ജി.യു.പി.എസ്.ചെമ്മനാട് വെസ്റ്റ്/നാടോടി വിജ്ഞാനകോശം
ചെമ്മനാട്-പേരുകൾക്കു പിന്നിൽ
ചെമ്മനാട് പ്രദേശത്ത് എന്തുകൊണ്ടാണ് ഇത്രയധികം പേരുകൾ വന്നത് എന്നതും എങ്ങനെയാണ് ഈ പേരുകൾ ഉത്ഭവിച്ചത് എന്നതും കൗതുകകരമാണ്. കടവത്ത് എന്ന സ്ഥലപ്പേര് തീർച്ചയായും ഇവിടെ കടവുണ്ടായിരുന്നത് കൊണ്ട് ലഭിച്ചത് തന്നെ. അടുത്ത പ്രദേശത്ത് ചന്ദ്രഗിരിയുടെ തീരത്ത് കിടക്കുന്ന, കടവുണ്ടായിരുന്ന എല്ലാ സ്ഥലവും കടവത്ത് തന്നെ. തളങ്കര കടവത്ത്, പെരുമ്പള കടവത്ത്, ചന്ദ്രഗിരി കടവത്ത്, ചളിയങ്കോട്ട് തൈര കടവത്ത് എന്നിങ്ങനെ നമ്മുടെ കടവത്തിനടുത്ത പ്രദേശങ്ങളിൽ കുറേ കടവത്തുകൾ ഉണ്ട്.
മണൽ എന്ന പ്രദേശം ഏറ്റവും അവസാനം നാമകരണം ചെയ്യപ്പട്ട ഭാഗമാണ്. കടവത്തിനു തെക്കുഭാഗം ചന്ദ്രഗിരിക്കരയിൽ പാടശേഖരമായിരുന്ന സ്ഥലമായിരുന്നു ഇത്. ദശാബ്ദങ്ങൾക്ക് മുമ്പ് പുഴയിൽ വെള്ളം കയറിപ്പോൾ ഇവിടം വ്യാപകമായി മണൽ നിക്ഷേപിക്കപ്പെട്ടു നെൽ കൃഷിക്ക് സാധ്യമല്ലാതെ വന്നു. മണൽ നിറഞ്ഞ ഈ ഭാഗം പിന്നീട് മണൽ എന്നറിയപ്പെട്ടു.
മണലിനു കിഴക്കുള്ള ലേസ്യത്ത് പഴയ ദേവസ്വത്ത് ആയിരുന്നത്രെ. ദേവസ്വത്ത് ലോപിച്ച് ദേസ്യത്തും പിന്നീട് ലേസ്വത്തുമായി. ലേസ്യത്തിന്റെ ഭാഗമായ കിളിയന്തിരിക്കാൽ കുളിയൻ തിരിയിൽ നിന്നും വന്നതാണ്. പുരാതന കാലത്ത് കുളിയൻ എന്നു പറയുന്ന മിത്തിന് തിരി (വിളക്ക് ) വെക്കുന്ന സ്ഥലമായിരുന്നു ഇവിടം. കുളിയൻ ചെമ്മനാട് ഭാഗത്ത് ഏകദേശം ഒരു അമ്പതു കൊല്ലം മുമ്പുവരെ സ്വൊര്യ വിഹാരം നടത്തിയിരുന്നു എന്നത് മറ്റൊരു കൗതുകം. കുളിയനിൽ വിശ്വസമില്ലാത്ത മുസ്ലിംങ്ങൾ കുളിയന്തിരിയെ വക്രീകരിച്ച് കിളിയന്തിരിയാക്കി. ഒരോ ചെറിയ സ്ഥലത്തിന് പേരുകൾ ഇത്രമാത്രം വരാൻ കാരണം ഓരോ തറവാട്ടുകാരും അവരുടെ വാസസ്ഥലത്തിന് അവരുടെ തറവാട് പേര് നൽകിയത് കൊണ്ടാവാം. മറിച്ചും സംഭവിച്ചിട്ടുണ്ട്. ചില തറവാട്ടു പേര് വന്നത് വാസസ്ഥലത്തിന്റെ പേരിൽ നിന്നാണെന്നും കാണുന്നുണ്ട്.
പഴയ മുണ്ടമംഗലം തറവാട്ടു പേരിൽ നിന്നാണ് മുണ്ടാങ്കലം എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. അതു പോലെ ശേഖരൻ കോടാണ് ചേക്കരംകോടായതെന്നും പറയുന്നു. പുളിന്റടി, അരയാലിന്റടി, പുളിച്ചുവട് പോലുള്ള പേരുകൾ അന്ന് പ്രത്യേകം ശ്രദ്ധ ആകർഷിക്കപ്പെട്ട മരങ്ങളാൽ ഉണ്ടായതാവാം. നാഗത്തിന്റടി പഴയകാല നാഗാരാധനയുടെ ഭാഗമായി നാഗത്തറയുണ്ടായിരുന്ന ഭാഗമാണ്. ഈ അടുത്ത കാലം വരെ, ചിലർ ഇപ്പോഴും ഈ ഭാഗത്തെ പാമ്പുകൾ വാഴുന്ന ഭാഗമായി വിശ്വസിക്കുന്നു. കുന്നരിയത്ത് ഇവിടെ മാത്രമല്ല അടുത്തുള്ള ഗ്രാമങ്ങളിലും സ്ഥലപ്പേരായി കാണുന്നുണ്ട്. കുന്നിന്റെ അരിയത്ത് അഥവാ കുന്നിന്റെ അരികത്ത് എന്ന് തന്നെയാണ് ഉദ്ദേശ്യം.
തൈ വളപ്പ്, ചൂടല വളപ്പ്, പുതിയ വളപ്പ്, താഴത്തു വളപ്പ്, എട്ടാം വളപ്പ് എന്നിവ ലോപിച്ചാണ് തൈയ്യാൾപ്പ്, ചുടുവാൾപ്പ്, പുതിയാൾപ്പ്, തായത്താൾപ്, എട്ടുമ്പളപ്പുകൾ ഉണ്ടായത്. തൈയ്യാൾപ്പ് മുതൽ എട്ടുമ്പളപ്പ് വരെ എട്ടു വളപ്പുകൾ പഴമക്കാർ എണ്ണിപ്പറഞ്ഞിരുന്നത്രെ. ഇതിൽ എട്ടുമ്പളപ്പ്, തായത്താൾപ്പ് എന്നിവ പ്രശസ്തമായ തറവാട്ടു പേരാണ്. കാസർകോട് ഏറ്റവും കൂടുതൽ കാലം എം.എൽ.എ. യും കേരളത്തിന്റെ മന്ത്രിയായിരുന്ന നമ്മുടെ സ്കൂൾ പൂർവ്വ വിദ്യാർത്ഥി ശ്രീ. സി.ടി. അഹമ്മദലിയുടെ 'സി.ടി.' യുടെ പൂർണ്ണരൂപം ചെമ്മനാട് താഴത്തുവളപ്പെന്നാണ്. പുതിയാൾപ്പും തോട്ടത്തിലും ഇപ്പോൾ തറവാട്ടു പേരു തന്നെ. എം.എൽ.എ. ആയി തെരെഞ്ഞെടുക്കപ്പെട്ട് എന്നാൽ നിയമസഭ കാണാതെ പോയ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന ശ്രീ.ഇ. അബ്ദുൽ ഖാദർ സാഹിബിന്റെ 'ഇ' എട്ടുവളപ്പിന്റെ ഹൃസ്വരൂപമാണ്. ഇദ്ദേഹത്തിൻ്റെ മകനാണ് റിപ്പർ ഫെയിം ആയ ബാംഗ്ലൂർ സിറ്റി ഡപ്യൂട്ടി കമ്മീഷണറായിരുന്ന ഡി.വൈ.എസ്.പി. ഇഖ്ബാൽ സാഹബ്.
ചെമ്മനാട് ഇപ്പോൾ ഒരു പ്രത്യേക പ്രവിശ്യയാണ് കൊമ്പനുക്കം. കൊമ്പനടുക്കം എന്നത് കാങ്കുഴി, ചാമക്കടവ്, മുത്തനാട്, ആലിച്ചേരി എന്നീ സ്ഥലങ്ങളുടെ മേൽ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ്. അടുക്കം എന്ന് പറത്താൽ തുളു ഭാഷയിൽ ഉയർന്ന സ്ഥലം എന്നർത്ഥം. ചെമ്മനാട് ഗ്രാമത്തിൽ കൊമ്പനടുക്കം, കപ്പണട്ടുക്കം, പരവനടുക്കം, പാലിച്ചിയടുക്കം, മച്ചിനടക്കം എന്നിങ്ങനെ കുറേ 'അടുക്ക'ങ്ങൾ ഉണ്ട്. കൊമ്പനടുക്കം നേരത്തെ കൊമ്പൻമാർ ധാരാളമുള്ള സ്ഥലമായിരുന്നത്രെ. കൊമ്പൻ എന്നു പറഞ്ഞാൽ മുയൽ. കപ്പണയടുക്കമാകട്ടെ കല്ലുകൊത്തിയെടുക്കുന്ന കപ്പണയുടെ സ്ഥലമായിരുന്നു.
അടുക്കത്തിനടുത്തെ താഴ്ന്ന പ്രദേശമാണ് തൊട്ടി. കണിയാൻമാരുടെ സ്ഥലമായിരുന്ന കണിയാൻ തൊട്ടി, പുള്ളത്തൊട്ടി, കാവുങ്കാലിനടുത്തെ തൊട്ടി, മുള്ളാർക്കം തൊട്ടി എന്നിവ ഇവിടത്തെ ചില തൊട്ടി കളാണ്. മറ്റൊരു പ്രശസ്ത തറവാടാണ് അഞ്ഞൂറ്റാൾപ്പ് അഥവ അയിൻകുറ്റി വളപ്പ്. യൂണിവേഴ്സിറ്റി താരം എ.ബി. മാഹിന്റെ ഇനീഷ്യൽ അയിൻ കുറ്റി വളപ്പിനെ സൂചിപ്പിക്കുന്നു. പൊട്ടൻകുളത്തിനും നാഗത്തിന്റടിക്കും ഇടയിലുള്ള സ്ഥലം പുതിയ പള്ളി എന്നറിയപ്പെടുന്നു. ഇവിടെ അക്കാലത്ത് പുതിയതായി സ്ഥാപിച്ച പള്ളിയുടെ പരിസരത്തിനു ആ പേരു തന്നെ കിട്ടിയതാണ്.
കാവുങ്കാലിൽ ഒരു പക്ഷെ പണ്ട് ഒരു കാവുണ്ടായിരുന്നിരിക്കണം. തോട്ടിന്റെ കരയായിരുന്നതു കൊണ്ടാവാം തോട്ടുംകര രൂപപ്പെട്ടത്. കല്ലുവളപ്പ് അക്ഷരാർത്ഥത്തിൽ കല്ലുകൾ നിറഞ്ഞ പ്രദേശമാണ്. പണ്ട് കീഴൂർ റെയിൽവേ പാലം നിമ്മിക്കാൻ പില്ലറിനായി കല്ലു കൊണ്ടു പോയത് ഇവിടെ നിന്നായിരുന്നു.
നെച്ചിപ്പടുപ്പ് ഒരു പക്ഷെ നെച്ചി (ഒരു സസ്യം) ധാരാളമുണ്ടായിരുന്നതിനാൽ ഉരുത്തരിഞ്ഞ പേരാവാം. കറച്ചു വർഷം മുമ്പ് വരെ കണ്ണേറു മാറാൻ ചപ്പിടുന്ന ഏർപ്പാട് ഇവിടെ നിലനിന്നിരുന്നു. ഇപ്പോഴും ചിലയിടങ്ങളിൽ ഈ രീതി നിലനിൽക്കുന്നുണ്ട്. ഏറ്റവും ശക്തിയുള്ള ചപ്പിടലിനു മലങ്കുറവന്മാരും കുറത്തികളും വേണം. ചപ്പിടാൻ ഉപയോഗിച്ചിരുന്നത് നച്ചി ചപ്പായിരുന്നു. ചപ്പ് എന്നാൽ ഇല എന്നർത്ഥം.
ആലിച്ചേരി, മുത്തനാട്, പാലോത്ത്, കാലിച്ചാമരം, ആലക്കംപടിക്കൽ, ആലക്കയം, കോണത്തുമൂല, ഇടൂൽ, മനക്കോത്ത്, കുനിയിൽ എരിഞ്ഞിക്കാൽ, പടുപ്പ്, മടോന്ന് (മടുവം കുന്ന്) കൊളമ്പക്കാൽ, കൊവ്വൽ, ചിറാക്കൽ, കോളിയാട്, തലക്ലായി, ഈക്കോട്, തൊടുക്കുളം എന്നീ പേരുകളുടെ ഉത്ഭവം ഗവേഷണം ചെയ്യപ്പെടേണ്ട കാര്യമാണ്.
കാട്ടാമ്പള്ളി, മനക്കോത്ത്, ഈക്കോട്, തൊടുക്കുളം, കൈന്താർ, നഞ്ചിൽ, ആലിച്ചേരി എന്നിവ ഹൈന്ദവ തറവാടു നാമങ്ങൾ കൂടിയാണ്. ഈ മേഖലയിൽ ഇനിയും നമുക്ക് ഒരുപാട് സഞ്ചരിക്കാനുണ്ട്. അതിനുള്ള പ്രയത്നങ്ങളിൽ തന്നെയാണ് സ്കൂൾ വികസനസമിതിയും ടീം സ്കൂൾ വിക്കിയും.