പൂളക്കുറ്റി എൽ.പി.എസ്/പ്രവർത്തനങ്ങൾ/2022 23 പ്രവർത്തനങ്ങൾ
പ്രവേശനോൽസവം
കൊറോണ എന്ന മഹാമാരി മൂലം വിദ്യാലയങ്ങൾ അടഞ്ഞുകിടന്നപ്പോൾ അതിജീവനത്തിന്റെ പാത തെളിയിച്ചുകൊണ്ട് 2022- 23 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ ഒന്നിന് പകിട്ടാർന്ന രീതിയിൽ ആഘോഷിച്ചു.തുടർന്ന് അധ്യാപകരുടെ ആശംസകൾ, കുട്ടികളെ ബാഡ്ജ് നൽകി സ്വീകരിക്കൽ, കലാപരിപാടികൾ തുടങ്ങിയവയും നടന്നു.
തിരികെ സ്കൂളിലേക്ക്
2022 ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറന്നപ്പോൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് കുട്ടികളെ സ്വീകരിക്കുകയും സമ്മാനപ്പൊതികളും മധുരവും നൽകുകയും ചെയ്തു. സ്കൂൾ തുറക്കുന്നതിന്റെ സന്തോഷം അവരുടെ മുഖത്ത് വ്യക്തമായി കാണാമായിരുന്നു.
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം, കാൻവാസ് ചിത്രരചന, പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ ഉൽഘാടനം ജൂൺ ആറാം തിയ്യതി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലിജി പുൽക്കുന്നുമ്മൽ സ്കൂൾ അങ്കണത്തിൽ നിർവഹിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി
സ്കൂൾ തല വിദ്യാരംഗം കലാസാഹിത്യവേദി, കുട്ടികളിലെ സർഗവാസനകളെ തൊട്ടുണർത്തുന്ന 2022-23 വർഷത്തിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ബുധനാഴ്ച പ്രശസ്ത ചെറുകഥാകൃത്തും അദ്ധ്യാപികയും ജൂറി പുരസ്കാര ചെയ്തു. തുടർന്ന് സാഹിത്യ മത്സരങ്ങളും കലാപരിപാടികളും നടന്നു. ഏവരും സജീവമായി പങ്കെടുത്തിരുന്നു.
ദിനാചരണങ്ങൾ
വയനാദിനം
അറിവിനെയും ചിന്തയുടെയും തിരിനാളങ്ങൾ തെളിയിക്കാൻ വായനയെ ചേർത്തുപിടിക്കണം എന്ന സന്ദേശവുമായി വിദ്യാലയത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കായി വായനാദിന മത്സരം,അക്ഷര പയറ്റ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണവും നടത്തി. മാത്രമല്ല സി. ആർ.സി തലത്തിൽ നടത്തിയ വായന ക്വിസ്സിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും കരസ്ഥമാക്കുകയും സി. ആർ.സി.തലത്തിൽ നടത്തിയ വായന മത്സരത്തിൽ രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി നമ്മുടെ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തുകയും ചെയ്തു.
ചാന്ദ്രദിനം
ചാന്ദ്രദിനം മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്ക്കായി ഈ വർഷത്തെ ചാന്ദ്രദിനം വിപുലമായി ആചരിച്ചു.അദ്ധ്യാപകരുടെ നേതൃത്വത്തിൽ അപ്പോളോ-11 മാതൃക പുനരാവിഷ്കരിച്ച് ആദ്യ ബഹിരാകാശ യാത്രികൻ ആയ നീൽ ആംസ്ട്രോങ് എന്നിവരുടെ വേഷമണിഞ്ഞ കുട്ടികളും ഏവർക്കും കൗതുകകരമായ കാഴ്ചയായി. കൂടാതെ അസംബ്ലിയിൽ സ്കൂൾ ഗായകസംഘം ചാന്ദ്രദിനഗാനം ആലപിക്കുകയും ചാന്ദ്രദിനത്തെക്കുറിച്ച് പ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് ആദ്യ ചാന്ദ്ര പര്യവേഷണത്തിന്റെ രംഗങ്ങൾ അടങ്ങിയ വീഡിയോ പ്രദർശനം, ചാർട്ട് പ്രദർശനം, നാലാം ക്ലാസിലെ വിദ്യാർത്ഥികൾ ക്ലാസ്സ് തല സ്കിറ്റ് എന്നിവയും നടത്തി. വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരവും, സ്കൂൾ തല ക്വിസ് മത്സരവും നടത്തി.
കേരളപ്പിറവി
ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും അഭിമാനത്തിന്റെ ദിനമായ കേരളപ്പിറവി നമ്മുടെ സ്കൂളിൽ ഗംഭീരമായി ആഘോഷിച്ചു. എൽ.കെ.ജി.മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളിലും അധ്യാപകരുടെ പങ്കാളിത്തത്തോടുകൂടി ക്ലാസ് അടിസ്ഥാനത്തിൽ കൊളാഷ് മത്സരം നടത്തി വിധി നിർണായിക്കാനായി വിവിധതലങ്ങളിൽ പ്രശസ്തരായ വ്യക്തികളുടെ സാന്നിധ്യം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ ആവേശം പകർന്നു. തുടർന്ന് കേരളത്തിലെ പ്രാചീന ചരിത്രം മനസ്സിലാക്കാൻ വേണ്ടി വീഡിയോ പ്രദർശനവും നടത്തി. അധ്യാപകർ കേരളീയ വേഷമണിഞ്ഞ് എത്തിയതും ശ്രദ്ധേയമായി
ശിശുദിനം
ഈ വർഷത്തെ ശിശുദിനം നമ്മുടെ സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ കൊണ്ടാടി. അന്നേ ദിവസം അസംബ്ലി പൂർണമായി പ്രീ പ്രൈമറി കുട്ടികളുടെ നേതൃത്വത്തിൽ നടത്തിയത് ഏവരുടെയും പ്രശംസ നേടി. പ്രാർത്ഥന ,പ്രതിജ്ഞ, സന്ദേശപ്രസംഗം, ദേശഭക്തിഗാനം ,ദേശീയഗാനം എന്നിവ നമ്മുടെ സ്കൂളിലെ പിഞ്ചോമനകൾ മികവാർന്ന രീതിയിൽ അവതരിപ്പിച്ചു.തൊപ്പി ധരിച്ച് ചാച്ചാജിയെ കുറിച്ചുള്ള മുദ്രാവാക്യങ്ങൾ ചൊല്ലിക്കൊണ്ട് റാലി സംഘടിപ്പിച്ചു. വാർഡ് മെമ്പർ കെ റുബീന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീന സക്കരിയ്യ എം ടി എ പ്രസിഡന്റ് രാധിക എന്നിവർ പങ്കെടുത്ത ചടങ്ങിൽ സബ്ജില്ല ശാസ്ത്രമേളയിലും കലാമേളയിലും പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്കുള്ള ട്രോഫി വിതരണം ചെയ്യുകയും ചെയ്തു തുടർന്ന് പായസ വിതരണം നടത്തി വീഡിയോ പ്രദർശനവും ഒരുക്കിയിരുന്നു.
ഓണാഘോഷം
ഓണം വരവായി പ്രതിസന്ധികളിൽ അടിപതറാതെ മാറ്റൊന്നും കുറയാതെ തന്നെ നമ്മുടെ കുഞ്ഞുങ്ങളും വീടുകളിൽ ഓണാഘോഷം ഗംഭീരമാക്കി മാവേലിയും പൂക്കളവും സദ്യയും കളികളെല്ലാം കെങ്കേമമായി നടന്നു വ്യത്യസ്ത ഓൺലൈൻ ഓണാഘോഷ പരിപാടികളിൽ എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുരുന്നുകളും പങ്കെടുത്തു വീഡിയോ ഫോട്ടോ എന്നിവയിലൂടെ അവ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ച് ഒന്നിനും നമ്മെ തോൽപ്പിക്കാനാവില്ല എന്ന് നാം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
ക്രിസ്മസ് ആഘോഷം
ഈ വർഷത്തെ ക്രിസ്മസ് ആഘോഷം 3 ബാച്ചുകളിലായി മൂന്ന് ദിവസങ്ങളിൽ നടത്തി. തൂവെള്ള വസ്ത്രങ്ങൾ അണിഞ്ഞ കരോൾ സംഘത്തിന്റെ ഇമ്പമാർന്ന ഗാനങ്ങൾക്ക് ചുവടുവച്ചു കൊണ്ട് സാന്താക്ലോസ് അപ്പൂപ്പൻ ഓരോ ക്ലാസിലും കയറി ഇറങ്ങിയത് കുട്ടികൾക്ക് ആവേശം പകർന്നു. മനോഹരമായ ഒരു ക്രിസ്മസ് ട്രീയും കുട്ടികൾ അലങ്കരിച്ചു. കൂടാതെ ആശംസ കാർഡ് നിർമ്മാണം, കരോൾ ഗാന മത്സരം എന്നിവയും ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുര പാനീയവും വിതരണം ചെയ്തു.
കമ്പ്യൂട്ടർ പഠനം
വളർന്നുവരുന്ന സാങ്കേതികവിദ്യക്ക് കരുത്തേകാൻ കമ്പ്യൂട്ടർ ലാബ് ഒരു മുതൽക്കൂട്ടാണ് വിവരങ്ങൾ അറിയുവാനും വിനോദത്തിനും പഠനം മെച്ചപ്പെടുത്തുവാനും കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തുന്നു. വിവരസാങ്കേതികവിദ്യയിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുകയാണ് എൽ പി തലത്തിൽ നടത്തിവരുന്ന ഈ പരിശീലനത്തിന്റെ ലക്ഷ്യം.