ഗവ. എൽ.പി.എസ്. ഉറിയാക്കോട്/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്

6.10.2022 രാവിലെ 10 മണിക്ക് ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ എല്ലാവർക്കും കാണുന്നതിനുള്ള സൗകര്യം സ്‌കൂളിൽ ഒരുക്കിയിരുന്നു. തുടർന്ന് സ്കൂൾതല ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബഹു. വാർഡ് മെമ്പർ കുമാരി മെർലിൻ നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. കെ. അഭിലാഷ് അധ്യക്ഷത വഹിച്ച ചടങ്ങിന് സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സ്വാഗതം പറയുകയും വിശിഷ്ട അതിഥിയായി എത്തിയ ആറ്റിങ്ങൽ ഡയറ്റ് സീനിയർ ലക്ചറർ ഡോ. മേഴ്സി സാമുവൽ കുട്ടികളും രക്ഷിതാക്കളുമായി സംവദിച്ചു. പരിപാടിയിൽ രക്ഷിതാക്കൾ, ജാഗ്രതാ സമിതി അംഗങ്ങൾ, പബ്ലിക് ഹെൽത്ത് നഴ്സ്, ആശാവർക്കർ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

തുടർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് ഡോ. മേഴ്സി ടീച്ചർ ഉദ്ഘാടനം ചെയ്യുകയും പരിശീലനം നേടിയ അദ്ധ്യാപകർ ക്ലാസ് എടുക്കുകയും ചെയ്തു. ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

നവംബർ 1-ന് നടത്തേണ്ട ലഹരി വിമുക്ത ക്യാമ്പയിൻ സമാപന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി സ്‌കൂൾതല ജനജാഗ്രതാ സമിതി രൂപീകരിച്ചു. ഇതിൽ പി.ടി.എ. പ്രസിഡന്റ് അധ്യക്ഷനും ഹെഡ്മിസ്ട്രസ്സ് കൺവീനറും, പി.ടി.എ., എസ്.എം.സി. പ്രതിനിധികൾ, വിദ്യാലയ വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധി, ആശാവർക്കർ, വ്യാപാര സ്ഥാപനത്തിലെ പ്രതിനിധി, പൂർവ്വ വിദ്യാർഥികൾ എന്നിവർ അംഗങ്ങളും ആയിരുന്നു.

തുടർന്നുള്ള ഓരോ ദിവസങ്ങളിലും ഓരോ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. ലഹരി വിരുദ്ധ സന്ദേശങ്ങളും അറിയിപ്പുകളും ക്ലാസ് മുറികളിലും സ്‌കൂൾ പരിസരത്തും പ്രദർശിപ്പിച്ചു. ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ വിവരങ്ങൾ അധികാരികളെ അറിയിക്കുന്നതിനുള്ള ഫോൺ നമ്പറുകൾ പ്രദർശിപ്പിച്ചു. പരാതിപ്പെട്ടി സ്‌കൂൾ ഓഫീസിൽ സ്ഥാപിച്ചു. സമീപ പ്രദേശങ്ങളിലെ കടകളിലും വീടുകളിലും കുട്ടികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ലഘുലേഖകൾ വിതരണം നടത്തി.

ക്ലാസ്സ്‌തലത്തിൽ ക്വിസ്സ്, പോസ്റ്റർ രചന, അറിയിപ്പ് ബോർഡുകൾ മത്സരങ്ങൾ സംഘടിപ്പിച്ചു. ക്ലാസ് പി.ടി.എ. സംഘടിപ്പിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും പരിശീലനം നേടിയ അദ്ധ്യാപകർ ബോധവത്‌കരണ ക്ലാസുകൾ നടത്തുകയുണ്ടായി.

നവംബർ 1-ന് ലഹരി വിമുക്ത ക്യാമ്പയിൻ സമാപനവും കേരളപ്പിറവി ദിനാഘോഷവും ആയി വിപുലമായ പരിപാടികൾ നടത്തുകയുണ്ടായി. പി.ടി.എ., എസ്.എം.സി. അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാപ്പിക്കാട് ഭാഗത്ത് നടത്തിയ പരിപാടിയിൽ Daleview Care Point Centre -ലെ കൗൺസിലർ ശ്രീ. വിഷ്ണു ബോധവത്കരണ ക്ലാസ് നൽകി. അതിനു ശേഷം ഉറിയാക്കോട് ജംഗ്‌ഷനിൽ നടത്തിയ പരിപാടിയിൽ ആര്യനാട് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ. ശ്യം കുമാർ ബോധവത്കരണ ക്ലാസ് നടത്തുകയും എക്സൈസ് പ്രീവെന്റീവ് ഓഫീസർ ശ്രീ. ബിജുകുമാർ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

ഇരു സ്ഥലങ്ങളിലും കുട്ടികളുടെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. കൂടാതെ സമീപ പ്രദേശങ്ങളിലെ കടകളിലും വാഹനങ്ങളിലും 'ലഹരി മുക്ത വീട്, ലഹരി മുക്ത നാട്, കൈകോർക്കാം ലഹരിക്കെതിരെ, NO TO DRUGS' എന്ന് ആലേഖനം ചെയ്ത സ്റ്റിക്കറുകൾ അദ്ധ്യാപകരുടെയും വാർഡ് മെമ്പർമാരുടെയും നേതൃത്വത്തിൽ കുട്ടികൾ നൽകുകയുണ്ടായി. കൂടാതെ ടി സ്റ്റിക്കറുകൾ എല്ലാ കുട്ടികളുടെ വീടുകളിലും അവരുടെ സമീപ വീടുകളിലും പതിപ്പിച്ചു.

ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ ആഹ്വാനം ചെയ്ത മനുഷ്യ ശൃംഖല സ്‌കൂൾ പരിസരത്തു സംഘടിപ്പിച്ചു. കുട്ടികളും അദ്ധ്യാപക-അനദ്ധ്യാപക സ്റ്റാഫുകളും പി.ടി.എ. പ്രസിഡന്റ് ഉൾപ്പെടെയുള്ള രക്ഷിതാക്കളും സമീപവാസികളും ഈ ശൃംഖലയിൽ കണ്ണികളായി. തുടർന്ന് ലഹരി വസ്തുക്കളുടെ പ്രതീകാത്മകമായ കത്തിക്കൽ നടത്തി.