"കെട്ടി മേയാതെ ചിതൽ തിന്ന മേൽപുര-
യങ്ങിങ്ങിടയോലയിട്ടു വച്ചെങ്കിലും
ഇടതടവില്ലാതെയുച്ചിയിൽ തുള്ളും തു-
ലാക്കോളിനെ പാളക്കുമ്പിളിൽ വേട്ടതും
ഉണ്ണാതുറങ്ങാതെയെത്രയോ രാത്രിയിൽ
കൂനിയിരുന്നു പനിച്ചു കരഞ്ഞതും
നൊമ്പരച്ചിന്തുകളായിരുന്നു....."

നാലാം ക്ലാസിൽ നിന്നും അഞ്ചാം ക്ലാസിലേ പ്രമോഷൻ കാലം എന്റെ കുഞ്ഞുമനസ്സിന് തീരാവേദനയാണ് സമ്മാനിച്ചത്. എന്റെ അമ്മയ്ക്ക് (സുശീല) വയനാട്ടിലെ പൊഴുതന പഞ്ചായത്ത് ഓഫീസിൽ പാർട്ട് ടൈം ലൈബ്രേറിയനായി ജോലി ലഭിച്ച്, വെക്കേഷനിൽ അമ്മക്കും അച്ഛനും അനിയൻമാർക്കുമൊപ്പം കഴിഞ്ഞ് തിരിച്ചു വന്ന എനിക്ക് അഞ്ചാം ക്ലാസിൽ അൻപത് ദിവസം പോലും മുഴുവൻ സമയം ഇരിക്കാൻ പറ്റാത്ത 'രോഗാവസ്ഥ'! അതിന്റെ തിക്തഫലം പരീക്ഷയെഴുതിയെങ്കിലും ഹാജർ നില കുറവായതിനാൽ എനിക്ക് ആറാം ക്ലാസിലേക്ക് പ്രമോഷൻ ലഭിച്ചില്ല! എന്റെ കൂട്ടുകാരായ സതീഷ്കുമാർ ആമ്പ്രമ്മൽ, റസാക്ക്, ഉത്തമൻ, യൂസുഫ് എന്നിവരോടൊപ്പം ആറാം ക്സാസിൽ പഠിക്കാൻ പറ്റാത്തതിന്റെ നിരാശ ഒരാഴ്ചയോളം എന്നെ തളർത്തി. എന്നാൽ ജീവിതത്തിന്റെ കയ്പുനീർ ആവോളം കുടിച്ച അമ്മാവന്റെ വാക്കുകൾ എനിക്ക് പ്രചോദനമായി. അവഗ ണനയിലും അവശതയിലും തളരാതെ പൊരുതി മുന്നേറിയ രാഷ്ട്രീയ നേതാവ് കൂടിയായ എന്റെ അമ്മാവൻ ബാലറാം അന്നും ഇന്നും എനിക്ക് റോൾ മോഡൽ ആണ്. അന്നു മുതൽ പത്താം ക്ലാസ്സുവരെ തോൽവിയറിയാതെ മത്സരിച്ചു പഠിക്കാനുള്ള പ്രചോദനമേകിയവർ ഒരുപാട് പേരുണ്ട്. സ്കൂളിലെ അധ്യാപകരായ കാദർ മാസ്റ്റർ, മൊയ്തീൻ മാസ്റ്റർ, ശാന്തകുമാരി ടീച്ചർ, ആനന്ദവല്ലി ടീച്ചർ, സഹപാഠികളായ തോട്ടത്തിൽ കോയ, ജെസ്സി പീറ്റർ, ജയന്തൻ, സുധീർ തുടങ്ങിയവർ വലിയ പ്രചോദനമായിട്ടുണ്ട്. ഹെഡ് മാസ്റ്റർ അഹമ്മദ് കുട്ടി മാസ്റ്റർ വലിയൊരു വെളുത്ത തലേക്കെട്ടുമായി കൈയ്യിലെ ചൂരൽവടി വീശി സ്കൂൾ വരാന്തയിലൂടെ അഞ്ചാറു പ്രാവശ്യം നിരീക്ഷണയാത്ര നടത്തുന്നത് ഇപ്പോഴും ഓർമ്മയുണ്ട്.

സ്കൂളിലെ സാഹിത്യസമാജങ്ങളിൽ കവിതാപാരായണത്തിലും ലളിതഗാനത്തിലുമെല്ലാം മുതിർന്നവർക്കൊപ്പം മത്സരിക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകങ്ങൾ അമ്മമ്മയും അച്ഛമ്മയും പാടിത്തരാറുള്ള വടക്കൻപാട്ട്, നാട്ടിപ്പാട്ട് തുടങ്ങിയ നാട്ടുപാട്ടിന്റെ ശീലുകളും മലയാളം അധ്യാപിക ശാന്തകുമാരി ടീച്ചറുടെ കാവ്യാത്മകമായ ക്ലാസ്സുകളുമായിരുന്നു.

തിരിഞ്ഞു നോക്കമ്പോൾ ഈ സ്കൂൾ മുറ്റവും ക്സാസ് മുറികളും അധ്യാപികാധ്യാപകൻമാരും സഹപാഠികളും അധ്യയനാനുഭവങ്ങളും എല്ലാം കളങ്കമില്ലാത്ത നന്മയും സാഹോദര്യവും സ്നേഹവും ചേർന്ന അറിവോർമകളാണ് സമ്മാനിച്ചത്. കോയക്കും മജീദിനും സതീഷിനും അനിൽകുമാറിനും റൈഹാനത്തിനും സൈനബക്കുമൊപ്പം പച്ചമാങ്ങയും അച്ചാർ നാരങ്ങയും റോസഞ്ചർ മിഠായിയും പങ്കിട്ട മധുരാനുഭവങ്ങൾ അന്നുമിന്നും എന്റെ മനസ്സിൽ "ഏകോദര സോദരർ നാമേവരു, മെല്ലെജ്ജീവികളും ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ" എന്ന മാനവിക മൂല്യം രൂപപ്പെടുത്തുന്നതിൽ മഹത്തായ പ്രേരണയായിട്ടുണ്ട്.