ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/കാർഷികം

Schoolwiki സംരംഭത്തിൽ നിന്ന്

ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് കറി ഒരുക്കാൻ സ്കൂൾമുറ്റത്ത് തോട്ടം ഒരുക്കി വിളവെടുപ്പ് ഓരോ വർഷവും പതിവാണ്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാവാനുള്ള പരിപാടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചേന,ചേമ്പ്,കപ്പ,പച്ചമുളക്, തുടങ്ങിയവ പതിവ് കൃഷികളാണ്. വെണ്ട,പയർ, എള്ള് എന്നിവയും സ്കൂളിൽ നിന്ന് വിളവെടുത്ത് കുട്ടികളുടെ ഭക്ഷണത്തിലേക്ക് ഉപയോഗിച്ചിട്ടുണ്ട്.

സ്കൂളിനോട് ചേർന്ന സ്ഥലം ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിക്കാറുള്ളത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വാർഡ് മെമ്പർ, തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരെല്ലാം സഹായികളായി ഉണ്ടാവാറുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ഈ വർഷം കൃഷിയിലേക്ക് മുന്നിട്ടിറങ്ങാൻ കൂടുതലായി ഇതുവരെ സാധിച്ചിട്ടില്ല. വരും നാളുകളിൽ കാർഷിക ക്ലബ്ബിന് കീഴിൽ പുതിയ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർത്ഥികളുടെയും വിദ്യാലയത്തിന്റെയും പുരോഗതിക്കായി ക്ലബ്ബ് ചുമതലയുള്ള സോമരാജ് മാഷും മുഹമ്മദ് ഹിശാം എന്ന വിദ്യാർത്ഥിയും വിവിധ പ്രവർത്തനങ്ങൾക്ക് ക്ലബ്ബിന് കീഴിൽ നേതൃത്വം നൽക്കുന്നു. ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

2022-2023

അടുക്കളത്തോട്ടമൊരുക്കാൻ കുട്ടിക്കർഷകർ

സ്കൂളിലെ വിദ്യാർത്ഥികൾ ഇനി അടുക്കളത്തോട്ടമൊരുക്കി കുട്ടിക്കർഷകരാവാൻ ഒരുങ്ങുന്നു. വിദ്യാലയത്തിലെ സീഡ് കാർഷിക ക്ലബ്ബിന് കീഴിൽ എല്ലാ വിദ്യാർത്ഥികളുടെയും  വീട്ടുമുറ്റത്ത് അടുക്കളത്തോട്ടം തയ്യാറാക്കുകയും വീട്ടിൽ വിഷരഹിത ജൈവ കൃഷി പ്രോസാഹിപ്പിക്കലുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സീഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ മികവു പുലർത്തുന്ന കുട്ടി കർഷകനെ കണ്ടെത്തി

കാശ് പ്രൈസ് ഉൾപ്പടെ നൽകി ആദരിക്കും.

ഇതോടൊപ്പം സ്കൂളിൽ ഉച്ച ഭക്ഷണത്തിലേക്കായി  ക്ലാസ് തലത്തിൽ പുതിയ കൃഷി തോട്ടങ്ങളൊരുക്കുന്ന മത്സര പദ്ധതിയും നിലവിലുണ്ട്. 'വിദ്യാർത്ഥികൾ ഇനി കുട്ടിക്കർഷകർ' എന്ന പദ്ധതിയുടെ ആദ്യഘട്ടം തോട്ടത്തിലേക്കാവശ്യമായ പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്ത് സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ ഉദ്ഘാടനം ചെയ്തു. പച്ചമുളക്, പയർ, വെണ്ട, തക്കാളി, ചീര, വഴുതന തുടങ്ങിയ വിത്തുകളും തൈകളുമാണ് വിതരണം ചെയ്തത്. ഹെഡ് മാസ്റ്റർ കെ. ശശികുമാർ പദ്ധതിക്ക് ആശംസകൾ നേർന്നു. സീഡ് കോഡിനേറ്റർ ജംശീദ് വി, ഗ്രീഷ്മ പി.കെ, ഷീജ സി.ബി ജോസ്, നബീൽ എന്നിവർ നേതൃത്വം നൽകി.

കൃഷി

വീടുകളിൽ മധുര വനം

വീടുകളിൽ അടുക്കളത്തോട്ടം പദ്ധതിക്കു പിന്നാലെ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിലേക്കും ഇനി മധുര വനം പദ്ധതിയും നടപ്പിലാക്കാനൊരുങ്ങി ഒളകര ജി.എൽ.പി.സ്കൂൾ. പി.ടി.എ നേതൃത്വത്തിൽ സ്കൂളിൽ മുളപ്പിച്ച് പരിപാലിച്ച 600 ഓളം  തൈകളാണ് വിദ്യാർത്ഥികൾക്ക് കൈമാറിയത്. രണ്ട് വർഷം മുമ്പ് സ്കൂളിൽ ആരംഭിച്ച മധുരവനം പദ്ധതിയാണ് ഇപ്പോൾ ഒളകരയിലെ വീടുകളിലേക്കും വ്യാപിക്കുന്നത്.

പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റർ മധുര വനത്തിലേക്കുള്ള സപ്പോട്ട, പേര, ഈനാമ്പഴം, മാവ്, പ്ലാവ് തുടങ്ങിയ വിവിധ തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച മധുരം വനം നടപ്പിലാക്കുന്ന വീട്ടുകാർക്ക് പി.ടി.എ ഉപഹാരവും ഏർപ്പെടുത്തിയിട്ടുണ്ട്. മധുര വനത്തിലേക്കുള്ള നെയിം ബോർഡ് ഉൾപ്പടെയുള്ള വിവിധ സഹായങ്ങൾ പി.ടി.എ വിവിധ ഘട്ടങ്ങളിലായി നൽകും.

സ്കൂളിൽ നിലവിൽ പരിപാലിച്ചു വരുന്ന മധുര വനം പദ്ധതിയുടെ ഭാഗമായി ആയുർജാക് പ്ലാവ്, വിവിധ ഇനം മാവുകൾ, സപ്പോട്ട, പേര ഉൾപ്പെടെ വിവിധ ഫല വൃക്ഷ തൈകൾ സ്കൂളിലുണ്ട്. വാർഡ് മെമ്പർ തസ്ലീന സലാം പുതിയ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുസമദ്, ഹെഡ് മാസ്റ്റർ കെ.ശശികുമാർ, സോമരാജ് പാലക്കൽ എന്നിവർ സംസാരിച്ചു.

കതിർമണിക്കായി വിദ്യാർത്ഥികളുടെ നെല്ല് കൃഷി

മണ്ണും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ കാർഷിക സംസ്കാരം വീണ്ടെടുക്കാൻ ഒളകര ജി.എൽ.പി സ്കൂളിലെ കുട്ടികളും അധ്യാപകരും പാടത്തിറങ്ങി. സ്കൂളിലെ കാർഷിക ക്ലബ്ബിന് കീഴിൽ  ''ഒന്നിച്ച് നടാം ഒന്നായ് കൊയ്യാം'' എന്ന പദ്ധതിയുടെ ഭാഗമായാണ്  സ്കൂളിലെ കുട്ടിക്കർഷകർ ഞാറ്റുപാടത്തേക്ക് ഇറങ്ങിയത്. നെൽകൃഷിയുമായി ബന്ധപ്പെട്ട വിവിധ കാർഷിക മുറകളിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ കൂടിയാണ് മുൻ റിട്ടയർഡ് അധ്യാപകനും കർഷകനുമായ കുട്ടൻ മാഷിന്റെ സ്കൂളിനടുത്തുള്ള ഒളകര വയലിൽ കുരുന്നുകളെത്തിയത്.

ഞാർ നടുമ്പോൾ ഉയർന്നുവന്ന കുട്ടികളുടെ ഞാറ്റുപാട്ടുകൾ കാഴ്ച്ചക്കാരിൽ കൗതുകമുളവാക്കി. മുതിർന്ന കർഷകനായ പി.സി വാസു എന്നവരുമായി വിദ്യാർത്ഥികൾ കാർഷിക രീതികൾ, വിവിധ ഘട്ടങ്ങൾ എന്നിവ ചോദിച്ചറിഞ്ഞു. പ്രധാനാധ്യാപകൻ കെ. ശശികുമാർ,  പിടിഎ പ്രസിഡന്റ് പി.പി അബ്ദു സമദ്, വാർഡ് മെമ്പർ തസ്ലീന സലാം, പി.ടി.എ അംഗങ്ങളായ മൻസൂർ, പ്രമോദ്, നൗഫൽ, എം.ടി.എ ഭാരവാഹികളായ ജിജി, സൗമ്യ, ഖമറുന്നീസ കർഷകരായ പുത്തുക്കാട്ട് കൃഷ്ണനുണ്ണി, പി.സി ചിന്നൻ , എറമ്പൻ അബു എന്നിവർ നേതൃത്വം നൽകി.

കൃഷി

കൃഷി

കൃഷി

നൂറുമേനി വിളയിച്ച് കൊയ്ത്തുത്സവം

വിദ്യാർത്ഥികൾ ഒളകര പാടത്ത് നടത്തിയ കൊയ്ത്തുൽത്സവം ശ്രദ്ധേയമായി. മൺമറഞ്ഞു കൊണ്ടിരിക്കുന്ന കാർഷിക സംസ്‌കൃതിയെ തിരികെ പിടിക്കാൻ ആരംഭിച്ച  നെൽ കൃഷിയിൽ നൂറുമേനി വിളയിച്ചിരിക്കുകയാണ് ഒളകര സ്കൂളിലെ കാർഷിക ക്ലബ്ബ് പ്രവർത്തകർ.

പെരുവളളൂർ പഞ്ചായത്തിലെ ഒളകര പാടത്താണ് വിദ്യാർത്ഥി കളുടെ ഈ കൃഷി വിജയം. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും റിട്ടയേർഡ് അധ്യാപകനും ഒളകരയിലെ മികച്ച കർഷകനുമായ കുട്ടൻ മാഷിന്റെ സഹായത്തോടെയാണ് കുരുന്നുകൾ നെൽ കൃഷി ഇറക്കിയത്.

പെരുവള്ളൂർ പഞ്ചായത്ത് കൃഷി ഓഫീസിൽ നിന്നാണ് ഇതിനാവശ്യമായ വിത്ത് ശേഖരിച്ചത്. കള പറിച്ചും വളം നൽകിയും കൃത്യമായി പരിപാലിച്ച് ഇപ്പോൾ വൻ വിജയമായ കുട്ടികളുടെ  ഈ കൃഷി പെരുവള്ളൂർ പഞ്ചായത്തിനും കർഷകർക്കും ഏറെ ആവേശകരമായി. 

പ്രദേശത്തെ കർഷകരുടെ സാന്നിദ്ധ്യത്തിൽ കൊയ്ത്തുൽസവം പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.തങ്ക,

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ യു.പി.മുഹമ്മദ്, അഞ്ചാലൻ ഹംസ ഹാജി, തസ്ലീന സലാം, പി.ടി.എ പ്രസിഡന്റ് പി.പി അബ്ദു സമദ്, ഹെഡ്മാസ്റ്റർ കെ.ശശികുമാർ എന്നിവർ പങ്കെടുത്തു.

2020-2022

കൗതുകക്കാഴ്ചയായി കൊയ്ത്തുയന്ത്രം

ഒളകര പാടത്ത് നെല്ല് കൊയ്യാനെത്തിയ യന്ത്രം കാണാനുള്ള അവസരമൊരുക്കി കാർഷിക ക്ലബ്. കർഷകനായ കരുവാൻ കുന്നൻ കോയ ഹാജിയുടെ വിശാലമായ പാടത്ത് യന്ത്രത്തിന്റെ കൊയ്ത്ത് കാണാനും പ്രിയ കർഷകരിൽ നിന്ന് പഴയ കാല കർഷക രീതികൾ കൂടുതലറിയാനുമാണ് ഒളകര ജി.എൽ.പി സ്കൂളിലെ കുട്ടികൾ കാർഷികം ക്ലബ്ബിന്റെ കീഴിൽ അധ്യാപകരുടെ നേതൃത്വത്തിൽ വയലിലെത്തിയത്. കൊയ്തശേഷം നെല്ല് മെതിച്ച് നെല്ലും വൈക്കോലും വേർതിരിക്കുന്ന യന്ത്രം കുട്ടികളിൽ അത്ഭുതമുളവാക്കി. കൊയ്ത്തരിവാൾ കൊണ്ട് പാടത്ത് നിന്നും നെല്ല് കൊയ്തെടുക്കുന്നതായാണ് പറഞ്ഞും കണ്ടും അറിഞ്ഞിട്ടുള്ളത്. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന ഈ പ്രക്രീയ കുറഞ്ഞ സമയം കൊണ്ട് യന്ത്രം പൂർത്തിയാക്കുന്നത് കുട്ടികൾ അതിശയത്തോടെയാണ് നോക്കികണ്ടത്. പഴയകാല കൃഷിരീതിയെ കുറിച്ച് കർഷകനായ കോയഹാജി കുട്ടികളുമായി സംവദിച്ചു. അധ്യാപകരായ സോമരാജ് പാലക്കൽ, ജംഷീദ് വി, സദഖത്തുള്ള കെ, അസ്ജദ് നേതൃത്വം നൽകി.

2019-20

കൃഷി ആരംഭം

സ്കൂളിലെ കാർഷിക ക്ലബ്ബിനു കീഴിൽ പുതിയ വർഷത്തെ കൃഷി ആരംഭിച്ചു. ഇത്തവണ പ്രധാനമായും ചീര, മുളക്, വെണ്ട എന്നിവയാണ് ആണ് നട്ടുപിടിപ്പിക്കുന്നത്. കുടുംബശ്രീ പ്രവർത്തകർ സ്കൂൾ വളപ്പിൽ ചേനയും വെച്ചുപിടിപ്പിക്കുന്നുണ്ട്. സ്കൂളിലെ ഭക്ഷണത്തിലേക്ക് ഉപയോഗിക്കാനാണ് കാർഷിക ക്ലബ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഴുവൻ കൃഷികളുടെയും സംരക്ഷണ ചുമതല കാർഷിക ക്ലബ്ബ് അംഗങ്ങൾക്കാണ്.

പാഠം ഒന്ന് പാഠത്തേക്ക്

പാഠം ഒന്ന് പാടത്തേക്ക് പദ്ധതിയുടെ ഭാഗമായി പെരുവള്ളൂർ പഞ്ചായത്ത് തല നെല്ല് ദിനാചരണം ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിൽ സ്കൂളിലെ കാർഷിക ക്ലബ്ബിന് കീഴിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ പി.ഷാജി കൃഷി രീതികളെ കുറിച്ച് വിവരിച്ചു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ ഞാറു നടീലും നടത്തി. വാർഡംഗം ഫാത്തിമ ബിൻത്, പ്രധാനാധ്യാപകൻ എൻ.വേലായുധൻ പി.മുഹമ്മദ്, പി.മൊയ്തീൻകുട്ടി, മൂസ കളത്തിങ്കൽ, പാപ്പൻ കുട്ടി എന്നിവർ പ്രസംഗിച്ചു.

2018-2019

പച്ചക്കറി, മരച്ചീനി കൃഷി ആരംഭം

സ്കൂൾ മുറ്റത്ത് തോട്ടമൊരുക്കി ചേന, വെണ്ട, ചേമ്പ്, കപ്പ തുടങ്ങിയ കൃഷികൾ ചെയ്ത് വിളയിച്ചെടുക്കാനുള്ള ശ്രമത്തിലാണ് കാർഷിക ക്ലബ്ബിന് കീഴിൽ വിദ്യാർഥികൾ. സ്കൂളിനോട് ചേർന്ന കാട് മൂടിയ സ്ഥലങ്ങൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കി. പി.ടി.എ, എസ്.എം.സി അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷി.

മരച്ചീനി വിളവെടുപ്പ്

വിദ്യാഭ്യാസം വേലയിൽ വിളയുന്നു എന്ന രീതിയിൽ ഒളകര സ്കൂളിൽ വിളവെടുത്തത് ഒരു ക്വിന്റൽ കപ്പ. ഗാന്ധിജയന്തി ദിനാഘോഷത്തിൽ ഗാന്ധിജിയുടെ സ്വാശ്രയ ശീല സന്ദേശമുയർത്തി സ്കൂൾ കാർഷിക ക്ലബ്ബിന് കീഴിൽ സ്വന്തമായി കൃഷി ചെയ്ത കപ്പ വിളവെടുത്തു. സ്കൂളിൽ കപ്പ കൃഷിക്കു പുറമേ ചേമ്പ്, ചേന, ചീര എന്നിവയെല്ലാം കഷി ചെയ്തു വരുന്നു. മിക്കവാറും ദിവസങ്ങളിൽ സ്കൂളിലെ ഉച്ചയൂണിനുള്ള പച്ചക്കറി വിലകൊടുത്തു വാങ്ങാറില്ല. ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കെത്തിയ രക്ഷിതാക്കൾക്കും സ്കൂളിലെ പൂർവ വിദ്യാർഥികൾക്കും വിളമ്പിയത് മരച്ചീനി പുഴുങ്ങിയതും, കാന്താരിമുളക് ചമ്മന്തിയുമായിരുന്നു. പിടിഎയുടെയും പൂർവ വിദ്യാർഥികളുടെയും പൂർണമായ സഹകരണം ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഉണ്ടാവാറുണ്ടെന്ന് പ്രധാനാധ്യാപകൻ എൻ വേലായുധൻ പറഞ്ഞു. പിടിഎ പ്രസിഡന്റ് പി.പി. സൈദ് മുഹമ്മദ് കൃഷിയിൽ തത്പരനാണ്. അധ്യാപകരായ സോമരാജ്, റഷീദ്, ഷാജി, കരീം, ജോസിന എന്നിവരുടെ മേൽനോട്ടവും കൃഷിയിലെ ഗാന്ധിയൻ ആദർശത്തെ ഫല പ്രാപ്തിയിലെത്തിക്കാൻ പര്യാപ്തമായി. കെ.പി ഉസ്മാൻ, സി.വി പ്രമോദ് കുമാർ, ബാവ, സുഷ, ജിഷ, ഷൈലജ, പ്രമീള എന്നിവർ വിളവെടുപ്പിലും പാചകത്തിലും പങ്കാളികളായി.

കൃഷി വിളവെടുപ്പ്

കൂൾ കാർഷിക ക്ലബ്ബിന് കീഴിൽ വിദ്യാർത്ഥികൾ കൃഷി ചെയ്ത വെണ്ട, പയർ എന്നിവ വിളവെടുപ്പ് നടത്തി. ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാനായി തന്നെയാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ സഹായത്തോടെ കൃഷിയിറക്കിയത്. വളരെ ആവേശത്തോടെയാണ് വിദ്യാർത്ഥികൾ കൃഷി ചെയ്യുന്നതും വിളവെടുപ്പ് നടത്തുന്നതും. വിഷരഹിത പച്ചക്കറികൾ കഴിക്കാനുള്ള പ്രോത്സാഹനം കൂടിയാണ് കാർഷിക ക്ലബ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

കർഷക ദിനാചരണം

ചിങ്ങം 1 കർഷക ദിനത്തിൽ സ്കൂൾ പരിധിയിലെ മികച്ച കർഷകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർക്ക് പി.ടി.എ യുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് മാതൃകയായി ഒളകര ജി.എൽ.പി.സ്കൂൾ. പ്രത്യേകം ക്ഷണിക്കപ്പെട്ട് എത്തിയവർക്ക് എച്ച് എം എൻ വേലായുധൻ പ്രത്യേക ഉപഹാരങ്ങൾ നൽകി. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

2017-2018

പച്ചക്കറി കൃഷി ആരംഭം

ഒളകര ജി എ ൽ.പി സ്കൂളിലെ വിദ്യാർഥികൾ ഉച്ചഭക്ഷണത്തിന് കറിയൊരുക്കാൻ സ്കൂൾ മുറ്റത്ത് തോട്ടമൊരുക്കി വിളവെടുക്കാനുള്ള ശ്രമത്തിലാണ്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പച്ചക്കറിയിൽ സ്വയം പര്യാപ്തമാവാനുള്ള പരിപാടികളാണ് ഇതിലൂടെ കാർഷിക ക്ലബ്ബ് ആവിഷ്കരിക്കുന്നത്. ചേന, വെണ്ട, ചേമ്പ്, കപ്പ, വാഴ തുടങ്ങിയ കൃഷികൾ ചെയ്ത് വിളയിച്ചെടുക്കാനുള്ള ശ്രമത്തിലാണിവർ. സ്കൂളിനോട് ചേർന്ന സ്ഥലങ്ങൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കുടുംബശ്രീ, പി .ടി.എ, എസ്.എം.സി അംഗങ്ങൾ എന്നിവരുടെ മേൽനോട്ടത്തിലാണ് കൃഷിയിറക്കുന്നത്. പച്ചക്കറികൃഷി നടീൽ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കാവുങ്ങൽ ഇസ്മാഈൽ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ എൻ. വേലായുധൻ, പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ്, എസ്.എം.സി ചെയർമാൻ കെ.എം പ്രദീപ് കുമാർ, അധ്യാപകർ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

എള്ള് കൃഷി ആരംഭം

സ്കൂളിനോട് ചേർന്ന സ്ഥലങ്ങൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കി കാർഷിക ക്ലബ്ബിന് കീഴിൽ എള്ള് കൃഷി തുടങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾ. കാർഷിക ചുമതലയുള്ള സോമരാജ് മാഷിന്റെ നേതൃത്വത്തിലാണ് ഈ കൃഷി പദ്ധതി ആരംഭിച്ചിരിക്കുന്നത്. എച്ച്.എം എൻ വേലായുധൻ എള്ള് വിത്ത് വിതറി പദ്ധതി ഉദ്ഘാടനം ചെയ്തു. കാർഷിക ക്ലബ്ബ് അംഗങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തു.

വിളവെടുപ്പ് ഉദ്ഘാടനം

കാർഷിക ക്ലബ്ബിന് കീഴിൽ വർഷാരംഭത്തിൽ കൃഷി ചെയ്ത വെണ്ട വിളവെടുപ്പ് വാർഡ് മെമ്പർ ശ്രീ ഇസ്മയിൽ കാവുങ്ങൽ നേതൃത്വത്തിൽ നടന്നു. വിളവെടുക്കുന്ന പച്ചക്കറികൾ സ്കൂൾ ഉച്ച ഭക്ഷണത്തിലേക്ക് തന്നെ ഉപയോഗിക്കുന്നു. പി.ടി.എ അംഗം പി.കെ ഷാജി, സോമരാജ് മാഷ്, കാർഷിക ക്ലബ്ബ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.