കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./അധ്യാപക സൃഷ്ടികൾ/ആസ്വാദനക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ചില സത്യാന്വേഷണ പരീക്ഷണങ്ങൾ

സ്വതന്ത്ര പത്രപ്രവർത്തകയും എഴുത്തുകാരിയുമായ കെ.ആർ മീര ആരാച്ചാർ, ഖബർ എന്നീ രചനകൾക്കു ശേഷം മലയാളിക്ക് സമ്മാനിച്ച ഒരു ബൃഹദ് നോവലാണ് ഘാതകൻ. വർത്തമാന കാലത്തിന്റെ നേർക്കാഴ്ചയാണെന്നതാണ് ഈ കൃതിയുടെ പ്രസക്തി. ഘാതകൻ എന്ന കൃതിയുടെ എഴുത്ത് അനുഭവത്തെ കെ ആർ മീര അടയാളപ്പെടുത്തിയത് ഇങ്ങനെയാണ് -" മുറിവേറ്റ കടൽ മത്സ്യം ഉപ്പുവെള്ളത്തിൽ നീറി നീന്തി മുറിവുണക്കുന്നത് പോലെ ആയിരുന്നു അത്". ഈ മുറിവും നീറ്റലും മുറിവുണക്കലും എല്ലാം ഘാതകന്റെ അനുവാചകനും നേരിടേണ്ടി വരുന്നുണ്ട്.

നിങ്ങൾ എപ്പോഴെങ്കിലും ഒരു വധശ്രമത്തെ നേരിട്ടിട്ടുണ്ടോ? എന്നാൽ ഞെട്ടിക്കുന്ന ചോദ്യത്തിലാണ് ഘാതകൻ ആരംഭിക്കുന്നത്. 2016 നവംബർ എട്ടിലെ നോട്ട് നിരോധനത്തിനുശേഷം ഒരാഴ്ച കഴിഞ്ഞ് രാത്രി ജോലി കഴിഞ്ഞ് താമസം സ്ഥലത്തെത്തുന്ന സത്യപ്രിയ എന്ന ഐടി പ്രൊഫഷനലിന് നേരെ നടക്കുന്ന വധശ്രമമാണ് ഈ സത്യാന്വേഷണ കഥയിലേക്ക് എഴുത്തുകാരിയെ നയിക്കുന്നത്. മരണത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അവൾ അവധിയെടുത്ത് നാട്ടിലെത്തുന്നു. അജ്ഞാതന്റെ കുത്തേറ്റ് തളർന്നു കിടക്കുന്ന അച്ഛൻ ശിവപ്രസാദും ഭർത്താവിന്റെ ധൂർത്തും കാമാർത്തിയും കാരണം സമ്പന്നതയിൽ നിന്ന് ദാരിദ്ര്യത്തിലേക്ക്  എറിയപ്പെട്ട അമ്മ വസന്ത ലക്ഷ്മിയും ഉള്ള വീട്ടിലെത്തുന്ന സത്യപ്രിയയുടെ ഓർമ്മകളിലൂടെ, അനുഭവങ്ങളിലൂടെ, അന്വേഷണങ്ങളിലൂടെയാണ് ഘാതകൻ എന്ന കൃതിയുടെ ഇതിവൃത്തം അനാവൃതമാകുന്നത്.

ചേച്ചി ശിവപ്രിയയുടെ അപകടമരണം കൊലപാതകം ആകാമെന്നും അച്ഛനെ കുത്തിയതും തന്നെ വകവരുത്താൻ ശ്രമിക്കുന്നതും ഒരാൾ തന്നെ ആകുമോ എന്നും സത്യപ്രിയക്ക് സന്ദേഹം ഉണ്ടാകുന്നു. ആള് മാറി നടന്ന ആക്രമണം ആയി പോലീസും മാധ്യമങ്ങളും വിധിയെഴുതിയ തന്റെ വധശ്രമത്തിനു പിന്നിൽ തന്നെയും പിതാവിന്റെയും ഭൂതകാലം കെട്ടുപിണഞ്ഞു കിടക്കുന്നുണ്ടോ എന്ന് സത്രപ്രിയ നടത്തുന്ന സമാന്തര അന്വേഷണം പലപ്പോഴും ചീഞ്ഞളിഞ്ഞ സത്യങ്ങളുടെ ദുർഗന്ധങ്ങളിലേക്കാണ് വായനക്കാരനെ എത്തിക്കുന്നത്.

വായനയിൽ ഉടനീളം ഉത്കണ്ഠയും നടുക്കവും അനുവാചകരിൽ ഉണർത്തുന്ന ഒരു കൃതിയാണിത്. സങ്കീർണമായ സ്ത്രീ ജീവിതമെന്ന സമസ്യയുടെ പൊള്ളിക്കുന്ന മനം പുരട്ടുന്ന കരളലിയിക്കുന്ന അനുഭവങ്ങളിലൂടെ വായനക്കാരനെ നടത്തുന്നതിനിടയിൽ എഴുത്തുകാരി ഒരു ശരാശരി ഇന്ത്യൻ സ്ത്രീയുടെ ജീവിതവും സമകാലിക ഇന്ത്യയുടെ ആത്മാവും കൂടിയാണ് സ്കാൻ ചെയ്ത് പ്രദർശിപ്പിക്കുന്നത്. പിതാവ് വരുത്തിവെച്ച കടം വീട്ടാൻ സ്വന്തം ശരീരവും വൃക്കയും വരെ വിൽക്കേണ്ടിവരുന്ന സതൃപ്രിയ എന്ന പെൺകുട്ടിയെ അരുത് എന്ന് തടയാൻ ആവാതെ വായനക്കാരന്റെ നാവും കൈകളും തരിച്ചു പോകുകയാണ്.

നോട്ട് നിരോധനം ജന ജീവിതത്തിൽ ഏൽപ്പിച്ച മുറിവുകൾ നോവലിൽ ഉടനീളം കാണാം. എന്നും നഷ്ടങ്ങളും നൈരാശ്യങ്ങളും മാത്രം ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്ന ചവിട്ടി മെതിക്കപ്പെടുന്ന ഒരു ജനത സമൂഹത്തിൽ ഉണ്ട്. വർത്തമാനകാല സമൂഹത്തിന്റെ വിവിധ മുഖങ്ങളാണ് ഘാതകനിൽ അവതരിപ്പിക്കപ്പെടുന്നത്.ആട്,തേക്ക്, മാഞ്ചിയടക്കമുള്ള സാമ്പത്തിക തട്ടിപ്പുകൾ, രഹസ്യങ്ങളുടെ അന്തപുരങ്ങളായ സന്യാസിമാരുടെ അകത്തളങ്ങൾ, വിലക്കയറ്റം,പണവും കാമവും അധികാരവും നടത്തുന്ന അരങ്ങുകേളികൾ ഇതെല്ലാം ഘാതകൻ എന്ന കൃതിയെ വർത്തമാനകാലത്തിന്റെ കണ്ണാടി ആക്കി മാറ്റുന്നു.

ആൺ കോഴിയുടെ അടിയേറ്റ് തകർന്ന ജീവിതത്തെ കരൾ ഉറപ്പു കൊണ്ട് നിർലജ്ജമായ അതിജീവന ശ്രമങ്ങൾ കൊണ്ട് മുന്നോട്ടു നയിച്ചവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങളായ വസന്ത ലക്ഷ്മിയും സത്യപ്രിയയും. അവർ ഇരകളാണ്. ആൺ അധികാരത്തിന്റെ ഇരകൾ.നോട്ട് നിരോധനം എന്ന രാഷ്ട്രീയ അധികാരത്തിന്റെ വേവുന്ന കാഴ്ചകൾ ഘാതകന് ഒരു രാഷ്ട്രീയ നോവലിന്റെ പരിവേഷം നൽകുമ്പോൾ അപ സർപ്പകനോവലുകളെ വെല്ലുന്ന കുറ്റാന്വേഷണ ശൈലി അതിന് ഒരു ഡിറ്റക്റ്റീവ് മുഖച്ഛായ പകരുന്നു.എന്നാൽ ഇതൊന്നുമല്ല കെ ആർ മീരയുടെ ഘാതകൻ. അത് സംഘർഷഭരിതമായ വർത്തമാനകാല ഭൂമികയാണ്.. വർത്തമാനകാല ഭാരതം ആണ്.

തൊണ്ടിൽ ആമയെ പിടിച്ചിടുക എന്നൊരു പ്രയോഗമുണ്ട്.ഇതിന് സമാനമായ സാഹസ കൃത്യം ആണ് ഘാതകൻ എന്ന വിശാലമായ ക്യാൻവാസിൽ വരയ്ക്കപ്പെട്ട അനേകം ജീവിതങ്ങളെ ഇരുപുറങ്ങളിൽ ഒതുക്കുക എന്നത്.

-മിനി. സി

THE SECRET

The Secret by Rhonda Byrne is truly an inspiring and motivating book that explains how the law of attraction works and how our thoughts govern our actions. It tells us how we can use the power of positive thinking to achieve anything that we imagine.The law of attraction is one of the strongest rules in life. To manifest the law we must think about what we want, not what we to avoid.Rhonda suggests an actual, three step process with which we can was make the  law of attraction work.The three steps of the law of attraction are asking, believing and receiving. It states that what you think and feel determine what you will attract into your life. It works only when we think in positives, not negatives. Besides regularly thinking about the goals, visualizing them and framing them positively, only make it successful.

The secret is still a popular book.Of course, there are difference of opinion.Some claim that the book offers fresh insight and helped them to build a new mindset, while others say its just a bunch of superstitions nonsenss and silly quotes. The book has it pros and cons.

I thoroughly enjoyed reading this book and I would certainly recommend this book to people from all walks of life. It's definitely a book

that is accessible to everyone and once you get into the language and content, Its an interesting one to read. It explains the main message that positive thoughts can attract positive things in our life.The author also has created a movie of the Secret. The Secret is split up into different sections and explains how to utilise the law of attraction in every aspect of our life. It touches upon love, gratitude, money, happiness, health and relationships. It's a non fiction book and is very informative.

ആടു ജീവിതം

വിലക്കയറ്റവും ദാരിദ്ര്യവും കൊടുമ്പിരി കൊണ്ട് 1970-75 കാലത്ത്, കേരളത്തിലെ തൊഴിലില്ലാത്ത അഭ്യസ്ഥ വിദ്യരും അല്ലാത്തവരുമായ യുവജനങ്ങൾ സ്വപ്നം കണ്ട് നടന്ന ഗൾഫ് എന്ന മായാലോകത്ത്, താൻ നേരിടേണ്ടി വന്ന ക്രൂരമായ ദുരനുഭവങ്ങളെ സംബന്ധിച്ച് പുഴയിൽ മുങ്ങാംകുഴിയിട്ട് മണൽ വാരി ജീവിതം കഴിച്ചു കൊണ്ടിരുന്ന നജീബ് എന്ന നാട്ടിൻ പുറത്തുകാരൻ പച്ചയായ ഭാഷയിൽ അവതരിപ്പിക്കുന്ന കൃതി.

ഏകാന്തതയും ഉത്തേജനമില്ലാത്ത ദിരിയും അർബാബിന്റെ ക്രൂര പീഡനവും നിമിത്തം ആടുകളോടൊപ്പം തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്ന് നിനച്ചിരുന്ന നാളുകളിൽ, നാട്ടിൽ തന്നെ കാത്ത് നാമ്പരപ്പെട്ടിരിക്കുന്ന ഭാര്യയുടെയും 3 വയസ്സിന് മുകളിൽ പ്രായമുള്ള ഇതു വരെ കണ്ടിട്ടില്ലാത്ത സന്തതിയുടെയും ഉമ്മയുടെയും മുഖങ്ങൾ തെളിഞ്ഞു വന്ന നേരത്ത് രണ്ടും കൽപ്പിച്ചു ദിവസങ്ങൾ താണ്ടി മൈലുകളോളം ഓടി മരുഭൂമിയിലെ പാമ്പുകളിൽ നിന്നും മറ്റു ക്ഷുദ്ര ജീവികളിൽ നിന്നും രക്ഷപ്പെട്ട് നഗരത്തിലെത്തി കുഞ്ഞിക്ക എന്ന കരുണാമയനായ മനുഷ്യന്റെ സഹായത്താലും സംരക്ഷണത്താലും കഴിഞ്ഞു കൂടി പോലീസ് സ്റ്റേഷനിൽ കയറി പിടുത്തം കൊടുക്കുന്നത് മുതലാണ് കഥാകൃത്ത് ബെന്യാമിൻ നോവൽ ആരംഭിക്കുന്നത്.

ഗൾഫ് മോഹം വെച്ച് നടന്ന നജീബ് തൻറെ അളിയന്റെ ഒരു സുഹൃത്ത് വഴിയാണ് വിസ സംഘടിപ്പിക്കുന്നത്. കാലങ്ങളായി അനുഭവിക്കുന്ന അധ്വാനത്തിനും കഷ്ടപ്പാടുകൾക്കും ഒരറുതി വരട്ടെയെന്ന് കരുതി 5000/- എന്ന നജീബിന് താങ്ങാവുന്നതിലപ്പുറമുള്ള സംഖ്യ ഒരുക്കൂട്ടി കൊടുക്കുന്നതിന് ഭാര്യയുടെ ആകെയുള്ള ഒരു ചെയിനും ഉമ്മയുടെ കമ്മലുമടക്കം പെറുക്കി വിൽക്കേണ്ടി വന്നു.

വിസ അനുവദിച്ച കൺസ്ട്രക്ഷൻ കമ്പനിയുടെ ആൾക്കാർ എയർപോർട്ടിൽ എത്താത്തത് കാരണം കൂട്ടിക്കൊണ്ടു പോയ അറബിയുടെ നൂറ് കണക്കിന് അടു ഒട്ടകങ്ങളുള്ള ക്യാമ്പിൽ അബദ്ധത്തിൽ ചെന്നു പെട്ട, ഒരു ജീവനുള്ള മനുഷ്യന് സഹിക്കാവുന്നതിലപ്പുറമുള്ള അടിമവേലയേക്കാൾ തരം താ നിന്ന് രക്ഷ കിട്ടാനാണ് അതി ക്രൂരനായ അർബാബിന്റെ ക്യാമ്പിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്. കാര്യം കഴിച്ചാൽ ചന്തി കഴുകാൻ പോലും വെള്ളം നൽകാത്ത, സമയത്തിന് ഭക്ഷണമോ കിടക്കാൻ ഒരു മുറി പോയിട്ട് ഒരു പായയോ കൊടുക്കാത്ത മൃഗീയ സ്വഭാവം മാത്രം കൈമുതലാക്കിയ അർബാബിന്റെ കൊട്ട്. ശബ്ദത്തോടു കൂടി രാരോപണങ്ങൾ നിരത്തി ചാട്ട് വാറു കൊണ്ടുള്ള അടിയിൽ പൊട്ടിപ്പോയ തന്റെ പുറത്തെ തൊലികൾ ഉണങ്ങാൻ പോലും തുടങ്ങുന്നതിന് മുമ്പ് അടുത്ത അടി വീണിരിക്കും. അത്രക്ക് ക്രൂരമനസ്സിനുടമയാണ് നജീബിന്റെ അർബാബ്,

അവസരങ്ങളിലും വായനക്കാരെ മുഖമുനയിലാക്കിയിട്ടുണ്ട് കഥാകൃത്ത്. ഉദ്വേഗത്തിന്റെ കൃത്യമായ അവതരണത്തിലൂടെ എന്താണ് ഗൾഫെന്ന മായാപ്രപഞ്ചമെന്നും അറബികളുടെ സ്വഭാവത്തെപ്പറ്റിയും എല്ലാ ഗൾഫു കാരനും പളപളപ്പില്ലെന്നും വിവരവും വിദ്യാഭ്യാസവും കുറഞ്ഞ പ്രതികരിക്കാൻ സ്വാതന്ത്ര്യമെന്തെന്നറിയാത്ത പോലും ശേഷിയില്ലാത്ത പാവങ്ങൾക്കുണ്ടാകുന്ന അനുഭവമെന്തെന്ന് വളരെ കൃത്യമായി വരച്ച് വെച്ചിട്ടുണ്ട്

“ആടുജീവിതമെന്ന ഈ അനുഭന തീവ്രമായ പ്രമേയത്തിൽ. കൃത്യമായ മുഹൂർത്തങ്ങൾ അനായാസമായി എഴുതിച്ചേർത്തിട്ടുണ്ട് ബെന്യാമിൻ, സാർവ്വലൗകിക അനുഭവങ്ങളുടെ കരുത്തിൽ കുറിക്കപ്പെട്ട ഈ കൃതിക്ക് മുമ്പ് ഇത്രയും തീക്ഷണ സ്വഭാവമുള്ള ഒരു കൃതി ഉണ്ടായിട്ടില്ല.

തന്നോടൊപ്പം ഗൾഫിലേക്ക് പുറപ്പെട്ട ഹക്കീം എന്ന ചെറുപ്പക്കാരനെ മാസങ്ങൾക്ക് ശേഷം ഒരു അർദ്ധ രാത്രിയിൽ മറ്റൊരു മലക്ക് പിന്നിലുള്ള ആട് ക്യാമ്പിൽ ചെന്നു കാണാൻ ഇടയായി. അങ്ങാടിയിലെ ക്ലബിന്റെ പരിപാടികളിൽ സ്വഭാവ നടനായി അഭിനയിച്ച് സൌന്ദര്യം തെളിയിച്ച അവന്റെ ഇന്നത്തെ അവസ്ഥ കണ്ട് രണ്ടു പേരും ഒന്നിച്ചിരുന്നു കരഞ്ഞു പോയി. ഒരിക്കലും തിരിച്ചറിയാനാവാത്ത വിധം ഒരു മനുഷ്യന്റെ ശരീരഭൂപടം മാറ്റി വരയ്ക്കുവാൻ സാഹരചര്യങ്ങൾക്കു കഴിയുമെന്ന് ഭീതിയോടെ ഇരുവരും മനസ്സിലാക്കി. ഒരു മനുഷ്യജീവിയെക്കാണാനുള്ള കണ്ണിന്റെ ഒടുങ്ങാത്ത കൊതി, പിടിക്കപ്പെടുന്ന ദിവസം ചാട്ടവാറിനാൽ പ്രഹരമേൽക്കേണ്ടി വന്നു.

ഗൾഫ് എന്ന ദിവാസ്വപ്നം മൂലം മയക്കത്തിലാണ്ടു പോകുന്ന ഗൾഫുകാരൻറെ പളപളപ്പ് മാത്രം കണ്ട് അന്തം വിടുന്ന ഞങ്ങൾ മലയാളികൾ ഓരോരുത്തരും നിർബന്ധപൂർവ്വം വായിച്ചിരിക്കേണ്ട ഒരു നോവലും ചോരയിലും വിയർപ്പിലും ചാലിച്ചെയുതിയ അനുഭവക്കുറിപ്പുമാണ് ഈ കൃതി. ഒരാൾ ഒരു മനുഷ്യായുസ്സ് മുഴുവൻ അനുഭവിക്കേണ്ട വ്യഥകൾ മുഴുവൻ മൂന്ന് നാല് വർഷം കൊണ്ട് ഇതിലെ മുഖ്യകഥാപാത്രം നജീബ് അനുഭവിക്കുന്നുണ്ട്.

ഈ അനുഭവ ചരിത്രം ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടല്ല,ചോര വാർക്കുന്ന ജീവിതം തന്നെയെന്ന് ഇരുത്തി വായിക്കുന്നവർക്ക് മനസ്സിലാകും. മുമ്പെങ്ങുമില്ലാത്ത ഒരു പൂർവ്വമായ അനുഭവം കഥാകൃത്ത് വായനക്കാർക്ക് സമ്മാനിക്കുന്നുണ്ട് ഇതിലൂടെ.....

ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട നൂറു പതിപ്പുകൾ പിന്നിട്ട ഇങ്ങിനെയൊരു കൃതി തയ്യാറാക്കാനും ഗൾഫുകാരന്റെ അനുഭവങ്ങൾ പകർത്താനും തയ്യാറായ അനവധി പുരസകാരങ്ങൾക്ക് പാത്രീഭൂതനായ കഥാകൃത്ത് ശ്രീ. ബെന്യാനിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു....

                      ഷെരീഫ്.കെ എം

വിമോചനത്തിന്റെ നാളുകൾ

മലയാളസാഹിത്യ മണ്ഡലത്തിൽ ഇന്നു ഇതിഹാസ തുല്യമായ ഒരു സ്ഥാനം അലങ്കരിക്കുന്ന കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീർ.ലളിതവും നർമ്മരസം പകർന്നു നൽകുന്നതുമായ ഒരു സവിശേഷമായ രചനാ രീതിയാണ് അദ്ദേഹത്തിന്റേത്. സ്വാതന്ത്ര്യസമരസേനാനിയായ ഇദ്ദേഹം മാനവികൾ ഉൾക്കൊള്ളുന്ന രീതിയിലുള്ള രചനകളിലാണ് ഏർപ്പെട്ടിരുന്നത്. മലയാളത്തിന്റെ ഈ പ്രിയ കഥാകാരൻ വേറിട്ട ഒരു സ്ഥാനം തന്നെയായിരുന്നു അലങ്കരിച്ചിരുന്നത്. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീര് (ജനനം: 21, 1908 തലയോല പറമ്പ്, വൈക്കം കോട്ടയം ജില്ല, മരണം 5 ജൂലൈ 1994 ബേപ്പൂർ കോഴിക്കോട്). 1982 ഇന്ത്യൻ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിലെ ഒരാളായി അദ്ദേഹത്തെ വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായി അദ്ദേഹം ഇന്നും ജനങ്ങളുടെ മനസ്സുകളിൽ ജീവിച്ചു പോകുന്നു.

സമാനതകളില്ലാതെ ബഷീറിന്റെ എഴുത്ത് ശൈലിയെ വീണ്ടും വായനയ്ക്ക് വിധേയമാക്കുബോൾ മതിലുകൾ എന്ന പുസ്തകത്തെ മാറ്റിനിർത്തുവാൻ ആവില്ല. അന്നും ഇന്നും വായന കൃത്യമായി സ്വാധീനിച്ചു. ഒരു സിനിമയാക്കാൻ പോലും ഉള്ളടക്കമുള്ള മതിലുകൾ എന്ന പുസ്തകം എന്നും എനിക്ക് പ്രിയമുള്ളതാണ്.

കാഴ്ചയുടെയും കേൾവിയുടെയും ദൃശ്യമാധ്യമ ലോകത്ത് കുടുങ്ങിക്കിടക്കുന്ന ആധുനിക മലയാളിക്ക് ഒരു പുനർവായന നൽകുകയാണ് മതിലുകൾ. മതിലുകൾ കേൾവിയിലൂടെ മാത്രം വായനക്കാരെ അതിന്റെ അവസാന ഭാഗം വരെ കൊണ്ടു ചെല്ലുന്നു. കേൾവി എത്രത്തോളമാണ്. ഒരു മനുഷ്യന് പുതുജീവൻ നൽകുന്നത് എന്ന സന്ദേശമാണ്. യഥാർത്തത്തിൽ മതിലുകൾ, അപ്പുറത്തിരിക്കുന്ന നാരായണിയുടെ കാതുകളിലേക്ക് കേൾവിയിലൂടെ മാത്രം ജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. പ്രണയിക്കാനും സ്നേഹിക്കാനും പറ്റുമെന്ന് കാണിച്ചു തന്ന മതിലുകൾ എന്ന കഥ ഏറെ ഹൃദ്യമായ രീതിയിലാണ്. അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ പുസ്തകം വായിക്കുമ്പോൾ ആണ് ജീവിതത്തിലെ സമയത്തെക്കുറിച്ച് ഞാൻ ബോധവാൻ ആയത്. ആ വരികൾ ഒരു മാന്ത്രികത പോലെയാണ്. അതിന്റെ വർണ്ണനയിൽ കഥയിൽ കഥാപാത്രത്തിൽ ഹൃദയത്തിൽ ഒരു പ്രണയം പറയുന്നു. ജീവനുള്ള വികാരം അറിയുന്നു. ആ വരികൾ എന്നെയും വഹിച്ചു യാത്ര ചെയ്യുന്നു എവിടെയ്ക്കോ.

'തമ്മിലൊന്ന് കാണാനെന്തു വഴി ഞാൻ പറഞ്ഞു ഞാനൊരു വഴിയും കാണുന്നില്ല. നാരായണി പറഞ്ഞു. ഞാൻ ഇന്ന് രാത്രി കിടന്നോർത്തു കരയും, ജയിലിന്റെ പടുകൂറ്റൻ വാതിൽ ഭയങ്കര ശബ്ദത്തോടെ എന്റെ പിറകിൽ അടഞ്ഞു കിടന്നു. ഞാൻ തനിച്ചായി, സുഗന്ധം പരത്തുന്ന ചുവന്ന റോസാപ്പൂ കയ്യിലെടുത്തു നോക്കിക്കൊണ്ട് ആ പേരുവഴിയിൽ നിശബ്ദമായി വളരെ നേരം നിന്നു. എന്റെ മനസ്സ് തളർന്നുപോയി.

ഈ പുസ്തകത്തിൽ മധുരമുള്ള കഥയുണ്ടെന്ന് എനിക്ക് അറിയാം. ഇടയ്ക്കിടെ ഞാൻ അതൊന്നു മറിച്ചു നോക്കും. ഓരോ താളുകളും ഏറെ പ്രിയപ്പെട്ട ഓർമ്മകളാണ്. അതിൽ ഒരിക്കലും തിരികെ വരാത്ത ബാല്യത്തിന്റെ കൗമാരത്തിന്റെ യൗവനത്തിന്റെ ഓർമ്മകൾ വേണ്ടപ്പെട്ടവരുടെ നിറഞ്ഞു ചിരിക്കുന്ന മുഖങ്ങൾ വരച്ചുചേർത്ത പുസ്തകമാണ്. ജയിലിനുള്ളിൽ കിടക്കുന്ന മനുഷ്യന്റെ ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന സാധാരണ മനുഷ്യന് ഓരോ ദിവസവും ഓരോ മനസ്സാണ്. അതിലെ വികാരം എന്നും ഒന്ന് തന്നെ വേദന അനുഭവിക്കുന്നവർക്ക് തിരികെ സന്തോഷത്തിലേക്ക്

അൽപനേരം എങ്കിലും ഉള്ള ഒരു വഴികാട്ടി. മാരോ മനുഷ്യനും മനസ്സിലാക്കാൻ പറ്റുന്ന ഭാഷയിൽ എഴുതപ്പെട്ട പുസ്തകം. "മനസ്സിലെ മതിലുകൾ ഇല്ലാതാക്കുവാൻ പ്രണയം പൂത്തുലഞ്ഞേനെ, നമുക്കിടയിലെ സൗഹൃദത്തിൽ ഇപ്പോൾ മതിലുകൾ ഉണ്ട്. ഒരുമിച്ച് നിന്നാൽ എത്ര വലിയ മതിലും തകർക്കാൻ കഴിയും" ഈ അധാർമികതയുടെ ലോകത്ത് ധാർമികതയുടെ വഴികൾ ഉൾക്കൊണ്ട് പുസ്തകത്തെ പ്രണയിച്ചും അതിലെ

വരികളെ സ്നേഹിച്ചും സാധാരണക്കാരുടെ ശൈലി സ്വീകരിച്ചുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ തന്റെ രചനകൾ എന്നും സൃഷ്ടിച്ചിട്ടുള്ളത്. അതുകൊണ്ടാണ് വൈക്കം മുഹമ്മദ് ബഷീർ എന്ന സാഹിത്യ കഥാകാരൻ ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നത്. മതിലുകൾ എന്ന കഥ ഏതൊരു മതിലിനേയും തടസ്സപെടുത്തികൊണ്ട് മനുഷ്യ സ്നേഹം മുന്നിട്ടു നിൽ എന്നു എന്ന ആശയത്തെയാണ് നമ്മുക്ക് മുന്നിൽ തുറന്നു വെക്കുന്നത്. ഇന്ന് വീടിനു ചുറ്റും മതിലുകൾ കെട്ടി മനുഷ്യർ ഉളളിലൊതുങ്ങുബോൾ ബഷീറിന്റെ മതിലുകൾ എന്ന കഥ വായിക്കപെടേണ്ടതു തന്നെയാണ്.

- മുഹമ്മദ് ജവാദ് ഡി