സ്കൂൾവിക്കി തിരുത്തൽ പരിശീലനം/കൂൾ
(കൂൾ പരിശീലന അറിയിപ്പിന് മാത്രമുള്ള താൾ ആണ് ഇത്. നിശ്ചിത പരിശീലനത്തിനുശേഷം ഇത് നീക്കം ചെയ്യുന്നതാണ്)
6. Schoolwiki-KOOL
വിദ്യാലയങ്ങളെ സംബന്ധിച്ച് അനന്തമായ സാധ്യതകളാണ് സ്കൂൾവിക്കി നൽകുന്നത്. ഓരോ ടീച്ചറും സ്കൂൾവിക്കി എന്താണെന്ന് മനസ്സിലാക്കണം, അത് കുട്ടികളിലേക്ക് എത്തണം, പൊതുസമൂഹം ഇതറിയണം. സ്കൂൾവിക്കിയുടെ സാധ്യതകളെക്കുറിച്ച് ഓരോ ടീച്ചറും മനസ്സിലാക്കിയെങ്കിൽ മാത്രമേ ഇതിനെ ശാക്തീകരിക്കാനാവുകയുള്ളൂ, ഇതിനുവേണ്ടി ഓരോരുത്തരും വിക്കിതിരുത്തൽ പരിശീലിക്കുകയും അതുവഴി സ്വന്തം വിദ്യാലയത്തിന്റെ മികവുകൾ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തി പൊതുസമൂഹത്തിലെത്തിക്കുകയും ചെയ്യുന്നത് വരുംകാലത്തേക്കുള്ള ഒരു മുതൽക്കൂട്ടായിരിക്കും. ഇതിന് സ്വയം ശാക്തീകരിക്കുന്നതിനുവേണ്ടി സ്കൂൾവിക്കിയിൽ User ID സൃഷ്ടിച്ച് തിരുത്തൽ പരിശീലിക്കുകയും സ്വന്തം വിദ്യാലയപേജിൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ചിത്രങ്ങളും വിവരങ്ങളും ചേർക്കുകയും ചെയ്യുക.
വിവിധ ആവശ്യങ്ങൾക്കായി ഓരോരുത്തരും ഇന്റർനെറ്റ് പ്രയോജനപ്പെടുത്തുന്ന മേഖലകൾ ഏതൊക്കെയെന്ന് മുൻ സെഷനിൽ ചർച്ച ചെയ്തു കഴിഞ്ഞു. ഐ.സി.ടി റിസോഴ്സുകളുടെ സഹായത്തോടെയുള്ള അധ്യാപനവും പഠനവും വ്യാപകമായ ഇന്നത്തെ സാഹചര്യത്തിൽ ക്ലാസ്റൂം വിനിമയത്തിനാവശ്യമായ റിസോഴ്സുകൾ ശേഖരിക്കുന്നതിനായി അധ്യാപകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഇന്റർനെറ്റിനെയാണ്. വിവരശേഖരണത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നാം ആശ്രയിക്കുന്ന വെബ്‍സൈറ്റുകളുടെ ആധികാരികത വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോമേഖലയുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റുകളെയും സോഷ്യൽമീഡിയ സംവിധാനങ്ങളെയും വിവരശേഖരണത്തിനായി ഉപയോഗിക്കുകയാണ് ഇതിന് ഏറ്റവും ഉചിതമായ മാർഗം.
ഇന്റർനെറ്റിൽ ആധികാരിക വിവരങ്ങളുടെ സ്രോതസ്സായി പരിഗണിക്കപ്പെടുന്ന മറ്റൊരു സംവിധാനമാണ് വിക്കിപീഡിയ സേവനങ്ങൾ. ലോകത്താകമാനമുള്ള ഉപയോക്താക്കളുടെ നിരന്തര പിന്തുണയും ശക്തമായ മോണിട്ടറിങ് സംവിധാനവുമാണ് വിക്കിപീഡിയ ഏറ്റവും മികച്ച ആധികാരികവിവരങ്ങളുടെ സ്രോതസ്സായി ഇന്നും നിലനിർത്തുന്നത്.
വിവരശേഖരണത്തിനായി വിക്കിപീഡിയ ഉപയോഗിക്കുന്ന ഓരോരുത്തരും പ്രസ്തുത വിവരങ്ങൾ എങ്ങനെയാണ് ഇന്റർനെറ്റിൽ ശേഖരിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് ധാരണയുണ്ടാകേണ്ടതുണ്ട്. ലോകത്തിന്റെ വിവിധ കോണിലുമുള്ള നിരവധി ഉപയോക്താക്കളുടെ നിസ്വാർഥമായ പ്രവർത്തനഫലമായാണ് വിക്കിപീഡിയയിൽ ഉള്ളടക്കങ്ങൾ ശേഖരിക്കപ്പെടുന്നത്. സഹവർത്തിത (Collaborative) രീതിയിലുള്ള വിഭവനിർമ്മാണത്തിന് ഏറ്റവും മികച്ച ഉദാഹരണമാണ് വിക്കിപീഡിയ. മീഡിയവിക്കി എന്ന സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
കേരളത്തിലെ സ്കൂളുകളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും ഇടയിൽ സഹവർത്തിത രീതിയിലുള്ള ഉള്ളടക്കനിർമ്മാണം പരിപോഷിപ്പിക്കുന്നതിനായി, കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ സൃഷ്ടിക്കുന്ന ഒരു വിദ്യാലയവിജ്ഞാനകോശമാണ് സ്കൂൾ വിക്കി. നിലവിൽ പന്ത്രണ്ടായിരത്തിയഞ്ഞൂറോളം സ്കൂളുകളുടെ വിവരണങ്ങൾ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വിവരശേഖരണത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഓരോ അധ്യാപകനും ഇന്റർനെറ്റിൽ ഉള്ളടക്കങ്ങൾ നിർമ്മിക്കേണ്ടതിൽ താനും പങ്കാളിയാകേണ്ടതുണ്ട് എന്ന ധാരണ നൽകുന്നതിനാണ് ഈ പരിശീലനത്തിന്റെ ഭാഗമായി സ്കൂൾവിക്കിയെയും പരിചയപ്പടുത്തുന്നത് . രണ്ട് ഘട്ടമായാണ് സ്കൂൾവിക്കിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടം വിവരശേഖരണം എന്ന നിലയ്ക്കും രണ്ടാം ഘട്ടം വിവരങ്ങൾ എങ്ങനെ സ്കൂൾവിക്കിയിൽ ഉൾപ്പെടുത്താം എന്ന നിലയ്ക്കും.