ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കോവിഡ് 19- റിപ്പോർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19- ഒരു റിപ്പോർട്ട്

ഒരിഴ മാത്രമുള്ള ആർ.എൻ.എ.യും പ്രോട്ടീൻ കവചവുമുള്ള നിർജീവമായ സൂക്ഷ്മാണുവാണ് വൈറസ്. വൈറസ് കുടുംബത്തിൽ ഒട്ടേറെ വൈവിധ്യമുള്ള അംഗങ്ങളുണ്ട്. അതിലൊരു കുടുംബത്തിൽപ്പെട്ടതാണ് സർസ്കോവ് - 2 എന്ന നോവൽ കൊറോണ വൈറസ് .മൃഗത്തിൽ നിന്ന് മനുഷ്യരിലേയ്ക്ക് പടരുന്നു എന്നാണ് വൈറസിൻ്റെ വ്യാപനത്തെപ്പറ്റിയുള്ള നിഗമനം. മനുഷ്യ ശരീരത്തിനുള്ളിൽ വച്ച് ജീവൻ നേടുന്ന വൈറസ് ശ്വാസകോശത്തിലും വൃക്കകളിലും തകരാറുണ്ടാക്കി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. മെച്ചപ്പെട്ട രോഗ പ്രതിരോധശേഷി ഇല്ലാത്തവർക്ക് മരണം വരെ സംഭവിക്കാം. രോഗിയുടെ സ്രവങ്ങളിലൂടെയാണ് വൈറസ് മറ്റുള്ളവരിലേക്ക് എത്തുന്നത്.ചുമ, തുമ്മൽ, ശ്വാസതടസ്സം, പനി എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

എച്ച്.ഐ.വി.യ്ക്ക് എതിരെ പ്രയോഗിക്കാൻ കഴിയുന്ന ഇൻ്റർഫെറോണുകളാണ് ലോപിനാവിർ, റിറ്റേനാവിൻ എന്നിവ. ഇവ കൊറോണ വൈറസിനെ തുരത്താൻ സഹായിക്കുമെന്ന് നിഗമനുണ്ട്. ഹൈഡ്രോക്സി ക്ലോറോ ക്വീൻ എന്ന മരുന്ന് വൈറസിനെ ചെറുക്കാൻ സഹായിക്കുമെന്നും കരുതുന്നു.എന്നാൽ പാർശ്വഫലങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് പരീക്ഷണങ്ങൾ തുടരുന്നത്. വൈറസിൻ്റെ ലഘുഘടനയാണ് അവയെ ശക്തരാക്കുന്നത്.

ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കൊറോണ വൈറസ് .2019 ഡിസംബർ 31 ന് സ്ഥിരീകരിക്കപ്പെടുകയും കട്ടുതീ പോലെ പടരുകയും ചെയ്ത ഈ പകർച്ചവ്യാധിയെ 2020 മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. ചൈനയിലെ ഹ്യുബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉത്ഭവം.മഹാമാരിയായി കൊറോണയെ പ്രഖ്യാപിച്ചപ്പോഴേക്കും 125 രാജ്യങ്ങളിലേക്ക് രോഗം വ്യപിക്കുകയും 1.80 ലക്ഷം പേർ രോഗബാധിതരാവുകയും 6000ത്തിലേറെ പേർ മരിക്കുകയും ചെയ്തു.

ഈ രോഗബാധമുൻപും 2 തവണ ഉണ്ടായിട്ടുണ്ട്.2003 ൽ ചൈനയിലുണ്ടായ സാർസും 2012ൽ സൗദി അറേബ്യയിലുണ്ടായ മെർസും. ഇതിൽ സാർസിനോട് സാമ്യമുള്ളതാണ് കൊറോണ വൈറസ് .സാമ്പത്തികവും വ്യാപാരപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങൾ മുന്നിൽക്കണ്ടുകൊണ്ടാണ് രോഗം മറച്ചുവച്ചതെന്നായിരുന്നു ചൈനയുടെ വിശദീകരണം. വുഹാൻ സെൻട്രൽ ഹോസ്പിറ്റലിൽ നേത്രവിദഗ്ധനായിരുന്ന ഡോ. ലീ വെൻലിയാങ് ആണ് രോഗവിവരം പുറത്തുവിട്ടത്. സ്ഥിതി ഗുരുതരമായതോടെയായിരുന്നു ചൈന ഇക്കാര്യം സമ്മതിച്ചത്.പിന്നീട് ഈ വിവരം പുറത്തുവിട്ട ഡോ.ലീ വെൻലിയാങ് രോഗം ബാധിച്ചു മരിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.

ഏതെങ്കിലും വൈറസുകൾ കൊണ്ടു നടക്കുന്നവരാണ് ഭൂമിയിലെ എല്ലാ ജീവജാലങ്ങളും. കൊറോണ വൈറസ് ഉൾപ്പെടെയുള്ള വൈറസുകൾ വവ്വാലുകളിലും മറ്റും സാധാരണമാണ്. ചുരുക്കത്തിൽ വൈറസുകളുടെ കലവറയാണ് വവ്വാലുകൾ ഇങ്ങനെയുണ്ടാകുന്ന വൈറസുകൾ വവ്വാലുകളെ ബാധിക്കില്ല എന്നതാണ് കൗതുകം .എന്നാൽ അത് മനുഷ്യനിലേക്ക് കടന്നാൽ അപകടവും.

വെരുക് വഴിയാണ് സാർസ് വൈറസ് മനുഷ്യനിലെത്തിയത്. ഒട്ടകങ്ങളിൽ നിന്ന് മെർസ് വൈറസും. ഈ രണ്ട് സംഭവങ്ങളിലും വവ്വാലുകളുടെ സാന്നിധ്യം ഉൾപ്പെട്ടിട്ടുണ്ട്. ഈനാംപേച്ചി ,വവ്വാൽ, പാമ്പ് ഇവയിൽ നിന്നാണ് മനുഷ്യരിലേക്ക് കൊറോണ വൈറസ് പകരുന്നതെന്ന് കരുതുന്നുണ്ട്. വിവരണാതീതമായ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഇവയ്ക്ക് ചില വസ്തുക്കളുടെ പ്രതലങ്ങളിൽ ജീവൻ നിലനിർത്താൻ കഴിവുണ്ട്. ചെമ്പു പ്രതലത്തിൽ 4 മണിക്കൂറും, കാർബോർഡിൽ 1ദിവസവും, പ്ലാസ്റ്റിക്കിലും ഗ്ലാസിലും 3 മണിക്കൂറും ഇവയ്ക്ക് ജീവിക്കാനാവും. മരുന്നുകളില്ലാത്ത ഈ വൈറസിന് പ്രതിരോധമാണ് മികച്ച മരുന്ന്.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ ടിഷ്യുപേപ്പറോ ഉപയോഗിച്ചോ കൈമുട്ട് വളേച്ചോ മുഖം മറയ്ക്കുക, വ്യക്തികളുമായി 1 മീറ്ററെങ്കിലും അകലം പാലിക്കണം, രോഗം സംശയിച്ചാൽ സ്വയം ഒറ്റപ്പെട്ടു കഴിയുക, അനാവശ്യമായി മുഖത്തും കണ്ണിലും വായിലും സ്പർശിക്കാതിരിക്കുക, ഇടയ്ക്കിടെ കൈകൾ 20 മിനിട്ട് സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.ഇത് വൈറസിനെ തുരത്താൻ സഹായിക്കും.മാസ്ക് ഉപയോഗിക്കുന്നത് വൈറസിനെ ചെറുക്കുന്നതിനാൽ രോഗികളും അവരെ പരിചരിക്കുന്നവരും മാസ്ക് ധരിക്കണം.' എൻ 95 ' എന്ന മാസ്കാണ് ഏറ്റവും സുരക്ഷിതം.ഹസ്തദാനവും, ആൾക്കൂട്ടവും ഒഴിവാക്കുക.ഈ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചാൽ കൊറോണയെ വേഗത്തിൽ തുരത്താൻ കഴിയും.

ലോക രാജ്യങ്ങൾ കൊറോണയ്ക്കു മുന്നിൽ പകച്ചു നിൽക്കുകയാണ്. 190 ലേറെ രാജ്യങ്ങൾ കൊറോണയ്ക്കു മുന്നിൽ കീഴടങ്ങിയിരിക്കുകയാണ്.നാലര ലക്ഷത്തിലേറെ രോഗികളും 30,000 ലേറെ മരണവും 5ലക്ഷത്തിലേറെ പേർ നിരീക്ഷണത്തിലുമാണ്. നാൾക്കുനാൾ ഈ കണക്കുകൾ കൂടിവരികയാണ്. രാപ്പകലില്ലാതെ ഓരോ ജീവനെയും രക്ഷിക്കാൻ പ്രയത്നിക്കുകയാണ് ഓരോ ആരോഗ്യ പ്രവർത്തകരും .സ്വന്തം നാടുകളിൽ വരാൻ പോലും കഴിയാതെ അയൽ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് ആളുകൾ. പല രാജ്യങ്ങളും ലോക്ഡൗൺപ്രഖ്യാപിച്ചു. പല ദുരന്തങ്ങളെയും അതിജീവിച്ച നമ്മുടെ ലോകം കാണാൻ കൂടി കഴിയാത്ത കൊറോണ വൈറസിനു മുന്നിൽ തലകുനിച്ചു നിന്നു പോയി. ഒരു നിമിഷം ചിന്തിച്ച് ജാഗ്രതാ നിർദ്ദേശങ്ങൾ പാലിച്ചി രുന്നുവെങ്കിൽ പല ലോകരാജ്യങ്ങളും ഇന്ന് ആരോഗ്യവാന്മാരായിരുന്നേനെ. പരീക്ഷകൾ വരെ മുടങ്ങി വീട്ടിൽ അടച്ചു പൂട്ടിയിരിക്കേണ്ടി വന്നു കുട്ടികൾക്കും .കൊറോണയുമായി ലോക രാജ്യങ്ങളെല്ലാം ഒന്നായി പോരടിക്കുകയാണ്.ഈ യുദ്ധത്തിൽ ലോകം വിജയിക്കുമെന്ന പ്രതീക്ഷയിലാണ് സകല ലോകരും. ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികൾ വാഴുന്ന ഈ മണ്ണ് എങ്ങനെ തോൽക്കാനാണ് ?മുന്നേറും എന്നും കരുത്തോടെ.

അനുശ്രീ എ.ജി.
8 ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം