നിന്നിലേക്കെത്തുവാൻ ദൂരമെത്ര നീ
യന്ന്യയല്ലെന്നതറിഞ്ഞു കൊൾക
മങ്ങിയാജാലകച്ചില്ലയിൽ നിൻമുഖം
മങ്ങിയതായി നീ കണ്ടീടിലും
നിന്നിൽ നിറയുന്ന ജ്വാലയെ കാൺകിലോ
ചുണ്ടിൽ നിറയുന്ന മന്ദഹാസം
ആ മന്ദഹാസമാണെന്നും നിൻ വഴികളിൽ
വിജയപുഷ്പങ്ങൾ വിതറിടുക
തത്ത്വമസിയെന്ന മന്ത്രമറിഞ്ഞു നിൻ
ചിത്തം നിറഞ്ഞു നീ മുക്തി നേടും
ചിത്തത്തിൻ ശ്രദ്ധയില്ലാതെന്തു ശുദ്ധിയെ-
ന്നൊരുനല്ല തത്ത്വമറിഞ്ഞുകൊൾക
തൻ പ്രാണനോട് നീയെന്നും പറയുക
നീയെത്ര ധന്യയിന്നെന്നുമിന്നും
എന്തു നീ ചൊല്ലേണ്ടു എന്നുകരുത്തേണ്ട
ഹൃത്തിൽ നിന്നൊഴുകട്ടെ വാക്കുകളും
കർമഫലങ്ങളെ നീ തിരഞ്ഞിടേണ്ട
അത് നിന്റെ കൂടെയായ് എന്നുമുണ്ട്
നാവിൻ കടിഞ്ഞാൺ മുറുകെപ്പിടിക്കുക
നല്ലതുമാത്രമായി ചൊല്ലീടുവാൻ
തിരയേണ്ട നീയെന്നും മണ്ണിലും വിണ്ണിലും
നിന്നിൽ നിറയുന്ന ഊർജ്ജകണം
നിന്നെയറിയുക നിന്നെയറിയുക
നിന്നിലേക്കെത്തുവാൻ നീയറിയൂ