സെന്റ് തോമസ് എച്ച് എസ് മായന്നൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


തൃശൂർ ജില്ലയിൽ കൊണ്ടാഴി പഞ്ചായത്തിൽപ്പെടുന്ന ഒരു ചെറിയ ഗ്രാമമാണ് മായന്നൂർ‌. തൃശ്ശൂർ പട്ടണത്തിൽനിന്ന്‌ ഏകദേശം അമ്പത്തൊന്നു കിലോമീറ്റർ ദൂരത്തിൽ ജില്ലയുടെ വടക്കെ അറ്റത്ത് സ്ഥിതിചെയ്യുന്നു. തൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ വടക്കാഞ്ചേരി, ചേലക്കരയിലൂടെ തിരുവില്വാമലയ്ക്കു പോകുന്ന വഴിയിൽ, കായാമ്പൂവം എന്ന ബസ്സ്റ്റോപ്പിൽ നിന്നു ഇടത്തോട്ടു തിരിഞ്ഞ്‌ ഏകദേശം 10 കിലോമീറ്റർ സഞ്ചരിച്ചാൽ മായന്നൂർ ഗ്രാമത്തിലെത്താം. മായന്നൂർ ഗ്രാമത്തിന്റെ ഏകദേശം മൂന്നൂഭാഗവും പുഴകളാൽ ബന്ധപ്പെട്ടിട്ടുള്ളതാണ്‌. ചീരക്കുഴിപ്പുഴ(ഗായത്രിപ്പുഴ), ഭാരതപ്പുഴ എന്നീ രണ്ടു പുഴകളും മായന്നൂർ ഗ്രാമത്തിന്റെ മൂന്നുഭാഗത്തിലൂടെ ഒഴുകന്നു. രണ്ട് നദികളും കൂടിച്ചേരുന്നതും ഇവിടെത്തന്നെയാണ്.

മായന്നൂർ കൊണ്ടാഴി പഞ്ചായത്തിലാണ് നിലകൊള്ളുന്നത്.

ഒറ്റപ്പാലം എന്ന പട്ടണമാണ്‌ മായന്നൂരുള്ള ജനങ്ങൾ കച്ചവടത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി പ്രധാനമായി ആശ്രയിക്കുന്നത്. മായന്നൂർപ്പാലമാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തേയും തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന മായന്നൂരിനേയും ബന്ധിപ്പിക്കന്നത്.

ചരിത്രം

മായന്നൂരിൽനിന്ന്‌ ഭാരതപ്പുഴ മറികടന്ന്‌ വേണം ഒറ്റപ്പാലത്തേക്ക്‌ ജനങ്ങൾക്ക്‌ വരുവാൻ. അതിനായി തോണിയെയാണ്‌ ഈ  ഗ്രാമക്കാർ ആശ്രയിച്ചിരുന്നത്‌. ദിവസേന നൂറുകണക്കിന്‌ ജനങ്ങളാണ്‌ ഭാരതപ്പുഴ മറികടന്ന്‌ ഒറ്റപ്പാലത്തേക്ക്‌ പോകുന്നത്‌.  ഭാരതപ്പുഴയ്ക്ക്‌ കുറുകെയുള്ള മായന്നൂർ മേൽപ്പാലം 2011 - ജനുവരി 22 - ന് കേരളാ മുഖ്യമന്ത്രി വി. എസ് .അച്ചുതാനന്ദൻ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. വൻജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഈ ചടങ്ങ് നിർവഹിക്കപ്പെട്ടത്. ഒരു പക്ഷേ കേരളത്തിൻറെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു പാലം ഉദ്ഘാടനത്തിൻറെ വാർഷികം ആഘോഷിച്ചത് മായന്നൂർ പാലത്തിൻറേതായിരിക്കും. 2012-ജനുവരി 22 ന് കലാപരിപാടികളുടെയും വിശിഷ്ടാഥിതികളുടേയും സാന്നിദ്ധ്യത്തിൽ നടന്നു.